Wednesday, April 22, 2009

ഞങ്ങളും മനുഷ്യരാണുഅത്ര സുഖകരമല്ല ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകള്‍.പുറം ലോകമറിഞ്ഞതു വെച്ച് നോക്കുമ്പോള്‍ എല്‍.ടി.ടി.ഇ ക്കെതിരായുള്ള ശ്രീലങ്കന്‍ ആക്രമണം അവിടുത്തെ സാധാരണക്കാരായ തമിഴ് വംശജരുടെ ജീവിതം നരക തുല്യമാക്കിയിരിക്കുന്നു.മൂടിവെക്കപ്പെട്ട വാര്‍ത്തകള്‍ അവക്കു പുറമെയാണു.
നിരപരാധികളായ സ്ത്രീകളും കുട്ടികളും ക്രൂരമായി വേട്ടയാടപ്പെടുന്നു.അഭയാര്‍ഥി ക്യാമ്പുകളില്‍ ശ്രീലങ്കന്‍ പട്ടാളക്കാരാല്‍ തമിഴ് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായിക്കൊണ്ടിരിക്കുന്നു എന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

തികച്ചും വംശീയമായി സിംഹള വംശജരാല്‍ കുത്തിനിറക്കപ്പെട്ട ശ്രീലങ്കന്‍ സൈന്യത്തില്‍ നിന്നും ഇതു നമുക്ക് പ്രതീക്ഷിക്കാം.തമിഴ് വംശജര്‍,തമിഴ് ഭാഷ സംസാരിക്കുന്നവര്‍ അവര്‍ക്ക് എല്‍.ടി.ടി.ഇ പ്രവര്‍ത്തകരോ അനുകൂലികളോ ആയിരിക്കാം.അവര്‍ ലങ്കന്‍ മണ്ണില്‍ നിന്നും തുടച്ചു മാറ്റപ്പെടേണ്ടവര്‍ തന്നെ.

മാധ്യമശ്രദ്ധയെ വഴിതിരിച്ചു വിട്ട്(അതോ അവര്‍ സ്വയം തിരിഞ്ഞു പോയതോ) ഏതാനും മാസങ്ങളായി നിര്‍ദ്ദാക്ഷിണ്യം തുടരുന്ന ഈ കൂട്ടക്കശാപ്പിനെതിരെ ലോകമനസ്സാക്ഷി ഇനിയും ഉണര്‍ന്നിട്ടില്ല എന്നുള്ളത് ദുഖകരമായ ഒരു വസ്തുതയാണു.ബൂലോകത്തെ കാര്യവും തഥൈവ.

ഏതെങ്കിലും മതത്തിന്‍റെ മേമ്പൊടി ഇല്ലാത്തതായിരിക്കാം മാധ്യമങ്ങള്‍ക്കു ഇതൊരു
വാര്‍ത്തയല്ലാതാകുന്നു.കേവലം പത്രപ്രസ്താവനയിലൊതുങ്ങാത്ത ക്രിയാത്മകമായ ഒരു നടപടി ഇന്ത്യാ ഭരണത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സ് ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്നും കാണുന്നില്ല.തമിഴനായ കരുണാനിധിയുടേയോ,വൈക്കോയുടേയോ മാത്രം പ്രശ്നമായി ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളും,കൂട്ടക്കൊലകളും മാറുന്നത് വളരെ വേദനയോടെ നാം കാണുന്നു.

സൈന്യത്തിനെതിരെ എല്‍.ടി.ടി.ഇ സാധാരണക്കാരെ മറയാക്കുന്നു എന്നുള്ള വാര്‍ത്തയും(സത്യമാണോ എന്നറിയില്ല)വളരെ ആശങ്കാജനകമാണു. എന്നാല്‍ ഇതെഴുതുമ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന സിവിലിയന്‍ ആക്രമണങ്ങളെ ഇപ്പേരില്‍ ന്യായീകരിക്കുന്നതെങ്ങനെ ?ശ്രീലങ്കയിലെ തമിഴ് വംശജരുടെ ജീവനും മാനത്തിനും സംരക്ഷണം ലഭിക്കേണ്ടതുണ്ട്.

പതിറ്റാണ്ടുകളായി തുടരുന്ന ശ്രീലങ്കയിലെ വംശീയപ്രശ്നത്തിനു പരിഹാരം തമിഴര്‍ക്കു വേണ്ടി ശബ്ദിച്ചു കൊണ്ടു രംഗത്തു വന്ന എല്‍.ടി.ടി.ഇ യെ(ഇന്നവര്‍ ദിശാബോധം നഷ്ടപ്പെട്ട ഒരക്രമിക്കൂട്ടമായി അധ:പതിച്ചു എന്നുള്ളത് വാസ്തവം) അടിച്ചമര്‍ത്തുന്നതിലൂടെ മാത്രം ഉണ്ടാവുമെന്നു കരുതുക വയ്യ.

തമിഴ് വംശജരുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചു കൊടുത്തു കൊണ്ടുള്ള ഒരു ഉടമ്പടിക്കേ ലങ്കയില്‍ സമാധാനം പുന:സ്ഥാപിക്കാനാവൂ.

Saturday, April 11, 2009

താടിയും തൊപ്പിയും പിന്നെ താലിബാനും

ഇവന്‍മാരൊക്കെ കുടുങ്ങ്യേതന്നെ...!

"താടിയും തൊപ്പിയും താലിബാനിസത്തിന്‍റെ ലക്ഷണങ്ങള്‍.നാളെ ഒരു പെണ്‍കുട്ടി ബുര്‍ഖ ധരിക്കണമെന്നു പറഞ്ഞു വന്നാല്‍ അതും അനുവദിക്കണോ ?"
സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

ന്‍റെ കണ്ണിന്‍റെ തകരാറായിരിക്കുമോ അതോ ഇനി വല്ല അച്ചടിപ്പിശകോ...!
ഒരു വേള സംശയിച്ചു.സാധാരണ കേ
ള്‍ക്കാറുള്ള വാചകക്കസര്‍ത്തുകള്‍ തന്നെയെങ്കിലും വല്ല പ്രവീണ്‍ തൊഗാഡിയയോ നരേന്ദ്ര മോഡിയോ അല്ലെങ്കില്‍ ഇച്ചിരി കൂടി വീര്യം കൂടിയ,പത്തരമാറ്റ് ദേശാഭിമാനികളായ പ്രജ്ഞാസിങ്,ശ്രീ കാന്ത് പുരോഹിത് മാരോ ആണെന്നു കരുതിയവര്‍ക്കു തെറ്റി.ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ജാതി,മത വര്‍ഗ്ഗ വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിന്യായ പീ്ഠത്തിന്‍റെ തിട്ടൂരം.

സ്ക്കൂള്‍ അധി
കൃതര്‍ ഓടിച്ചു വിട്ടപ്പോള്‍ താടി വെക്കാനുള്ള അനുമതിയും തേടി ചെന്നതാണു പാവം ഒരു ചെറുക്കന്‍.എന്തായാലും കണക്കിനു കിട്ടി.ഇനി ഏതേലും പെണ്‍കൊച്ചുങ്ങള്‍ ബുര്‍ഖ മോഹം തലക്കു പിടിച്ചു കോടതി കയറി കഷ്ടപ്പെടേണ്ടെന്നു കരുതിയാവണം ജഡ്ജിയദ്ധേഹം ബുര്‍ഖയും കൂടെ ചുരുട്ടിക്കൂട്ടി തോറബോറയില്‍ കൊണ്ടുപോയിട്ടത്.

ബഹുമാന്യ സുപ്രീം കോടതി ജഡ്ജിയുടെ അറിവിനെ എത്ര അഭിനന്ദിച്ചാലാണു മതിയാവുക...!താടിയും തലപ്പാവും ഇന്നോ ഇന്നലെയോ അഫ്ഘാനിസ്ഥാനില്‍ പൊട്ടിമുളച്ച താലിബാന്‍ എന്ന വിദ്യാര്‍ഥി സംഘടനയുടെ യൂനിഫോമാണത്രെ.
രാജ്യത്തെ ഒരു പ്രബല മതവിഭാഗത്തി
ന്‍റെ സാംസ്കാരിക ചിഹ്നങ്ങളെ ഇത്തരത്തില്‍ നിരീക്ഷിച്ചത് കടന്ന കയ്യായിപ്പോയെന്ന് പറയാതെ വയ്യ.

ഇന്ത്യയിലെ ഒരു പ്രത്യേക ജനവിഭാഗത്തെ പല കോണുകളില്‍ നിന്നും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു,സംരക്ഷകരാവേണ്ടവര്‍ അക്രമികള്‍ക്കു ചൂട്ടിപിടിക്കുന്നതിനാല്‍ അവരുടെ ആത്മ വിശ്വാസം തകര്‍ന്നു കൊണ്ടിരിക്കുന്നു എന്നു സര്‍ക്കാര്‍ നിയമിച്ച കമ്മീഷനുകള്‍(സച്ചാര്‍ കമ്മീഷന്‍ ഒരുദാഹരണം)തന്നെ വെളിപ്പെടുത്തിയ ഈ സാഹചര്യത്തില്‍ വിദൂര പ്രത്യാഘാധങ്ങളുണ്ടാക്കുന്ന ഇത്തരമൊരു വിധി അതും ഇന്ത്യയിലെ പരമോന്നത നീതിന്യായ പീഠത്തില്‍ നിന്നും ഉണ്ടായത്
ജുഗുപ്സാവഹമാണു.

മറ്റൊന്ന് മുസ്ലിംകള്‍ക്കു മാത്രമാണോ നടേ പറഞ്ഞ സംഗതിയുള്ളത്.നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ജിയുടെ തലപ്പാവും,ഷിബു സോറ
ന്‍റേയും ടാഗോറിന്‍റേയും നീണ്ട താടിയും,കന്യാസ്ത്രീകളുടെ വസ്ത്രവും താലിബാന്‍ വത്ക്കരണത്തിന്‍റെ ഭാഗമാണെന്നു കോടതിക്കഭിപ്രായമുണ്ടോ ?
അതല്ല ഈ താടിയും തൊപ്പിയും
ഇനി വല്ല അബോക്കറിനും,അന്ത്രൂനും ആയാലേ പ്രശ്നം ഉള്ളൂ എന്നാണോ ബഹുമാന്യ കോടതി ഉദ്ധേശിച്ചിരിക്കുക.
അല്ല ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പാടുണ്ടോ.ഇനി ഇതിന്മേല്‍ വല്ല കോടതിയലക്ഷ്യമോ കുണ്ടാമണ്ടിയോ..! ഈശ്വരാ ഞാനോടി.

LinkWithin

Related Posts with Thumbnails