രാജ്യദ്രോഹം സംബന്ധിച്ച ഛത്തീസ്ഗഡ് സര്‍ക്കാരിന്‍റെ എല്ലാം വാദങ്ങളും ചവറ്റുകുട്ടയിലേക്കെറിഞ്ഞ് ബിനായക് സെന്നിനു ഉപാധികളില്ലാതെ സുപ്രീം കോടതി ജാമ്യം.പ്രഥമദൃഷ്ട്യാ തെളിവുകളില്ല.മാവോയിസ്റ്റുകളോടുള്ള അനുഭാവം രാജ്യദ്രോഹ കുറ്റവുമല്ല.ബിനായകില്‍ നിന്ന് 'പിടിച്ചെടുത്ത' (ഹാ.ലതന്നെ അത്യന്തം സ്ഫോടകശേഷിയുള്ള) ലഘുലേഖകള്‍ പൊതുസമൂഹത്തില്‍ ലഭ്യമായതാണ്.ഇത് വെച്ച് കേസെടുക്കാനാവില്ല.ഒരാളുടെ വീട്ടില്‍ നിന്ന് ഗാന്ധിയുടെ ആത്മകഥ കണ്ടെടുത്താല്‍ അയാള്‍ ഗാന്ധിയനാണെന്നാണോ അര്‍ഥം?നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണെന്നത് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം.ഇനി നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ശരിയാണെങ്കില്‍ പോലും ഏതടിസ്ഥാനത്തിലാണ് അദ്ധേഹത്തിന് ജീവപര്യന്തം നല്‍കാനാവുക? (സുപ്രീം കോടതി)
ഇത് നീതിയുടെ വിജയം.ഭരണകൂട ഭീകരതക്ക് മുമ്പില്‍ മുട്ട് മടക്കാതെ പോരാട്ടവീഥിയില്‍ ഉറച്ച് നില്‍ക്കാനും മുന്നേറാനും ബിനായകിനും ഭരണകൂടത്തിന്‍റെ ചാട്ടവാറടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അരുന്ധതിയെപ്പോലുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും ഈ വിജയം ഊര്‍ജ്ജവും പ്രചോദനവും നല്‍കട്ടെ എന്നാശംസിക്കുന്നു.
കോടതി വിധി തെല്ലൊന്നുമല്ല ആഹ്ലാദം നല്‍കുന്നത്.കൂരാ കൂരിരുട്ടിലെ മിന്നാമിനുങ്ങിന്‍ നുറുങ്ങ് വെട്ടം എന്നൊക്കെ പറയും പോലുള്ള ഒരു ഫീല്‍.ഭരണകൂടഭീകരരുടെ കറുത്തകരങ്ങളാല്‍ ജീവിതവും മോഹങ്ങളും ചവിട്ടിയരക്കപ്പെട്ട് കിരാത നിയമങ്ങളാല്‍ ചുറ്റിവരിഞ്ഞ് മരണം മണക്കുന്ന ഇരുട്ടറകളില്‍ അന്ത്യനിമിഷങ്ങളെണ്ണി കഴിയുന്ന നിരപരാധരായ മനുഷ്യമക്കള്‍ക്ക് പ്രതീക്ഷയുടെ വെള്ളി വെളിച്ചം നല്‍കുന്നുണ്ട് സുപ്രീം കോടതി വിധി.
ഭരണകൂടത്തിന്‍റെ കുടില മസ്തിഷ്കങ്ങള്‍ക്ക് നേര്‍ക്കുള്ള കൂര്‍ത്ത ഒരമ്പ് എന്നതോടൊപ്പം നീതി ബോധമുള്ളവരുടെ കുലമിനിയും അറ്റു പോയിട്ടില്ലെന്ന സന്ദേശവും നല്‍കുന്നു കോടതി വിധി.പരമോന്നത നീതിപീഠത്തിന് അഭിവാദ്യങ്ങള്‍.ബിനായകിന്‍റെ മോചനത്തിനായി അഹോരാത്രം പ്രയത്നിച്ച രാജ്യമെങ്ങുമുള്ള മനുഷ്യാവകാശപ്രവര്ത്തകര്‍ക്ക് ആഹ്ലാദിക്കാം, അഭിമാനിക്കാം.
മൊയ്‌ലി മൊഴികള്‍
സ്വാതന്ത്ര്യസമരക്കാലത്ത് സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരേയും ഈ നിയമമാണ് ഉപയോഗിച്ചത്.ഇപ്പോഴത് നാം സ്വന്തം ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു.രാജ്യത്തിനെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ മാത്രമാണ് ഈ നിയമം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന 1962-ലെ കേദാര്‍നാദ് സിങ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണ്.ഈ നിയമത്തെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.ജനാധിപത്യത്തിന്‍റേയും ഭരണഘടനയുടേയും അന്തസത്തക്ക് നിരക്കാത്ത നിയമമാണത്.(നിയമമന്ത്രി വീരപ്പമൊയ്‌ലി)
സന്തോഷം.എമണ്ടന്‍ അഭിപ്രായ പ്രകടനം തന്നെ.എന്നാല്‍ ബുദ്ധിയുദിക്കാനും തിരുവാ തുറന്ന് ഇതൊന്ന് മൊഴിയാനും ഇദ്ധേഹത്തിന് സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് വിഷമകരം.'സ്വന്തം പ്രജ'കാട്ടുനീതിയുടെ ഇരയായി ഇരുമ്പഴിക്കുള്ളില്‍ കിടന്ന് നരകിക്കുമ്പോള്‍ തിരുവായില്‍ നിന്നും ഈ മൊഴി മുത്തുകള്‍ പൊഴിയാതിരുന്നതെന്ത് കൊണ്ട്? 'കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് മഹാപാതകം' എന്നൊക്കെയുള്ള പഠിച്ച് വെച്ച ന്യായീകരണങ്ങളുണ്ടാവാം.ഇതൊന്നും സ്വന്തം കുടുംബത്തെ ബാധിക്കുന്ന പ്രശ്നവുമല്ലല്ലോ.കൂടാതെ ഉള്ളിലായവന്‍ നമ്മുടെ അടിത്തറ കൂടി ഇളക്കാന്‍ പോന്നവനും.കിടക്കട്ടെയെന്ന് കരുതിക്കാണും.ഇനി സ്വന്തത്തെ ബാധിക്കുന്നതാണെങ്കിലോ, കോടതിയുമില്ലൊരു കോപ്പുമില്ല.പബ്ലിക്കിലിട്ട് അലക്കും നമ്മള്‍.
ഇരിക്കട്ടെ.രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നൂറുകണക്കിന് വരുന്ന 'സ്വന്തം ജനങ്ങള്‍' ഇപ്പറഞ്ഞ കോലത്തിലുള്ള കരിനിയമങ്ങളുടെ മറവില്‍ പീഢനങ്ങള്‍ക്കിരയായി വിവിധജയിലുകളില്‍ നരകയാതന അനുഭവിക്കുന്നുണ്ടെന്നത്, പൗരന്‍റെ അവസാന അഭയസ്ഥാനവും ഭരണകൂടത്തിന് ഓശാന പാടുന്നത് കാണ്‍കെ നൊന്ത് പെറ്റ മക്കളുടെ ദുരവസ്ഥയോര്ത്ത് ആരാലും അറിയപ്പെടാതെ രാജ്യമൊട്ടുക്കും അനസൂയമാര്‍ നീറിനീറി ഒടുങ്ങിക്കൊണ്ടിരിക്കുന്നത് ബഹുമാനപ്പെട്ട മന്ത്രിക്ക് ഇനിയും അറിയുമോ ആവോ?ബോധോദയം വന്ന സ്ഥിതിക്ക് ഒരു കണക്കെടുപ്പ് നടത്തി ഇത്തരം കരിനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യരുതോ ബഹു: മന്ത്രീ..ഡയലോഗുകള്‍ ആത്മാര്‍ഥതയോടെ ആണെങ്കില്‍, അത് തന്നെയാണ് താങ്കളുടെ സ്വന്തം പ്രജകള്‍ ആഗ്രഹിക്കുന്നതും.
കുമ്പസാരം: ഇറോം പത്ത് വര്‍ഷമായി നിരാഹാര സമരത്തിലാണ്.സ്വന്തം ജനതയുടെ ജീവനും മാനത്തിനും വേണ്ടി.വെറും നാലു ദിവസത്തെ പട്ടിണി കൊണ്ട് അന്നാ ഹസാരേ നേടിയ വാര്‍ത്താ പ്രാധാന്യം പത്ത് വര്‍ഷം നിരാഹാരം കിടന്നിട്ടും എന്ത് കൊണ്ട് ഇറോമിനില്ലാതെ പോയി?ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുക. വിഡ്ഢികളാക്കപ്പെടാതിരിക്കാനെങ്കിലും!