Friday, May 21, 2010

എവിടെയാണിവര്‍ക്ക് പിഴക്കുന്നത് ?

'കുക്ക് ഇക്ക'

ഞാന്‍ അങ്ങനെയാ മൂപ്പരെ വിളിക്കാറ്.ഫ്ലാറ്റിലെ കുക്ക്.ഒരു കോഴിക്കോട്ടുകാരന്‍ മധ്യവയസ്ക്കന്‍.ഒന്നൊന്നര വയര്‍,കൊഴിഞ്ഞ് തീരാറായ മുടി,പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ സാമാന്യം ഒരു പ്രവാസിക്ക് വേണ്ട ഗുണഗണങ്ങളെല്ലാം തികഞ്ഞ ഒരുത്തന്‍.രണ്ട് മൂന്ന് മാസമായി ഞാന്‍ ഇദ്ധേഹത്തെ കാണുന്നു.പണിയില്ലാതെ ഫ്ലാറ്റില്‍ ഇരിക്കുന്നതിനാല്‍ ഇടക്ക് മൂപ്പരുടെ അടുത്ത് പോയി കോഴിക്കോടന്‍ ബിരിയാണി, മജ്ബൂസ് എന്നിവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയിരിക്കും.അങ്ങനെ പെട്ടെന്ന് തന്നെ അങ്ങോരുമായി പെട്ടെന്ന് സൗഹൃദത്തിലായി.

ഖത്തറിലെ ഫ്ലാറ്റിലെത്തി ആദ്യത്തെ മാസം.ദുഫായി വിട്ട് നാട്ടില്‍ ഒരു വര്‍ഷം വെറുതെ ഇരിക്കേണ്ടി വന്നതിന്‍റെ ക്ഷീണം തീര്‍ക്കണ്ടേ.കുക്ക് ഇക്കാന്‍റെ മജ്ബൂസും നെയ്ച്ചോറും കോളിഫ്ലവര്‍+ചിക്കന്‍ മിക്സ് ചെയ്തുണ്ടാക്കുന്ന കോച്ചിയും(ഞാനിട്ട പേരാണ്) മുന്നിലേക്കെത്തേണ്ട താമസമേ ഉണ്ടായിരുന്നൊള്ളൂ.പ്ലേറ്റ് ഇങ്ങനെ അധികനേരം നിറഞ്ഞിരിക്കുന്നത് എനിക്കിഷ്ടല്ല.അത് ഒജീനത്തെ അപമാനിക്കലാത്രെ.പണ്ട് വല്ലിമ്മാന്‍റെ കയ്യീന്ന് കിട്ടിയ ഉപദേശങ്ങളില്‍ ഏറ്റവും ശുഷ്കാന്തിയോടെ അക്ഷരം പ്രതി ഞാന്‍ പാലിക്കുന്നത് ഇത് മാത്രമാണ്.ആദ്യത്തെ മാസം തന്നെ രണ്ട് കിലോ കൂടിക്കിട്ടി.

ഇത്രയും പറഞ്ഞത് റപ്പായി ജൂനിയര്‍ എന്ന പദവി എനിക്ക് പതിച്ച് കിട്ടാന്‍ വേണ്ടിയല്ലെന്നും ഞാനമ്മാതിരി തീറ്റക്കാരനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കില്ലെന്നും കരുതട്ടെ.കുക്ക് ഇക്കാന്‍റെ കുക്കിങിനെ കുറിച്ചൊരു ധാരണ വേണമല്ലോ...ഒന്നൊന്നര ഫുഡ് തന്നെ.എന്നാല്‍ ഞാന്‍ വന്ന് രണ്ടാമത്തെ മാസം മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍.ചിക്കന്‍ മജ്ബൂസ് ഉള്ള ദിവസം വേറെ എന്ത് പരിപാടിയുണ്ടെങ്കിലും അതും മാറ്റി വെച്ച് ഫുഡ്ഡാന്‍ വന്നിരിക്കുന്ന ഞങ്ങളെ വരവേല്‍ക്കുന്നത് ചകിരി നാര് പോലെ മസാല പിടിക്കാത്ത വേവാത്ത ചിക്കന്‍.കിടക്കുന്ന കിടപ്പ് കണ്ടാല്‍ 'വിത്തൗട്ട് കോയീസ് പെര്‍മിഷന്‍' മൂപ്പരെ എടുത്ത് മജ്ബൂസിലിട്ടതാണെന്ന് തോന്നും.ഖത്തറിലെ ഏതോ ഒരു പിശുക്കന്‍ മനസ്സില്ലാ മനസ്സോടെ ദാനം ചെയ്ത അരി കൊണ്ട് വെച്ച പോലോത്തെ ചോറും.ഒരു മാതിരി കോപ്പിലെ ഫുഡ്.കുക്കിനെ മാറ്റണം.ഇത് ശരിയാവില്ല.പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ എന്താ പറ്റിയതെന്നറിയാന്‍ ഒരു ദിവസം ഞാന്‍ മൂപ്പരെ സമീപിച്ചു.

"കുക്ക്ക്കാ ഇങ്ങക്ക് സുഖം തന്നെ?തടി ഇത്തിരി കൂടീണ്ട്ട്ടോ.പിന്നേയ് ഒരു കാര്യം ചോയ്ക്കാനുണ്ട്.മജ്ബൂസില് ഇടുമ്പോ കോയീന്‍റെ പെര്‍മിഷന്‍ വാങ്ങിച്ചൂടെ കോയാ ഇങ്ങക്ക്.എന്തിനാ ചുമ്മാ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കണേ."

എന്‍റെ 'ചൊറിയല്‍' മൂപ്പര്‍ക്ക് മനസ്സിലായില്ല.ഉള്ളി കട്ട് ചെയ്യുന്നത് നിര്‍ത്തി മുഖമുയര്‍ത്തി ഗൗരവത്തില്‍ എന്നെ നോക്കി.ചോദ്യം ഇഷ്ടപ്പെട്ടില്ല/പറഞ്ഞത് മനസ്സിലായില്ല എന്ന മട്ടില്‍.ഒരിടത്ത് ഒരു പോസ്റ്റിട്ടതിന്‍റെ ക്ഷീണം ഇത് വരെ തീര്‍ന്നിട്ടില്ല അതിന്‍റെ കൂടെ വല്ലാതെ തമാശിച്ച് അയാളുടെ വായിലുള്ളതും കൂടി കേള്‍ക്കാന്‍ തീരെ താത്പര്യമില്ലാത്തോണ്ട് നേരിട്ട് കാര്യം പറഞ്ഞു.

'അല്ലിക്കാ ഇങ്ങടെ ഫുഡിനെച്ചൊല്ലി ഫ്ലാറ്റാളികള്‍ പരാതി പറയുന്നുണ്ട്.എന്താ പറ്റിയതെന്നറിയാന്‍ വേണ്ടി ഞാന്‍ ചുമ്മാ...'

'ഹാ.അങ്ങനെ തെളിച്ച് പറ.ഞാങ്കരുതി ഇയ്യെന്നെ ആസാക്കുന്നതാണെന്ന്.'

കാര്യം പിടി കിട്ടിയ കുക്ക് ഇക്ക ഉള്ളിവെട്ട് തുടരുന്നതിനിടെ പറഞ്ഞു.'മോള് ബി.കോം കഴിഞ്ഞ് വീട്ടിലിരിക്യാ.ഒരു കോഴ്സിന് ചേരണന്ന് കൊറച്ചായി പറയണ്.ഫീസ് അന്വേഷിച്ചിട്ട് വിളിക്കാന്‍ പറഞ്ഞിരുന്നു ഞാന്‍.ഓള് വിളിച്ചിരുന്നു.60000 ഉറുപ്യ വേണംത്രെ.കായി ഒപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാന്‍.ഗ്രാഫിക് ഡിസൈന്‍ ആണ്.ഇത് പഠിച്ചാല് ജോലിക്കൊക്കെ സാധ്യതയുണ്ടോടാ?

***ഇതിന്‍റെ സാധ്യതയെക്കുറിച്ചൊന്നും എനിക്കറിയില്ല ഇക്കാ.വേറെ കോഴ്സ് ഒന്നുമില്ലേ.ബി.എഡിനു വിടുന്നതല്ലേ കുറച്ച് കൂടെ നല്ലത്.അതാകുമ്പോ ജോലി സാധ്യതയുണ്ടെന്നാ എനിക്ക് തോന്നുന്നേ.അല്ലെങ്കിത്തന്നെ ഇത്ര പെട്ടെന്ന് നിങ്ങളെവിടുന്നാ ഇത്രേം കാശുണ്ടാക്കുന്നേ.ബി.കോം+ഗ്രാഫിക് ഡിസൈന്‍.അതും എന്തോ ഒരു മാച്ചില്ലല്ലോ..ആട്ടെ.എന്താ അവള്‍ ഇത് തന്നെ തെരെഞ്ഞെടുത്തത്.ഗ്രാഫിക്ക് ഡിസൈനിങ്ങില്‍ കമ്പമുണ്ടോ?***

അങ്ങനൊന്നും ഇല്ല.ഈ കോഴ്സിന് ചേര്‍ന്നാല് പഠിക്കുന്നിടത്ത്ന്ന് ലാപ്പ്ടോപ്പ് കിട്ടുമത്രെ.അതാ കാരണം.പിന്നെ കെട്ട് പ്രായം കഴിഞ്ഞ് നില്‍ക്കുന്നോണ്ട് അവളെയിങ്ങനെ വീട്ടില് ഇരുത്താനും പറ്റില്ല.അതോണ്ട് ഞാന്‍ സമ്മതം മൂളിയതാ.

***അത് ശരി.അപ്പോ അതാണ് കാര്യം.നിങ്ങള്‍ ഓള്‍ക്ക് വിളിച്ചിട്ട് ഓളോട് ഇതിന് പോകണ്ടാന്ന് പറ.ബി.എഡ് സെന്‍റര്‍ അടുത്തുണ്ടാവും.അത് അന്വേഷിക്കാനും പറ.ചുമ്മാ നിങ്ങള്‍ നിലയറിയാതെ പെരുമാറല്ലേ ചങ്ങാതീ.കുട്ടികള്‍ക്ക് കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പറഞ്ഞ് കൊടുക്കേണ്ട നിങ്ങള്‍ അവരുടെ താളത്തിനൊത്ത് തുള്ളുകയാണോ വേണ്ടത്.എന്നിട്ട് അനാവശ്യ കാര്യങ്ങള്‍ക്കായി കിടന്ന് ടെന്‍ഷനടിക്കുന്നു.ചുമ്മാ...(ഇത്തിരി ചൂടായിത്തന്നെ ഞാന്‍ പറഞ്ഞു)

ആ സാധു ദയനീയമായി എന്നെയൊന്ന് നോക്കി.അങ്ങനെയല്ലെടാ നിനക്കറിയില്ല എന്‍റെ പ്രശ്നങ്ങള്‍.

വളരെ ചുരുക്കിപ്പറയട്ടെ മൂപ്പരുടെ കഥ.മൂന്ന് പെണ്മക്കള്‍.മൂത്തവള്‍ക്ക് മൊഞ്ച് ഇത്തിരി കുറവാണ്.കൂടെ തടിച്ച ശരീരപ്രകൃതിയും.കല്യാണപ്രായം കഴിഞ്ഞിരിക്കുന്നു.വരുന്നവര്‍ താങ്ങാന്‍ കഴിയാത്ത സ്ത്രീധനവുമാണ് ചോദിക്കുന്നത്.ഇക്കാരണങ്ങളെക്കൊണ്ട് തന്നെ നിക്കാഹ് വൈകി.താഴെയുള്ളവര്‍ക്കും കെട്ട് പ്രായം ആയിരിക്കുന്നു.അങ്ങനെ നിവൃത്തിയില്ലാതെ മൂത്തവളെ നിര്‍ത്തി തൊട്ട് താഴെയുള്ള കാണാന്‍ വലിയ കുഴപ്പമില്ലാത്ത കുട്ടിയെ കെട്ടിച്ചയച്ചു.അതും അയാളെക്കൊണ്ട് കഴിയാത്ത സ്ത്രീധനവും കൊടുത്ത്.

ഗതികേട് നോക്കണേ കെട്ടിയവനോ ഒരു മുഴുക്കുടിയനും.കുടിക്കാന്‍ കാശില്ലാതാകുമ്പോള്‍ ആ കുട്ടിയെ അവന്‍ വീട്ടില്‍ കൊണ്ട് വന്നാക്കും.എന്നിട്ട് ബാപ്പാക്ക് വിളിപ്പിക്കും.'ഉപ്പാ കാശ് വേണം.ഇല്ലെങ്കി ഇയാള് ന്നെ മൊഴി ചൊല്ലും ഉപ്പാ'.അമര്‍ത്തിപ്പിടിച്ച വിതുമ്പല്‍ ബാപ്പാടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും കൈവിടും.കുഞ്ഞുമോളുടെ തേങ്ങിക്കരച്ചില്‍ കേട്ട് ചങ്ക് തകര്‍ന്ന് ആ സാധു ഓടി നടന്ന് കാശ് ഒപ്പിച്ചയക്കും.കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തുടങ്ങിയതാണത്രെ മരുമകന്‍റെ ഈ ഗുണ്ടാ പിരിവ്.അതിനിടെ ആഭരണങ്ങള്‍ വാങ്ങിയിടത്ത് പറഞ്ഞ അവധി തീര്‍ന്നു.മോളെ കെട്ടിച്ച് കൊടുത്ത വീട്ടില്‍ പോയി ആഭരണങ്ങള്‍ ഊരിയെടുക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു ജ്വല്ലറിക്കാര്‍.

ഇളയ മോള്‍ നന്നായി പഠിക്കും.അവളെ ബി.ടെക്കിന് വിടണം.മൂത്ത മകളുടെ വലിയ ആഗ്രഹമാണ് ഒരു ലാപ്പ് ടോപ്പ്.കൂടെ ഒരു നെറ്റ് കണക്ഷനും.നാട്ടില്‍ പോകുന്നതിന് മുമ്പ് ലാപ്പ്ടോപ്പ് എങ്ങനെയെങ്കിലും വാങ്ങിക്കണം.അതില്ലാതെ അങ്ങോട്ട് ചെന്നാല്‍ മനസ്സമാധാനം തരില്ല.ഇത് മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമെയുള്ള കുക്ക് ഇക്കാന്‍റെ ആഗ്രഹങ്ങള്‍.

ഇനി മൂപ്പരുടെ വരുമാനം എത്രയാന്ന് അറിയണ്ടേ..1500 റിയാല്‍(19000 RS.)രണ്ട് ഫ്ലാറ്റിലെ കുക്കിങിന് കിട്ടുന്ന ശമ്പളം.റൂമും ചിലവും കഴിഞ്ഞാല്‍ ബാക്കി 12000 ക.അതില്‍ ഒരു ഫ്ലാറ്റുകാര്‍ അദ്ധേഹത്തിന്‍റെ സര്‍‌വ്വീസ് ടെര്‍മിനേറ്റ് ചെയ്തു.ഇപ്പോഴത്തെ ശമ്പളം അങ്ങനെ 750 ഖത്തര്‍ റിയാല്‍ ആയി ചുരുങ്ങി.വിസയില്ല.ഏത് സമയവും പോലീസ് പൊക്കാം.അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം മൂപ്പര്‍ അപ്രത്യക്ഷനായത്.എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.മൊബൈല്‍ സ്വിച്ഡ് ഓഫ്.കഴിഞ്ഞ ആഴ്ച മുതല്‍ ചിലര്‍ തിരഞ്ഞ് വരാനും തുടങ്ങി.വന്‍ സംഖ്യയുടെ സ്വന്തം കടങ്ങള്‍ക്ക് പുറമെ ഫ്ലാറ്റിലെ ചിലര്‍ക്കെന്ന് പറഞ്ഞും പലരില്‍ നിന്നും കാശ് വാങ്ങിയിരിക്കുന്നു.അങ്ങനെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'കുക്ക് ഇക്ക' മുങ്ങി.

*കള്ളന്‍.
*ഇയാള് ഇത്തരക്കാരനെന്ന് കരുതിയില്ല.
*എനിക്ക് പണ്ടേ അറിയാരുന്നു കള്ളനാണെന്ന്.ഞാനിത്തിരി ഡിസ്റ്റന്‍സ് ഇട്ടാണു നിന്നത്.അതിനാല്‍ കാശ് പോയില്ല.
*എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇമ്മാതിരി ചതിക്കാന്‍ പാടുണ്ടോ.
*എന്നാലും പോകുന്നതിന് മുമ്പ് അയാക്കൊന്ന് പറയാരുന്നു.
*ഇയാളിനി ജയിലിലാകാനും സാധ്യതയുണ്ട്.

കുക്ക് ഇക്കാനെ ചുറ്റിപ്പറ്റി ഫ്ലാറ്റിലെ ചര്‍ച്ചകള്‍ ദാ ഇങ്ങനെ പോകുന്നു.

ആരെയാ കുറ്റം പറയേണ്ടത് ?
എവിടെയാ 'കുക്ക് ഇക്കമാര്‍ക്ക്' പിഴക്കുന്നത് ?

Friday, May 7, 2010

നന്ദിഗ്രാം മണക്കുന്നു.നിങ്ങള്‍ക്കോ ?

വികസനമാണത്രെ വികസനം.(എന്‍റെ ഇടമായത് കൊണ്ട് ഇവിടെ തുപ്പുന്നില്ല)ആരുടെ കീശേം പള്ളേം വികസിപ്പിക്കാനാണാവോ?ജനങ്ങള്‍ക്ക് വേണ്ടാത്ത ജനഹിതം മാനിക്കാതെ ഇല്ലാത്ത വ്യവസായമേഖലയിലേക്ക് ഇത്ര 'ധിടുക്കത്തില്‍' നാലുവരിപ്പാത വെട്ടാന്‍ എളമരം ചേട്ടന്‍ ഇറങ്ങിത്തിരിച്ചതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കും.മാലോകര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.സംഗതി ഉള്ളതാണേലും ഇല്ലാത്തതാണേലും തെളിച്ച് ഇവിടെ എഴുതാന്‍ നിക്കിത്തിരി പേടിണ്ടേ.സര്‍ സി.പീടെ കാലമാണത്രെ.

മന്ത്രി കൊണ്ട് വരുന്ന വികസനം എന്ത് കോപ്പാന്ന് കിനാലൂര്‍കാര്‍ക്ക് അറിയില്ല.നാട്ടുകാര്‍ ചേര്‍ന്ന് സൂപീകരിച്ച ജാഗ്രതാ സമിതിക്ക് അറിയില്ല.എന്തിനേറെ സ്ഥലം എം.പി പോലും കൈ മലര്‍ത്തി പറയുന്നു മാഫീ മാലൂം.ചോദിച്ചോട്ടെ.ഏത് ഉമ്മാന്‍റെ മോന്‍റെ വീട്ടീ കുത്തിരുന്ന് പടച്ചുണ്ടാക്യേതാണപ്പാ ഇത്.

മലേഷ്യന്‍ കമ്പനി ഉപഗ്രഹനഗരം ആന മയിലൊട്ടകം എന്നൊക്കെ പെറുമ്പറ മുഴക്കി തുടങ്ങിയ പദ്ധതി ഇപ്പോ ചെരിപ്പ് വ്യവസായത്തില്‍ എത്തി നില്‍ക്കുന്നുവെന്നാ കേള്‍ക്കണേ.ഈ ചെരിപ്പ് കമ്പനിയിലേക്കാണത്രെ നാലുവരിപ്പാത വെട്ടാനായി പോലീസും സഖാക്കളും സംഘടിച്ചെത്തിയത്.കേവലം ഒരു ചെരിപ്പ് കമ്പനിയിലേക്ക് നാലു വരിപ്പാത!ഹോ പാവങ്ങളുടെ പാര്‍ട്ടിക്ക് വികസനത്തോടുള്ള ഒരു ശുഷ്കാന്തി നോക്കണേ.നന്ദി ഗ്രാം മണക്കുന്നില്ലേ പ്രിയരേ...

മക്കളേ കുട്ടിസഖാക്കളേ ഇത് പശ്ചിമബംഗാളല്ല നന്ദിഗ്രാമല്ല സിംഗൂരുമല്ല.ഇളമരത്തുള്ള കരീം മുതലാളിക്ക് തോന്നുമ്പോ വെട്ടിയെടുത്ത് കൊണ്ട് പോകാന്‍ കിനാലൂര്‍ അങ്ങോര്‍ക്ക് സ്ത്രീധനം കിട്ടിയതുമല്ല.നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അടങ്ങുന്നവരെ ചട്ടിത്തൊപ്പിക്കാരായ ക്രിമിനലുകളെ വിട്ട് നിര്‍ദ്ദാക്ഷിണ്യം ഭീകരമായി തല്ലിയൊതുക്കി ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കി അങ്ങു ഞെളിഞ്ഞ് നടക്കാമെന്ന് കരുതിയോ പ്രമാണിമാരേ കുത്തക മുതലാളിമാരേ.ചെങ്ങറ, ബീമാപള്ളി, വര്‍ക്കലയിലെ ദളിത് വേട്ടയും സുജയുടെ ഗര്‍ഭം അടിച്ച് കലക്കലും, ഇപ്പോഴിതാ കിനാലൂരും.

ഹല്ല.അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.എങ്ങോട്ടായിത്.വന്ന വഴികളെല്ലാം മറന്ന് കൊടി വെച്ച കാറിനുള്ളിലേക്ക് സഖാക്കന്മാരെ പിടിച്ചിരുത്തിയ പാവം ജനങ്ങളേയും വിസ്മരിച്ച് എങ്ങോട്ടാ കുതി കുത്തിയുള്ള ഈ പാച്ചില്‍ ?

LinkWithin

Related Posts with Thumbnails