Saturday, March 5, 2011

മരം പെയ്യുന്ന നാട്ടില്‍

കൂടെ നനഞ്ഞൊട്ടി നില്‍ക്കുന്നത് റിയു

കൊടും ചൂടും, മരവും മനവും മരവിപ്പിക്കുന്ന തണുപ്പും വിട്ട് നാട്ടിലെത്തിയിരിക്കുന്നു.മഴ പെയ്യുന്ന പിന്നെ മരം പെയ്യുന്ന എന്‍റെ നാട്.മഴപ്പെയ്ത്തിനൊടുവില്‍ മുറ്റത്തെ മുല്ല പൂത്ത മണവുമായെത്തുന്ന മന്ദമാരുതനുള്ള നാട്.പാതിരാക്ക് പൂക്കുന്ന പാലയും ഒറ്റയാന്മാരായ കരിമ്പനകളും അവക്ക് മുകളില്‍ പാര്‍ക്കുന്ന ചോരയൂറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകളും ചെറുപ്പക്കാരെ ചൂണ്ടാനായി നീണ്ട അഴിച്ചിട്ട മുടിയും നിലത്തിഴയുന്ന തൂവെള്ള സാരിയും ധരിച്ച് എത്തുന്ന സുന്ദരികളായ യക്ഷികളുമുള്ള നാട്.

വന്ന പിറ്റേന്ന് ബുള്ളറ്റെന്ന നുമ്മടെ ശകടവുമെടുത്ത് കൊടുങ്ങല്ലൂര്‍ വരെയൊന്ന് പോയതാ.പോയ പണിയും കഴിഞ്ഞ് തിരികെ വരാനിരിക്കുമ്പോഴാണ് അവളുടെ വരവ്.കുളിരു കോരി, മനം കുളിര്‍പ്പിച്ച് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനെ വെല്ലുന്ന ഒന്നാന്തരം ഇടിമിന്നലിന്‍റെ അകമ്പടിയോടെ എന്‍റെ കൂട്ടുകാരി.ഹാന്നേ ലവള്‍ തന്നെ.തുള്ളിക്കൊരു കുടം കണക്കെ എന്‍റെ വരവിനെ സ്വാഗതം ചെയ്തെന്നോണം ആര്‍ത്തലച്ച്...

മഴയുടെ യാതൊരു ലാഞ്ജനയുമില്ലാതിരുന്നിട്ടും ഈ അസമയത്ത് അവള്‍ വന്നത്..അതെ എനിക്കുറപ്പാണ് അവളെനിക്ക് വേണ്ടിത്തന്നെ വന്നതാ.ഒന്ന് സാന്ദ്വനിപ്പിക്കാന്‍, മരുക്കാട്ടിലിരുന്ന് തീപിടിച്ച ചിന്തകള്‍ക്കും മനസ്സിനും കുളിരേകാന്‍, കണ്ണീരൊഴുകി കട്ടപിടിച്ച കവിളിലെ പാടുകള്‍ നനുത്ത കൈകള്‍ കൊണ്ട് മായ്ച്ച് കളയാന്‍ എന്‍റെ പ്രിയ കൂട്ടുകാരി.

അനുജന്‍ റിയുവുമായി ശകടത്തില്‍ കയറി സ്റ്റാര്‍ട്ടാക്കി പയ്യെ വീട്ടിലേക്ക് തിരിച്ചു.കൊടുങ്ങലൂര്‍ മുതല്‍ വാടാനപ്പള്ളി റഹ്മത്ത് നഗര്‍ വരെ എന്‍റെ പ്രാര്‍ഥന പോലെത്തന്നെ മഴ നിലച്ചില്ലെന്നു മാത്രമല്ല അടിച്ചു തിമിര്‍ത്തങ്ങ്‌ട് പെയ്തു.ഹാഹ്!! ജീവിതത്തിലെ ആദ്യാനുഭവം.രണ്ട് മണിക്കൂറിലധികം!ഇത്രമേള്‍ മഴ നനഞ്ഞിട്ടില്ല ഞാനിത് വരെ.മഴ നല്‍കുന്ന, മനിതരുടെ മനമറിയുന്ന, അഴലകറ്റുന്ന ദൈവത്തിന് ഒരായിരം സ്തുതി.

ഉമ്മയുടെ വീട്ടിലാണ് രണ്ടു ദിവസമായിട്ട്.അവിടെ മുറ്റത്തെ മാവിലൊരു കുഞ്ഞു കിളിക്കൂടും അതില്‍ മൂന്നാല് കുഞ്ഞു മക്കളുമുണ്ട്.ഉറക്കം വിട്ടവര്‍ എഴുന്നേറ്റാല്‍, ന്‍റെ പടച്ചോനേ വല്ലാത്തൊരു ബഹളം തന്നെയാണേ.കലപില കൂട്ടി കൂക്കി വിളിച്ച് മുറ്റം അവര്‍ നാലു മുറ്റമാക്കും.അതിരാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും കഴിഞ്ഞ് വികൃതികള്‍ ഉറക്കമുണരുന്നതും കാത്ത് ഉമ്മറപ്പടിയില്‍ കുത്തിയിരിക്കലാണിപ്പോള്‍ പ്രധാന ജോലി.നാടുണരുന്നതിനും മുമ്പേ അവരുണര്‍ന്ന് കലപില തുടങ്ങും.

ഒന്ന് രണ്ട് ദിവസം ഒരു കള്ളിക്കുയിലമ്മയും വന്ന് സാന്നിധ്യമറിയിച്ചിരുന്നു.അവളെന്നെ മറന്നിട്ടില്ല എന്തായാലും.സന്തോഷായെടി പെണ്ണേ പെരുത്ത് സന്തോഷായി.കൂടെ പാടാത്തത് കൊണ്ടോ എന്തോ അവളെ പിന്നാ വഴിക്ക് കണ്ടില്ല.എന്‍റെ കള്ളിപ്പെണ്ണേ പഴയ പോലെയല്ല കാര്യങ്ങള്‍.ഇച്ചിരി വലുതായിരിക്കുന്നു നമ്മള്‍.കല്യാണപ്രായമായീന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ ഞാന്‍ പെട്ട പാട് വല്ലതുമുണ്ടോ ഇവളറിയുന്നു.ഇനി നിന്‍റെ കൂടെ നിന്ന് കൂവുന്നത് കേട്ടിട്ട് വേണം 'ചെക്കനിപ്പൊഴും ഒരു പക്വതയായിട്ടില്ലെന്നും' പറഞ്ഞ് വീട്ടുകാരെന്‍റെ കല്യാണമോഹങ്ങള്‍ക്ക് തിരശ്ശീലയിടാന്‍.നുമ്മടെ അവസ്ഥ മനസ്സിലാക്കൂ മകളേ പാതിമലരേ.തിരികെ വരൂ..

സത്യം പറയാലോ പ്രിയരേ.'നൊസ്റ്റ്' ഇങ്ങനെ തികട്ടി വന്ന് ചങ്കില്‍ വന്ന് കുത്തീട്ട് നിക്കാനും വയ്യ ഇരിക്കാനും വയ്യെന്ന അവസ്ഥ.അവളുടെ കൂടെക്കൂടി 'കൂഹു കൂഹു' എന്നുച്ചത്തില്‍ കൂവണമെന്നുമുണ്ടായിരുന്നു.ബട്ട്, മുകളില്‍ പറഞ്ഞ സംഗതി തന്നെ.കോപ്പ്‌ന്നേ സത്യായിട്ടും പ്യാടിച്ചിട്ടാ.അല്ലെങ്കിത്തന്നെ ഒന്നു കൂവീന്ന് വെച്ചിപ്പോ ന്തൂട്ട് കോപ്പിലെ പക്വതയാ ഇവിടെ കൊഴിഞ്ഞ് വീഴാന്‍ പോകുന്നേ? ഇന്‍ശാ അള്ളാഹ് പെണ്ണ് കിട്ടട്ടെ.കാണിച്ച് കൊടുക്കുന്നുണ്ട്.ഇവന്മാരുടെയൊക്കെ മുമ്പില്‍ തന്നെ നിന്ന് ലോകം മുഴുവന്‍ കേള്‍ക്കെ സര്‍‌വ്വം മറന്ന് കൂവും ഞാന്‍.ആഹ്.

എന്തോ ആയിപ്പോയി അവളുടെ കൂവല്‍ കേട്ടപ്പോള്‍.എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ട് പോകുന്നു ആ വശ്യമനോഹര നാദം.തൊടിയിലേക്കൊന്ന് ഇറങ്ങട്ടെ ഞാന്‍.മറ്റമ്മ(ഉമ്മാന്‍റെ ഉമ്മ) കിടപ്പിലാവുന്നതിന് മുമ്പേ പശുക്കളെയെല്ലാം വിറ്റിരുന്നു.അവരുടെ കാലശേഷം തൊഴുത്തും ഇടിച്ചു നിരത്തി.തൊഴുത്തിരുന്ന ഭാഗത്തെത്തി.നല്ല സുന്ദരികളായ കറമ്പിപ്പശുക്കള്‍ നിന്ന് 'ഉമ്പാആആആ' എന്നുച്ചത്തില്‍ നീട്ടി വിളിക്കുന്നുണ്ട്.ഒരു പ്രതിഷേധസ്വരം.വൈക്കോലും കാടിയും കൊടുത്ത് പൂവാലിയോട് കിന്നാരം പറഞ്ഞ് നിക്കാന്‍ മറ്റുമ്മ വൈകുന്നതിന്‍റെയാകാം.

ഇവിടെ കമാല്‍ മാമയെ സ്പര്‍ശിക്കാതെ കടന്ന് പോവാനാവാത്തതിനാല്‍ പറയട്ടെ.വിധി തളര്‍ത്തിയ ശരീരവുമായി കിടക്കുന്നുണ്ട് അദ്ധേഹം.മാമയുടെ മുറിയിലെ ജാലകത്തിലൂടെ കാണാം തൊഴുത്ത്.പൂവാലി അസ്വസ്ഥയാകുമ്പോള്‍ മാമയാണ് 'ഉമ്മാ പശു ദേ ബഹളം വെക്കുന്നു' എന്ന് മറ്റമ്മയെ വിളിച്ചറിയിക്കുക.കമാല്‍ മാമ അവിടെ കിടന്ന് നോക്കുന്നുണ്ട് എന്നതാണ് പൈക്കിടാവിനടുത്തേക്ക് പോകാന്‍ എനിക്കുള്ള ധൈര്യവും.പൂവാലിയെ സമാധാനിപ്പിക്കാനും ഇരുട്ട് നിറഞ്ഞ കൊച്ചുമുറിയില്‍ കിടന്ന് കൊണ്ട് ലോകത്തെ തൊട്ടറിയുവാനും കമാല്‍ മാമയും ഇന്നില്ല.പത്താം തരത്തിലെത്തിയപ്പോള്‍ അരക്ക് താഴെ തളര്‍ത്തിക്കൊണ്ട് തന്നെ തേടിയെത്തിയ വിധിയെ ശാന്തനായി നേരിട്ട കമാല്‍ മാമയും ഇന്നെനിക്ക് ഓര്‍മ്മച്ചെപ്പിലെ തിളങ്ങുന്നൊരു മുത്താണ്.പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തേക്ക് എന്നെ കൈപിടിച്ച് നടത്തിയതും മാമയാണെന്നത് കൃതാര്‍ഥതയോടെ സ്മരിക്കട്ടെ.നാഥന്‍ അദ്ധേഹത്തെ സ്വര്‍ഗ്ഗസ്ഥരില്‍ പെടുത്തി അനുഗ്രഹിക്കട്ടെ.

തള്ളയുടെ അകിടിലാഞ്ഞിടിച്ച് നല്ല ചൂടുള്ള പാലു മൊത്തികുടിക്കുന്നു പൈക്കിടാവ്.കുറുമ്പനാണവന്‍.തൊഴുത്തിനടുത്ത് മുന്നില്‍ പോയി നിന്ന് കൈകാല്‍ കാണിച്ചും ഒച്ചവെച്ചും തോണ്ടിയും വാലില്‍ പിടിച്ച് വലിച്ചും അവന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നു ഷാജുമാമ.പാലുകുടി നിര്‍ത്തി അവന്‍ തിരിയുമ്പോള്‍ മാമ ഒറ്റ ഓട്ടം വെച്ചു കൊടുക്കും.ഇത് കണ്ട് മാമാന്‍റെ പിന്നാലെ അവനും ഓട്ടം തുടങ്ങും.ഹാഹ് എന്ത് രസമാ നാലു കാലും ഉയര്‍ത്തി തുള്ളിക്കളിച്ചുള്ള അവന്‍റെയാ ഓട്ടം കാണാന്‍.പറമ്പ് മുഴുവന്‍ അവനെ ഓടിച്ച് അവസാനം മാമ എന്‍റെ അടുത്തേക്കും ഓടി വരും.പിന്നാലെയുള്ള പൈക്കിടാവിന്‍റെ പാച്ചില്‍ കണ്ട് നിലവിളിച്ച് ഞാന്‍ വീട്ടിനകത്തേക്കും പായും.

പശുക്കള്‍ക്ക് തിന്നാനുള്ള വൈക്കോലിന് തുറു ഇട്ടിരുന്നതും തൊഴുത്തിന് അടുത്ത് തന്നെ.ഓര്‍മ്മകളിലിങ്ങനെ പൂര്‍ണ്ണ ഗര്‍ഭിണിയെപ്പോലെ നിറവയറുമായി നില്‍ക്കുന്നുണ്ട് വൈക്കോല്‍ തുറു.വൈക്കോല്‍ കൂമ്പാരത്തിന് പകരം തുറുവിനായി ഉപയോഗിച്ചിരുന്ന കരസിന്‍ തടി അരയാള്‍ പൊക്കത്തില്‍ മൂകനായി നില്‍ക്കുന്നു.കൈവിരലു കൊണ്ട് ഞാനതിന്‍റെ ശിരസ്സിലൂടെ ഒന്ന് തലോടി.ശിരസ്സില്‍ നിന്നും നിന്നും താഴേക്ക് പശ പോലെ എന്തോ ഒലിച്ചിറങ്ങുന്നല്ലോ.അല്ല അത് പശയല്ല.എന്‍റെ സ്പര്‍ശനം അവനില്‍ ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.ഗതകാല സുന്ദരസ്മരണകള്‍ അവന്‍റെ കണ്ണുകളെ ഈറനണിയിച്ചതാകാം.

ഓര്‍മ്മകളുടെ ഓളം തല്ലലില്‍ ഞാനും ആടിയുലഞ്ഞു.അടുത്ത വീട്ടിലെ ബീഡി ഉമ്മര്‍ക്കാന്‍റെ മകന്‍ റിയാസ് വന്ന് തുറുവില്‍ ചാടിക്കയറുന്നതും 'ഞങ്ങടെ തുറ്‌വില്‍ നീയെന്തിനാടാ കേറുന്നേ' എന്നും ചോദിച്ച് അവനെ തള്ളിതാഴെയിടുന്നതും വൈക്കോല്‍ കൂനയില്‍ കിടന്നുരുണ്ട് ദേഹമാസകലം ചൊറിയുമ്പോള്‍ മാന്തിക്കൊണ്ട് വലിയുമ്മയുടെ അടുത്തേക്കോടുന്നതും അവര്‍ വെളിച്ചെണ്ണ പുരട്ടിത്തരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.നനവുള്ള ഓര്‍മ്മകള്‍..

തെങ്ങിന്‍ മടലു വെട്ടി കുഞ്ഞി(കുഞ്ഞുമ്മ) ഊഞ്ഞാലു കെട്ടിത്തന്നിരുന്ന മാവ്.ഊഞ്ഞാലു കെട്ടാനായി മാവ് നീട്ടിത്തന്നിരുന്ന കൈ മാത്രം അവശേഷിപ്പിച്ച് മറ്റു അംഗങ്ങളെല്ലാം ഛേദിക്കപ്പെട്ട് ഒരു വികലാംഗയുടെ കോലത്തില്‍ കഴിഞ്ഞ ലീവിനു വരുമ്പോള്‍ കണ്ടിരുന്നു തൊടിയില്‍.ശേഷിച്ച അവസാനത്തെ ആ കൊമ്പിനൊപ്പം അവളെത്തന്നെയും അറുത്തെറിഞ്ഞിരിക്കുന്നു വീട്ടുകാരിന്ന്.അവളിത് വരെ കായ്ച്ചിട്ടില്ലത്രെ.പ്രതാപകാലത്ത് ഉള്ള ചോരയും നീരും മുഴുവന്‍ ഈയുള്ളവനെ ഊഞ്ഞാലാട്ടാനായി വിനിയോഗിച്ച അവളെങ്ങിനെ പൂക്കും.കായ്ക്കും?പാവം!

തിരിച്ചൊന്നും തരാത്ത ഒരുത്തിയെ എന്തിന് പോറ്റണം.കാല്‍ക്കല്‍ കത്തി വെക്കാനുള്ള വീട്ടുകാരുടെ കാരണം വ്യക്തം.ഭാരമാകുന്നുവെന്ന് തോന്നുമ്പോള്‍ സ്വന്തം മക്കളെ വരെ കൊല്ലുന്ന അഛനമ്മമാരും അഛനമ്മമാരെ വൃദ്ധസദനത്തിലടക്കുന്ന സ്വാര്‍ഥന്മാരായ മക്കളുമുള്ള ഇക്കാലത്ത് ഇതിന്‍റെ പേരില്‍ വീട്ടുകാരോട് ഞാനെങ്ങിനെ തര്‍ക്കിക്കും?വല്ലാത്ത സങ്കടം തോന്നി.മുത്തശ്ശിമാവിനൊപ്പം മണ്ണിലമര്‍ന്നത് റിയാസിനും അവന്‍റെ പെങ്ങള്‍ റെനിക്കും ഒപ്പമുള്ള ഒരുപാട് സുന്ദര നിമിഷങ്ങളും കുളിരും തിളക്കവുമുള്ള എന്‍റെ ബാല്യവുമായിരുന്നു.

കുയിലമ്മയുടെ പാട്ടും കേട്ട് തൊടിയിലേക്കിറങ്ങിയപ്പോഴാണ് ഇത്രയും പറയേണ്ടി വന്നത്.പടച്ചോന്‍ കനിഞ്ഞ് തന്ന കാടുകള്‍ക്കും പച്ചപ്പിനും പകരം കോണ്‍ക്രീറ്റ് കാടുകള്‍ക്കും 'അപ്പെക്സ് അള്‍ട്ടിമയുടെ' കൃത്രിമ പച്ചപ്പുകള്‍ക്കും നാട് വഴിമാറിക്കൊണ്ടിരിക്കുകയാണു ശരവേഗത്തില്‍.ആക്കെക്കൂടി മൂന്നാല് മരങ്ങളേ ഇനി വീട്ടുമുറ്റത്ത് ബാക്കിയൊള്ളൂ.അതിലൊന്നിന്‍റെ കാല്‍ക്കല്‍ അടുത്ത് തന്നെ കോടാലി വീഴുമെന്ന് മാമാജി പറഞ്ഞത് വല്ലാത്തൊരു വ്യസനത്തോടെയാണ് കേട്ടിരുന്നത്.

കുഞ്ഞിക്കുരുവികള്‍ക്ക് പിച്ചവെച്ച് നടക്കണ്ടേ?അണ്ണാറക്കണ്ണന് 'ചില്‍ ചില്‍' മുഴക്കി ചാടിമറിയാന്‍ മരക്കൊമ്പ് വേണ്ടേ? എല്ലാം മറന്നുള്ള നെട്ടോട്ടത്തിനിടയില്‍ കുഞ്ഞാറ്റക്കിളികളുടേയും അണ്ണാറക്കണ്ണന്‍റേയും വിഷമം കാണാന്‍ എവിടുന്നാ നേരം.ആര്‍ക്ക് കേള്‍ക്കണം കുയിലിന്‍റെ പാട്ട്!അടുത്ത ലീവിന് നാട്ടിലെത്തുമ്പോള്‍ കുയിലമ്മയെ കാണലും കൂടെ പാടലുമൊക്കെ വെറും സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത.

18 comments:

ജിപ്പൂസ് said...

സത്യായിട്ടും രണ്ട് വരിയെഴുതി അതിനു താഴെ പ്രിയ സുഹൃത്തുക്കള്‍ക്ക് നാട്ടിലെ നമ്പര്‍ കൊടുത്ത് കൊണ്ട് ഒരു 'ഗൂഗിള്‍ ബസ്സ്' ഇറക്കുക എന്ന ഉദ്ധേശത്തോടെ ഇരുന്നതാ.അതീ കോലത്തിലായിരിക്കുന്നു.ഒരു നിവൃത്തീം ഇല്ല.അങ്ങ്‌ട് സഹിക്യന്നെ :)

എന്തായാലും നമ്പര്‍ പിടിച്ചോളൂ 9847349413

അലി said...

ഇപ്പഴും വീട്ടുമുറ്റത്തെ മരക്കൊമ്പിൽ കിളിക്കൂടും കുഞ്ഞുങ്ങളുമുണ്ടല്ലോ.. ബാല്യ സ്മരണയിൽ ഗൃഹാതുര നൊമ്പരങ്ങളുടെ പെരുമഴ നനഞ്ഞപോലെ...

ആശംസകൾ.

mayflowers said...

നാട്ടിലെ മഴയെ ഹൃദയത്തില്‍ ആവാഹിച്ചും കൊണ്ടുള്ള എഴുത്താണല്ലോ..
ഹൃദ്യം.

junaith said...

നീ അങ്ങട് അര്‍മ്മാദിക്ക്യ എന്റെ കുട്ട്യേ...

കുറ്റൂരി said...

എന്നെക്കൂടെ കൂട്ടാമായിരുന്നില്ലേ..സഖാവേ..

കുറ്റൂരി said...

ഹല്ല..അപ്പൊ അതാണ്‌ പൂതിയല്ലേ...പെണ്ണ്‌ കെട്ടണം!! ആരാ നിനക്കൊക്കെ പെണ്ണ് തരുമെന്നാ ഞാൻ ചിന്ദിക്കുന്നത്? 

കുഞ്ഞൂസ് (Kunjuss) said...

അപ്പോ, നാട്ടിലാണല്ലേ... മഴ, ഊഞ്ഞാൽ,കുയിലമ്മയുടെ പാട്ട് എല്ലാം ആസ്വദിക്കൂ ട്ടോ.. അതൊക്കെ ഇനി കാണാൻ കിട്ടുമോ എന്നറിയില്ലല്ലോ...
വളരെ ഹൃദ്യമായ പോസ്റ്റ്.

റഈസ്‌ said...

ശരിക്കും ആസ്വദിച്ചു......ലേ?

ചെറുവാടി said...

നല്ല ഓര്‍മ്മകളുടെ വീണ്ടെടുപ്പ്.
ഒപ്പം മഴയുടെ സംഗീതം.
കുയിലിന്റെ പാട്ട്.
നല്ല രസകരമായ വായന.
ആശംസകള്‍

ഷബീര്‍ (തിരിച്ചിലാന്‍) said...

പണ്ട് എന്റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫില്‍നിന്നും വന്ന സമയം മഴയത്ത് ബൈക്ക് ഓടിച്ച് പോയപ്പോള്‍ ഞാന്‍ അവനെ കുറേ കളിയാക്കി. ഞാന്‍ ഗള്‍ഫില്‍നിന്ന് ആദ്യമായി നാട്ടില്‍ പോയപ്പോഴാണ് അവന്‍ അന്ന് ചെയ്തതിന്റെ കാര്യം എനിക്ക് മനസ്സിലായത്. കൊതിച്ചുപോയി മാഷേ മഴയും കുയില്‍ നാദവും കുളക്കടവും കാണാന്‍...

Jyotsna P kadayaprath said...

മഴ നനഞ്ഞ സുഖം..:)

zephyr zia said...

മഴയത്തിറങ്ങി കുറച്ച് നേരം നിന്നപോലുണ്ട്...

ഷമീര്‍ തളിക്കുളം said...

പിച്ചവെച്ചു നടന്ന മുറ്റവും, ഒറ്റ മൈനയെകണ്ട് അതിന്റെ ഇണയെ തേടിയലഞ്ഞ തൊടികളും, മണ്ണ് ചുരന്നു കുഴിയാനയെ തേടിപ്പിടിച്ച കളിമുറ്റവും നാലുമണി പൂവ് വിരിയുന്നതും കാത്തിരുന്ന കൊച്ചു പൂന്തോട്ടവും, നമ്മുടെ ഓര്‍മ്മകളില്‍ എന്നും കൂട്ടിനുണ്ടായ, സന്തോഷങ്ങള്‍ക്കും വേദനകള്‍ക്കും എല്ലാം സാക്ഷിയായ വീടിന്റെ ചുമരുകളും...

വരികളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സില്‍ കടന്നുവന്ന ചിത്രങ്ങള്‍....
ശരിക്കും ആസ്വദിച്ചു, ശരിക്കും.

Cm Shakeer(ഗ്രാമീണം) said...

അപ്പോ നാട്ടിലെത്തി അല്ലെ?
മഴകൊണ്ടിട്ട് പനിയൊന്നും പിടിച്ചില്ലല്ലൊ?
മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍... നന്നായി ഈ പോസ്റ്റ്.

മനു കുന്നത്ത് said...

നല്ല മഴ*.!
നല്ല ഓര്‍മ്മ..!
ഞാനും വന്നു കൂടെ..!
അഭിനന്ദനങ്ങള്‍..!

KANALUKAL said...

അക്ഷരങ്ങള്‍ വെടിച്ചില്ലുകള്‍ തന്നെ.

കുമാരന്‍ | kumaran said...

നൊസ്റ്റാൾജിക് ആൻ‌ഡ് ടച്ചിങ്ങ്.

nisu said...

മോനെ ......ഈ മരുഭൂമിയിലെ അലച്ചിനിടയില്‍ ഇത് വായിച്ചപോള്‍ മനസിലെവിടെയോ ഒരു പെരുമഴ പെയ്ത കുളിര്‍ ....ഒരു പാട് വര്‍ഷങ്ങള്‍ പിന്നിലീക് പോയി ഒരികലും തിരിച്ചു കിടത്ത ആ നല്ല നാളുകളിലേക് , എന്‍റെ കമാല്‍ മാമയുടെ മനസില്‍ നിന്ന് ഒരികലും മരിക്കാത്ത ഓര്‍മകലിലെക് ......ഒരു പാട് നന്മകള്‍ നേരുന്നു......

LinkWithin

Related Posts with Thumbnails