Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, January 9, 2015

ആനച്ചന്തം

 ചുറ്റിനും ചീവിടിന്‍ മൂളല്‍..മലഞ്ചെരുവില്‍ കാട്ടരുവി ഒഴുകിയിറങ്ങുന്ന മര്‍മ്മരം..ഉള്‍ക്കാടിന്‍റെ ഹരിതാഭ...ഉള്ളിലേക്കരിച്ചിറങ്ങുന്ന തണുപ്പില്‍ സഖിയോടൊട്ടിയുള്ള നില്‍‌പ്പ്...! വമ്പന്‍ തുമ്പിക്കൈ നീട്ടി വൃക്ഷശിഖരങ്ങളില്‍ തൊടണം.മുളങ്കൂമ്പ് നുള്ളണം.ഇളംകാറ്റില്‍ എല്ലാം മറന്നൊന്ന് കണ്ണടക്കണം.കാറ്റേറി വരുന്ന കാടിന്‍‌ മണമാസ്വദിക്കണം.മണ്ണും ചളിയും കുഴച്ച് തേച്ച് സ്വയമ്പനൊരു കുളി പാസാക്കണം.കാട്ടാറിലെ തണുതണുത്ത ജീവജലം ഒരു വട്ടം കൂടിയൊന്ന് തൊടണം.സ്വയമൊരു കാടാവാനും അനുഭൂതിയില്‍ സ്വയം അലിഞ്ഞില്ലാതാവാനും വല്ലാത്ത കൊതിയുണ്ടെടോ..!



കാഞ്ചനത്തിന്‍ നെറ്റിപ്പട്ടം ചാര്‍ത്തിയിട്ടുണ്ടത്രെ! ഉത്സവപ്പറമ്പിലും ചന്ദനക്കുടം നേര്‍ച്ചകളിലും പുരുഷാരവമുണ്ടത്രെ! എന്ത് കാണാനാ ഈ മാലോകരിങ്ങനെ ചുറ്റിനും കൂടി നില്‍ക്കുന്നത്! ചങ്ങല വരിഞ്ഞ്പൊട്ടിയ വ്രണം കാണാനോ! ഉറക്കം മറന്ന കണ്ണും കണ്ണിലൂടെ നിറഞ്ഞൊഴുകുന്നൊരു ഹൃദയവും കാണാനോ! സ്വപ്നങ്ങള്‍ ചങ്ങലക്കിട്ടവരേ...ഞാനുമൊരു 'മനുഷ്യനാണെടോ'!

 
ടാറിട്ട റോട്ടില്‍ ഹൃദയമടക്കം ഉരുകിയൊലിക്കുന്നുണ്ട്.കതിനകള്‍ക്കൊപ്പം ചെവിയും സ്വപ്നങ്ങളും ജീവിതം തന്നെയും തകര്‍ന്ന് തെറിക്കുന്നുണ്ട്.ഈ പരുപരുത്ത ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റിലിട്ടുരക്കാന്‍ എന്തിനാണെനിക്ക് ഇത്രേം നീണ്ടൊരു തുമ്പിക്കൈ..!

ചങ്ങലക്കിട്ട സ്വപ്നങ്ങള്‍ കാണാതെ ആ നീണ്ട തുമ്പിക്കൈയ്യിനെ കുറിച്ചും ആനച്ചന്തത്തെ കുറിച്ചും പച്ചനുണ ഉപന്യസിക്കാന്‍ ഞാനൊരു 'ആനപ്രേമി'യേ അല്ല! ക്ഷമിക്കുക!

Thursday, March 20, 2014

വസന്തം

മുഖപുസ്തകത്തിലേക്കൂളിയിടാന്‍ ബ്രൗസര്‍ ഓപണ്‍ ചെയ്തപ്പോഴാണു ശ്രദ്ധിച്ചത്.ഇന്ന് 'First day of Spring' ആണെന്ന് ഗൂഗിള്‍ ഡൂഡില്‍.ഒരു സുഹൃത്ത് നിന്ന് മണ്ണ് നനയ്ക്കുന്നതും, ക്ഷണനേരം കൊണ്ട് മണ്ണില്‍ നിന്നും ജീവന്‍ മുളപൊട്ടുന്നതും, പൂവിടുന്നതും ആനന്ദനിര്‍‌വൃതിയാലാവണം മൂപ്പര്‍ തന്നെ ഒരു മരമായ് പൂത്തുലയുന്നതും കണ്ടു.

വസന്തം വന്നണയുന്നത്, പൂവണിയുന്നത്, കുഞ്ഞുകാറ്റിന്‍ തലോടലില്‍ സ്വയം മറന്നുലയുന്നത്, വരവേല്‍ക്കാന്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിറകുകളുമായി പൂമ്പാറ്റകള്‍ വിരുന്നെത്തുന്നത്, പൂക്കളെ മുട്ടിയുരുമ്മി നൃത്തം വയ്ക്കുന്നത്, പൂ'മുഖത്തൊരു' മുത്തം നല്‍കുന്നത്, കരിവണ്ടുകള്‍ സ്വാഗതമോതുന്നത്, അങ്ങനങ്ങനെ...

ഓര്‍മ്മകള്‍ക്ക് വല്ലാത്ത സുഗന്ധം..

'അന്തം' വിട്ട തണുപ്പും 'അന്തം' വിട്ട ചൂടുമല്ലാതെ മറ്റൊന്നും അനുഭവവേദ്യമാവാത്തവര്‍ക്ക് ഗൂഗിള്‍ സൗകര്യമൊരുക്കുന്നുണ്ട്.വസന്തം പൂത്തുലയുന്നത് തത്കാലം ഗൂഗിളില്‍ കണ്ടു നിര്‍‌വൃതിയടയണമെന്ന് അപേക്ഷ. http://goo.gl/H6ASNYപടിഞ്ഞാറെവിടെയോ ആവണം, വസന്തം ഒരു പേരറിയാമരത്തെ പുണര്‍ന്ന മനോഹര കാഴ്ച(അല്പം താഴേക്ക് സ്ക്രോള്‍ ചെയ്താല്‍) കാണാം.അനുഭൂതിയിലവള്‍ ചുവന്നു തുടുത്തതും വികാരത്തള്ളിച്ചയില്‍ പൊഴിച്ച ദളങ്ങളാലൊരു പൂമെത്ത ഒരുക്കിയതും കാണാം.

വസന്തവും ചെറി നിറമുള്ള മരവും നെരൂദയെ ഓര്‍മ്മിപ്പിച്ചു. 

"നിനക്കെത്തിക്കാം ഞാന്‍
മലകളില്‍ നിന്നും ആഹ്ളാദത്തിന്റെ പൂക്കള്‍,
മണിപ്പൂവുകള്‍, ഹെയ്സല്‍ക്കായകള്‍,
ചൂരല്‍ക്കൂട നിറയെ ചുംബനങ്ങള്‍.
വസന്തം ചെറിമരത്തോട് ചെയ്യുന്നത്,
എനിക്ക് നിന്നോടും ചെയ്യണം".

#വയനാട്: ദുരമൂത്ത ഭീകരര്‍ പടര്‍ത്തിയ കാട്ടുതീയില്‍ പൊട്ടിത്തെറിച്ച കിളിമുട്ടകളെ, അതിനുള്ളില്‍ ഒരു വസന്തവും സ്വപ്നം കണ്ടുറങ്ങിയിരുന്ന കുഞ്ഞുമക്കളെ, സ്മരിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല.1500 ഏക്കറില്‍ എത്ര കോടി ജീവനുകളും വസന്തങ്ങളുമാവും എരിഞ്ഞടങ്ങിയത്! പിറക്കാതെ പോയ ആ കുഞ്ഞാറ്റകളുടെ ആത്മാക്കള്‍ക്ക് മുമ്പില്‍ ഒരിറ്റ് കണ്ണുനീര്‍..തീപ്പെട്ടി ഉരച്ചവനും മറഞ്ഞിരുന്ന് ശക്തിപകര്‍ന്നവനും അര്‍ഹിച്ചത് ദൈവം നല്‍കാതിരിക്കില്ല...

Saturday, November 9, 2013

ചിറകുമുളച്ചവരേ സഹായിക്കുമോ..

നൂറു നിലയുള്ള ആ ബുർജ്ജിന്റെ ടെറസിൽ നിന്ന് താഴേക്കൊന്ന് ചാടണം.കണ്ണും അടച്ച്‌ പിടിച്ച്‌ കാറ്റിലലിഞ്ഞിങ്ങനെ പാറി നടക്കണം.നോക്കെത്താ ദൂരത്ത്‌ പഞ്ഞികെട്ടുമായി ഒഴുകിപ്പരന്നിരുന്ന മേഖക്കീറൊന്ന് തൊട്ട് നോക്കണം.ഒക്കത്തിരുത്തി പണ്ടുമ്മ ചൂണ്ടികാണിച്ചു തന്നിരുന്ന അമ്പിളി മാമനോട് 'താമരക്കുമ്പിളിലെന്തുണ്ടെന്ന്'തൊട്ടൊരുമ്മി നിന്നൊന്ന് ചോദിക്കണം.നക്ഷത്രക്കുഞ്ഞുങ്ങളെകൈക്കുമ്പിളില്‍ കോരിയെടുത്ത് മുത്തം കൊടുക്കണം.

'ദാ വരണ്‌ കുഞ്ഞുമോന്റെ ഉപ്പ' എന്നുമ്മ ദിനം പറഞ്ഞ് പറ്റിച്ചിരുന്ന ആ വീമാനത്തിന്റെ വാതിലൊന്ന് വലിച്ച് തുറക്കണം.ഏടെ ന്റെ കുഞ്ഞുപ്പാന്ന് കണ്ണു തുറുപ്പിച്ച് വീമാനത്തിന്റെ ബാക്കല്‌ നിക്കുന്ന 'കിളി'യോടൊന്ന് ചോയ്ക്കണം.വീടിന്‍റെ മോളിലെത്തീട്ടും ഓലെറക്കിക്കൊടുക്കാണ്ടാവും ന്‍റുപ്പാനെ.കൊല്ലം കൊറായേ കുഞ്ഞു മോന് മുട്ടായീം കൊണ്ടുപ്പ വരല് തൊടങ്ങീട്ട്!

പണ്ടിന്‍റെ പാത്തുക്കോഴീന്‍റെ സുന്ദരിക്കുട്ടീനേം റാഞ്ചിയെടുത്ത് പറന്നു കളഞ്ഞ ദുഷ്ടന്‍ പരുന്തച്ചന്‍ ആര്‍ത്തിയോടെ താഴേക്കും നോക്കി ഇപ്പൊഴും വട്ടമിടുന്നുണ്ട് ആകാശത്ത്.അന്ന് കരഞ്ഞുകരഞ്ഞിന്‍റെ കണ്ണീരെല്ലാം വറ്റീട്ട്ണ്ട്.കൊക്കിക്കൊക്കി പാത്തൂന്‍റെ ഒച്ചയെല്ലാം പോയിട്ടുണ്ട്.കാണട്ടെ കോയിക്കുട്ടീനെ തിരിച്ചു തരാന്‍ പറയണം.അല്ലെങ്കിത്തന്നെ ഓന്‍‌ക്ക് ഓന്‍റെ കുട്ടിണ്ടാവൂലേ!

ഏഴാനാകാശത്ത്‌ പടച്ചോനെ കണ്ടാൽ നീട്ടിയൊരു സലാം പറയണം.വെല്ലിമ്മാനെ, മറ്റമ്മാനെ, ന്‍റെ കമാല്‍ മാമാനെ എന്തിനാ പടച്ചോനേ ജ്ജ് കൊണ്ടോയേന്ന് ചോയ്ക്കണം.മാമ പോയേപിന്നെ പെരുന്നാളിന് പടക്കം കിട്ടീട്ടില്ല.വായിക്കാന്‍ കുഞ്ഞാപ്പൂന്‍റെ കഥകള്‍ കിട്ടീട്ടില്ല.അരക്ക് താഴെ തളര്‍ന്ന് കിടപ്പായിരുന്നെങ്കിലും മാമയുടെ പോലെ കഥകളുടെ ലോകത്തേക്ക് കൈപിടിച്ചാരും കൊണ്ടുപോയിട്ടില്ല.വെള്ളത്തുണീം ചുറ്റി മറ്റമ്മാനെ(ഉമ്മാന്‍റെ ഉമ്മ) കട്ടിലിലേറ്റി കൊണ്ടോയോണ്ടല്ലേ വിരുന്ന് വരുമ്പോ മുട്ട പൊരിച്ചതും തിരിച്ച് പോവുമ്പോ നാരങ്ങാ മുട്ടായി വാങ്ങിക്കാന്‍ ചില്ലറയും കിട്ടാഞ്ഞത്.

വെല്ലിമ്മാനെ നിസ്കാരക്കുപ്പായോം ഇടീച്ച് അത്തറും പൂശി തലേക്കെട്ട് കെട്ടിയ ഉസ്ത്താക്കന്മാര് പള്ളിക്കാട്ടിലേക്ക് ദിക്ക്റും ചൊല്ലി കൊണ്ടുപോയതില്‍ പിന്നെ ആട്ടും പാല് ആരും വാങ്ങിത്തന്നിട്ടില്ല.മോനും കുഞ്ഞുമോള്‍ക്കും കഞ്ഞിക്ക് കൂട്ടാന്‍ ചമ്മന്തി പോലും തരാന്‍ പറ്റാണ്ട് ന്‍റെ ഐഷുമ്മ സാരിത്തലപ്പു കൊണ്ട് മുഖം പൊത്തിയിരുന്ന് കരഞ്ഞത് വെല്ലിമ്മ ഇല്ലാത്തോണ്ടല്ലേ.അംസക്ക വെല്ലിമ്മാക്കേ കടം കൊടുക്കൂന്ന് ങ്ങക്ക് അറിയൂലേ പടച്ചോനേ..മുസ്തഫാന്‍റെയും ഷിജീബിന്‍റെയും പോലുള്ള തിളങ്ങുന്ന കുപ്പായത്തിനും ബി.എസ്.എ സൈക്കിളിനും കരയുമ്പോള്‍ 'ന്‍റെ കുട്ടിക്ക് പടച്ചോന്‍ തരുംട്ടാ'ന്നും പറഞ്ഞ് അണച്ച് പിടിച്ച് നെറുകയില്‍ വെല്ലിമ്മ പോയേ പിന്നെ ആരും മുത്തം തന്നിട്ടില്ല.പരിഭവങ്ങളൊത്തിരിയുണ്ട്ട്ടോ പടച്ചോനേ.ഹും കാണട്ടെ..

ബല്ലാത്ത മോഹം പടപ്പുകളേ...

പക്ഷേങ്കില് പിടിവിട്ടാലോ? ബുര്‍ജിനേക്കാൾ ഉയരത്തിലാണു സ്വപ്നങ്ങൾ..ഒരു ചിറകുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചാശിച്ച്‌ ഇന്ന് വട്ടാവും.ന്‍റുമ്മാക്കൊരു മുട്ടയിട്ടിട്ട് വിരിയിച്ചാല്‍ പോരായിരുന്നോ എന്നെ.എനിക്കും ചിറക് കിട്യേനായ്‌ര്ന്ന്..എത്ര കാലം തപസ്സ്‌ ചെയ്താലാണൊരു ചിറക്‌ മുളയ്ക്കുക! സുന്ദരരൂപവും വശ്യമനോഹര ശബ്ദവുമായൊരു ദേവത മുന്നില്‍ പ്രത്യക്ഷപ്പെട്ട്..'കൺകൾ തുറക്കൂ വത്സാ.എന്തു വേണം നിനക്ക്' എന്നൊരു ചോദ്യം.ആഹ്!

ചിറകുമുളച്ചവരേ..ഒന്നു സഹായിക്കുമോ ?

Saturday, November 10, 2012

ഖല്‍ബിലേക്കുള്ള ഫ്ലിക്ക്

കറുത്ത ഒരു ലെതര്‍ ബാഗ്‌ വെട്ടിയുണ്ടാക്കിയ പോലുള്ള ആ മാല, അതും കഴുത്തില്‍ തൂക്കിയിട്ട്‌ കൊണ്ടുള്ള നുമ്മടെ ബാറ്റിംങ്, ഇന്നും പഴയ സുഹൃത്തുക്കള്‍ തമാശയോടെ സ്മരിക്കാറുണ്ട്‌.റീബോക്കിന്റെ ഷൂസൊരെണ്ണം ബാപ്പാനോട്‌ കരഞ്ഞു വിളിച്ച്‌ വരുത്തിച്ചു.റീബോക്കിന്റെ ബാറ്റ് തെരെഞ്ഞു നടന്ന് കിട്ടാതായപ്പോള്‍ കെ.ജി യുടെ ബാറ്റ്‌ വാങ്ങി സ്റ്റികറൊക്കെ ഉലിച്ച്‌ കളഞ്ഞു പകരം റീബോക്ക്‌ പതിച്ചു.

അജ്ജുവിന്റെ ഫ്ലിക്കിനു പഠിച്ചു പഠിച്ചു ഓഫ്‌ സ്റ്റംബ്‌ നിരന്തരം തെറിക്കുമായിരുന്നു.ഇനിയെങ്ങാനും ടൂര്‍ണ്ണമെന്റുകളില്‍ നീ ഫ്ലിക്കിയാല്‍ 'പിടിച്ചു പുറത്തിരുത്തുമെടാ' എന്ന ടീം ക്ല്യാപ്റ്റന്റെ ഭീഷണിക്ക്‌ വഴങ്ങി മനസ്സില്ലാ മനസ്സോടെ ഫ്ലിക്കിനെ മൊഴി ചൊല്ലിയത്‌ ഓര്‍ക്കുന്നു.തോല്‍വി സമ്മതിക്കാത്ത ഞാന്‍ സോക്സില്‍ ബോള്‍ പൊതിഞ്ഞു മുറ്റത്തെ മാവില്‍ കെട്ടിത്തൂക്കി ഫ്ലിക്ക്‌ പ്രാക്ടീസ്‌ ചെയ്ത്‌ കൈകുഴ പുതിയതൊരെണ്ണത്തിനു ഓര്‍ഡര്‍ കൊടുക്കേണ്ടി വരുമോയെന്ന് സന്ദേഹിച്ചതും മറന്നിട്ടില്ല.നിന്‍റെ ഫ്ലിക്കിനോടുള്ള മൊഹബ്ബത് മൂലം 'തോണ്ടിക്കുറി' എന്നൊരു ഇരട്ടപ്പേരും കുറച്ച് കാലത്തേക്ക് സുഹൃത്തുക്കള്‍ പതിച്ച് തന്നിരുന്നു.ഓടുന്ന ഓട്ടത്തില്‍ അപ്രതീക്ഷിതമായി സ്റ്റംബിനെ ലക്ഷ്യമാക്കി പാഞ്ഞിരുന്ന നിന്‍റേതു മാത്രമായ ആ ത്രോ അനുകരിച്ച് അനുകരിച്ച് 'എത്ര ഓവര്‍ ത്രോ ബൗണ്ടറികള്‍' പിറന്നിരിക്കുന്നുവെന്നറിയുമോ..

ഇടക്കിടെ നാവ് മേല്‍ചുണ്ടില്‍ സ്പര്‍ശിച്ച് കൊണ്ടുള്ള ആ ചിരി വരെ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.മുറിയും മനസും നിറയെ നിന്‍റെ ബഹുവര്‍ണ്ണ ചിത്രങ്ങളായിരുന്നു.കുടുംബ ആല്‍ബത്തില്‍ ബാപ്പാന്റെയും ഉമ്മാന്റെയും പോട്ടത്തേക്കാള്‍ നിന്‍റെ പോട്ടംസ്‌ നിറഞ്ഞിരിക്കുന്നത്‌ കണ്ടു കലിവന്ന ബാപ്പ ആല്‍ബമെടുത്ത്‌ പുറത്തേക്ക്‌ സിക്സറടിച്ചതും, കണ്ണു തുടച്ച്‌ ആല്‍ബമെടുത്ത്‌ വന്നു പൊടി തട്ടി വീണ്ടും പെട്ടിയില്‍ കൊണ്ടു വെച്ചതും, ക്രിക്കറ്റിനെയും നിന്നെയും നാം തമ്മിലുള്ള ഗാഢ ബന്ധത്തേയും അറിയാത്ത ബാപ്പാന്‍റെ 'പോക്രിത്തരത്തിനു' മാപ്പ്‌ കൊടുത്തതും ചരിത്രം.

സംഗീത ബിജ്ലാനി നിന്നെ വളച്ചെന്നും പാവം നൗറിത്താനെ മൊഴി ചൊല്ലി നീയിപ്പൊ അവളുടെ കൂടെ കറങ്ങുവാണെന്നുമൊക്കെ പുള്ളാരു ചൊറിയുമ്പോള്‍ നൂറു മീറ്റര്‍ നാവുള്ള ഞാന്‍ മിണ്ടാട്ടം മുട്ടി നില്‍ക്കാറുള്ളതും 'പടച്ചോനേ യെവളെ വിട്ട്‌ നൗറിത്തയുമായി അജ്ജുബായിയെ വീണ്ടും അടുപ്പിക്കണേയെന്ന്' അത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചതുമൊക്കെ എനിക്ക്‌ മാത്രമറിയാവുന്ന രഹസ്യം.

അവസാനം കോഴയില്‍ കുടുങ്ങി നീ പുറത്ത്‌ പോയതും 'അസ്‌ഹര്‍ നിന്നെയൊക്കെ £&!&£൫%%$# ച്ചില്ലെടായെന്ന' സുഹൃത്തുക്കളുടെ പരിഹാസത്തില്‍ മനം നൊന്ത്‌ രണ്ടു ദിവസം ക്ലാസ്‌ കട്ട്‌ ചെയ്ത്‌ ഗ്രൗണ്ടില്‍ പോയിരുന്നതും, വിഷമം സഹിക്കാനാവാതെ പാന്‍ പരാഗ്‌ അടിച്ചു 'ഫിറ്റായതും' എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

ക്രിക്കറ്റ് ജ്വരം പടിപടിയായി കുറഞ്ഞു.ഇന്ത്യ അവസാനമായി കളിച്ചത് ഏത് ടൂര്‍ണമെന്‍റാണെന്ന് ചോദിച്ചാല്‍ ഇന്ന് അറിയണമെന്നില്ല.എന്നാലും അജ്ജൂ നീ തൊടുത്തു വിട്ടിരുന്ന  ഫ്ലിക്കുകള്‍ സര്‍‌വ്വ ബൗണ്ടറികളും ഭേദിച്ച് പാഞ്ഞ് കയറിയിരുന്നത് ഖല്‍ബുകളിലേക്കായിരുന്നുവെന്നത് ഉറങ്ങി മരിക്കേണ്ടിയിരുന്ന ഈ ഒഴിവുദിവസ പ്രഭാതത്തില്‍ പിറന്ന അക്ഷരങ്ങള്‍ തന്നെ സാക്ഷി.

Sunday, March 25, 2012

പ്രതീക്ഷിച്ചിരുന്നില്ലെടി പെണ്ണേ...



ഖുബ്ബൂസ് വലിച്ച് കീറി പീസാക്കി വായില്‍ തിരുകി ഉള്ളിലേക്ക് കുത്തിയിറക്കുന്നതിനിടയിലാണ് ആരവം കേട്ടത്.അകമ്പടിയായി തോഴിമാരുടെ പൊട്ടിച്ചിരിയും കൈവിളക്കിന്‍ വെള്ളിവെളിച്ചവും കൂടിയായപ്പോള്‍ ഉറപ്പിച്ചു.പ്രിയപ്പെട്ടവളുടെ വരവ് തന്നെ.

പിടഞ്ഞെണീറ്റ് കൈ കഴുകി ഓടി വന്ന് ജനല്‍‌പ്പാളി തുറന്ന് നോക്കി.വല്ലാതായിപ്പോയി.ഒരു വാക്ക് മിണ്ടാതെ, ഈയുള്ളവനെ ഒരു നോക്ക് കാണാതെ അവള്‍ പൊയ്പ്പോയിരിക്കുന്നു.മൂന്ന് മാസം മുമ്പ് നാട്ടില്‍ പോയ സമയത്തും പ്രിയപ്പെട്ടവളുടെ സുന്ദരമുഖമൊന്ന് കാണാനോ ആ കൊലുസിന്‍ കിലുക്കമൊന്ന് കേള്‍ക്കാനോ കഴിഞ്ഞിരുന്നില്ല.എന്‍റെ ഹൃദയതാളമായ മഴത്തുള്ളിക്കിലുക്കം.അങ്ങകലെ മാമലനാട്ടില്‍ മഴ പെയ്യുന്നതും പിന്നെ മരം പെയ്യുന്നതും യൂട്യൂബില്‍ കണ്ട് നിര്‍‌വൃതിയടയാറാണ് പതിവ്.

ഒന്ന് വാരിപ്പുണര്‍ന്ന് മരുക്കാട് ചുട്ടുപഴുപ്പിച്ച മനസ്സും ചിന്തകളും തണുപ്പിക്കാനായി ഓടി വന്നതായിരുന്നു.ഒന്ന് തൊട്ടാല്‍, നീ ആര്‍ത്തിരമ്പുന്നതൊന്ന് കണ്ടാല്‍, നിലത്ത് വീണ് നീ പൊട്ടിച്ചിതറുന്നതിനൊപ്പം സര്വ്വം മറന്നിത്തിരി നേരം തുള്ളിച്ചാടിയാല്‍ നീ പെയ്തൊഴിയുന്നതിനൊപ്പം ഉള്ളിലെ കാര്‍മേഖങ്ങളും ഒഴിയുമായിരുന്നു..

അല്ലെങ്കിലും ഈയിടെയായി ഈയുള്ളവനെ ഗൗനിക്കുന്നേ ഇല്ല നീ.നാട്ടില്‍ പോയി കാത്തിരുന്നിട്ടും ഒന്ന് കനിഞ്ഞില്ല.ഇപ്പൊ ഇവിടെയും! നിനച്ചിരുന്നില്ലെടി പെണ്ണേ നിന്‍റെ വരവ്.വരാന്‍ വൈകിയതിലുള്ള പിണക്കമാണോ? ക്ഷമിക്ക് എന്നാല്‍ .എനിക്ക് നീയും നിനക്ക് ഞാനുമല്ലേ ഉള്ളൂ..ഒരു വട്ടം കൂടി വന്നണയൂ കിളിമകളേ...ഒന്നു കണ്ടോട്ടെ ആ പൂമുഖമൊന്ന് !

കാത്തു കാത്തങ്ങിരിക്കട്ടെ ഞാന്.ഇനി വന്നണഞ്ഞില്ലെന്നാലും നിനക്കായുള്ള ഈ കാത്തിരിപ്പിനും ഒരു സുഖമാണ്... :(

Friday, February 24, 2012

പോയളിയോ..




അങ്ങനെ എന്‍റെ ഊഴമായി.കാറിനടുത്തെത്തി ഡോറ് പയ്യെ തുറന്നു നീട്ടിയൊരു സലാം പറഞ്ഞു.അസ്സലാമു അലൈക്കും സര്‍.'അലൈക്കും' എന്നതിലെ 'ഐന്‍' എന്ന അക്ഷരം പടച്ചോന്‍ തന്ന ഭവ്യത മുഴുവനും ആവാഹിച്ച് കൂട്ടിക്കുഴച്ച് പുറത്തെത്തിച്ചപ്പോള്‍ 'ഐനിനു' പകരം അത് വേറെന്തൊക്കെയോ ആയി പരിണമിച്ചിരുന്നുവെന്നത് വാസ്തവം.

വ‌‌അലൈകുമുസ്സലാം.താഴ്മയോടെ സീറ്റ് പോലും അറിയാതെ ഞാന്‍ കയറിയിരുന്നു.സീറ്റ് ബെല്‍റ്റ് വലിച്ചിട്ടു.സൈഡ് മിറേര്‍സ് രണ്ടും കിറുകൃത്യം.എങ്കിലും പഠിപ്പിച്ച് വിട്ട പോലെ ഇടത് വശത്തെ മിററൊന്ന് മുകളിലേക്കും താഴേക്കും തിരിച്ചു.വലതു വശത്തെ മിററിനായി കൈനീട്ടി.ഒന്ന് രണ്ട്.ആഞ്ഞെത്തിച്ചിട്ടും പണ്ടാരം നടക്കുന്നില്ല.മൂന്നാമതൊരുവട്ടം കൂടി തുനിഞ്ഞപ്പോള്‍ പോലീസുകാരന്‍ ബ്ലോക്കീട്ട് മൊഴിഞ്ഞു.ആ ബെല്‍റ്റഴിച്ചിട്ട് സര്‍ക്കാസിക്കെട ഗഡീ...

ശ്ശൊ...വെപ്രാളത്തിനിടയില്‍ അതങ്ങു മറന്നു ഞാന്‍.ബെല്‍റ്റ് അഴിച്ച് വലത്തെ സൈഡ് മിറര്‍ മുകളിലേക്കും താഴേക്കും നീക്കുന്ന ആ സുനയില്‍ ആഞ്ഞൊന്ന് പിടിച്ചു.ഡിം...ദാ കിടക്കുന്ന് സുന കയ്യില്‍!മിറര്‍ ആണെങ്കിലോ‍ ഭൂമീദേവിക്ക് സമാന്തരമായി ചെരിഞ്ഞു.ബദ്‌രീങ്ങളെ കെണിഞ്ഞല്ല.മലം കാലിലായ കോലത്തിലായി ഞാന്‍.പൊട്ടിപ്പോന്ന സുന കയ്യില്‍ പിടിച്ച് ശുര്‍ത്തയെ ദയനീയമായൊന്ന് നോക്കി.മാലിഷ് മൈ ശുര്‍ത്താജീ..യീ മൈല്‍‌വാഹനം ജാംബവാന്‍റെ കാലത്തുള്ളതാണ് സാആആര്‍...മാപ്പാക്കണേ എന്ന് കണ്ണു കൊണ്ടു മൊഴിഞ്ഞു.നാട്ടിലാണെങ്കില്‍ ചെകിട് മൂളേണ്ട ടൈം കഴിഞ്ഞു.ഫാഗ്യത്തിന് ശുര്‍ത്തേട്ടന്‍ പൊട്ടിച്ചില്ല.തരിച്ചിരിക്കുന്ന എന്നെ നോക്കി അങ്ങോര്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി.ഇറങ്ങിപ്പോയി മിറര്‍ നേരെയാക്കെടാ യെന്ന്.

പയ്യെ ഇറങ്ങി മിറര്‍ പൂര്‍‌വ്വസ്ഥിതിയിലാക്കി തിരിച്ച് വന്നിരുന്നു.സീറ്റ് ബെല്‍റ്റിട്ടു ബിസ്മി ചൊല്ലി ഫസ്റ്റ് ഗിയറിട്ടു.തെല്ലൊരു കുലുക്കത്തോടെയും ഞരക്കത്തോടെയും ശകടം മുന്നോട്ട് നീങ്ങി.സെക്കന്‍റ്, തേര്‍ഡ്, ഫോര്‍ത്ത്.ഹോ..എവിടുന്നൊക്കെയോ കുറച്ച് എയര്‍ വലിച്ചെടുത്ത് ദീര്‍ഘമായിത്തന്നെ പുറത്തേക്ക് വിട്ടു.ഓടിയോടി സാധനം ഒരു റൗണ്ട് എബൗട്ടിലെത്തി.സാമാന്യം സ്പീഡൊക്കെ ഉണ്ടേലും മൂന്ന് പോര രണ്ടാം ഗിയറില്‍ തന്നെ ആക്കിയിട്ടേ വണ്ടി എടുക്കാവൂ എന്നാണു പഠിപ്പിച്ച മാസ്റ്ററുടെ ഓര്‍ഡര്‍.

നാലില്‍ നിന്ന് മൂന്ന് പിന്നെ രണ്ട്.ചില്ലറപ്പണിയാപ്പാ യിത്! ബ്രേക്ക് ചവിട്ടി വണ്ടിയുടെ വേഗത കുറച്ചു.രണ്ടാം ഗിയറാക്കിയെന്ന ധാരണയില്‍ വണ്ടി മുന്നോട്ടെടുത്തു.മൂന്നില്‍ നിന്ന് നേരെ നാലിലേക്ക് തന്നെയായിരുന്നെടെയ് സാധനം വീണിരുന്നത്.കൂതറ ഗിയര്‍! ധനുഷിന്‍റെ ഥപ്പാംകൂത്ത് പോലെ കാറ് നാലു തുള്ള് തുള്ളി.കൂടെ ശുര്‍ത്തേട്ടനും.വണ്ടിയുടെ ചലനം നിലച്ചു.കൂടെ എന്‍റെ ഹൃദയമിടിപ്പും.

വണ്ടി സ്റ്റാര്‍ട്ട് ചെയ്തു റൗണ്ട് എബൗട്ടില്‍ നിന്നും ഒരുവിധം പുറത്തെത്തിച്ചു.റൗണ്ട് എബൗട്ട് കഴിഞ്ഞ പാട് തന്നെ റോഡിന് സൈഡിലേക്ക് കൈചൂണ്ടി വണ്ടി പാര്‍ക്കിക്കോളാന്‍ പറഞ്ഞു ശുര്‍ത്ത.പയ്യെ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുമ്പോള്‍ പറയണമെന്നുണ്ടായിരുന്നു. 'ചേട്ടാ മ്മ്‌ളു നാല് കൊല്ലമായി നാല് ചക്രത്തില്‍ നാട്ടില്‍ വിലസുന്നു.നാട്ടില്‍ നരിയാണു, ശിങ്കമാണു.' പറയാന്‍ ഗഡി ഒന്ന് നോക്കണ്ടേ ഇഞ്ഞാട്ട്.സര്‍‌വ്വം തകര്‍ന്ന് ഞാന്‍ ഇറങ്ങിപ്പോന്നു.

അങ്ങനെ തിരികെ ഡ്രൈവിങ് സ്കൂളിലെത്തി.ഏറെ കാത്തിരിക്കേണ്ടി വന്നില്ല.ഞങ്ങള്‍ പത്ത് പതിനെട്ട് പേരെ വിളിച്ച് നിരത്തി നിര്‍ത്തി സുഡാനിയൊരുത്തന്‍.ഉടന്‍ പ്രഖ്യാപനം വന്നു. 'യു ഫെയില്‍ദ്.ഗോ ഹോം.' ഓന്‍റെ ഓഞ്ഞ ഇംഗ്ലീഷിലെ ഡയലോഗ് കേട്ടപ്പോ എന്തോ ചൊറിഞ്ഞു വന്നു.തോറ്റത് തോറ്റ്.വീട്ടീ പോവാന്‍ പറയാന്‍ നീയാരാടാ തെണ്ടീ..

അങ്ങനെ കന്നി ടെസ്റ്റ് പോയളിയന്മാരേ..ആ 'ഐന്‍' എന്നക്ഷരം പുറത്തെത്തിക്കാന്‍ ഞാന്‍ പെട്ട പാടെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ :(

Saturday, March 5, 2011

മരം പെയ്യുന്ന നാട്ടില്‍

കൂടെ നനഞ്ഞൊട്ടി നില്‍ക്കുന്നത് റിയു

കൊടും ചൂടും, മരവും മനവും മരവിപ്പിക്കുന്ന തണുപ്പും വിട്ട് നാട്ടിലെത്തിയിരിക്കുന്നു.മഴ പെയ്യുന്ന പിന്നെ മരം പെയ്യുന്ന എന്‍റെ നാട്.മഴപ്പെയ്ത്തിനൊടുവില്‍ മുറ്റത്തെ മുല്ല പൂത്ത മണവുമായെത്തുന്ന മന്ദമാരുതനുള്ള നാട്.പാതിരാക്ക് പൂക്കുന്ന പാലയും ഒറ്റയാന്മാരായ കരിമ്പനകളും അവക്ക് മുകളില്‍ പാര്‍ക്കുന്ന ചോരയൂറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകളും ചെറുപ്പക്കാരെ ചൂണ്ടാനായി നീണ്ട അഴിച്ചിട്ട മുടിയും നിലത്തിഴയുന്ന തൂവെള്ള സാരിയും ധരിച്ച് എത്തുന്ന സുന്ദരികളായ യക്ഷികളുമുള്ള നാട്.

വന്ന പിറ്റേന്ന് ബുള്ളറ്റെന്ന നുമ്മടെ ശകടവുമെടുത്ത് കൊടുങ്ങല്ലൂര്‍ വരെയൊന്ന് പോയതാ.പോയ പണിയും കഴിഞ്ഞ് തിരികെ വരാനിരിക്കുമ്പോഴാണ് അവളുടെ വരവ്.കുളിരു കോരി, മനം കുളിര്‍പ്പിച്ച് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനെ വെല്ലുന്ന ഒന്നാന്തരം ഇടിമിന്നലിന്‍റെ അകമ്പടിയോടെ എന്‍റെ കൂട്ടുകാരി.ഹാന്നേ ലവള്‍ തന്നെ.തുള്ളിക്കൊരു കുടം കണക്കെ എന്‍റെ വരവിനെ സ്വാഗതം ചെയ്തെന്നോണം ആര്‍ത്തലച്ച്...

മഴയുടെ യാതൊരു ലാഞ്ജനയുമില്ലാതിരുന്നിട്ടും ഈ അസമയത്ത് അവള്‍ വന്നത്..അതെ എനിക്കുറപ്പാണ് അവളെനിക്ക് വേണ്ടിത്തന്നെ വന്നതാ.ഒന്ന് സാന്ദ്വനിപ്പിക്കാന്‍, മരുക്കാട്ടിലിരുന്ന് തീപിടിച്ച ചിന്തകള്‍ക്കും മനസ്സിനും കുളിരേകാന്‍, കണ്ണീരൊഴുകി കട്ടപിടിച്ച കവിളിലെ പാടുകള്‍ നനുത്ത കൈകള്‍ കൊണ്ട് മായ്ച്ച് കളയാന്‍ എന്‍റെ പ്രിയ കൂട്ടുകാരി.

അനുജന്‍ റിയുവുമായി ശകടത്തില്‍ കയറി സ്റ്റാര്‍ട്ടാക്കി പയ്യെ വീട്ടിലേക്ക് തിരിച്ചു.കൊടുങ്ങലൂര്‍ മുതല്‍ വാടാനപ്പള്ളി റഹ്മത്ത് നഗര്‍ വരെ എന്‍റെ പ്രാര്‍ഥന പോലെത്തന്നെ മഴ നിലച്ചില്ലെന്നു മാത്രമല്ല അടിച്ചു തിമിര്‍ത്തങ്ങ്‌ട് പെയ്തു.ഹാഹ്!! ജീവിതത്തിലെ ആദ്യാനുഭവം.രണ്ട് മണിക്കൂറിലധികം!ഇത്രമേള്‍ മഴ നനഞ്ഞിട്ടില്ല ഞാനിത് വരെ.മഴ നല്‍കുന്ന, മനിതരുടെ മനമറിയുന്ന, അഴലകറ്റുന്ന ദൈവത്തിന് ഒരായിരം സ്തുതി.

ഉമ്മയുടെ വീട്ടിലാണ് രണ്ടു ദിവസമായിട്ട്.അവിടെ മുറ്റത്തെ മാവിലൊരു കുഞ്ഞു കിളിക്കൂടും അതില്‍ മൂന്നാല് കുഞ്ഞു മക്കളുമുണ്ട്.ഉറക്കം വിട്ടവര്‍ എഴുന്നേറ്റാല്‍, ന്‍റെ പടച്ചോനേ വല്ലാത്തൊരു ബഹളം തന്നെയാണേ.കലപില കൂട്ടി കൂക്കി വിളിച്ച് മുറ്റം അവര്‍ നാലു മുറ്റമാക്കും.അതിരാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും കഴിഞ്ഞ് വികൃതികള്‍ ഉറക്കമുണരുന്നതും കാത്ത് ഉമ്മറപ്പടിയില്‍ കുത്തിയിരിക്കലാണിപ്പോള്‍ പ്രധാന ജോലി.നാടുണരുന്നതിനും മുമ്പേ അവരുണര്‍ന്ന് കലപില തുടങ്ങും.

ഒന്ന് രണ്ട് ദിവസം ഒരു കള്ളിക്കുയിലമ്മയും വന്ന് സാന്നിധ്യമറിയിച്ചിരുന്നു.അവളെന്നെ മറന്നിട്ടില്ല എന്തായാലും.സന്തോഷായെടി പെണ്ണേ പെരുത്ത് സന്തോഷായി.കൂടെ പാടാത്തത് കൊണ്ടോ എന്തോ അവളെ പിന്നാ വഴിക്ക് കണ്ടില്ല.എന്‍റെ കള്ളിപ്പെണ്ണേ പഴയ പോലെയല്ല കാര്യങ്ങള്‍.ഇച്ചിരി വലുതായിരിക്കുന്നു നമ്മള്‍.കല്യാണപ്രായമായീന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ ഞാന്‍ പെട്ട പാട് വല്ലതുമുണ്ടോ ഇവളറിയുന്നു.ഇനി നിന്‍റെ കൂടെ നിന്ന് കൂവുന്നത് കേട്ടിട്ട് വേണം 'ചെക്കനിപ്പൊഴും ഒരു പക്വതയായിട്ടില്ലെന്നും' പറഞ്ഞ് വീട്ടുകാരെന്‍റെ കല്യാണമോഹങ്ങള്‍ക്ക് തിരശ്ശീലയിടാന്‍.നുമ്മടെ അവസ്ഥ മനസ്സിലാക്കൂ മകളേ പാതിമലരേ.തിരികെ വരൂ..

സത്യം പറയാലോ പ്രിയരേ.'നൊസ്റ്റ്' ഇങ്ങനെ തികട്ടി വന്ന് ചങ്കില്‍ വന്ന് കുത്തീട്ട് നിക്കാനും വയ്യ ഇരിക്കാനും വയ്യെന്ന അവസ്ഥ.അവളുടെ കൂടെക്കൂടി 'കൂഹു കൂഹു' എന്നുച്ചത്തില്‍ കൂവണമെന്നുമുണ്ടായിരുന്നു.ബട്ട്, മുകളില്‍ പറഞ്ഞ സംഗതി തന്നെ.കോപ്പ്‌ന്നേ സത്യായിട്ടും പ്യാടിച്ചിട്ടാ.അല്ലെങ്കിത്തന്നെ ഒന്നു കൂവീന്ന് വെച്ചിപ്പോ ന്തൂട്ട് കോപ്പിലെ പക്വതയാ ഇവിടെ കൊഴിഞ്ഞ് വീഴാന്‍ പോകുന്നേ? ഇന്‍ശാ അള്ളാഹ് പെണ്ണ് കിട്ടട്ടെ.കാണിച്ച് കൊടുക്കുന്നുണ്ട്.ഇവന്മാരുടെയൊക്കെ മുമ്പില്‍ തന്നെ നിന്ന് ലോകം മുഴുവന്‍ കേള്‍ക്കെ സര്‍‌വ്വം മറന്ന് കൂവും ഞാന്‍.ആഹ്.

എന്തോ ആയിപ്പോയി അവളുടെ കൂവല്‍ കേട്ടപ്പോള്‍.എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ട് പോകുന്നു ആ വശ്യമനോഹര നാദം.തൊടിയിലേക്കൊന്ന് ഇറങ്ങട്ടെ ഞാന്‍.മറ്റമ്മ(ഉമ്മാന്‍റെ ഉമ്മ) കിടപ്പിലാവുന്നതിന് മുമ്പേ പശുക്കളെയെല്ലാം വിറ്റിരുന്നു.അവരുടെ കാലശേഷം തൊഴുത്തും ഇടിച്ചു നിരത്തി.തൊഴുത്തിരുന്ന ഭാഗത്തെത്തി.നല്ല സുന്ദരികളായ കറമ്പിപ്പശുക്കള്‍ നിന്ന് 'ഉമ്പാആആആ' എന്നുച്ചത്തില്‍ നീട്ടി വിളിക്കുന്നുണ്ട്.ഒരു പ്രതിഷേധസ്വരം.വൈക്കോലും കാടിയും കൊടുത്ത് പൂവാലിയോട് കിന്നാരം പറഞ്ഞ് നിക്കാന്‍ മറ്റുമ്മ വൈകുന്നതിന്‍റെയാകാം.

ഇവിടെ കമാല്‍ മാമയെ സ്പര്‍ശിക്കാതെ കടന്ന് പോവാനാവാത്തതിനാല്‍ പറയട്ടെ.വിധി തളര്‍ത്തിയ ശരീരവുമായി കിടക്കുന്നുണ്ട് അദ്ധേഹം.മാമയുടെ മുറിയിലെ ജാലകത്തിലൂടെ കാണാം തൊഴുത്ത്.പൂവാലി അസ്വസ്ഥയാകുമ്പോള്‍ മാമയാണ് 'ഉമ്മാ പശു ദേ ബഹളം വെക്കുന്നു' എന്ന് മറ്റമ്മയെ വിളിച്ചറിയിക്കുക.കമാല്‍ മാമ അവിടെ കിടന്ന് നോക്കുന്നുണ്ട് എന്നതാണ് പൈക്കിടാവിനടുത്തേക്ക് പോകാന്‍ എനിക്കുള്ള ധൈര്യവും.പൂവാലിയെ സമാധാനിപ്പിക്കാനും ഇരുട്ട് നിറഞ്ഞ കൊച്ചുമുറിയില്‍ കിടന്ന് കൊണ്ട് ലോകത്തെ തൊട്ടറിയുവാനും കമാല്‍ മാമയും ഇന്നില്ല.പത്താം തരത്തിലെത്തിയപ്പോള്‍ അരക്ക് താഴെ തളര്‍ത്തിക്കൊണ്ട് തന്നെ തേടിയെത്തിയ വിധിയെ ശാന്തനായി നേരിട്ട കമാല്‍ മാമയും ഇന്നെനിക്ക് ഓര്‍മ്മച്ചെപ്പിലെ തിളങ്ങുന്നൊരു മുത്താണ്.പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തേക്ക് എന്നെ കൈപിടിച്ച് നടത്തിയതും മാമയാണെന്നത് കൃതാര്‍ഥതയോടെ സ്മരിക്കട്ടെ.നാഥന്‍ അദ്ധേഹത്തെ സ്വര്‍ഗ്ഗസ്ഥരില്‍ പെടുത്തി അനുഗ്രഹിക്കട്ടെ.

തള്ളയുടെ അകിടിലാഞ്ഞിടിച്ച് നല്ല ചൂടുള്ള പാലു മൊത്തികുടിക്കുന്നു പൈക്കിടാവ്.കുറുമ്പനാണവന്‍.തൊഴുത്തിനടുത്ത് മുന്നില്‍ പോയി നിന്ന് കൈകാല്‍ കാണിച്ചും ഒച്ചവെച്ചും തോണ്ടിയും വാലില്‍ പിടിച്ച് വലിച്ചും അവന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നു ഷാജുമാമ.പാലുകുടി നിര്‍ത്തി അവന്‍ തിരിയുമ്പോള്‍ മാമ ഒറ്റ ഓട്ടം വെച്ചു കൊടുക്കും.ഇത് കണ്ട് മാമാന്‍റെ പിന്നാലെ അവനും ഓട്ടം തുടങ്ങും.ഹാഹ് എന്ത് രസമാ നാലു കാലും ഉയര്‍ത്തി തുള്ളിക്കളിച്ചുള്ള അവന്‍റെയാ ഓട്ടം കാണാന്‍.പറമ്പ് മുഴുവന്‍ അവനെ ഓടിച്ച് അവസാനം മാമ എന്‍റെ അടുത്തേക്കും ഓടി വരും.പിന്നാലെയുള്ള പൈക്കിടാവിന്‍റെ പാച്ചില്‍ കണ്ട് നിലവിളിച്ച് ഞാന്‍ വീട്ടിനകത്തേക്കും പായും.

പശുക്കള്‍ക്ക് തിന്നാനുള്ള വൈക്കോലിന് തുറു ഇട്ടിരുന്നതും തൊഴുത്തിന് അടുത്ത് തന്നെ.ഓര്‍മ്മകളിലിങ്ങനെ പൂര്‍ണ്ണ ഗര്‍ഭിണിയെപ്പോലെ നിറവയറുമായി നില്‍ക്കുന്നുണ്ട് വൈക്കോല്‍ തുറു.വൈക്കോല്‍ കൂമ്പാരത്തിന് പകരം തുറുവിനായി ഉപയോഗിച്ചിരുന്ന കരസിന്‍ തടി അരയാള്‍ പൊക്കത്തില്‍ മൂകനായി നില്‍ക്കുന്നു.കൈവിരലു കൊണ്ട് ഞാനതിന്‍റെ ശിരസ്സിലൂടെ ഒന്ന് തലോടി.ശിരസ്സില്‍ നിന്നും നിന്നും താഴേക്ക് പശ പോലെ എന്തോ ഒലിച്ചിറങ്ങുന്നല്ലോ.അല്ല അത് പശയല്ല.എന്‍റെ സ്പര്‍ശനം അവനില്‍ ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.ഗതകാല സുന്ദരസ്മരണകള്‍ അവന്‍റെ കണ്ണുകളെ ഈറനണിയിച്ചതാകാം.

ഓര്‍മ്മകളുടെ ഓളം തല്ലലില്‍ ഞാനും ആടിയുലഞ്ഞു.അടുത്ത വീട്ടിലെ ബീഡി ഉമ്മര്‍ക്കാന്‍റെ മകന്‍ റിയാസ് വന്ന് തുറുവില്‍ ചാടിക്കയറുന്നതും 'ഞങ്ങടെ തുറ്‌വില്‍ നീയെന്തിനാടാ കേറുന്നേ' എന്നും ചോദിച്ച് അവനെ തള്ളിതാഴെയിടുന്നതും വൈക്കോല്‍ കൂനയില്‍ കിടന്നുരുണ്ട് ദേഹമാസകലം ചൊറിയുമ്പോള്‍ മാന്തിക്കൊണ്ട് വലിയുമ്മയുടെ അടുത്തേക്കോടുന്നതും അവര്‍ വെളിച്ചെണ്ണ പുരട്ടിത്തരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.നനവുള്ള ഓര്‍മ്മകള്‍..

തെങ്ങിന്‍ മടലു വെട്ടി കുഞ്ഞി(കുഞ്ഞുമ്മ) ഊഞ്ഞാലു കെട്ടിത്തന്നിരുന്ന മാവ്.ഊഞ്ഞാലു കെട്ടാനായി മാവ് നീട്ടിത്തന്നിരുന്ന കൈ മാത്രം അവശേഷിപ്പിച്ച് മറ്റു അംഗങ്ങളെല്ലാം ഛേദിക്കപ്പെട്ട് ഒരു വികലാംഗയുടെ കോലത്തില്‍ കഴിഞ്ഞ ലീവിനു വരുമ്പോള്‍ കണ്ടിരുന്നു തൊടിയില്‍.ശേഷിച്ച അവസാനത്തെ ആ കൊമ്പിനൊപ്പം അവളെത്തന്നെയും അറുത്തെറിഞ്ഞിരിക്കുന്നു വീട്ടുകാരിന്ന്.അവളിത് വരെ കായ്ച്ചിട്ടില്ലത്രെ.പ്രതാപകാലത്ത് ഉള്ള ചോരയും നീരും മുഴുവന്‍ ഈയുള്ളവനെ ഊഞ്ഞാലാട്ടാനായി വിനിയോഗിച്ച അവളെങ്ങിനെ പൂക്കും.കായ്ക്കും?പാവം!

തിരിച്ചൊന്നും തരാത്ത ഒരുത്തിയെ എന്തിന് പോറ്റണം.കാല്‍ക്കല്‍ കത്തി വെക്കാനുള്ള വീട്ടുകാരുടെ കാരണം വ്യക്തം.ഭാരമാകുന്നുവെന്ന് തോന്നുമ്പോള്‍ സ്വന്തം മക്കളെ വരെ കൊല്ലുന്ന അഛനമ്മമാരും അഛനമ്മമാരെ വൃദ്ധസദനത്തിലടക്കുന്ന സ്വാര്‍ഥന്മാരായ മക്കളുമുള്ള ഇക്കാലത്ത് ഇതിന്‍റെ പേരില്‍ വീട്ടുകാരോട് ഞാനെങ്ങിനെ തര്‍ക്കിക്കും?വല്ലാത്ത സങ്കടം തോന്നി.മുത്തശ്ശിമാവിനൊപ്പം മണ്ണിലമര്‍ന്നത് റിയാസിനും അവന്‍റെ പെങ്ങള്‍ റെനിക്കും ഒപ്പമുള്ള ഒരുപാട് സുന്ദര നിമിഷങ്ങളും കുളിരും തിളക്കവുമുള്ള എന്‍റെ ബാല്യവുമായിരുന്നു.

കുയിലമ്മയുടെ പാട്ടും കേട്ട് തൊടിയിലേക്കിറങ്ങിയപ്പോഴാണ് ഇത്രയും പറയേണ്ടി വന്നത്.പടച്ചോന്‍ കനിഞ്ഞ് തന്ന കാടുകള്‍ക്കും പച്ചപ്പിനും പകരം കോണ്‍ക്രീറ്റ് കാടുകള്‍ക്കും 'അപ്പെക്സ് അള്‍ട്ടിമയുടെ' കൃത്രിമ പച്ചപ്പുകള്‍ക്കും നാട് വഴിമാറിക്കൊണ്ടിരിക്കുകയാണു ശരവേഗത്തില്‍.ആക്കെക്കൂടി മൂന്നാല് മരങ്ങളേ ഇനി വീട്ടുമുറ്റത്ത് ബാക്കിയൊള്ളൂ.അതിലൊന്നിന്‍റെ കാല്‍ക്കല്‍ അടുത്ത് തന്നെ കോടാലി വീഴുമെന്ന് മാമാജി പറഞ്ഞത് വല്ലാത്തൊരു വ്യസനത്തോടെയാണ് കേട്ടിരുന്നത്.

കുഞ്ഞിക്കുരുവികള്‍ക്ക് പിച്ചവെച്ച് നടക്കണ്ടേ?അണ്ണാറക്കണ്ണന് 'ചില്‍ ചില്‍' മുഴക്കി ചാടിമറിയാന്‍ മരക്കൊമ്പ് വേണ്ടേ? എല്ലാം മറന്നുള്ള നെട്ടോട്ടത്തിനിടയില്‍ കുഞ്ഞാറ്റക്കിളികളുടേയും അണ്ണാറക്കണ്ണന്‍റേയും വിഷമം കാണാന്‍ എവിടുന്നാ നേരം.ആര്‍ക്ക് കേള്‍ക്കണം കുയിലിന്‍റെ പാട്ട്!അടുത്ത ലീവിന് നാട്ടിലെത്തുമ്പോള്‍ കുയിലമ്മയെ കാണലും കൂടെ പാടലുമൊക്കെ വെറും സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത.

Wednesday, December 15, 2010

ഇത് നൂറമോള്‍


ഇത് നൂറ മോള്‍.ചിത്രത്തില്‍ കാണുന്ന പോലെ ദാ ഇത്തിരിയേ ഉള്ളൂവെങ്കിലും ആളു ചില്ലറക്കാരിയല്ല കേട്ടോ.മിടുമിടുക്കിയാണ്.ഒരു വിശ്വാസിയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായ പ്രാര്‍ഥനകളും വിശുദ്ധഖുര്‍‌ആനിലെ അദ്ധ്യായം 'ഫാത്തിഹയും'യും തടസ്സമേതുമില്ലാതെ ആ കുഞ്ഞു വായില്‍ നിന്നും ഒഴുകിവരുന്നത് കേള്‍ക്കുമ്പോള്‍ ആരും അന്തം വിട്ടിരുന്ന് പോകും.

വിശുദ്ധഖുര്‍‌ആനിലെ തന്നെ 'തക്‌വീര്‍' 'അബസ' എന്നീ അദ്ധ്യായങ്ങള്‍ നൂറമോള്‍ കണ്ണുമടച്ച് മണിമണിയായി പാരായണം ചെയ്യുന്നത് കേട്ടപ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി,അത്ഭുതവും.ഇന്ന് വരെ നുമ്മക്കിത് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ(മെനക്കെട്ടില്ലല്ലോ എന്നതാണ് ശരി) എന്നോര്‍ത്തപ്പോള്‍ അനുഭവപ്പെട്ട ജാള്യതയും ഞാന്‍ മറച്ച് വെക്കുന്നില്ല.

നിറഞ്ഞ് കവിഞ്ഞ ജിമെയില്‍ ഇന്‍ബോക്സ് തൂത്ത് വാരുമ്പോള്‍ യാദൃഛികമായാണൊരു മെയില്‍ ശ്രദ്ധയില്‍ പെട്ടതും മെയിലിലെ ലിങ്കില്‍ തൂങ്ങി യൂട്യൂബിലെത്തി ഈ മിടുക്കിയെ പരിചയപ്പെടുന്നതും.ഇത്തരത്തില്‍ മിടുക്കികളും മിടുക്കന്മാരുമായ അനേകരെ യുട്യൂബില്‍ കാണാമെങ്കിലും ആദ്യായിട്ടാണൊരു മലയാളിക്കുരുന്നിനെ കണ്ടുകിട്ടുന്നത്.

തിരൂര്‍ സ്വദേശികളായ അന്‍‌വര്‍ ജഫ്ന ദമ്പദികളുടെ അരുമസന്തതിയാണ് നാലു വയസ്സുകാരി നൂറ.കുവെറ്റില്‍ സ്ഥിരതാമസമാണിവര്‍.ഉമ്മ, ബാപ്പ എന്ന് വിളിച്ച് തുടങ്ങുമ്പോഴേക്കും കുഞ്ഞുവായില്‍ കൊള്ളാത്ത വര്‍ത്തമാനങ്ങളും ആഭാസപരിപാടികളും പഠിപ്പിച്ച് മക്കളെ റിയാലിറ്റി ഷോകളുടെ മായികലോകത്തേക്ക് തള്ളിവിടുന്നവര്‍ക്ക് മാതൃകയാണ് നൂറയുടെ ഉമ്മ ബാപ്പമാര്‍.അവര്‍ക്കും നൂറമോള്‍ക്കും നാഥന്‍ അര്‍ഹിച്ച പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.

കണ്ടപ്പോള്‍ വല്ലാത്ത കൗതുകം.ഈ കൊച്ചുമിടുക്കിയെ പ്രിയപ്പെട്ട ബൂലോകരെ കൂടി ഒന്നു പരിചയപ്പെടുത്തിയാലോ എന്ന് അപ്പോഴാണ് തോന്നിയത്.കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല.നേരിട്ട് തന്നെ പരിചയപ്പെട്ടോളൂ.

നൂറമോളെ മെയില്‍ വഴി മീറ്റിയവരൊക്കെ ഒന്നു മാറി നിക്കിന്‍.മീറ്റാത്തവര്‍ മുന്നോട്ട് കടന്ന് വന്ന് മീറ്റിന്‍.






Wednesday, November 24, 2010

മ്മ്ടടുത്താ ഖത്തറീടെ കളി


(പോട്ടം ഗൂഗിളമ്മച്ചി തന്നതാണേ..)



ഖത്തറില്‍ കാലു കുത്തീട്ട് കന്നിമഴയാണ്.മാമലനാട്ടിലെ പോലെ തുള്ളിക്കൊരു കുടം എന്നൊന്നും പറയാനാവില്ല.എന്തൂട്ടായാലും ഉള്ളതോണ്ട് ഓണം പോലെ.മഴത്തുള്ളിയൊന്ന് തൊടാനും 'ഹല' കാര്‍ഡിന്‍റെ ആവശ്യം തത്ക്കാലം ഇല്ലെങ്കിലും ലതൊന്ന് വാങ്ങാനുമായി ഞാന്‍ പയ്യെ ഫ്ലാറ്റിനു താഴെയിറങ്ങി.ടോപ്പ് ഫോമിന്‍റെ അടുത്തുള്ള ഗ്രോസറിയില്‍ കയറി കാര്‍ഡ് വാങ്ങി.



*127*ഉം പിന്നെ കാര്‍ഡ് നമ്പറും അടിക്കുമ്പോഴും കണ്ണ് റോട്ടിലേക്കായിരുന്നു.മഴപ്പെയ്ത്ത് തുടങ്ങിയിരിക്കുന്നു.കുഞ്ഞു തുള്ളികള്‍ റോട്ടില്‍ വീണ് ചിന്നിച്ചിതറുന്നുണ്ട്.റോടരികില്‍ കുഞ്ഞു തുള്ളികള്‍ തീര്‍ത്ത ജലാശയത്തിനു മുകളിലൂടെ ഒരു പഠാണിയുടെ ക്രസിഡ കാര്‍ പാഞ്ഞു പോയി.ഇതിനിടെ റീച്ചാര്‍ജ് ചെയ്യുന്നത് ഒന്ന് രണ്ട് തവണ തെറ്റി.'താനിത് എവിടെ നോക്കിയാടോ മാഷേ കുത്തുന്നേ.നിന്ന് സ്വപ്പനം കാണാണ്ട് കണ്ണ് തുറന്ന് കുത്തടാ ചെക്കാ' എന്ന് നോക്കിയപ്പെണ്ണിന്‍റെ മുന്നറിയിപ്പ്.ഇതിന്‍റെ പേരിലിനി ഓളെ പിണക്കണ്ടാന്ന് കരുതി കണ്ണുതുറന്ന് നമ്പര്‍ കുത്തി.സസ്കസ് സസ്കസ്.10 ഖത്തര്‍ റിയാല്‍ കയറിയിരിക്കുന്നു.



കടയില്‍ നിന്നും ഞാന്‍ വരാന്തയിലേക്കിറങ്ങി.സോഫിറ്റലിന്‍റെ ഭാഗത്ത് നിന്നും ഒരു കുഞ്ഞിക്കാറ്റ് തുള്ളിക്കളിച്ച് വരുന്നുണ്ട്.കാറ്റിനൊപ്പം ശീതലടിച്ചു രോമകൂപങ്ങളൊക്കെ എഴുന്നേറ്റ് നിന്നു.രോമങ്ങളിലെല്ലാം ചെറു കുമിളകള്‍ .ഹോ!! എന്തൊരു അനുഭൂതിയാണെന്നോ..സ്വയം മറന്ന് ഇച്ചിരി നേരം ഞാനാ നില്‍‌പ്പ് നിന്നു.കയ്യിലിരുന്ന് നോക്കിയപ്പെണ്ണ് കഭി അല്‍‌വിദ നാ കെഹ്നാ മൂളിയപ്പോഴാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.കൃഷ്ണ കുമാറാണ് ലൈനില്‍ .കൃഷ്ണന്‍ ദുബായിലെ എന്‍റെ പ്രിയ സുഹൃത്താണ്.മാന്ദ്യം തലക്കടിച്ച ഇമാറാത്തി അറബി ഗത്യന്തരമില്ലാതെ കുത്തിനു പിടിച്ച് പുറത്താക്കിയതാണ് അങ്ങോരെ.എന്‍റെ പോലെത്തന്നെ നാട്ടിലൊക്കെ കറങ്ങിപ്പിടിച്ച് അവസാനം മൂപ്പരും ദോഹയില്‍ എത്തിയിരിക്കുന്നു.റിയാല്‍ പൂക്കണ മരമൊന്ന് വാങ്ങിക്കാന്‍ .



*ഡേയ് എവിടെയാഡെയ് ?

ഞാനിവിടെയീ ഖത്തര്‍ മഹാലോകത്ത് തന്നെയുണ്ട് കൃഷ്ണാ..

*ഇവിടെ നല്ല മഴ.മഴ കണ്ടപ്പോള്‍ നിന്നെ ഓര്‍മ്മ വന്നു.അങ്ങനെ വിളിച്ചതാ.

ഞാന്‍ ദാ മഴയത്താണല്ലോ.ഒന്നു കുളിരാനായി റോട്ടിലിറങ്ങി നില്‍‌ക്കുന്നു.

*ഹ ഹ.എന്നാ നീ കുളിരൂ മഹനേ.ശല്യപ്പെടുത്തുന്നില്ല. എന്നും പറഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ചു കൃഷ്ണന്‍ ഫോണ്‍ ഡിസ്കണക്റ്റി.



ഞാന്‍ റോട്ടിലേക്കിറങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി പയ്യെ നടന്നു.മഴ നിലച്ചിരിക്കുന്നു.എന്‍റെ ഫ്ലാറ്റിന്‍റെ മുമ്പിലെത്തിയിട്ടും ആകെക്കൂടി അഞ്ചോ പത്തോ തുള്ളികളേ നെറുകയില്‍ പതിച്ചിട്ടൊള്ളൂ.ശ്ശെടാ ഇത് കൊലച്ചതിയായിപ്പോയി.ലിവളിത്ര പെട്ടെന്ന് സ്കൂട്ടാവുമെന്ന് കരുതിയില്ല.കുറച്ച് നേരം കൂടി അവിടെ തട്ടിമുട്ടി നിന്നു.നോ രക്ഷ.രണ്ട് മിനിറ്റ് കൂടെ നോക്കാം.പയ്യെ മൊബൈല്‍ കയ്യിലെടുത്തു.ക്രിയേറ്റ് മെസേജ് എടുത്ത് ഗൗരവമായെന്തോ ടൈപ്പാനെന്ന വ്യാജേന 'മകളേ പാതിമലരേ.ബ്ലീസേ കനിയണം കെട്ടാ' എന്ന ദുആയോടെ നില്‍‌പ്പ് തുടര്‍ന്നു.ടൈപ്പിത്തുടങ്ങുമ്പോള്‍ ഒരു കുഞ്ഞു തുള്ളി ഇറ്റി മൊബൈലിന്‍റെ ഡിസ്പ്ലേയിലേക്ക്.ഹാഹ്..അവള്‍ വീണ്ടും വരുന്നുണ്ടെന്ന് തോന്നുന്നു.



രണ്ട് വരി എന്തൊക്കെയോ കുത്തിക്കുറിക്കുമ്പോഴേക്കും മഴത്തുള്ളികളാല്‍ മൊബൈലിന്‍റെ ഡിസ്പ്ലേ നിറഞ്ഞിരുന്നു.കുപ്പായത്തിന്‍റെ തല കൊണ്ട് ഞാന്‍ തുള്ളികള്‍ തുടച്ചു ടൈപ്പിങ് തുടര്‍ന്നു.മഴ കനക്കുന്നുണ്ട്.നെറുകയിലിറ്റിയ മഴത്തുള്ളികള്‍ കവിളിലൂടെ ചെറു ചാലുകള്‍ തീര്‍ത്ത് താഴേക്ക് പതിച്ച് തുടങ്ങി.ഇനിയും ഇവിടെ നിന്നീ പണി തുടര്‍ന്നാല്‍ നോക്കിയപ്പെണ്ണ് എന്നെന്നേക്കുമായി കണ്ണടക്കും.വേറൊന്ന് ചൂണ്ടാനാണെങ്കില്‍ കയ്യിലിപ്പോള്‍ മാഫി ഫുലൂസ്.അങ്ങനെ മൊബൈല്‍ പോക്കറ്റിലിട്ട് അര്‍ദ്ധമനസ്സോടെ ഫ്ലാറ്റിലേക്ക് കയറാന്‍ നേരമാണ് ശ്രദ്ധിച്ചത്.അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും കറുത്ത വട്ട് തലയില്‍ ധരിച്ച ഒരു വട്ടന്‍ (തലയില്‍ ‍വട്ടുള്ളവന്‍ എന്നേ അര്‍ഥമുള്ളൂ) ഖത്തറിയാകാം കൗതുകത്തോടെ അതോ പുഛത്തോടെയോ എന്നെയും നോക്കി നില്‍ക്കുന്നു.'ഷൂ ഹാദാ മലബാറി.അനക്കൊന്നും ബേറെ പണീല്ലെടാ നാട്ടില്‍' എന്നവന്‍ ചോദിച്ചോ!!ഹേയ്.തോന്ന്യേതാകും. ചുമ്മാ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായി ഖത്തറിക്കാക്കാന്‍റെ മാത്രമല്ല അടുത്ത് പുറത്തുള്ള കടകളിലുള്ള മറ്റു ചില ആദ്മികളുടേയും കണ്ണുകള്‍ എന്നിലേക്ക് തന്നെ.ഈ ചെക്കനെന്താ ആദ്യായിട്ടാണോ വെള്ളം കാണുന്നേ എന്ന മട്ടില്‍ .



'ഹ.എന്തൂട്രാ ശവീ ഒരു മാതിരി ഏതാണ്ട് കണ്ട ഏതാണ്ടിനെപ്പോലെ കോപ്പിലെ നോട്ടം നോക്കണേ.എന്‍റെ തല, പടച്ചോന്‍റെ മഴ.അനക്കൊക്കെ യെന്ത് ചേദം!' എന്ന് അവന്മാരോടൊക്കെ നല്ല നാടന്‍ ശൈലിയില്‍ ചോദിക്കാന്‍ വന്നതാ ഞാന്‍ .പിന്നെ ഖത്തറികളായ ഖത്തറികളെല്ലാം 2022വേള്‍ഡ് കപ്പ് ഫുട്ട്ബോള്‍ ഖത്തറിനു ദാ ഇപ്പോ കിട്ടുമെന്ന പ്രതീക്ഷയിലായതിനാല്‍ മുന്നില്‍ കാണുന്നതൊക്കെ ലവന്മാര്‍ക്ക് ഫുട്ബോളായാണത്രെ തോന്നുന്നത്.സോ ഞാനായിട്ടൊരു സീനുണ്ടാക്കണ്ടാന്ന് കരുതി സബൂറായതാ.അല്ലെങ്കി ഇങ്ങളു പറ...ഒരു പ്രവാസിയായെന്ന് കരുതി സ്വസ്ഥമായി ഒരു മഴ നനയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ ഹേ ഈ നാട്ടില്‍ ?



അവശിഷ്ടം(രഹസ്യമാണു കെട്ടാ):-അവന്മാരോടുള്ള ദേഷ്യത്തിന് ഫ്ലാറ്റിന്‍റെ അപ്പുറത്തെ സൈഡില്‍ പോയി ആരും കാണാതെ നല്ല അന്തസ്സായി മഴയില്‍ കുളിച്ച് കൂത്താടിയിട്ടാ ഞാന്‍ റൂമിലേക്ക് തിരികെ കയറിയത്.ഹല്ല പിന്നെ.മ്മ്ടടുത്താ കളി.

Friday, May 21, 2010

എവിടെയാണിവര്‍ക്ക് പിഴക്കുന്നത് ?

'കുക്ക് ഇക്ക'

ഞാന്‍ അങ്ങനെയാ മൂപ്പരെ വിളിക്കാറ്.ഫ്ലാറ്റിലെ കുക്ക്.ഒരു കോഴിക്കോട്ടുകാരന്‍ മധ്യവയസ്ക്കന്‍.ഒന്നൊന്നര വയര്‍,കൊഴിഞ്ഞ് തീരാറായ മുടി,പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ സാമാന്യം ഒരു പ്രവാസിക്ക് വേണ്ട ഗുണഗണങ്ങളെല്ലാം തികഞ്ഞ ഒരുത്തന്‍.രണ്ട് മൂന്ന് മാസമായി ഞാന്‍ ഇദ്ധേഹത്തെ കാണുന്നു.പണിയില്ലാതെ ഫ്ലാറ്റില്‍ ഇരിക്കുന്നതിനാല്‍ ഇടക്ക് മൂപ്പരുടെ അടുത്ത് പോയി കോഴിക്കോടന്‍ ബിരിയാണി, മജ്ബൂസ് എന്നിവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയിരിക്കും.അങ്ങനെ പെട്ടെന്ന് തന്നെ അങ്ങോരുമായി പെട്ടെന്ന് സൗഹൃദത്തിലായി.

ഖത്തറിലെ ഫ്ലാറ്റിലെത്തി ആദ്യത്തെ മാസം.ദുഫായി വിട്ട് നാട്ടില്‍ ഒരു വര്‍ഷം വെറുതെ ഇരിക്കേണ്ടി വന്നതിന്‍റെ ക്ഷീണം തീര്‍ക്കണ്ടേ.കുക്ക് ഇക്കാന്‍റെ മജ്ബൂസും നെയ്ച്ചോറും കോളിഫ്ലവര്‍+ചിക്കന്‍ മിക്സ് ചെയ്തുണ്ടാക്കുന്ന കോച്ചിയും(ഞാനിട്ട പേരാണ്) മുന്നിലേക്കെത്തേണ്ട താമസമേ ഉണ്ടായിരുന്നൊള്ളൂ.പ്ലേറ്റ് ഇങ്ങനെ അധികനേരം നിറഞ്ഞിരിക്കുന്നത് എനിക്കിഷ്ടല്ല.അത് ഒജീനത്തെ അപമാനിക്കലാത്രെ.പണ്ട് വല്ലിമ്മാന്‍റെ കയ്യീന്ന് കിട്ടിയ ഉപദേശങ്ങളില്‍ ഏറ്റവും ശുഷ്കാന്തിയോടെ അക്ഷരം പ്രതി ഞാന്‍ പാലിക്കുന്നത് ഇത് മാത്രമാണ്.ആദ്യത്തെ മാസം തന്നെ രണ്ട് കിലോ കൂടിക്കിട്ടി.

ഇത്രയും പറഞ്ഞത് റപ്പായി ജൂനിയര്‍ എന്ന പദവി എനിക്ക് പതിച്ച് കിട്ടാന്‍ വേണ്ടിയല്ലെന്നും ഞാനമ്മാതിരി തീറ്റക്കാരനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കില്ലെന്നും കരുതട്ടെ.കുക്ക് ഇക്കാന്‍റെ കുക്കിങിനെ കുറിച്ചൊരു ധാരണ വേണമല്ലോ...ഒന്നൊന്നര ഫുഡ് തന്നെ.എന്നാല്‍ ഞാന്‍ വന്ന് രണ്ടാമത്തെ മാസം മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍.ചിക്കന്‍ മജ്ബൂസ് ഉള്ള ദിവസം വേറെ എന്ത് പരിപാടിയുണ്ടെങ്കിലും അതും മാറ്റി വെച്ച് ഫുഡ്ഡാന്‍ വന്നിരിക്കുന്ന ഞങ്ങളെ വരവേല്‍ക്കുന്നത് ചകിരി നാര് പോലെ മസാല പിടിക്കാത്ത വേവാത്ത ചിക്കന്‍.കിടക്കുന്ന കിടപ്പ് കണ്ടാല്‍ 'വിത്തൗട്ട് കോയീസ് പെര്‍മിഷന്‍' മൂപ്പരെ എടുത്ത് മജ്ബൂസിലിട്ടതാണെന്ന് തോന്നും.ഖത്തറിലെ ഏതോ ഒരു പിശുക്കന്‍ മനസ്സില്ലാ മനസ്സോടെ ദാനം ചെയ്ത അരി കൊണ്ട് വെച്ച പോലോത്തെ ചോറും.ഒരു മാതിരി കോപ്പിലെ ഫുഡ്.കുക്കിനെ മാറ്റണം.ഇത് ശരിയാവില്ല.പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ എന്താ പറ്റിയതെന്നറിയാന്‍ ഒരു ദിവസം ഞാന്‍ മൂപ്പരെ സമീപിച്ചു.

"കുക്ക്ക്കാ ഇങ്ങക്ക് സുഖം തന്നെ?തടി ഇത്തിരി കൂടീണ്ട്ട്ടോ.പിന്നേയ് ഒരു കാര്യം ചോയ്ക്കാനുണ്ട്.മജ്ബൂസില് ഇടുമ്പോ കോയീന്‍റെ പെര്‍മിഷന്‍ വാങ്ങിച്ചൂടെ കോയാ ഇങ്ങക്ക്.എന്തിനാ ചുമ്മാ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കണേ."

എന്‍റെ 'ചൊറിയല്‍' മൂപ്പര്‍ക്ക് മനസ്സിലായില്ല.ഉള്ളി കട്ട് ചെയ്യുന്നത് നിര്‍ത്തി മുഖമുയര്‍ത്തി ഗൗരവത്തില്‍ എന്നെ നോക്കി.ചോദ്യം ഇഷ്ടപ്പെട്ടില്ല/പറഞ്ഞത് മനസ്സിലായില്ല എന്ന മട്ടില്‍.ഒരിടത്ത് ഒരു പോസ്റ്റിട്ടതിന്‍റെ ക്ഷീണം ഇത് വരെ തീര്‍ന്നിട്ടില്ല അതിന്‍റെ കൂടെ വല്ലാതെ തമാശിച്ച് അയാളുടെ വായിലുള്ളതും കൂടി കേള്‍ക്കാന്‍ തീരെ താത്പര്യമില്ലാത്തോണ്ട് നേരിട്ട് കാര്യം പറഞ്ഞു.

'അല്ലിക്കാ ഇങ്ങടെ ഫുഡിനെച്ചൊല്ലി ഫ്ലാറ്റാളികള്‍ പരാതി പറയുന്നുണ്ട്.എന്താ പറ്റിയതെന്നറിയാന്‍ വേണ്ടി ഞാന്‍ ചുമ്മാ...'

'ഹാ.അങ്ങനെ തെളിച്ച് പറ.ഞാങ്കരുതി ഇയ്യെന്നെ ആസാക്കുന്നതാണെന്ന്.'

കാര്യം പിടി കിട്ടിയ കുക്ക് ഇക്ക ഉള്ളിവെട്ട് തുടരുന്നതിനിടെ പറഞ്ഞു.'മോള് ബി.കോം കഴിഞ്ഞ് വീട്ടിലിരിക്യാ.ഒരു കോഴ്സിന് ചേരണന്ന് കൊറച്ചായി പറയണ്.ഫീസ് അന്വേഷിച്ചിട്ട് വിളിക്കാന്‍ പറഞ്ഞിരുന്നു ഞാന്‍.ഓള് വിളിച്ചിരുന്നു.60000 ഉറുപ്യ വേണംത്രെ.കായി ഒപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാന്‍.ഗ്രാഫിക് ഡിസൈന്‍ ആണ്.ഇത് പഠിച്ചാല് ജോലിക്കൊക്കെ സാധ്യതയുണ്ടോടാ?

***ഇതിന്‍റെ സാധ്യതയെക്കുറിച്ചൊന്നും എനിക്കറിയില്ല ഇക്കാ.വേറെ കോഴ്സ് ഒന്നുമില്ലേ.ബി.എഡിനു വിടുന്നതല്ലേ കുറച്ച് കൂടെ നല്ലത്.അതാകുമ്പോ ജോലി സാധ്യതയുണ്ടെന്നാ എനിക്ക് തോന്നുന്നേ.അല്ലെങ്കിത്തന്നെ ഇത്ര പെട്ടെന്ന് നിങ്ങളെവിടുന്നാ ഇത്രേം കാശുണ്ടാക്കുന്നേ.ബി.കോം+ഗ്രാഫിക് ഡിസൈന്‍.അതും എന്തോ ഒരു മാച്ചില്ലല്ലോ..ആട്ടെ.എന്താ അവള്‍ ഇത് തന്നെ തെരെഞ്ഞെടുത്തത്.ഗ്രാഫിക്ക് ഡിസൈനിങ്ങില്‍ കമ്പമുണ്ടോ?***

അങ്ങനൊന്നും ഇല്ല.ഈ കോഴ്സിന് ചേര്‍ന്നാല് പഠിക്കുന്നിടത്ത്ന്ന് ലാപ്പ്ടോപ്പ് കിട്ടുമത്രെ.അതാ കാരണം.പിന്നെ കെട്ട് പ്രായം കഴിഞ്ഞ് നില്‍ക്കുന്നോണ്ട് അവളെയിങ്ങനെ വീട്ടില് ഇരുത്താനും പറ്റില്ല.അതോണ്ട് ഞാന്‍ സമ്മതം മൂളിയതാ.

***അത് ശരി.അപ്പോ അതാണ് കാര്യം.നിങ്ങള്‍ ഓള്‍ക്ക് വിളിച്ചിട്ട് ഓളോട് ഇതിന് പോകണ്ടാന്ന് പറ.ബി.എഡ് സെന്‍റര്‍ അടുത്തുണ്ടാവും.അത് അന്വേഷിക്കാനും പറ.ചുമ്മാ നിങ്ങള്‍ നിലയറിയാതെ പെരുമാറല്ലേ ചങ്ങാതീ.കുട്ടികള്‍ക്ക് കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പറഞ്ഞ് കൊടുക്കേണ്ട നിങ്ങള്‍ അവരുടെ താളത്തിനൊത്ത് തുള്ളുകയാണോ വേണ്ടത്.എന്നിട്ട് അനാവശ്യ കാര്യങ്ങള്‍ക്കായി കിടന്ന് ടെന്‍ഷനടിക്കുന്നു.ചുമ്മാ...(ഇത്തിരി ചൂടായിത്തന്നെ ഞാന്‍ പറഞ്ഞു)

ആ സാധു ദയനീയമായി എന്നെയൊന്ന് നോക്കി.അങ്ങനെയല്ലെടാ നിനക്കറിയില്ല എന്‍റെ പ്രശ്നങ്ങള്‍.

വളരെ ചുരുക്കിപ്പറയട്ടെ മൂപ്പരുടെ കഥ.മൂന്ന് പെണ്മക്കള്‍.മൂത്തവള്‍ക്ക് മൊഞ്ച് ഇത്തിരി കുറവാണ്.കൂടെ തടിച്ച ശരീരപ്രകൃതിയും.കല്യാണപ്രായം കഴിഞ്ഞിരിക്കുന്നു.വരുന്നവര്‍ താങ്ങാന്‍ കഴിയാത്ത സ്ത്രീധനവുമാണ് ചോദിക്കുന്നത്.ഇക്കാരണങ്ങളെക്കൊണ്ട് തന്നെ നിക്കാഹ് വൈകി.താഴെയുള്ളവര്‍ക്കും കെട്ട് പ്രായം ആയിരിക്കുന്നു.അങ്ങനെ നിവൃത്തിയില്ലാതെ മൂത്തവളെ നിര്‍ത്തി തൊട്ട് താഴെയുള്ള കാണാന്‍ വലിയ കുഴപ്പമില്ലാത്ത കുട്ടിയെ കെട്ടിച്ചയച്ചു.അതും അയാളെക്കൊണ്ട് കഴിയാത്ത സ്ത്രീധനവും കൊടുത്ത്.

ഗതികേട് നോക്കണേ കെട്ടിയവനോ ഒരു മുഴുക്കുടിയനും.കുടിക്കാന്‍ കാശില്ലാതാകുമ്പോള്‍ ആ കുട്ടിയെ അവന്‍ വീട്ടില്‍ കൊണ്ട് വന്നാക്കും.എന്നിട്ട് ബാപ്പാക്ക് വിളിപ്പിക്കും.'ഉപ്പാ കാശ് വേണം.ഇല്ലെങ്കി ഇയാള് ന്നെ മൊഴി ചൊല്ലും ഉപ്പാ'.അമര്‍ത്തിപ്പിടിച്ച വിതുമ്പല്‍ ബാപ്പാടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും കൈവിടും.കുഞ്ഞുമോളുടെ തേങ്ങിക്കരച്ചില്‍ കേട്ട് ചങ്ക് തകര്‍ന്ന് ആ സാധു ഓടി നടന്ന് കാശ് ഒപ്പിച്ചയക്കും.കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തുടങ്ങിയതാണത്രെ മരുമകന്‍റെ ഈ ഗുണ്ടാ പിരിവ്.അതിനിടെ ആഭരണങ്ങള്‍ വാങ്ങിയിടത്ത് പറഞ്ഞ അവധി തീര്‍ന്നു.മോളെ കെട്ടിച്ച് കൊടുത്ത വീട്ടില്‍ പോയി ആഭരണങ്ങള്‍ ഊരിയെടുക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു ജ്വല്ലറിക്കാര്‍.

ഇളയ മോള്‍ നന്നായി പഠിക്കും.അവളെ ബി.ടെക്കിന് വിടണം.മൂത്ത മകളുടെ വലിയ ആഗ്രഹമാണ് ഒരു ലാപ്പ് ടോപ്പ്.കൂടെ ഒരു നെറ്റ് കണക്ഷനും.നാട്ടില്‍ പോകുന്നതിന് മുമ്പ് ലാപ്പ്ടോപ്പ് എങ്ങനെയെങ്കിലും വാങ്ങിക്കണം.അതില്ലാതെ അങ്ങോട്ട് ചെന്നാല്‍ മനസ്സമാധാനം തരില്ല.ഇത് മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമെയുള്ള കുക്ക് ഇക്കാന്‍റെ ആഗ്രഹങ്ങള്‍.

ഇനി മൂപ്പരുടെ വരുമാനം എത്രയാന്ന് അറിയണ്ടേ..1500 റിയാല്‍(19000 RS.)രണ്ട് ഫ്ലാറ്റിലെ കുക്കിങിന് കിട്ടുന്ന ശമ്പളം.റൂമും ചിലവും കഴിഞ്ഞാല്‍ ബാക്കി 12000 ക.അതില്‍ ഒരു ഫ്ലാറ്റുകാര്‍ അദ്ധേഹത്തിന്‍റെ സര്‍‌വ്വീസ് ടെര്‍മിനേറ്റ് ചെയ്തു.ഇപ്പോഴത്തെ ശമ്പളം അങ്ങനെ 750 ഖത്തര്‍ റിയാല്‍ ആയി ചുരുങ്ങി.വിസയില്ല.ഏത് സമയവും പോലീസ് പൊക്കാം.അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം മൂപ്പര്‍ അപ്രത്യക്ഷനായത്.എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.മൊബൈല്‍ സ്വിച്ഡ് ഓഫ്.കഴിഞ്ഞ ആഴ്ച മുതല്‍ ചിലര്‍ തിരഞ്ഞ് വരാനും തുടങ്ങി.വന്‍ സംഖ്യയുടെ സ്വന്തം കടങ്ങള്‍ക്ക് പുറമെ ഫ്ലാറ്റിലെ ചിലര്‍ക്കെന്ന് പറഞ്ഞും പലരില്‍ നിന്നും കാശ് വാങ്ങിയിരിക്കുന്നു.അങ്ങനെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'കുക്ക് ഇക്ക' മുങ്ങി.

*കള്ളന്‍.
*ഇയാള് ഇത്തരക്കാരനെന്ന് കരുതിയില്ല.
*എനിക്ക് പണ്ടേ അറിയാരുന്നു കള്ളനാണെന്ന്.ഞാനിത്തിരി ഡിസ്റ്റന്‍സ് ഇട്ടാണു നിന്നത്.അതിനാല്‍ കാശ് പോയില്ല.
*എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇമ്മാതിരി ചതിക്കാന്‍ പാടുണ്ടോ.
*എന്നാലും പോകുന്നതിന് മുമ്പ് അയാക്കൊന്ന് പറയാരുന്നു.
*ഇയാളിനി ജയിലിലാകാനും സാധ്യതയുണ്ട്.

കുക്ക് ഇക്കാനെ ചുറ്റിപ്പറ്റി ഫ്ലാറ്റിലെ ചര്‍ച്ചകള്‍ ദാ ഇങ്ങനെ പോകുന്നു.

ആരെയാ കുറ്റം പറയേണ്ടത് ?
എവിടെയാ 'കുക്ക് ഇക്കമാര്‍ക്ക്' പിഴക്കുന്നത് ?

Tuesday, February 17, 2009

ഞാനും സാമ്പത്തിക മാന്ദ്യവും

സോപ്പ് കുമിള പൊട്ടിക്കൊണ്ടിരിക്കുന്ന പോലെയാ ദുബായീല്‍ കമ്പനികള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത്.പൊട്ടാതെ അവശേഷിക്കുന്ന ഏതേലും കുമിളയില്‍ തൂങ്ങി മറുകര പറ്റാനുള്ള എന്‍റെ ശ്രമത്തിനു ചുവപ്പ് കൊടി കാണിച്ച് കൊണ്ട് ന്‍റെ കമ്പനീം ദാ കിടക്കണു നിലത്ത്.കുമിളക്കൊപ്പം നിലം പറ്റിയ കനവുകളെല്ലാം വാരിക്കൂട്ടി 'LULU ' വിന്‍റെ പ്ലാസ്റ്റിക് കവറില്‍ പൊതിയാണു ഞാന്‍.തീരെ ചെറിയ എന്‍റെ കനവുകള്‍ ഇവിടെ പ്രിയപ്പെട്ട ബൂലോകര്‍ക്കായി തുറന്നു വെക്കട്ടെ.

മഴ നനയാതെ കയറിക്കിടക്കാന്‍ ഒരു 'ചെറിയ കൂര'.അതും രണ്ടു നില തന്നെ.വീട്ടില്‍ ഞാനും ഉമ്മയും മാത്രേ ഉള്ളൂവെങ്കിലും ഒരു പത്ത് പതിനഞ്ച് മുറിയെങ്കിലും വേണം.ചുമ്മാ കിടക്കട്ടന്നേയ്.ബാല്‍ക്കണിയില്‍ കയറി നിന്നാല്‍ തൊട്ടടുത്തുള്ള അബ്ദുക്കാന്‍റെ വീടിന്‍റെ മോന്തായം കാണണം.പിന്നെ മുഴുത്ത ലഗേജിലേക്കുള്ള ആര്‍ത്തി പൂണ്ട നോട്ടത്തിനു പകരം (ന്‍റുമ്മ കേള്‍ക്കണ്ട) ഖല്‍ബിലേക്ക് കുളിരിന്‍റെ നോട്ടമെറിഞ്ഞ് ഗള്‍ഫീന്നു വരുന്ന എന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്‍റെ Arrival-ല്‍ കാത്തു നിന്നു സ്വീകരിക്കാന്‍ പെണ്ണൊരുത്തി.

നമ്മള്‍ ഡിപ്ലോമയും ഗുസ്തിയും ആണേലും ബി.ടെക്ക് അല്ലെങ്കിലൊരു എം.ബി.എക്കാരത്തിയെങ്കിലും വേണം.വാവല്‍ ചപ്പിയ മാങ്ങയണ്ടി പൊലോത്തെ ഒരു ഷേപ്പാണ് ന്‍റെ തലക്കെന്ന് അസൂയക്കാര്‍ പറയുന്നുണ്ടെങ്കിലും ഐശ്വര്യാറായീന്‍റെ മൊഞ്ച് തന്നെ വേണം പെണ്ണിന്.ഇനീപ്പോ തമിഴത്തി ജ്യോതികയുടെ അത്രേങ്കിലും ഉണ്ടെങ്കില്‍ അഡ്ജസ്റ്റബ്‌ള്‍ ആണ്.എന്താ ചെയ്യാ എന്‍റെ കോലം കൂടി പരിഗണിക്കണമല്ലോ....

പിന്നെ ചുരുങ്ങിയത് രണ്ട് വണ്ടി.രണ്ട് ചക്രമുള്ള ഒന്ന്.ബുള്ളറ്റിലായിരുന്നു നോട്ടം.സംഗതി ഞാനും ബുള്ളറ്റും തമ്മില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള ചേര്‍ച്ചയാണെങ്കിലും നാലാളു കേള്‍ക്കണ്ടേ ആ 'ഡും...ഡും...ഡും' മുഴക്കം.മറ്റൊന്ന് ലോങ് ട്രിപ്പിനാണു.ഇന്നോവ അല്ലേല്‍ സ്കോര്‍പിയൊ,പജീറോ ഇനി ഓഡിയായാലും ഞാനിരുന്നാല്‍ ഓടും..ലിസ്റ്റ് അപൂര്‍ണ്ണമാണു കേട്ടോ.സമയപരിമിതി മൂലം നിര്‍ത്തട്ടെ.

വിസക്കു വേണ്ടി ഇരിക്കുന്ന ഇടത്തിന്‍റെ ആധാരം പണയം വെച്ച വകയില്‍ കുറച്ച് കൂടെ കൊടുത്ത് തീര്‍ക്കാന്‍ ബാക്കിയുണ്ടെങ്കിലും ഒരു മലയാളിയായ ഗള്‍ഫ്കാരന്‍റെ തികച്ചും 'ന്യായമായ' അവകാശങ്ങളും മോഹങ്ങളും തന്നെ.എല്ലാം സ്വാഹ.കുമിളക്കുള്ളിലെ കാറ്റിനൊപ്പം അങ്ങനെ എന്‍റെ 'കൊച്ചു കൊച്ചു' കനവുകളും മരുഭൂമിയിലെ പൊടിക്കാറ്റില്‍ ലയിച്ചു ചേര്‍ന്നു.

സാമാന്യം തരക്കേടില്ലാതിരുന്ന വീട് 'പുതുക്കിപ്പണിയാനായി' അടിച്ചു പൊളിച്ചു.വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റിന്‍റേയും,മണലിന്‍റേയും കൂമ്പാരം.വീടുപണിക്കായി എമിറേറ്റ്സ് ബാങ്കില്‍ നിന്നെടുത്ത ലോണ്‍...!ദൈവമേ എങ്ങിനെ ഞാന്‍ തിരിച്ചടക്കും?
നാട്ടിലെ ഗോതമ്പുണ്ടക്കു പകരം ദുബായ് ജയിലില്‍ ബിരിയാണിയാണെന്നു കേട്ടിട്ടുണ്ട്.പട്ടിണിയാവില്ലെന്നു തല്‍‌ക്കാലം സമാധാനിക്കാം.ഈയിടെ ഒരു മെയിലില്‍ കിട്ടിയ വിവരം തമാശയാണോ അതോ...?ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാറിയ സാഹചര്യത്തില്‍ പെണ്ണു കൊടുക്കുന്നില്ലത്രെ.ബുള്ളറ്റിന്‍റെ ഡും..ഡും മുഴക്കത്തിന് പകരം ഇപ്പോള്‍ ന്‍റെ ഖല്‍ബിലാണു ഡും..ഡും.ചിന്തകള്‍ക്കു തീ പിടിക്കുന്നു.ടെര്‍മിനേഷന്‍ ലെറ്റര്‍ കയ്യിലിരുന്നു വിറച്ചു.

ഇനിയെന്ത് ?

കമ്പനിയിലെ ഓഫീസ് ബോയിയായ പയ്യന്‍ പറഞ്ഞത് മനസ്സില്‍ തത്തിക്കളിക്കുന്നു."ഈ പണീല്ലെങ്കിലും ഞാന്‍ ജീവിക്കും.നാട്ടീ പോയി മണ്ണു വാരിയാല്‍ 500 ഉറുപ്യ കിട്ടും ലോഡൊന്നിനു".സത്യത്തില്‍ അവനോട് അസൂയ തോന്നിയ നിമിഷം.മൗസ് പിടിക്കാനല്ലാതെ വേറെ ഒന്നും ശീലിച്ചിട്ടില്ലാത്ത ഈ കൈ കൊണ്ട് മണ്ണു വാരാനോ...!പണ്ട് ക്രികറ്റ് കളിക്കാന്‍ പിച്ച് ഒരുക്കുന്നതിനായി മണ്‍വെട്ടി പിടിച്ചതൊഴിച്ചാല്‍ ഈ സാധനവുമായി നമുക്ക് കാര്യമായ ബന്ധമൊന്നുമില്ല.ഇനി ശീലണ്ടങ്കിത്തന്നെ മേലനങ്ങി പണിയെടുക്കാന്‍ ന്നെക്കൊണ്ടാവൂല്ല.ഒന്നുല്ലേലും ഞാനും ഒരു മലയാളിയല്ലേ :)

ജോലി നഷ്ടപെട്ട് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നെന്തെങ്കിലും...!ഹും..പുനരധിവാസം മണ്ണാങ്കട്ട.ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല ഈ ഗള്‍ഫുകാരെ.എന്നിട്ടല്ലേ ഇനി ഈ ചത്ത കോലത്തില്‍.ടോയ്‌ലറ്റില്‍ പോയി സാമ്പത്തിക മാന്ദ്യം എന്ന പഹയനെ നാലു തെറി വിളിച്ചാലോ...!

ചിന്തകളിങ്ങനെ കാടു കയറുമ്പോഴാണു എന്‍റെ മൊബൈല്‍ ഫോണ്‍ 'കബി അല്‍വിദ നാ കെഹ്നാ' മൂളിയത്.ഇക്കാന്‍റെ വിവരം അറിഞ്ഞുള്ള വിളിയാണു.അവിടുന്ന് തുടങ്ങിയ അനുശോചന സന്ദേശപ്രവാഹമായിരുന്നു.ചെവി കൊടുത്ത് മടുത്തു ഞാന്‍.

ദിവസം രണ്ടു മൂന്ന് കഴിഞ്ഞു.പ്രവാസത്തിന്‍റെ ആദ്യ പകുതിക്ക് വിരാമം കുറിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു.9.20 pm നാണു വിമാനം.ഷെയ്ഖ് മമ്മദ്ക്കാന്‍റെ ദുഫായിലോട്ട് ഒരു തിരിച്ചു വരവ് ഇനിയുണ്ടോ എന്നറിയില്ല.എല്ലാ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി എടുക്കണമെന്നു അഭ്യര്‍ഥിക്കുന്നു.പോയി വരട്ടെ.മഅസ്സലാം.

LinkWithin

Related Posts with Thumbnails