Sunday, February 28, 2010

ഒരു ഫെബ്രുവരിയുടെ ഓര്‍മ്മക്ക്

ജീവനും കയ്യില്‍ പിടി
ച്ചോടുമ്പോള്‍ കണ്ടുഞാനാ കാഴ്ച.
ഇടവഴിയിലുണ്ട് കൗസര്‍.
നൂല്‍ബന്ധമില്ലാതെ മണ്ണിലമര്‍ന്ന്.

മുഴുത്ത മാമ്പഴം കണ്ടാലൊന്ന്
സത്ത് ഊറ്റിയെടുക്കുന്ന തിരക്കിലൊ
രാള്‍ക്കൂട്ടവുമുണ്ടവള്‍ക്ക് ചുറ്റിലും.

എട്ട് മാസമുള്ളില്‍ സ്പന്ദിച്ച ജീവന്‍
പുറത്തെടുക്കുന്നൊരു ഡോക്ടര്‍.
വിട്ട്പിരിയാന്‍ വിസമ്മതിച്ച
പൊക്കിള്‍ കൊടിബന്ധം.
കയ്യില്‍ ചുറ്റി വലിച്ച്
വേര്‍പെടുത്തുന്നു നരാധമനൊരുവന്‍.

തൃശൂലമുനയില്‍ കുരുങ്ങിയ
ചോരപ്പൈതല്‍ കിടന്ന് പിടച്ചൂ
ഒരിറ്റ് കനിവിനായ്.
എന്തിനോ തേടുന്നുണ്ടാ
കുഞ്ഞു വിരലുകളിടക്ക്.

അര്‍ദ്ധബോധാവസ്ഥയിലും
കൗസറിന്‍റെ ഞരക്കം.
പൊന്നോമനേ...
നീയെന്ത് തെറ്റ് ചെയ്തിവരോട്!

നരോദയുടെ തെരുവ്.

വരിയൊപ്പിച്ച് നില്‍ക്കുന്നു
കതിനകള്‍ പോലെ മനുഷ്യ മക്കള്‍.
പാല്‍മണം മാറാത്ത വായില്‍
വെടിമരുന്നിന്‍ ചവര്‍പ്പ്.

അയലത്തെ ഏട്ടന്‍ വായില്‍ തന്നത്
വെല്ലമിഠായിയല്ലെന്നും തോട്ടയാണെന്നും

പൊട്ടിച്ചിതറിയ കുഞ്ഞുശരീരങ്ങള്‍.
ചിതറിത്തെറിച്ച ചോരയില്‍
ചെഞ്ചായമണിഞ്ഞ് നരോദ.
പാതികരിഞ്ഞ് കാലിലെ ചുവപ്പിനിയും
മരക്കൊമ്പില്‍ തൂങ്ങിയാടുന്നു
മിടിപ്പ് നിലക്കാതെ
ഒരു പിഞ്ചു ഹൃദയം.

ഇറുക്കിയടച്ചു ഞാന്‍
കണ്ണുകള്‍.

പശിയടക്കാന്‍ ഭയം
മാത്രമാണടുപ്പത്ത്.
ഇനിയുമെത്രയകലെയാണ് രക്ഷകന്‍ ?


ഇന്നും കേള്‍ക്കാം
നാമഭേദങ്ങളോടെ.
ഭീവണ്ടി ബോംബെ
ഗുജറാത്ത്.

കഴുത്തും നീട്ടി കാത്തിരിക്കുന്നിവര്‍
'മുഖ്യധാരയില്‍' ലയിച്ച്
'സം‌യമനം' പാലിച്ച്.

രക്ഷകന്‍ വന്നണയുമായിരിക്കും.

പിടിക്കാനാവില്ലെനിക്ക്.
മുറിയടച്ചിരുന്നീ ആത്മാക്കള്‍ക്കായി
രണ്ട് വരിയെങ്കിലുമെഴുതട്ടെ.

സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ....

LinkWithin

Related Posts with Thumbnails