Thursday, December 5, 2013

'ബാബരി; നമുക്ക് മറക്കാതിരിക്കുക'

'ഡിസംബര്‍-6'. ഇന്ത്യന്‍ മതേതരത്വത്തിന്‍റെ 21ആം 
ചരമവാര്‍ഷികം.മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദ്ധേശപ്രകാരം 1528 ല്‍ അവധ് (അയോധ്യ) ഗവര്‍ണ്ണര്‍ മീര്‍ബാഖി പണി കഴിപ്പിച്ച ബാബറി മസ്‌ജിദ്‌ ഹിന്ദുത്വ ഭീകരര്‍ തല്ലിത്തകര്‍ത്തിട്ട് 21 വര്‍ഷം പിന്നിടുന്നു.നീതിനിഷേധത്തിന്‍റെ, വഞ്ചനയുടെ രണ്ട് പതിറ്റാണ്ട്.മറവി തീണ്ടാതിരിക്കാന്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍.. 

സൗഹൃദത്തിലുള്ള മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലകറ്റിയാലേ തങ്ങളുടെ താത്പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ 1886ല്‍ ഡഫ്രിന്‍ പ്രഭുവിന്റെ കാലത്താണ് ബാബറിയുടെമേലുള്ള കള്ളക്കഥക്കും അവകാശവാദത്തിനും തുനിയുന്നത്.എന്നാല്‍ തെളിവില്ലെന്ന് കണ്ട് അതുമായി ബന്ധപ്പെട്ട മുഴുവന്‍ വ്യവഹാരങ്ങളും കോടതി അവസാനിപ്പിക്കുകയായിരുന്നു.

വിഭജനാനന്തരം ഹിന്ദുത്വ ശക്തികള്‍ രംഗത്തെത്തുന്നതോടെയാണ് ബാബരി മസ്ജിദ് തര്‍ക്കത്തിന് തുടക്കം കുറിക്കുന്നത്.1949 ഡിസംബര്‍ 22 ന്‌ അര്‍ധരാത്രി ബാബറി മസ്‌ജിദിനകത്ത്‌ അതിക്രമിച്ച്‌ കടന്ന ചില അക്രമികള്‍ ശ്രീരാമവിഗ്രഹം പ്രതിഷ്‌ഠിച്ചു.ഫൈസാബാദ്‌ ജില്ലാ മജിസ്ട്രേറ്റും മലയാളിയുമായ കെ.കെ. നായരായിരുന്നു ഇതിനു പിന്നില്‍ നടന്ന ഉപജാപത്തിനു നേതൃത്വം കൊടുത്തത്.പള്ളി പൂട്ടിയിടാനും അനധികൃതമായി നിര്‍മ്മിച്ച സ്ഥലത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ പൂജാരിയെ നിശ്‌ചയിച്ചു നല്‍കാനും പിറ്റേ ദിവസം ഉത്തരവിട്ടതും ഇതേ മജിസ്‌ട്രേറ്റ്‌ തന്നെ!

രാജ്യത്തിന്‍റെ കെട്ടുറപ്പിലും ഭാവിയിലും ആശങ്കയുള്ള സന്യാസിമാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദു സമൂഹം കൊടിയ ഈ അനീതിക്കെതിരെ രംഗത്ത് വന്നതും സന്യാസിയായ അക്ഷയ്‌ ബ്രഹ്‌മചാരി നിരാഹാരസമരം നടത്തിയതും വിസ്മരിക്കാനാവില്ല.

423 വര്‍ഷക്കാലം മുസ്ലിംകള്‍ ആരാധന ചെയ്തു വന്ന പള്ളി അങ്ങനെ 1949 ഡിസംബര്‍ മുതല്‍ 'തര്‍ക്ക മന്ദിരമായി' മാറി. രാജ്യത്ത് ഫാഷിസം അതിന്‍റെ കുടില തന്ത്രങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തടയാന്‍ ബാധ്യസ്ഥരായ കോണ്‍ഗ്രസ് പക്ഷെ അതിന് വെള്ളവും വളവും നല്‍കുന്ന ദയനീയ കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. 1949-ല്‍ അക്രമികള്‍ പള്ളിക്കകത്ത്‌ അതിക്രമിച്ചു കടന്ന്‌ വിഗ്രഹം സ്‌ഥാപിച്ചത് തടയാത്തവര്‍, 1986 ഫെബ്രുവരി ഒന്നിന്‌ ഏകപക്ഷീയമായി പള്ളിയുടെ കവാടങ്ങള്‍ ഹിന്ദുത്വര്‍ക്ക് തുറന്നു കൊടുത്തവര്‍, 1989 നവംബര്‍ ഒന്‍പതിനു പള്ളിയുടെ കോമ്പൗണ്ടില്‍ കൈയേറി ശിലാന്യാസം നടത്തിയപ്പോള്‍ നിസംഗരായി നോക്കി നിന്നവര്‍..! 'മതേതരപാര്‍ട്ടി' നടത്തിയ വഞ്ചനയുടെ കഥകള്‍ക്ക് ബാബരി പ്രശ്നത്തോളം തന്നെ പഴക്കമുണ്ട്.കൃത്യമായ പ്രീണന ലക്ഷ്യത്തോടെ രാജീവ്‌ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം പോലും അയോധ്യയില്‍ നിന്ന്‌ ആരംഭിച്ച് കോണ്‍ഗ്രസ് അവരുടെ മൃദുഹിന്ദുത്വ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.

രാജ്യത്തിന്‍റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് മനുഷ്യന്‍റെ ചുടുചോര ഇന്ധനമായി നിറച്ച ഭീകരതയുടെ രഥമുരുണ്ടത്, പോകുന്നിടത്തെല്ലാം ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം മുസ്ലിം സമൂഹം വേട്ടയാടപ്പെട്ടത്, സ്ത്രീകളുടെ മാനം തെരുവിലിട്ട് ചവിട്ടിയരക്കപ്പെട്ടത്, കാലിലെ ചുവപ്പ് മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും ചുട്ടുകരിച്ചത്, ശൂലത്തില്‍ നാട്ടിയത്..

ഇല്ല കഥാവശേഷനായ ഉരുക്കു മനുഷ്യാ...താന്‍ ചെന്നായയുടെ ജന്മം വിട്ടെന്നും ചോരയിറ്റുന്ന കോമ്പല്ലുകള്‍ അപ്രത്യക്ഷമായെന്നും വെന്തുപാകമായ മനുഷ്യശരീരങ്ങള്‍ ഇന്ന് തന്‍റെ ഇഷ്ടഭോജനമല്ലെന്നും താനൊരു 'ആട്ടിന്‍ കുട്ടിയായി' പരിണാമപ്പെട്ടെന്നും ആരൊക്കെ പാടിപ്പറഞ്ഞാലും ഖല്‍ബില്‍ കൊളുത്തി വലിച്ചിരുന്ന കാഴ്ചകള്‍ മായ്ക്കാന്‍, ബോബെയുടെ തെരുവീഥികളില്‍ അനാഥമായി കിടന്ന മുസ്ലിം കബന്ധങ്ങള്‍ കഴുകന്മാരും നായ്ക്കളും കടിച്ചു കീറുന്നത് മറക്കാന്‍ ഇന്ത്യന്‍ ജനതക്കാവില്ല.

അവസാനം മതേതര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍‌പിച്ച്, ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വന്‍‌മതില്‍ കെട്ടിപ്പൊക്കി, നീതിനിയമസം‌വിധാനങ്ങളും മതേതരമൂല്യങ്ങളും കാറ്റില്‍ പറത്തി, രാജ്യത്തിന്‍റെ യശസിന് തീരാകളങ്കം ചാര്‍ത്തി, 1992 ഡിസംബര്‍ 6ന് ഹിന്ദുത്വര്‍ പള്ളി തകര്‍ത്തെറിഞ്ഞു.പള്ളിമിനാരങ്ങള്‍ നമ്മുടെ പുകള്‍ പെറ്റ മതേതരത്വത്തോടൊപ്പം നിലം പൊത്തുന്നതറിഞ്ഞിട്ടും നരസിംഹ റാവുവെന്ന രാജ്യം കണ്ട എക്കാലത്തേയും വലിയ വഞ്ചകനായ ഭരണാധികാരി അറിയാവുന്ന പതിനാറ് ഭാഷകളിലും മൗനം പാലിച്ചു.സ്വന്തം ഭവനത്തിലെ പൂജാമുറിയില്‍ കയറി വാതിലടച്ച് 'പ്രാര്‍ഥനാനിരതനായി' കഴിഞ്ഞു കൂടി തന്‍റെ കൂറ് ആരോടെന്ന് തെളിയിച്ചു.

ബാബരി വിഷയത്തില്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ ഭരണനിയമ സംവിധാനങ്ങള്‍ക്കും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും കഴിയാതെ പോയത് ബാബരിയുടെ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും.ബഹു നില കെട്ടിടം പണിത് മുകള്‍ നിലയില്‍ സുജൂദും താഴെ മണിയടിയും നടക്കട്ടെയെന്ന് മൊഴിഞ്ഞ വിപ്ലവ പാര്‍ട്ടിക്കാര്‍ക്കും തിരിഞ്ഞിട്ടില്ല ബാബരിയുടെ വേദന.

ബാബരി മസ്ജിദ് പതിയെ വിസ്മൃതിയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. 'മതേതര പ്രതിബദ്ധത' തെളിയിക്കാന്‍ ഡിസംബര്‍ ആറിന് പാര്‍‌ലിമെന്‍റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതായി നടന്നു വരാറുള്ള കലാപരിപാടി തുണി പൊക്കിക്കാട്ടിയുള്ള ഇറങ്ങിപ്പോക്കും അവസാനിച്ചെന്ന് തോന്നുന്നു. ഇങ്ങള് മറന്നോളിന്‍..ഷെമിച്ചോളിന്‍..മൂരി ബിരിയാണി തിന്ന് തടിയും നന്നാക്കി മുക്രയിട്ട് നടന്നോളിന്‍ എന്ന ഉപദേശങ്ങളും സമുദായത്തിനുള്ളില്‍ നിന്ന് തന്നെ കേട്ട് തുടങ്ങിയിരിക്കുന്നു..

ക്ഷമിക്കുക പ്രിയരേ..ആരൊക്കെ മറന്നാലും മരണമെത്തും വരെ മറവി തീണ്ടാതെ സൂക്ഷിക്കും ഞങ്ങള്‍.ആര്‍ക്കൊക്കെ അനിഷ്ടകരമാണെങ്കിലും പകര്‍ന്ന് നല്‍കും തലമുറകള്‍ക്ക്.കാരണം മറവിയില്‍ തന്നെയാണ് ഫാഷിസത്തിന്‍റെ വളര്‍ച്ച.

'ഡിസംബര്‍ 6'; നമുക്ക് മറക്കാതിരിക്കുക. 

LinkWithin

Related Posts with Thumbnails