Friday, December 11, 2009
ഗീബത്സിയോ മീറ്റര്‍
Sunday, December 6, 2009
'ബാബരി മസ്ജിദ്' ! നാം മറക്കാതിരിക്കുക.
ഇന്ന് ബാബരി ദിനം.ഇന്ത്യന്‍ മതേതരത്വത്തിന്‍റെ പതിനേഴാം ശ്രാദ്ധദിനം.ഇന്ത്യന്‍ നിയമവ്യവസ്ഥയെ നോക്ക് കുത്തിയാക്കി മഹത്തായ നമ്മുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ജനാധിപത്യ സംവിധാനങ്ങള്‍ക്കും കടക്കല്‍ ഹിന്ദുത്വര്‍ കത്തിവെച്ചിട്ട് ഇന്നേക്ക് 17വര്‍ഷം തികയുന്നു.ഈ ദിവസത്തില്‍ ഒരു പ്രതിഷേധക്കുറിപ്പെങ്കിലും ഇറക്കാതിരിക്കാന്‍ മാത്രം ഷണ്ഡനായിപ്പോയോ ഞാന്‍ എന്ന ചിന്ത വല്ലാതെ പിടികൂടിയപ്പോള്‍ ആണ് ഇരുന്ന് കീബോര്‍ഡില്‍ കൈ വെച്ചത്.
നമ്മുടെ ബഹുസ്വരസമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വാരിവിതറി മനുഷ്യര്‍ക്കിടയില്‍ പകയുടേയും വിദ്വേഷത്തിന്‍റേയും വെറുപ്പിന്‍റേയും വന്മതിലുകള്‍ സൃഷ്ടിച്ച് ഭാരതത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉരുണ്ട ഒരു രഥത്തെ നാം ഓര്‍ക്കുന്നില്ലേ.463 വര്‍ഷം 'അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍' എന്ന മഹത്തായ വചനം വിളംബരം ചെയ്ത ബാബരിയുടെ നെഞ്ചിലൂടെ കയറിയിറങ്ങി മസ്ജിദിന്‍റെ തങ്കത്താഴികക്കുടങ്ങള്‍ ഒരു പിടി മണ്‍കൂനയാക്കിയിയതിനു ശേഷം മാത്രം ബ്രേക്കിട്ട ആ രഥത്തെ നാം മറന്നിട്ടുണ്ടാവില്ല.
അനുഗ്രഹാശീര്‍വാദങ്ങളോടെ രഥത്തില്‍ കൈകളുയര്‍ത്തിക്കൊണ്ട് നിന്ന ഉരുക്ക് മനുഷ്യന്മാരേയും കര്‍സേവകന്മാരുടെ കയ്യിലെ പിക്കാസിന്‍റെ ശക്തിയാല്‍ മസ്ജിദിന്‍റെ കല്ലുകട്ടകള്‍ പുകള്‍പെറ്റ നമ്മുടെ മതേതര സങ്കല്‍പ്പത്തോടൊപ്പം ഇളകിത്തെറിക്കുന്നത് കണ്ട് ആഹ്ലാദനൃത്തം ചവിട്ടിയ ഉരുക്കും ഉരുക്കല്ലാത്തതുമായ മനുഷ്യ/മനുഷ്യത്തിമാരേയും 'തിരിച്ചറിയാന്‍' ജസ്റ്റിസ് ലിബര്‍ഹാന് 17വര്‍ഷം വേണ്ടി വന്നെങ്കിലും പൊതുസമൂഹത്തിന് അതിന്‍റെ ആവശ്യമില്ലായിരുന്നു.
വിശ്വാസവഞ്ചനയുടെ, അവഗണയുടെ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെയാണെന്ന് തോന്നുന്നു 17വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഡിസംബര്‍ 6-ന്‍റെ പ്രത്യേകത.വിഷമത്തോടെ പറയട്ടെ, ഭരണവര്‍ഗ്ഗ പാര്‍ട്ടിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള സമീപനം കണ്ടാല്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ അങ്ങോരുടെ പേനയെടുത്ത് വീട്ടിലേക്ക് ഉപ്പ് പൊതിഞ്ഞ് കൊണ്ട് വന്ന കടലാസിലെന്തോ കുത്തിക്കുറിച്ചതാണെന്ന് തോന്നും.17വര്‍ഷങ്ങള്‍ മുമ്പ് തങ്ങള്‍ തന്നെ നിയോഗിച്ചതാണ് ഈ ലിബര്‍ഹാനെ എന്ന ഒരു ചിന്ത പോലും ഇല്ല ഇവര്‍ക്ക്.വഞ്ചകന്മാര്‍ !!
ഗാന്ധിവധത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 17വര്‍ഷം തികയുന്ന ഈ വേളയില്‍ നാം തിരിച്ചറിയുന്നു ബാബരി വിഷയത്തില്‍ മുഖ്യധാരക്കാരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ടെന്ന ദുഃഖ സത്യം.
"രണ്ട് നിലക്കെട്ടിടം പണിയാം നമുക്ക്.എന്നിട്ട് മുകള്‍ നിലയില്‍ മുസ്ലിംകള്‍ സുജൂദ് ചെയ്യട്ടെ.താഴെ നിലയില്‍ ഹിന്ദുക്കള്‍ മണിയടിക്കട്ടെ" എന്ന ഫോര്‍മുല വെച്ചവര്‍ക്കറിയില്ല മുസ്ലിം മനസ്സില്‍ ബാബരിയുടെ സ്ഥാനം.യു.പി മുഖ്യമന്ത്രിയായത് കൊണ്ട് മാത്രമാണ് കാക്കി നിക്കറുമിട്ട് പിക്കാസ് കയ്യിലേന്തി മിനാരത്തിന്‍റെ മുകളില്‍ കയറാഞ്ഞത് എന്ന് മാലോകര്‍ക്കെല്ലാമറിയുന്ന കല്യാണ്‍ സിങിനെ മതേതരനാക്കി മാമോദീസമുക്കി കൂടെ കൂട്ടിയവര്‍ക്കും അറിഞ്ഞോളണമെന്നില്ല അത്.കേവലം വോട്ട്ബാങ്കിനപ്പുറത്തേക്ക് മുസല്‍മാനെ ആവശ്യമില്ലാത്തവര്‍ 17വര്‍ഷം മുമ്പ് അറിയാതെ തന്ന വാഗ്ദാനം പിന്‍വലിക്കാനുള്ള ബദ്ധപ്പാടിലുമാണ്.
എല്ലാ വര്‍ഷവും ഡിസംബര്‍ ആറിന് പാര്‍ലിമന്‍റില്‍ ഉടുതുണി പൊക്കിക്കൊണ്ട് ബഹളം വെച്ച് സഭ സ്തംഭിപ്പിക്കുന്ന കലാപരിപാടിയാണ് ആകെക്കൂടി നടക്കുന്ന 'പ്രതിഷേധം'.ഈ പ്രതിഷേധക്കാരോട് മുസ്ലിം സമുദായത്തിന് ഒരപേക്ഷയുണ്ട്.പ്ലീസ്.....ഈ കലാപരിപാടി നടത്തി നിങ്ങളിനിയും സമുദായത്തിന്‍റെ ക്ഷമ പരീക്ഷിക്കരുത് !
ബാബരി മസ്ജിദ് ഒരു പിടി കല്ലു കട്ടകളാക്കി മാറ്റി എന്നത് കൊണ്ട് മാത്രം ഇല്ലാതാവുന്നില്ല.ഓരോ ഇന്ത്യക്കാരന്‍റേയും ഹൃദയത്തില്‍ ജീവിച്ചിരിക്കുന്ന ഒരു ബാബരി മസ്ജിദ് ഉണ്ട്.ഒരു ഉരുക്കുമനുഷ്യനും ഒരു കാലത്തും തകര്‍ക്കാന്‍ കഴിയാത്ത ബാബരി.മസ്ജിദ് നില നിന്നിരുന്ന സ്ഥാനത്ത് തന്നെ അത് പുനര്‍നിര്‍മ്മിക്കപ്പെടുന്നത് വരെ നാമോരോരുത്തരും നമ്മുടെ മനസ്സിലിട്ട് താലോലിക്കുന്ന ബാബരി മസ്ജിദ്.
ഈ കുറിപ്പ് അപൂര്‍ണ്ണമാണെന്നറിയാം.തത്ക്കാലം ചുരുക്കട്ടെ.മറവിയിലാണ് ഫാഷിസത്തിന്‍റെ വളര്‍ച്ച.ഡിസംബര്‍-6 ബാബരി ദിനം.നമുക്ക് മറക്കാതിരിക്കുക.