അങ്ങനെ ലോകത്തിന്‍റെ നെറുകയിലേക്ക്...!
മറ്റു പണിയൊന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ കിടന്നു മയങ്ങുകയായിരുന്നു ഞാന്‍.പെട്ടെന്നാണു അനിയന്‍റെ ആര്‍പ്പുവിളി കേട്ടത്.അവന്‍ വാതിലില്‍ അടിച്ചു വിളിക്കുന്നുണ്ട്.ഞാന്‍ എഴുന്നേറ്റ് വാതില്‍ തുറന്നു.'വേം വാ ... വേം വാ... റസൂല്‍നു കിട്ടി'. എന്താണിവന്‍ പറയുന്നത്.റസൂലിനു കിട്ടീന്നോ...!എനിക്ക് ഒന്നും മനസ്സിലായില്ല.അവന്‍റെ കൂടെ പോയി ടി.വിയില്‍ നോക്കിയപ്പോഴാണു സംഗതി പിടി കിട്ടിയത്.
ഉറക്കം എങ്ങോട്ടോ പോയി.സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ.കടവത്ത് നിന്നും എ.ആര്‍ റഹ് മാന്‍ ഫാന്‍സിന്റെ ആഹ്ലാദപ്രകടനം ചിലപ്പോള്‍ ഉണ്ടാകും.കൊഴുപ്പേകാന്‍ ശിങ്കാരിമേളമോ,നാദസ്വരമോ കണ്ടേക്കാം.ഇനി ഒന്നുമില്ലെങ്കിലും രണ്ടു തകരപ്പാട്ടയെങ്കിലും കാണും.ഉള്ളിലുള്ള ആഹ്ലാദം ബൂലോകത്തെത്തി നിങ്ങളുമായി ഒന്നു പങ്കുവെച്ചാലോ എന്ന ചിന്ത അപ്പോഴാണു വന്നത്.
സ്ലം ഡോഗ് മില്ല്യനയറിനെ ചൊല്ലിയുള്ള വിവാദങ്ങളൊന്നും കാര്യമായി അറിയില്ല.സിനിമ കാണല്‍ കുറവായതിനാല്‍ ഇതു കണ്ടിട്ടുമില്ല.പിന്നെ ഓസ്ക്കാര്‍ കിട്ടിയാലേ ഒരുത്തന്‍ നല്ല കലാകാരനാകൂ,ഇതു കിട്ടാത്തവരൊന്നും നല്ല കലാകാരന്മാരല്ല അല്ലെങ്കില്‍ ഓസ്ക്കാറാണു സിനിമാലോകത്തെ അവസാന വാക്ക് എന്ന അഭിപ്രായമൊന്നും ഏതായാലും എനിക്കില്ല.എന്നാല്‍ ഈ ബഹുമതി നമുക്കൊന്നും പറഞ്ഞിട്ടുള്ളതല്ലെന്നാണല്ലോ വെപ്പ്.ഓസ്ക്കാറിനു വേണ്ടി റഹ് മാനും,റസൂലിനും സായിപ്പിന്റെ ആംഗലേയത്തിലേക്ക് തന്നെ പോകേണ്ടി വന്നു എന്നുള്ള സത്യം തല്‍ക്കാലം നമുക്ക് മറക്കാം.എന്തായാലും സാധനം ഇപ്പോള്‍ നമ്മുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു.എല്ലാരും കണ്‍കുളിര്‍ക്കെ കണ്ടാട്ടെ.
എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനങ്ങള്‍.