Tuesday, February 17, 2009

ഞാനും സാമ്പത്തിക മാന്ദ്യവും

സോപ്പ് കുമിള പൊട്ടിക്കൊണ്ടിരിക്കുന്ന പോലെയാ ദുബായീല്‍ കമ്പനികള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത്.പൊട്ടാതെ അവശേഷിക്കുന്ന ഏതേലും കുമിളയില്‍ തൂങ്ങി മറുകര പറ്റാനുള്ള എന്‍റെ ശ്രമത്തിനു ചുവപ്പ് കൊടി കാണിച്ച് കൊണ്ട് ന്‍റെ കമ്പനീം ദാ കിടക്കണു നിലത്ത്.കുമിളക്കൊപ്പം നിലം പറ്റിയ കനവുകളെല്ലാം വാരിക്കൂട്ടി 'LULU ' വിന്‍റെ പ്ലാസ്റ്റിക് കവറില്‍ പൊതിയാണു ഞാന്‍.തീരെ ചെറിയ എന്‍റെ കനവുകള്‍ ഇവിടെ പ്രിയപ്പെട്ട ബൂലോകര്‍ക്കായി തുറന്നു വെക്കട്ടെ.

മഴ നനയാതെ കയറിക്കിടക്കാന്‍ ഒരു 'ചെറിയ കൂര'.അതും രണ്ടു നില തന്നെ.വീട്ടില്‍ ഞാനും ഉമ്മയും മാത്രേ ഉള്ളൂവെങ്കിലും ഒരു പത്ത് പതിനഞ്ച് മുറിയെങ്കിലും വേണം.ചുമ്മാ കിടക്കട്ടന്നേയ്.ബാല്‍ക്കണിയില്‍ കയറി നിന്നാല്‍ തൊട്ടടുത്തുള്ള അബ്ദുക്കാന്‍റെ വീടിന്‍റെ മോന്തായം കാണണം.പിന്നെ മുഴുത്ത ലഗേജിലേക്കുള്ള ആര്‍ത്തി പൂണ്ട നോട്ടത്തിനു പകരം (ന്‍റുമ്മ കേള്‍ക്കണ്ട) ഖല്‍ബിലേക്ക് കുളിരിന്‍റെ നോട്ടമെറിഞ്ഞ് ഗള്‍ഫീന്നു വരുന്ന എന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്‍റെ Arrival-ല്‍ കാത്തു നിന്നു സ്വീകരിക്കാന്‍ പെണ്ണൊരുത്തി.

നമ്മള്‍ ഡിപ്ലോമയും ഗുസ്തിയും ആണേലും ബി.ടെക്ക് അല്ലെങ്കിലൊരു എം.ബി.എക്കാരത്തിയെങ്കിലും വേണം.വാവല്‍ ചപ്പിയ മാങ്ങയണ്ടി പൊലോത്തെ ഒരു ഷേപ്പാണ് ന്‍റെ തലക്കെന്ന് അസൂയക്കാര്‍ പറയുന്നുണ്ടെങ്കിലും ഐശ്വര്യാറായീന്‍റെ മൊഞ്ച് തന്നെ വേണം പെണ്ണിന്.ഇനീപ്പോ തമിഴത്തി ജ്യോതികയുടെ അത്രേങ്കിലും ഉണ്ടെങ്കില്‍ അഡ്ജസ്റ്റബ്‌ള്‍ ആണ്.എന്താ ചെയ്യാ എന്‍റെ കോലം കൂടി പരിഗണിക്കണമല്ലോ....

പിന്നെ ചുരുങ്ങിയത് രണ്ട് വണ്ടി.രണ്ട് ചക്രമുള്ള ഒന്ന്.ബുള്ളറ്റിലായിരുന്നു നോട്ടം.സംഗതി ഞാനും ബുള്ളറ്റും തമ്മില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള ചേര്‍ച്ചയാണെങ്കിലും നാലാളു കേള്‍ക്കണ്ടേ ആ 'ഡും...ഡും...ഡും' മുഴക്കം.മറ്റൊന്ന് ലോങ് ട്രിപ്പിനാണു.ഇന്നോവ അല്ലേല്‍ സ്കോര്‍പിയൊ,പജീറോ ഇനി ഓഡിയായാലും ഞാനിരുന്നാല്‍ ഓടും..ലിസ്റ്റ് അപൂര്‍ണ്ണമാണു കേട്ടോ.സമയപരിമിതി മൂലം നിര്‍ത്തട്ടെ.

വിസക്കു വേണ്ടി ഇരിക്കുന്ന ഇടത്തിന്‍റെ ആധാരം പണയം വെച്ച വകയില്‍ കുറച്ച് കൂടെ കൊടുത്ത് തീര്‍ക്കാന്‍ ബാക്കിയുണ്ടെങ്കിലും ഒരു മലയാളിയായ ഗള്‍ഫ്കാരന്‍റെ തികച്ചും 'ന്യായമായ' അവകാശങ്ങളും മോഹങ്ങളും തന്നെ.എല്ലാം സ്വാഹ.കുമിളക്കുള്ളിലെ കാറ്റിനൊപ്പം അങ്ങനെ എന്‍റെ 'കൊച്ചു കൊച്ചു' കനവുകളും മരുഭൂമിയിലെ പൊടിക്കാറ്റില്‍ ലയിച്ചു ചേര്‍ന്നു.

സാമാന്യം തരക്കേടില്ലാതിരുന്ന വീട് 'പുതുക്കിപ്പണിയാനായി' അടിച്ചു പൊളിച്ചു.വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റിന്‍റേയും,മണലിന്‍റേയും കൂമ്പാരം.വീടുപണിക്കായി എമിറേറ്റ്സ് ബാങ്കില്‍ നിന്നെടുത്ത ലോണ്‍...!ദൈവമേ എങ്ങിനെ ഞാന്‍ തിരിച്ചടക്കും?
നാട്ടിലെ ഗോതമ്പുണ്ടക്കു പകരം ദുബായ് ജയിലില്‍ ബിരിയാണിയാണെന്നു കേട്ടിട്ടുണ്ട്.പട്ടിണിയാവില്ലെന്നു തല്‍‌ക്കാലം സമാധാനിക്കാം.ഈയിടെ ഒരു മെയിലില്‍ കിട്ടിയ വിവരം തമാശയാണോ അതോ...?ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാറിയ സാഹചര്യത്തില്‍ പെണ്ണു കൊടുക്കുന്നില്ലത്രെ.ബുള്ളറ്റിന്‍റെ ഡും..ഡും മുഴക്കത്തിന് പകരം ഇപ്പോള്‍ ന്‍റെ ഖല്‍ബിലാണു ഡും..ഡും.ചിന്തകള്‍ക്കു തീ പിടിക്കുന്നു.ടെര്‍മിനേഷന്‍ ലെറ്റര്‍ കയ്യിലിരുന്നു വിറച്ചു.

ഇനിയെന്ത് ?

കമ്പനിയിലെ ഓഫീസ് ബോയിയായ പയ്യന്‍ പറഞ്ഞത് മനസ്സില്‍ തത്തിക്കളിക്കുന്നു."ഈ പണീല്ലെങ്കിലും ഞാന്‍ ജീവിക്കും.നാട്ടീ പോയി മണ്ണു വാരിയാല്‍ 500 ഉറുപ്യ കിട്ടും ലോഡൊന്നിനു".സത്യത്തില്‍ അവനോട് അസൂയ തോന്നിയ നിമിഷം.മൗസ് പിടിക്കാനല്ലാതെ വേറെ ഒന്നും ശീലിച്ചിട്ടില്ലാത്ത ഈ കൈ കൊണ്ട് മണ്ണു വാരാനോ...!പണ്ട് ക്രികറ്റ് കളിക്കാന്‍ പിച്ച് ഒരുക്കുന്നതിനായി മണ്‍വെട്ടി പിടിച്ചതൊഴിച്ചാല്‍ ഈ സാധനവുമായി നമുക്ക് കാര്യമായ ബന്ധമൊന്നുമില്ല.ഇനി ശീലണ്ടങ്കിത്തന്നെ മേലനങ്ങി പണിയെടുക്കാന്‍ ന്നെക്കൊണ്ടാവൂല്ല.ഒന്നുല്ലേലും ഞാനും ഒരു മലയാളിയല്ലേ :)

ജോലി നഷ്ടപെട്ട് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നെന്തെങ്കിലും...!ഹും..പുനരധിവാസം മണ്ണാങ്കട്ട.ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല ഈ ഗള്‍ഫുകാരെ.എന്നിട്ടല്ലേ ഇനി ഈ ചത്ത കോലത്തില്‍.ടോയ്‌ലറ്റില്‍ പോയി സാമ്പത്തിക മാന്ദ്യം എന്ന പഹയനെ നാലു തെറി വിളിച്ചാലോ...!

ചിന്തകളിങ്ങനെ കാടു കയറുമ്പോഴാണു എന്‍റെ മൊബൈല്‍ ഫോണ്‍ 'കബി അല്‍വിദ നാ കെഹ്നാ' മൂളിയത്.ഇക്കാന്‍റെ വിവരം അറിഞ്ഞുള്ള വിളിയാണു.അവിടുന്ന് തുടങ്ങിയ അനുശോചന സന്ദേശപ്രവാഹമായിരുന്നു.ചെവി കൊടുത്ത് മടുത്തു ഞാന്‍.

ദിവസം രണ്ടു മൂന്ന് കഴിഞ്ഞു.പ്രവാസത്തിന്‍റെ ആദ്യ പകുതിക്ക് വിരാമം കുറിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു.9.20 pm നാണു വിമാനം.ഷെയ്ഖ് മമ്മദ്ക്കാന്‍റെ ദുഫായിലോട്ട് ഒരു തിരിച്ചു വരവ് ഇനിയുണ്ടോ എന്നറിയില്ല.എല്ലാ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി എടുക്കണമെന്നു അഭ്യര്‍ഥിക്കുന്നു.പോയി വരട്ടെ.മഅസ്സലാം.

21 comments:

ചങ്കരന്‍ said...

അതെയതെ , പലരുടെയും മനസ്സിലുള്ളത് താങ്കള്‍ എഴുതുന്നു :)

ശ്രീ said...

ചങ്കരന്‍ മാഷ് പറഞ്ഞത് സത്യം!

കാസിം തങ്ങള്‍ said...

മാന്ദ്യത്തിന്റെ ഭീതീയില്‍ തന്നെയാണെല്ലാവരും.

വള്ളിക്കുന്ന് Vallikkunnu said...

സംഗതി സ്റ്റൈലന്‍ ..

ജിപ്പൂസ് said...

ചങ്കരന്‍ മാഷ്,ശ്രീ,കാസിം തങ്ങള്‍ അഭിപ്രായത്തിനു നന്ദി.
എനിക്ക് ടെര്‍മിനേഷന്‍ ആദ്യമേ കിട്ടി.അല്‍ഹംദുലില്ലാഹ്(ടെന്‍ഷന്‍ വേണ്ടല്ലോ ഇനി).അടുത്ത ഊഴവും കാത്തു കിടക്കുന്ന എന്റെ സുഹ്രുത്തുക്കള്‍ ഒരുപാട് ഉണ്ട് അങ്ങു ഗള്‍ഫില്‍.ബഹുഭൂരിഭാഗവും തീ തിന്നു കഴിയുകയാണു.എല്ലാവരും വന്‍ തുക ലോണെടുത്തവര്‍.പുതിയ വീടു വെക്കാനായി ബാങ്കില്‍ നിന്നെടുത്ത പണം എങ്ങിനെ തിരിച്ചടക്കും.ഇരുന്നിരുന്ന വീടു തല്ലിപ്പൊളിച്ചു.ഇനി എങ്ങോട്ട് പോകണമെന്നറിയില്ല എന്നിത്യാദി ചിന്തയില്‍ നീറുന്നു എന്റെ അടുത്ത ചില സുഹ്രുത്തുക്കള്‍.സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വില്ലനായി നമ്മള്‍ മലയാളികളുടെ ആഡംബര ഭ്രമവും,ധൂര്‍ത്തും കൂടിയാകുമ്പോള്‍ തകര്‍ച്ച പൂര്‍ത്തിയാകുന്നു.ഇത്തരത്തില്‍ നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍ തന്നെയാണു ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഈ ഇടത്തില്‍ വന്നു ഈയുള്ളവന്റെ കുത്തിക്കുറിക്കലിനെ അഭിനന്ദിക്കാന്‍ ധൈര്യം കാണിച്ച ബഷീര്‍ക്കാക്കും(വള്ളിക്കുന്ന്)നന്ദി.

പള്ളിക്കരയില്‍ said...

വൈകിയാണെങ്കിലും ഒരു തിരിച്ചറിവുണ്ടാകുന്നത്‌ നല്ലതാണ്‌. അതുണ്ടാക്കാനുള്ള ശ്രമങ്ങളും നല്ലതാണ്‌. അതിനാല്‍ ഈ പോസ്റ്റും ഏറെ നല്ലതാണ്‌.

കാന്താരിക്കുട്ടി said...

ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാറിയ സാഹചര്യത്തില്‍ നാട്ടില്‍ പെണ്ണു കൊടുക്കുന്നില്ലത്രെ.ബുള്ളറ്റിന്‍റെ ഡും..ഡും ശബ്ദത്തിനു പകരം ഇപ്പോള്‍ ഖല്‍ബിലാണു ഡും..ഡും.ചിന്തകള്‍ക്കു തീ പിടിക്കുന്നു


ഇതു സത്യമാ ജിപ്പൂസേ.ഇപ്പോൾ നാട്ടിലുള്ള ജോലിക്ക തന്നെയാ ഡിമാൻഡ്.ഒരു വലിയ സത്യം വിളിച്ചോതി ജിപ്പൂസിന്റെ ഈ പോസ്റ്റ്.നാട്ടിൽ നല്ല ഒരു ജോലി ലഭിക്കാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു,

ഞാനും എന്‍റെ ലോകവും said...

ഹഹഹ ജിപ്പൂസെ അപ്പൊ നമ്മൾ തുല്ല്യ ദുഖിതർ ,ഞാനും അങ്ങോട്ടൊ ഇങ്ങൊട്ടോ എന്നറിയാതെ നിക്കുവാ എന്തായാലും എന്റെ ലോൺ ഈ മാസം കൊണ്ടു തീർന്നു സമാധാനം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജോക്കർ എന്ന സിനിമയിൽ ബഹദൂർ അവതരിപ്പിയ്ക്കുന്ന ജോക്കർ പറയുന്ന ഒരു വാചകമുണ്ട്:ആളുകളെ ചിരിപ്പിയ്ക്കുമ്പോളും അവൻ ഉള്ളിൽ കരയുകയാണ്” എന്ന്.

ജിപ്പൂസിന്റെ പോസ്റ്റ് വായിച്ചപ്പോൾ അതാണു ഓർമ്മ വന്നത്.നർമ്മം കലർന്നുള്ള ഈ വരികളിൽ ഒളിഞ്ഞിരിയ്ക്കുന്ന കണ്ണുനീരിന്റെ നനവ് ഞാൻ കാണുന്നു.ഗൽഫിലെ ജോലിയ്ക്കാണോ , നാട്ടിലെ ജോലിയ്ക്ജാണോ ഡിമാന്റ് എന്ന് ആലോചിയ്ക്കുന്നതിലുപരി, കേരളീയ സമൂഹം നേരിടുന്ന വലിയ ഒരു പ്രതിസന്ധിയിലേയ്ക്കാണു ജിപ്പൂസിന്റെ ഈ പോസ്റ്റ് വിരൽ ചൂണ്ടുന്നത്.എന്തെങ്കിലും ചെയ്യാൻ പറ്റുന്ന കേന്ദ്ര സർക്കാർ, മലയാളിയായ ഒരു പ്രവാസ കാര്യ മന്ത്രി ഉണ്ടായിട്ടു പോലും , ഒന്നും ചെയ്തതായി കാണുന്നില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കേരളസർക്കാർ പ്രഖ്യാപിച്ച 100 കോടിയുടെ പ്രവാസികാര്യ പദ്ധതി എന്തായി എന്ന് അറിയാനും പറ്റുന്നില്ല.

എന്തായാലും ജിപ്പൂസിനെപ്പോലെയുള്ള അനേകരിൽ ഒരാളായി നാളെ ഞാനും നിങ്ങളും ഒക്കെ ഉണ്ടായി എന്നു വരാം.

ആത്യന്തികമായി എല്ലാം നല്ലതിലേയ്ക് നയിയ്ക്കട്ടെ എന്ന് ആശിയ്ക്കാം

അപ്പു said...

വിഷമിക്കാതെ ജിപ്പൂസ്, ശരിയാകും എല്ലാം.

ചാണക്യന്‍ said...

എല്ലാം ശരിയാകും മാഷെ...മനസ്സ് പതറാതെ നില്‍ക്കൂ...

അനില്‍@ബ്ലോഗ് said...

മീറ്റില്‍ നിന്നുമാ ഇവിടെത്തിയത്.
സത്യത്തില്‍ വിഷമമാണ് തോന്നിയത് കേട്ടോ.
മാന്ദ്യത്തിന്റെ ഇരകളിലൊരു പ്രതിനിധി.
തൊഴില്‍ നഷ്ടപ്പെട്ടിട്ടും മടങ്ങാന്‍ പോലുമാവാതെ അവിടെ തന്നെ അര്‍ധപ്പട്ടിണിയില്‍ കഴിയുന്നവരുണ്ടെന്ന് കേള്‍ക്കുന്നു.

എന്തായാലും ലോകം വളരെ പെട്ടന്ന് പിക്ക് ചെയ്യുന്നുണ്ട്. മുപ്പതുകളിലുണ്ടായ മാന്ദ്യവും അതില്‍ നിന്നും കരകയറാനായി ലോകം പിന്തുടര്‍ന്ന വഴികളും എല്ലാവര്‍ക്കും ഒരുപാട് പാഠങ്ങള്‍ നല്‍കിയിരിക്കുന്നു.
എല്ലാം പെട്ടന്നു തന്നെ ശരിയാവുമെന്ന് ആശിക്കാം.

ജിപ്പൂസ് said...

കമന്‍റിയതിനു പെരുത്ത് നന്ദി പള്ളിക്കരയില്‍.

വേതനം ഇത്തിരി കുറവാണെങ്കിലും നാട്ടിലെ ജോലി തന്നെയാ നല്ലത് കാന്താരിക്കുട്ടീ...എന്നാല്‍ ഒരു ദിര്‍ഹം എന്നാല്‍ പതിമൂന്ന് രൂപ.അപ്പോള്‍ 500 ദിര്‍ഹം എത്രയായി.ഈ ഒടുക്കത്തെ കണക്ക് കൂട്ടല്‍ തന്നെയാണു പ്രവാസിയുടെ ശാപം.അപ്പോള്‍ ഈ അഞ്ഞൂറു ദിര്‍ഹമില്‍ നിന്ന് ചിലവ് നടക്കണ്ടേ എന്നൊന്നും ഇപ്പോള്‍ ചോദിക്കരുത് കേട്ടോ.ലാല്‍ജോസിന്‍റെ അറബിക്കഥ കണ്ടിട്ടില്ലേ(കുബ്ബൂസും തൈരും നല്ല കോമ്പിനേഷനാ.ഗള്‍ഫിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കെല്ലാം നല്ല ടെറസുകളും ഉള്ളപ്പോല്‍ പിന്നെ ഒന്ന് തല ചായ്ക്കാന്‍ എന്തിനു വേറെ ഒരിടം)

ജിപ്പൂസ് said...

പിന്നെ സുനിലേട്ടാ വരികള്‍ക്കിടയിലുള്ള നനവ് വല്ലാതെ ഇങ്ങനെ പ്രൊജക്റ്റ് ചെയ്യിപ്പിക്കല്ലേട്ടോ :)

ദാ അപ്പ്വേട്ടന്‍റേം,ചാണക്യന്‍റേം സമാധാനിപ്പിക്കലും കൂടിയായപ്പോ സംഗതി ന്‍റെ കൈവിട്ട് പോകുന്ന ലക്ഷണമാണു.അത്രക്കൊന്നുല്ല അപ്പ്വേട്ടാ & ചാണക്യാ.

സജീ, ഈ ലോണ്‍ എന്ന സാധനം ഞാനിത് വരെ കൈ കൊണ്ട് തൊട്ടിട്ടില്ലാന്നേയ്.ഒരു നിയന്ത്രണവുമില്ലാതെ ലക്ഷങ്ങള്‍ ലോണെടുത്ത ന്‍റെ സുഹൃത്തുക്കളില്‍ പലരും ഇരുന്ന് മോങ്ങുന്നത് കണ്ടപ്പോള്‍ പതുക്കെ എടുത്ത് കാച്ചിയതാണു.

എല്ലാം പെട്ടെന്ന് ശരിയാവുമെന്ന് തന്നെ പ്രതീക്ഷിക്കാം അനില്‍ ഭായ്...!

റാഷിദ്‌ കെ പനവൂര്‍ said...

ഒന്നും ചോദിക്കാനില്ലാത്തപ്പോഴാണ്‌ ജോലി എങ്ങനെ പോണെന്നൊക്കെ ചോദിക്കുന്നത്‌. ഇടയ്‌ക്ക്‌ എന്നെയും ഓര്‍ക്കട്ടെയെന്നു കരുതിയാണ്‌ ഞാന്‍ ഒരു സ്‌ക്രാപ്പിട്ടത്‌............

ഞാന്‍ എന്താ പറയുക? അപ്പുവും ചാണക്യനും പറഞ്ഞപോലെ വിഷമിക്കാതെ ശരിയാകുമെന്നോ.....

ഏതായാലും സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും നല്ലതിനെന്ന്‌ കരുതി എല്ലാം ശരിയാവാന്‍ പ്രാര്‍ത്ഥിക്കാം....

ഒപ്പം ഇതുകൂടെ പറയണമല്ലോ...പോസ്‌റ്റ്‌ നന്നായിട്ടുണ്ട്‌


എല്ലാ നന്മയും ആശംസിക്കുന്നു

Shihas Mohamed said...

Jippoose.. valare nannayittundu

panikkers said...
This comment has been removed by the author.
സുനില്‍ പണിക്കര്‍Isunil panikker said...

വളരെ ശ്രദ്ധേയമായ
ഒരു വിഷയം..
ഓരോ പ്രവാസിയും ഭീതിയുടെ
മുൾമുനയിലാണെന്ന തിരിച്ചറിവ്‌
അത്യധികം ദുഃഖകരമാണ്‌..
നല്ലതിനായി പ്രാർത്ഥിക്കാം.
ഈ പോസ്റ്റ്‌ വളരെ
പ്രാധാന്യമർഹിക്കുന്നു.
ആശംസകൾ..!

rafaceZ said...

ithu vayichapoo ente dum dum dum koodi ...... nic daaa

ജിപ്പൂസ് said...

റാഷിദ്,സുനിലേട്ടന്‍,rafaceZ നന്ദി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.

ഹരീഷ് തൊടുപുഴ said...

അനിയാ ജിപ്പൂസേ..
ഫെബ്രുവരി 6 നു വേണ്ടി നിന്നേപ്പോലെ ഞാനും കാത്തിരിക്കുന്നു..
ചെന്നിട്ടു വിളിക്കൂ നീ..
9447302370..
ഓക്കേ...

LinkWithin

Related Posts with Thumbnails