Sunday, September 18, 2011

മോഡീജി കീ ജയ്മാറില്‍ പറ്റിച്ചേര്‍ന്നു മയങ്ങിയിരുന്ന
കുഞ്ഞു മകളുടെ
കത്തിക്കരിഞ്ഞ കോലം
ഉറക്കം കളയാതെയല്ല.

പിച്ചിച്ചീന്തിയെറിയുമ്പോള്‍
പ്രിയ മാനസിയുടെ
തൊണ്ടയില്‍ കുരുങ്ങിയ നിലവിളി
കര്‍ണ്ണപുടങ്ങളില്‍ വന്നലക്കാതെയല്ല.

അവളുടെ ജനനേന്ദ്രിയം തുളച്ചിറങ്ങിയ
കത്തിയിലൂടെ ഊര്‍ന്നിറങ്ങിയ
ചോരച്ചാലുകള്‍
ഓര്‍മ്മകളിലൂടെ ഒഴുകുന്നുണ്ടിന്നും.

വിറക്കുന്ന കൈകാലുകള്‍,
കണ്ണുകളിലെ ദയനീയത
ഇന്നും കരളു തകര്‍ക്കുന്നുണ്ട്
നെഞ്ചുരുക്കുന്നുണ്ട്.

പെറ്റുമ്മയുടെ
പിളര്‍ന്ന വയറ്റിലൂടെ
ചാടിയ കുടല്‍മാല,
പിഞ്ചു മകന്‍റെ
പിടക്കുന്ന ഹൃദയം,
പാതി കരിഞ്ഞ മുഖം..


മരിച്ചാലും മറക്കാത്ത
ഓര്‍മ്മകള്‍!
ഓര്‍മ്മയിലുണ്ട് എല്ലാമെല്ലാം.

എങ്കിലും ശേഷിയില്ലെനിക്ക്
ഉള്ളു തുറന്നൊന്ന് കരയാന്‍ പോലും.
ബാക്കിയായ ശ്വാസമെങ്കിലും
നിലനിര്‍ത്തണം.

വാഴ്ത്തട്ടെ ഞാനും
ഭാവി പ്രധാനമന്ത്രിയെ.
വരവേല്‍ക്കട്ടെ
ജനനായകനെ.
മോഡീ ജീകീ ജെയ്
മോഡീ ജീകീ ജെയ്..

എന്നിരുന്നാലും പ്രിയ നായകാ
ഒരേയൊരു ചോദ്യം.
ഓര്‍മ്മയുണ്ടോ ആ ദിനം,
കറുത്തിരുണ്ട ഫെബ്രുവരി?

മിയാന്‍ ഖുത്ത്ബുദ്ധീന്‍,
നരോദ, ഗുജറാത്ത്.

Friday, September 2, 2011

മരണം ഒഴുകിയ വഴി


വിക്ടറിന്‍റെ അവസാന ക്ലിക്ക്

ഒഴുകി വരുന്നുണ്ടെന്തോ
മലയോ മരമോ!
എന്താകിലുമവര്‍ണ്ണനീയം
നിന്‍ സൗന്ദര്യം.

മതി മറന്നലറി വരുന്നുണ്ട്
മാറില്‍ വന്നലക്കാന്‍.
ഇനിയത് മരണമാകിലും
മനസ്സില്‍ മയിലാടുന്നത്
നിന്‍ നിറ സൗന്ദര്യം മഴമകളേ..

മണ്ണും മരവും കൊണ്ടെന്നെ നീ
മൂടിയാലും
ഈ മഴക്കാട്ടിലെന്‍ സ്വപ്നങ്ങളെ
മറമാടിയാലും
മറക്കില്ല
മഞ്ഞണിഞ്ഞ നിന്‍ മുഖം.

മുടിയില്‍ ഈറനണിഞ്ഞ്
മാമല നാട്ടില്‍ നീ വിരുന്നെത്തുമ്പോള്‍
വന്നണയും ഞാന്‍
മരണം ഒഴുകിയീ വഴിത്താരയില്‍.

കാലം ഏതേത്
ദിക്കിലൊളിപ്പിച്ചാലും
ആവില്ല മറഞ്ഞിരിക്കാന്‍
നിന്നെ പിരിഞ്ഞിരിക്കാന്‍.

(പോട്ടം, കട: ഗൂഗിളിന്)

Wednesday, May 25, 2011

ഇതെന്‍റെ പട്ടി വിശ്വസിക്കുംറ..റ..റാങ്കോ! മലപ്പുറത്തോ!

റാ..റാ.. റാങ്കെന്ന് വിക്കല് കൂടാതെ ഒന്ന് മൊഴിയാന്‍ പോലും കഴിയണില്ല എനിക്കിപ്പോള്‍.മലപ്പുറത്തെ ഒരു ഇര്‍.. ഇര്‍.. ഇര്‍ഫാനാണു റാ..റാ റാങ്കെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാ.ഒരസ്കിത.ഒരു ശ്വാസം മുട്ടല്‍.ഒരു വിമ്മിഷ്ടം.ഈ സൂക്കേടിന് എന്തെങ്കിലും പേരുണ്ടോ ആവോ.ഈ മല.. മല..(ശ്ശോ കണ്ടില്ലേ) മലപ്പുറംന്ന് കേള്‍ക്കുമ്പോള്‍ തന്നെ യെന്തോ ഒരു :(

സത്യത്തില്‍ ഇന്നത്തെ പത്ര വാര്‍ത്ത കണ്ടപ്പോഴാണ് സമനില തെറ്റിയത്.അങ്ങ്ട് സഹിക്കണില്ല.അല്ലെങ്കി ഇങ്ങനുണ്ടോ ഒരു റ..റ..റാങ്ക്! മലപ്പുറത്തുകാര് ഒന്നാം റാങ്കില്‍ ജയിക്കുക, അതും ലോട്ടറ് ഭാഗം പഠിക്കാനുള്ള പരൂഷക്ക്.എന്‍റെ പട്ടി വിശ്വസിക്കും.ഇത് കോപിയടി തന്നെ.നോ ഡൗട്ട്.

ചുമ്മാ പറയുന്നതല്ലെടെയ്.നോക്ക്.ആരാണ് റാങ്ക് പ്രഖ്യാപിച്ചത്?നല്ല ഒന്നാന്തരം മല..മല..മ്മല്‍പ്പൊര്‍ത്തുകാരനൊരു കാക്ക.പാണ്ടിക്കടവത്ത് അദ്ദു റബ്ബ്.അതും അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍.'അന്‍റെ ഒടുക്കത്തെ പച്ചക്കൊടിയും അതിലെ തീവ്രാദ, ഭീകരാദ സിംബലായ ചന്ദ്രക്കലയും പാക്കിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്നെടാ ലീഗുകാരാ' യെന്ന് കര്‍ണാടക ജയിലില്‍ കിടക്കുന്ന മൂത്ത തീവ്രാദി മദനി സായ്‌വ് പോലും കുറ്റപ്പെടുത്തിയ പാര്‍ട്ടിയുടെ നേതാവ്.എന്തിനേറെ പറയുന്നു നിങ്ങളും കണ്ടതല്ലെ മലപ്പൊറത്തെ ഇലക്ഷന്‍ വിജയാഘോഷം.പച്ച ലഡു, പച്ച ബിരിയാണി, പച്ച വെള്ളം.ആകെക്കൂടിയൊരു പാക്കിസ്ഥാന്‍ മയം.എനിക്കാണെങ്കി ഈ പച്ച എന്ന് കേള്‍ക്കുന്നത് പണ്ടേ അലര്‍ജിയാ.ഈ തോന്നലുകളൊക്കെ ഇനി അതിന്‍റേയാണോ എന്തോ..!

ഒരു ടീം 20 വര്‍ഷം കൊണ്ട് നാട്ടിലെ അമുസ്ലിം പെണ്ണുങ്ങള്‍ക്കൊക്കെ പള്ളേലാക്കി കാക്കാ കുട്ടികളെ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഉത്പാദിപ്പിച്ച് കേരളത്തെ ഒരു കാക്കാ കൂട്ടമാക്കാന്‍ കൈ മെയ് മറന്ന് പണിയെടുക്കുന്നു.മറ്റൊരു ടീം ദാ ഇങ്ങനേം.എല്ലാം കാണാന്‍ കേരളീയരുടെ ജന്മം ഇനിയും ബാക്കി.

ഇതിലെന്തൊക്കെയോ കാക്കക്കളിയുണ്ടെന്ന് പണ്ടേ പറഞ്ഞതാ മ്മ്ടെ മാമന്‍.അന്നെല്ലാ ക്ണാപ്പന്മാരും കൂടി ആ കാര്‍ന്നോരുടെ മെക്കിട്ട് കയറി.എല്ലാരും അനുഭവി.മുസ്ലിം മതമൗലിക പാര്‍ട്ടി വിദ്യാഭ്യാസം വിട്ടു കൊടുക്കാതെ അടയിരിക്കുന്നതിനു പിന്നില്‍ ഇത്തരത്തില്‍ എന്തൊക്കെയോ നിഗൂഢ ലക്‌ഷ്യങ്ങളുണ്ടെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.നോക്കൂ ആ മന്ത്രീടെ പേരില്‍ തന്നെയില്ലേ എന്തോ ഒരു വശപ്പിശക്.'റബ്ബ് റബ്ബ്'! ഒന്നും യാദൃഛികമല്ലെന്ന് കരുതാന്‍ തന്നെയാണ് ന്യായം.

ചോദിക്കാനും പറയാനും ആകെക്കൂടി ഉണ്ടായിരുന്നത് ഒരു മാമനായിരുന്നു.മൂപ്പര്‍ക്കാണേല്‍ ഇപ്പോ വയസ്സായി.കുട്ടിക്കാലത്ത് ഐസ്റൂട്ട് നുണയാന്‍ പറ്റാത്തതിലുള്ള വിഷമമോ എന്തോ വായ തുറന്നാലിപ്പോ ഐസ്റൂട്ട്,ഐസ്ക്രീം എന്ന് മാത്രമേ കേള്‍ക്കാനൊള്ളൂ.

അതിനാല്‍ റ..റ..(പണ്ടാരടങ്ങാനിത് എന്നേം കൊണ്ടേ പോകൂന്നാ തോന്നുന്നത്) റാങ്കിന് പിന്നിലെ മലപ്പുറം കളികളെക്കുറിച്ച് സി.ബി.ഐ യെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുക ഇനിയുമിത് ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രി സഭയിലെ മലപ്പൊറം തരംഗം എന്നെന്നേക്കുമായി അവസാനിപ്പിക്കുക (കണ്ടിട്ട് സഹിക്കണില്ലാന്നേ) അതുമല്ലെങ്കില്‍ ഈ റാങ്കിങ് സമ്പ്രദായം തന്നെ അങ്ങു എടുത്ത് കളയുക എന്ന് ഞാന്‍ ജിപ്പൂസ് കേരള മുഖ്യമന്ത്രി ശ്രീ ഊമ്മന്‍ ചാണ്ടിയോട് ഇതിനാല്‍ രേഖാമൂലം ആവശ്യപ്പെടുന്നു.


രഹസ്യം:മ്മ്ടെ ബ്ലോഗര്‍ മലപ്പുറത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്നിനും കാലിക്കറ്റ് യൂനിവേര്‍സിറ്റിയില്‍ നിന്ന് രണ്ടു റാങ്കുകള്‍ കിട്ടിയതായി കേള്‍ക്കുന്നുണ്ട്.ഇനി അതും !

Sunday, April 17, 2011

നീതിയുടെ വിജയം

രാജ്യദ്രോഹം സംബന്ധിച്ച ഛത്തീസ്ഗഡ് സര്‍ക്കാരിന്‍റെ എല്ലാം വാദങ്ങളും ചവറ്റുകുട്ടയിലേക്കെറിഞ്ഞ് ബിനായക് സെന്നിനു ഉപാധികളില്ലാതെ സുപ്രീം കോടതി ജാമ്യം.പ്രഥമദൃഷ്ട്യാ തെളിവുകളില്ല.മാവോയിസ്റ്റുകളോടുള്ള അനുഭാവം രാജ്യദ്രോഹ കുറ്റവുമല്ല.ബിനായകില്‍ നിന്ന് 'പിടിച്ചെടുത്ത' (ഹാ.ലതന്നെ അത്യന്തം സ്ഫോടകശേഷിയുള്ള) ലഘുലേഖകള്‍ പൊതുസമൂഹത്തില്‍ ലഭ്യമായതാണ്.ഇത് വെച്ച് കേസെടുക്കാനാവില്ല.ഒരാളുടെ വീട്ടില്‍ നിന്ന് ഗാന്ധിയുടെ ആത്മകഥ കണ്ടെടുത്താല്‍ അയാള്‍ ഗാന്ധിയനാണെന്നാണോ അര്‍ഥം?നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണെന്നത് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം.ഇനി നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ശരിയാണെങ്കില്‍ പോലും ഏതടിസ്ഥാനത്തിലാണ് അദ്ധേഹത്തിന് ജീവപര്യന്തം നല്‍കാനാവുക? (സുപ്രീം കോടതി)

ഇത് നീതിയുടെ വിജയം.ഭരണകൂട ഭീകരതക്ക് മുമ്പില്‍ മുട്ട് മടക്കാതെ പോരാട്ടവീഥിയില്‍ ഉറച്ച് നില്‍ക്കാനും മുന്നേറാനും ബിനായകിനും ഭരണകൂടത്തിന്‍റെ ചാട്ടവാറടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അരുന്ധതിയെപ്പോലുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും ഈ വിജയം ഊര്‍ജ്ജവും പ്രചോദനവും നല്‍കട്ടെ എന്നാശംസിക്കുന്നു.

കോടതി വിധി തെല്ലൊന്നുമല്ല ആഹ്ലാദം നല്‍കുന്നത്.കൂരാ കൂരിരുട്ടിലെ മിന്നാമിനുങ്ങിന്‍ നുറുങ്ങ് വെട്ടം എന്നൊക്കെ പറയും പോലുള്ള ഒരു ഫീല്‍.ഭരണകൂടഭീകരരുടെ കറുത്തകരങ്ങളാല്‍ ജീവിതവും മോഹങ്ങളും ചവിട്ടിയരക്കപ്പെട്ട് കിരാത നിയമങ്ങളാല്‍ ചുറ്റിവരിഞ്ഞ് മരണം മണക്കുന്ന ഇരുട്ടറകളില്‍ അന്ത്യനിമിഷങ്ങളെണ്ണി കഴിയുന്ന നിരപരാധരായ മനുഷ്യമക്കള്‍ക്ക് പ്രതീക്ഷയുടെ വെള്ളി വെളിച്ചം നല്‍കുന്നുണ്ട് സുപ്രീം കോടതി വിധി.

ഭരണകൂടത്തിന്‍റെ കുടില മസ്തിഷ്കങ്ങള്‍ക്ക് നേര്‍ക്കുള്ള കൂര്‍ത്ത ഒരമ്പ് എന്നതോടൊപ്പം നീതി ബോധമുള്ളവരുടെ കുലമിനിയും അറ്റു പോയിട്ടില്ലെന്ന സന്ദേശവും നല്‍കുന്നു കോടതി വിധി.പരമോന്നത നീതിപീഠത്തിന് അഭിവാദ്യങ്ങള്‍.ബിനായകിന്‍റെ മോചനത്തിനായി അഹോരാത്രം പ്രയത്നിച്ച രാജ്യമെങ്ങുമുള്ള മനുഷ്യാവകാശപ്രവര്ത്തകര്‍ക്ക് ആഹ്ലാദിക്കാം, അഭിമാനിക്കാം.

മൊയ്‌ലി മൊഴികള്‍

സ്വാതന്ത്ര്യസമരക്കാലത്ത് സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരേയും ഈ നിയമമാണ് ഉപയോഗിച്ചത്.ഇപ്പോഴത് നാം സ്വന്തം ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു.രാജ്യത്തിനെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ മാത്രമാണ് ഈ നിയമം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന 1962-ലെ കേദാര്‍നാദ് സിങ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണ്.ഈ നിയമത്തെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.ജനാധിപത്യത്തിന്‍റേയും ഭരണഘടനയുടേയും അന്തസത്തക്ക് നിരക്കാത്ത നിയമമാണത്.(നിയമമന്ത്രി വീരപ്പമൊയ്‌ലി)

സന്തോഷം.എമണ്ടന്‍ അഭിപ്രായ പ്രകടനം തന്നെ.എന്നാല്‍ ബുദ്ധിയുദിക്കാനും തിരുവാ തുറന്ന് ഇതൊന്ന് മൊഴിയാനും ഇദ്ധേഹത്തിന് സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് വിഷമകരം.'സ്വന്തം പ്രജ'കാട്ടുനീതിയുടെ ഇരയായി ഇരുമ്പഴിക്കുള്ളില്‍ കിടന്ന് നരകിക്കുമ്പോള്‍ തിരുവായില്‍ നിന്നും ഈ മൊഴി മുത്തുകള്‍ പൊഴിയാതിരുന്നതെന്ത് കൊണ്ട്? 'കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് മഹാപാതകം' എന്നൊക്കെയുള്ള പഠിച്ച് വെച്ച ന്യായീകരണങ്ങളുണ്ടാവാം.ഇതൊന്നും സ്വന്തം കുടുംബത്തെ ബാധിക്കുന്ന പ്രശ്നവുമല്ലല്ലോ.കൂടാതെ ഉള്ളിലായവന്‍ നമ്മുടെ അടിത്തറ കൂടി ഇളക്കാന്‍ പോന്നവനും.കിടക്കട്ടെയെന്ന് കരുതിക്കാണും.ഇനി സ്വന്തത്തെ ബാധിക്കുന്നതാണെങ്കിലോ, കോടതിയുമില്ലൊരു കോപ്പുമില്ല.പബ്ലിക്കിലിട്ട് അലക്കും നമ്മള്‍.

ഇരിക്കട്ടെ.രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നൂറുകണക്കിന് വരുന്ന 'സ്വന്തം ജനങ്ങള്‍' ഇപ്പറഞ്ഞ കോലത്തിലുള്ള കരിനിയമങ്ങളുടെ മറവില്‍ പീഢനങ്ങള്‍ക്കിരയായി വിവിധജയിലുകളില്‍ നരകയാതന അനുഭവിക്കുന്നുണ്ടെന്നത്, പൗരന്‍റെ അവസാന അഭയസ്ഥാനവും ഭരണകൂടത്തിന് ഓശാന പാടുന്നത് കാണ്‍കെ നൊന്ത് പെറ്റ മക്കളുടെ ദുരവസ്ഥയോര്ത്ത് ആരാലും അറിയപ്പെടാതെ രാജ്യമൊട്ടുക്കും അനസൂയമാര്‍ നീറിനീറി ഒടുങ്ങിക്കൊണ്ടിരിക്കുന്നത് ബഹുമാനപ്പെട്ട മന്ത്രിക്ക് ഇനിയും അറിയുമോ ആവോ?ബോധോദയം വന്ന സ്ഥിതിക്ക് ഒരു കണക്കെടുപ്പ് നടത്തി ഇത്തരം കരിനിയമങ്ങള്‍ പിന്‍‌വലിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യരുതോ ബഹു: മന്ത്രീ..ഡയലോഗുകള്‍ ആത്മാര്‍ഥതയോടെ ആണെങ്കില്‍, അത് തന്നെയാണ് താങ്കളുടെ സ്വന്തം പ്രജകള്‍ ആഗ്രഹിക്കുന്നതും.

കുമ്പസാരം: ഇറോം പത്ത് വര്‍ഷമായി നിരാഹാര സമരത്തിലാണ്.സ്വന്തം ജനതയുടെ ജീവനും മാനത്തിനും വേണ്ടി.വെറും നാലു ദിവസത്തെ പട്ടിണി കൊണ്ട് അന്നാ ഹസാരേ നേടിയ വാര്‍ത്താ പ്രാധാന്യം പത്ത് വര്‍ഷം നിരാഹാരം കിടന്നിട്ടും എന്ത് കൊണ്ട് ഇറോമിനില്ലാതെ പോയി?ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുക. വിഡ്ഢികളാക്കപ്പെടാതിരിക്കാനെങ്കിലും!


ഇറോം,

അഭിനവ ഗാന്ധിക്ക്
സ്തുതി പാടുന്നതിനിടയില്‍
ഒരു നിമിഷ മാത്രക്കെങ്കിലും
മറന്നുവോ നിന്നെ ഞങ്ങള്‍!

ഇല്ല പ്രിയപ്പെട്ടവളേ..
നിന്നോളം ഉയരത്തിലല്ല
ഒരു ഗാന്ധിയും.
പൊറുക്കൂ നീ
കഥയറിയാതെ ആട്ടമാടിയ
പാമരരാമീ ജനതയോട്.

Saturday, March 5, 2011

മരം പെയ്യുന്ന നാട്ടില്‍

കൂടെ നനഞ്ഞൊട്ടി നില്‍ക്കുന്നത് റിയു

കൊടും ചൂടും, മരവും മനവും മരവിപ്പിക്കുന്ന തണുപ്പും വിട്ട് നാട്ടിലെത്തിയിരിക്കുന്നു.മഴ പെയ്യുന്ന പിന്നെ മരം പെയ്യുന്ന എന്‍റെ നാട്.മഴപ്പെയ്ത്തിനൊടുവില്‍ മുറ്റത്തെ മുല്ല പൂത്ത മണവുമായെത്തുന്ന മന്ദമാരുതനുള്ള നാട്.പാതിരാക്ക് പൂക്കുന്ന പാലയും ഒറ്റയാന്മാരായ കരിമ്പനകളും അവക്ക് മുകളില്‍ പാര്‍ക്കുന്ന ചോരയൂറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകളും ചെറുപ്പക്കാരെ ചൂണ്ടാനായി നീണ്ട അഴിച്ചിട്ട മുടിയും നിലത്തിഴയുന്ന തൂവെള്ള സാരിയും ധരിച്ച് എത്തുന്ന സുന്ദരികളായ യക്ഷികളുമുള്ള നാട്.

വന്ന പിറ്റേന്ന് ബുള്ളറ്റെന്ന നുമ്മടെ ശകടവുമെടുത്ത് കൊടുങ്ങല്ലൂര്‍ വരെയൊന്ന് പോയതാ.പോയ പണിയും കഴിഞ്ഞ് തിരികെ വരാനിരിക്കുമ്പോഴാണ് അവളുടെ വരവ്.കുളിരു കോരി, മനം കുളിര്‍പ്പിച്ച് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനെ വെല്ലുന്ന ഒന്നാന്തരം ഇടിമിന്നലിന്‍റെ അകമ്പടിയോടെ എന്‍റെ കൂട്ടുകാരി.ഹാന്നേ ലവള്‍ തന്നെ.തുള്ളിക്കൊരു കുടം കണക്കെ എന്‍റെ വരവിനെ സ്വാഗതം ചെയ്തെന്നോണം ആര്‍ത്തലച്ച്...

മഴയുടെ യാതൊരു ലാഞ്ജനയുമില്ലാതിരുന്നിട്ടും ഈ അസമയത്ത് അവള്‍ വന്നത്..അതെ എനിക്കുറപ്പാണ് അവളെനിക്ക് വേണ്ടിത്തന്നെ വന്നതാ.ഒന്ന് സാന്ദ്വനിപ്പിക്കാന്‍, മരുക്കാട്ടിലിരുന്ന് തീപിടിച്ച ചിന്തകള്‍ക്കും മനസ്സിനും കുളിരേകാന്‍, കണ്ണീരൊഴുകി കട്ടപിടിച്ച കവിളിലെ പാടുകള്‍ നനുത്ത കൈകള്‍ കൊണ്ട് മായ്ച്ച് കളയാന്‍ എന്‍റെ പ്രിയ കൂട്ടുകാരി.

അനുജന്‍ റിയുവുമായി ശകടത്തില്‍ കയറി സ്റ്റാര്‍ട്ടാക്കി പയ്യെ വീട്ടിലേക്ക് തിരിച്ചു.കൊടുങ്ങലൂര്‍ മുതല്‍ വാടാനപ്പള്ളി റഹ്മത്ത് നഗര്‍ വരെ എന്‍റെ പ്രാര്‍ഥന പോലെത്തന്നെ മഴ നിലച്ചില്ലെന്നു മാത്രമല്ല അടിച്ചു തിമിര്‍ത്തങ്ങ്‌ട് പെയ്തു.ഹാഹ്!! ജീവിതത്തിലെ ആദ്യാനുഭവം.രണ്ട് മണിക്കൂറിലധികം!ഇത്രമേള്‍ മഴ നനഞ്ഞിട്ടില്ല ഞാനിത് വരെ.മഴ നല്‍കുന്ന, മനിതരുടെ മനമറിയുന്ന, അഴലകറ്റുന്ന ദൈവത്തിന് ഒരായിരം സ്തുതി.

ഉമ്മയുടെ വീട്ടിലാണ് രണ്ടു ദിവസമായിട്ട്.അവിടെ മുറ്റത്തെ മാവിലൊരു കുഞ്ഞു കിളിക്കൂടും അതില്‍ മൂന്നാല് കുഞ്ഞു മക്കളുമുണ്ട്.ഉറക്കം വിട്ടവര്‍ എഴുന്നേറ്റാല്‍, ന്‍റെ പടച്ചോനേ വല്ലാത്തൊരു ബഹളം തന്നെയാണേ.കലപില കൂട്ടി കൂക്കി വിളിച്ച് മുറ്റം അവര്‍ നാലു മുറ്റമാക്കും.അതിരാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും കഴിഞ്ഞ് വികൃതികള്‍ ഉറക്കമുണരുന്നതും കാത്ത് ഉമ്മറപ്പടിയില്‍ കുത്തിയിരിക്കലാണിപ്പോള്‍ പ്രധാന ജോലി.നാടുണരുന്നതിനും മുമ്പേ അവരുണര്‍ന്ന് കലപില തുടങ്ങും.

ഒന്ന് രണ്ട് ദിവസം ഒരു കള്ളിക്കുയിലമ്മയും വന്ന് സാന്നിധ്യമറിയിച്ചിരുന്നു.അവളെന്നെ മറന്നിട്ടില്ല എന്തായാലും.സന്തോഷായെടി പെണ്ണേ പെരുത്ത് സന്തോഷായി.കൂടെ പാടാത്തത് കൊണ്ടോ എന്തോ അവളെ പിന്നാ വഴിക്ക് കണ്ടില്ല.എന്‍റെ കള്ളിപ്പെണ്ണേ പഴയ പോലെയല്ല കാര്യങ്ങള്‍.ഇച്ചിരി വലുതായിരിക്കുന്നു നമ്മള്‍.കല്യാണപ്രായമായീന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ ഞാന്‍ പെട്ട പാട് വല്ലതുമുണ്ടോ ഇവളറിയുന്നു.ഇനി നിന്‍റെ കൂടെ നിന്ന് കൂവുന്നത് കേട്ടിട്ട് വേണം 'ചെക്കനിപ്പൊഴും ഒരു പക്വതയായിട്ടില്ലെന്നും' പറഞ്ഞ് വീട്ടുകാരെന്‍റെ കല്യാണമോഹങ്ങള്‍ക്ക് തിരശ്ശീലയിടാന്‍.നുമ്മടെ അവസ്ഥ മനസ്സിലാക്കൂ മകളേ പാതിമലരേ.തിരികെ വരൂ..

സത്യം പറയാലോ പ്രിയരേ.'നൊസ്റ്റ്' ഇങ്ങനെ തികട്ടി വന്ന് ചങ്കില്‍ വന്ന് കുത്തീട്ട് നിക്കാനും വയ്യ ഇരിക്കാനും വയ്യെന്ന അവസ്ഥ.അവളുടെ കൂടെക്കൂടി 'കൂഹു കൂഹു' എന്നുച്ചത്തില്‍ കൂവണമെന്നുമുണ്ടായിരുന്നു.ബട്ട്, മുകളില്‍ പറഞ്ഞ സംഗതി തന്നെ.കോപ്പ്‌ന്നേ സത്യായിട്ടും പ്യാടിച്ചിട്ടാ.അല്ലെങ്കിത്തന്നെ ഒന്നു കൂവീന്ന് വെച്ചിപ്പോ ന്തൂട്ട് കോപ്പിലെ പക്വതയാ ഇവിടെ കൊഴിഞ്ഞ് വീഴാന്‍ പോകുന്നേ? ഇന്‍ശാ അള്ളാഹ് പെണ്ണ് കിട്ടട്ടെ.കാണിച്ച് കൊടുക്കുന്നുണ്ട്.ഇവന്മാരുടെയൊക്കെ മുമ്പില്‍ തന്നെ നിന്ന് ലോകം മുഴുവന്‍ കേള്‍ക്കെ സര്‍‌വ്വം മറന്ന് കൂവും ഞാന്‍.ആഹ്.

എന്തോ ആയിപ്പോയി അവളുടെ കൂവല്‍ കേട്ടപ്പോള്‍.എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ട് പോകുന്നു ആ വശ്യമനോഹര നാദം.തൊടിയിലേക്കൊന്ന് ഇറങ്ങട്ടെ ഞാന്‍.മറ്റമ്മ(ഉമ്മാന്‍റെ ഉമ്മ) കിടപ്പിലാവുന്നതിന് മുമ്പേ പശുക്കളെയെല്ലാം വിറ്റിരുന്നു.അവരുടെ കാലശേഷം തൊഴുത്തും ഇടിച്ചു നിരത്തി.തൊഴുത്തിരുന്ന ഭാഗത്തെത്തി.നല്ല സുന്ദരികളായ കറമ്പിപ്പശുക്കള്‍ നിന്ന് 'ഉമ്പാആആആ' എന്നുച്ചത്തില്‍ നീട്ടി വിളിക്കുന്നുണ്ട്.ഒരു പ്രതിഷേധസ്വരം.വൈക്കോലും കാടിയും കൊടുത്ത് പൂവാലിയോട് കിന്നാരം പറഞ്ഞ് നിക്കാന്‍ മറ്റുമ്മ വൈകുന്നതിന്‍റെയാകാം.

ഇവിടെ കമാല്‍ മാമയെ സ്പര്‍ശിക്കാതെ കടന്ന് പോവാനാവാത്തതിനാല്‍ പറയട്ടെ.വിധി തളര്‍ത്തിയ ശരീരവുമായി കിടക്കുന്നുണ്ട് അദ്ധേഹം.മാമയുടെ മുറിയിലെ ജാലകത്തിലൂടെ കാണാം തൊഴുത്ത്.പൂവാലി അസ്വസ്ഥയാകുമ്പോള്‍ മാമയാണ് 'ഉമ്മാ പശു ദേ ബഹളം വെക്കുന്നു' എന്ന് മറ്റമ്മയെ വിളിച്ചറിയിക്കുക.കമാല്‍ മാമ അവിടെ കിടന്ന് നോക്കുന്നുണ്ട് എന്നതാണ് പൈക്കിടാവിനടുത്തേക്ക് പോകാന്‍ എനിക്കുള്ള ധൈര്യവും.പൂവാലിയെ സമാധാനിപ്പിക്കാനും ഇരുട്ട് നിറഞ്ഞ കൊച്ചുമുറിയില്‍ കിടന്ന് കൊണ്ട് ലോകത്തെ തൊട്ടറിയുവാനും കമാല്‍ മാമയും ഇന്നില്ല.പത്താം തരത്തിലെത്തിയപ്പോള്‍ അരക്ക് താഴെ തളര്‍ത്തിക്കൊണ്ട് തന്നെ തേടിയെത്തിയ വിധിയെ ശാന്തനായി നേരിട്ട കമാല്‍ മാമയും ഇന്നെനിക്ക് ഓര്‍മ്മച്ചെപ്പിലെ തിളങ്ങുന്നൊരു മുത്താണ്.പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തേക്ക് എന്നെ കൈപിടിച്ച് നടത്തിയതും മാമയാണെന്നത് കൃതാര്‍ഥതയോടെ സ്മരിക്കട്ടെ.നാഥന്‍ അദ്ധേഹത്തെ സ്വര്‍ഗ്ഗസ്ഥരില്‍ പെടുത്തി അനുഗ്രഹിക്കട്ടെ.

തള്ളയുടെ അകിടിലാഞ്ഞിടിച്ച് നല്ല ചൂടുള്ള പാലു മൊത്തികുടിക്കുന്നു പൈക്കിടാവ്.കുറുമ്പനാണവന്‍.തൊഴുത്തിനടുത്ത് മുന്നില്‍ പോയി നിന്ന് കൈകാല്‍ കാണിച്ചും ഒച്ചവെച്ചും തോണ്ടിയും വാലില്‍ പിടിച്ച് വലിച്ചും അവന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നു ഷാജുമാമ.പാലുകുടി നിര്‍ത്തി അവന്‍ തിരിയുമ്പോള്‍ മാമ ഒറ്റ ഓട്ടം വെച്ചു കൊടുക്കും.ഇത് കണ്ട് മാമാന്‍റെ പിന്നാലെ അവനും ഓട്ടം തുടങ്ങും.ഹാഹ് എന്ത് രസമാ നാലു കാലും ഉയര്‍ത്തി തുള്ളിക്കളിച്ചുള്ള അവന്‍റെയാ ഓട്ടം കാണാന്‍.പറമ്പ് മുഴുവന്‍ അവനെ ഓടിച്ച് അവസാനം മാമ എന്‍റെ അടുത്തേക്കും ഓടി വരും.പിന്നാലെയുള്ള പൈക്കിടാവിന്‍റെ പാച്ചില്‍ കണ്ട് നിലവിളിച്ച് ഞാന്‍ വീട്ടിനകത്തേക്കും പായും.

പശുക്കള്‍ക്ക് തിന്നാനുള്ള വൈക്കോലിന് തുറു ഇട്ടിരുന്നതും തൊഴുത്തിന് അടുത്ത് തന്നെ.ഓര്‍മ്മകളിലിങ്ങനെ പൂര്‍ണ്ണ ഗര്‍ഭിണിയെപ്പോലെ നിറവയറുമായി നില്‍ക്കുന്നുണ്ട് വൈക്കോല്‍ തുറു.വൈക്കോല്‍ കൂമ്പാരത്തിന് പകരം തുറുവിനായി ഉപയോഗിച്ചിരുന്ന കരസിന്‍ തടി അരയാള്‍ പൊക്കത്തില്‍ മൂകനായി നില്‍ക്കുന്നു.കൈവിരലു കൊണ്ട് ഞാനതിന്‍റെ ശിരസ്സിലൂടെ ഒന്ന് തലോടി.ശിരസ്സില്‍ നിന്നും നിന്നും താഴേക്ക് പശ പോലെ എന്തോ ഒലിച്ചിറങ്ങുന്നല്ലോ.അല്ല അത് പശയല്ല.എന്‍റെ സ്പര്‍ശനം അവനില്‍ ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.ഗതകാല സുന്ദരസ്മരണകള്‍ അവന്‍റെ കണ്ണുകളെ ഈറനണിയിച്ചതാകാം.

ഓര്‍മ്മകളുടെ ഓളം തല്ലലില്‍ ഞാനും ആടിയുലഞ്ഞു.അടുത്ത വീട്ടിലെ ബീഡി ഉമ്മര്‍ക്കാന്‍റെ മകന്‍ റിയാസ് വന്ന് തുറുവില്‍ ചാടിക്കയറുന്നതും 'ഞങ്ങടെ തുറ്‌വില്‍ നീയെന്തിനാടാ കേറുന്നേ' എന്നും ചോദിച്ച് അവനെ തള്ളിതാഴെയിടുന്നതും വൈക്കോല്‍ കൂനയില്‍ കിടന്നുരുണ്ട് ദേഹമാസകലം ചൊറിയുമ്പോള്‍ മാന്തിക്കൊണ്ട് വലിയുമ്മയുടെ അടുത്തേക്കോടുന്നതും അവര്‍ വെളിച്ചെണ്ണ പുരട്ടിത്തരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.നനവുള്ള ഓര്‍മ്മകള്‍..

തെങ്ങിന്‍ മടലു വെട്ടി കുഞ്ഞി(കുഞ്ഞുമ്മ) ഊഞ്ഞാലു കെട്ടിത്തന്നിരുന്ന മാവ്.ഊഞ്ഞാലു കെട്ടാനായി മാവ് നീട്ടിത്തന്നിരുന്ന കൈ മാത്രം അവശേഷിപ്പിച്ച് മറ്റു അംഗങ്ങളെല്ലാം ഛേദിക്കപ്പെട്ട് ഒരു വികലാംഗയുടെ കോലത്തില്‍ കഴിഞ്ഞ ലീവിനു വരുമ്പോള്‍ കണ്ടിരുന്നു തൊടിയില്‍.ശേഷിച്ച അവസാനത്തെ ആ കൊമ്പിനൊപ്പം അവളെത്തന്നെയും അറുത്തെറിഞ്ഞിരിക്കുന്നു വീട്ടുകാരിന്ന്.അവളിത് വരെ കായ്ച്ചിട്ടില്ലത്രെ.പ്രതാപകാലത്ത് ഉള്ള ചോരയും നീരും മുഴുവന്‍ ഈയുള്ളവനെ ഊഞ്ഞാലാട്ടാനായി വിനിയോഗിച്ച അവളെങ്ങിനെ പൂക്കും.കായ്ക്കും?പാവം!

തിരിച്ചൊന്നും തരാത്ത ഒരുത്തിയെ എന്തിന് പോറ്റണം.കാല്‍ക്കല്‍ കത്തി വെക്കാനുള്ള വീട്ടുകാരുടെ കാരണം വ്യക്തം.ഭാരമാകുന്നുവെന്ന് തോന്നുമ്പോള്‍ സ്വന്തം മക്കളെ വരെ കൊല്ലുന്ന അഛനമ്മമാരും അഛനമ്മമാരെ വൃദ്ധസദനത്തിലടക്കുന്ന സ്വാര്‍ഥന്മാരായ മക്കളുമുള്ള ഇക്കാലത്ത് ഇതിന്‍റെ പേരില്‍ വീട്ടുകാരോട് ഞാനെങ്ങിനെ തര്‍ക്കിക്കും?വല്ലാത്ത സങ്കടം തോന്നി.മുത്തശ്ശിമാവിനൊപ്പം മണ്ണിലമര്‍ന്നത് റിയാസിനും അവന്‍റെ പെങ്ങള്‍ റെനിക്കും ഒപ്പമുള്ള ഒരുപാട് സുന്ദര നിമിഷങ്ങളും കുളിരും തിളക്കവുമുള്ള എന്‍റെ ബാല്യവുമായിരുന്നു.

കുയിലമ്മയുടെ പാട്ടും കേട്ട് തൊടിയിലേക്കിറങ്ങിയപ്പോഴാണ് ഇത്രയും പറയേണ്ടി വന്നത്.പടച്ചോന്‍ കനിഞ്ഞ് തന്ന കാടുകള്‍ക്കും പച്ചപ്പിനും പകരം കോണ്‍ക്രീറ്റ് കാടുകള്‍ക്കും 'അപ്പെക്സ് അള്‍ട്ടിമയുടെ' കൃത്രിമ പച്ചപ്പുകള്‍ക്കും നാട് വഴിമാറിക്കൊണ്ടിരിക്കുകയാണു ശരവേഗത്തില്‍.ആക്കെക്കൂടി മൂന്നാല് മരങ്ങളേ ഇനി വീട്ടുമുറ്റത്ത് ബാക്കിയൊള്ളൂ.അതിലൊന്നിന്‍റെ കാല്‍ക്കല്‍ അടുത്ത് തന്നെ കോടാലി വീഴുമെന്ന് മാമാജി പറഞ്ഞത് വല്ലാത്തൊരു വ്യസനത്തോടെയാണ് കേട്ടിരുന്നത്.

കുഞ്ഞിക്കുരുവികള്‍ക്ക് പിച്ചവെച്ച് നടക്കണ്ടേ?അണ്ണാറക്കണ്ണന് 'ചില്‍ ചില്‍' മുഴക്കി ചാടിമറിയാന്‍ മരക്കൊമ്പ് വേണ്ടേ? എല്ലാം മറന്നുള്ള നെട്ടോട്ടത്തിനിടയില്‍ കുഞ്ഞാറ്റക്കിളികളുടേയും അണ്ണാറക്കണ്ണന്‍റേയും വിഷമം കാണാന്‍ എവിടുന്നാ നേരം.ആര്‍ക്ക് കേള്‍ക്കണം കുയിലിന്‍റെ പാട്ട്!അടുത്ത ലീവിന് നാട്ടിലെത്തുമ്പോള്‍ കുയിലമ്മയെ കാണലും കൂടെ പാടലുമൊക്കെ വെറും സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത.

Monday, January 24, 2011

കറിവേപ്പില ജന്മംമിനുസമാര്‍ന്ന കൈകളാല്‍
എന്നെ നീ വറചട്ടിയിലെടുത്തിടും.
നനുനനുത്ത മൃദുലമേനിയില്‍
തിളച്ചെണ്ണ കോരിയൊഴിക്കും.
തിരിച്ചും മറിച്ചുമിട്ട് ഹരിതാഭയാര്‍ന്നെന്‍
ശരീരം നീ ചുവപ്പിക്കും.

ഒരു നിമിഷനേരമെങ്കിലും
നിന്നെയാനന്ദിപ്പിക്കാനായാല്‍..
ധന്യമാകുമീ ജന്മം.
അത് തന്നെയല്ലോ
എന്‍ ജീവിത ദൗത്യവും.

കരളുപോലും വെന്തെരിയുന്നു.
പ്രാണവേദനയാല്‍ പിടയുമ്പൊഴും
നിന്‍ മേനി ഒരിക്കലെങ്കിലും
ഞാന്‍ പൊള്ളിച്ചിട്ടുണ്ടോ..

അലമുറകള്‍ക്കൊടുവിലെന്‍
ജീവന്‍ ആവിയായി പൊന്തുമ്പൊഴും
നരകത്തീയില്‍ കിടന്നന്ത്യശ്വാസമെടുക്കുമ്പൊഴും
നിനക്ക് വേണ്ടിയല്ലേ എന്നാശ്വസിക്കും.

അസഹ്യമായ വേദനയാലുള്ള
അലര്‍ച്ചയും ഞരക്കവും
നിന്നെയലോസരപ്പെടുത്തിയോ..
പൊറുക്കൂ ഈയെന്നോട്
മിണ്ടാതെ അനങ്ങാതെ ഒടുങ്ങാം ഞാന്‍.

അവസാനം വാരിക്കൂട്ടി
വലിച്ചെറിയുന്നതിന് മുമ്പൊരു വാക്ക്...

അവജ്ഞയോടിങ്ങനെ
തൊടിയിലെ ചവറ്റുകൂനയിലേക്ക്
എടുത്തെറിയാന്‍ മാത്രം
എന്ത് തെറ്റാണു ഞാന്‍ ചെയ്തത് ?

LinkWithin

Related Posts with Thumbnails