Friday, December 11, 2009

ഗീബത്സിയോ മീറ്റര്‍

പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ എഴുതിവിട്ടവിട്ടവനാരെടാ..ആ ചെങ്ങായി ഇന്നുണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങളും സംഘികളും ചില ജഡ്ജിയേമാന്മാരും ചേര്‍ന്ന് എടുത്തിട്ടടിച്ചേനെ.പ്രണയത്തിനു കണ്ണും മൂക്കും പല്ലും നഖവും മതവും എല്ലാമുണ്ട് കൂട്ടരേ.ചുമ്മാ പറഞ്ഞതല്ല കേട്ടാ.ദാണ്ടെ ഇത് കണ്ടോ.കണക്കുകള്‍ സംസാരിക്കുന്നു...


'ഇരുന്നൂറ്റിപയ്നാറ്,എയ്പത്തെട്ട്,നൂറ്റിപ്പൈനൊന്ന്'.ഹൊ എത്ര കണിശം എത്ര വ്യക്തം.ഇത്ര കൃത്യവും വ്യക്തവുമായി സംഗതി കാണിച്ചിട്ടും പിന്നെയും കണക്കിന്‍റെ ആധികാരികത മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ് ചിലര്‍ അലറിവിളിക്കുന്നത് കാണുമ്പോള്‍ സത്യായിട്ടും സങ്കടം തോന്നുന്നു.നോ ഡൗട്ട്, ഇവര്‍ മൊഞ്ചന്‍ ജിഹാദീ ഫീകരന്മാര്‍ക്ക് കഞ്ഞി വെക്കുന്നവര്‍ തന്നെ.ഈ കശ്മല്‍സിനറിയുമോ കാര്യങ്ങളുടെ കിടപ്പ്.സംഗതികള്‍ ഇത്രത്തോളമെത്തിയ നിലക്ക് കഷ്ടപ്പെട്ട് നുമ്മടെ പുള്ളാര്‍ 'കണ്ടെത്തിയ' ഈ കണക്കുകളെ പൊതുജനം അവിശ്വസിക്കുന്ന അവസ്ഥ സംജാതമായതിനാല്‍ ഞങ്ങള്‍ രഹസ്യം പുറത്ത് വിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

തുടര്‍ന്ന് വായിക്കുക...

കേരളമാകെ വേരു പടര്‍ത്തിയ ലൗ ജിഹാദികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി കേരളത്തില്‍ എല്ലാ ജില്ലകളിലേയും ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒരു അത്യാധുനിക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.മ്മ്ടെ നേതാക്കള്‍ പണ്ട് ജര്‍മ്മനിയില്‍ ഹിറ്റ്ലറെ സന്ദര്‍ശിക്കാന്‍ പോയ സമയത്ത് 'ഹ ഇന്ത്യയിലും നമ്മന്‍റെ ആശയങ്ങളോ' എന്നും പറഞ്ഞ് സന്തോഷത്താല്‍ പുള്ളി സമ്മാനമായി കൊടുത്തതാണത്രെ ഇതിന്‍റെ സാങ്കേതിക വിദ്യ.ഇത് വെച്ച് നാളുകളായുള്ള പരീക്ഷണങ്ങള്‍ക്കൊടുവില്‍ സംഘീ ചുണക്കുട്ടികള്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് 'ഗീബത്സിയോ മീറ്റര്‍' എന്ന് പേരിട്ടിട്ടുള്ള ഈ പൊളപ്പന്‍ സാധനം.ഈ ജിഹാദിപ്പരിഷകള്‍ക്കും റോമിയോമാര്‍ക്ക് കഞ്ഞിവെക്കുന്നവര്‍ക്കും അറിയില്ല ഈ കുന്ത്രാണ്ടം വികസിപ്പിച്ചെടുക്കാനും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനും നുമ്മ പെട്ട പാട്.

ഗീബത്സിയോ മീറ്ററിന്‍റെ പ്രവര്‍ത്തന രീതി...
ജില്ലയില്‍ എവിടെയെങ്കിലും പ്രണയം മൊട്ടിട്ട് അവസാനം ടീംസ് വേലി ചാടുന്ന സമയത്ത് കാമുകന്‍റെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണിന്‍റെ പ്രവര്‍ത്തനഫലമായി ഒരു പ്രത്യേക തരത്തിലുള്ള ഗന്ധം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും.ചെക്കന്‍ ഇനി മേത്തനാണെങ്കില്‍ അതിന് ഏതാണ്ട് അത്തറിന്‍റെ ഗന്ധമായിരിക്കും.ഇനി മേത്തനല്ലെങ്കില്‍ വല്ല ഭസ്മത്തിന്‍റേയോ മറ്റോ ഗന്ധമായിരിക്കും.

ഇനീപ്പോ ഗീബത്സിയോ മീറ്റര്‍ കൂടുതലായി ഡിറ്റക്ടുന്നത് ഭസ്മത്തിന്‍റെ ഗന്ധമാണെന്ന് ആരേലും പറഞ്ഞാലും സംഗതി ശരിയാണെങ്കിത്തന്നെയും ഇങ്ങളു കാര്യമാക്കേണ്ട.കാരണം അത് സനാതനമൂല്യത്തിലേക്കുള്ള തിരിച്ച് വരവാണ്.അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.നമുക്ക് ഇല്ലാതാക്കേണ്ടത് ലോകം മുഴുവനും ആഞ്ഞടിച്ച് കൊണ്ടിരിക്കുന്ന ഇങ്ങ് നമ്മുടെ നാലപ്പാട്ടെ തറവാട്ടില്‍ വരെ അതിക്രമിച്ച് കയറിയ ഈ അത്തറിന്‍റെ രൂക്ഷഗന്ധം തന്നെയാണ്.

ഉപകരണം അങ്ങനെ അന്തരീക്ഷത്തിലെ മേല്‍‌പ്പറഞ്ഞ രീതിയിലുള്ള ഗന്ധംസ് ഡിറ്റക്ട് ചെയ്ത് തിരോന്തോരത്തെ നമ്മുടെ മെയിന്‍ ഓഫീസിലേക്ക് അയക്കുന്നു.ഇങ്ങനെ അയക്കുന്ന ഗന്ധത്തിനനുസരിച്ചുള്ള വ്യക്തമായ കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തി കാണിക്കാന്‍ അത്തര്‍,ഭസ്മം എന്നീ പേരുകളില്‍ രണ്ട് തരത്തിലുള്ള ഡിസ്പ്ലെ ബോര്‍ഡുകള്‍ അവിടുത്തെ ഗീബത്സിയോ മീറ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്..കണക്കുകളുടെ ആധികാരികതക്ക് ഇതില്‍‌പ്പരം മറ്റെന്ത് വേണം..!

ഇനിയും സംശയമുള്ളവര്‍ക്ക് കുമ്മനം രാജശേഖരന്‍റെ സ്പെഷ്യല്‍ പെര്‍മിഷനുണ്ടെങ്കില്‍ സാധനം പോയി തൊട്ട് നോക്കാവുന്നതാണ്.കേരളാ കൗമുദി,കലാകൗമുദി,മലയാള മനോരമ എന്നിവയുടെ ലേഖകന്‍മാര്‍ കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാ:ജോണി കൊച്ചുപറമ്പിലിനെ പോലുള്ള ചില കുഞ്ഞാടുകള്‍ കേരളത്തിലെ തലമുതിര്‍ന്ന ഒരു ജഡ്ജിയേമാന്‍(ന്നെ കൊന്നാലും മൂപ്പര്‍ടെ പേരു ഞാന്‍ പറയൂല്ല.ഉപകാരസ്മരണ,ഉപകാരസ്മരണ) എന്നിങ്ങനെ തിരഞ്ഞെടുത്ത വളരെക്കുറച്ച് മഹാന്മാര്‍ക്ക് മാത്രമേ ഇത് വരെ 'ഗീബത്സിയോ മീറ്റര്‍' വീക്ഷിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടൊള്ളൂ.ശൂദ്ര ജന്മമായതിനാല്‍ മ്മ്ടെ വെള്ളാപ്പള്ളി ചേട്ടനെ സുനാപ്പി യന്ത്രമിരിക്കുന്ന മുറിയില്‍ കയറ്റാനോ തൊട്ട് നോക്കാനോ അനുവദിച്ചില്ല.ആ ദേഷ്യം കാരണാ ഗഡി ആദ്യം കൂടെ നിന്നിട്ടും പിന്നീട് വാക്ക് മാറ്റിക്കളഞ്ഞത്.

ഇപ്പറഞ്ഞ സംഗതികള്‍ ഇനീം മനസ്സിലാവാത്ത ഏതെങ്കിലും മതേതര ഏഭ്യന്മാരോ കണക്കിന്‍റെ ആധികാരികതയില്‍ പിടിച്ച് തൂങ്ങുന്ന മേത്തന്മാരോ ഉണ്ടെങ്കില്‍ ലവന്മാരെയെല്ലാം പിടിച്ച് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുമെന്നും അല്ലെങ്കില്‍ ആര്യസമാജം,ഹിന്ദു മിഷന്‍,അയ്യപ്പ സേവാസംഘം,(ഹി ഹീ കണ്ടില്ലേ.മ്മ്‌ളോട് കളി വേണ്ട മക്കളേ) ഇതിലേതിലെങ്കിലും കൊണ്ട് പോയി കുറി തൊടീപ്പിക്കുമെന്നും ഏറ്റവും ചുരുങ്ങിയത് ഒരു കഷണം റൊട്ടിയും തന്ന് മാമോദീസ വെള്ളത്തില്‍ മുക്കിത്താഴ്ത്തി കുഞ്ഞാടായി പരിവര്‍ത്തിപ്പിക്കുമെന്നും ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Sunday, December 6, 2009

'ബാബരി മസ്ജിദ്' ! നാം മറക്കാതിരിക്കുക.

ഇന്ന് ബാബരി ദിനം.ഇന്ത്യന്‍ മതേതരത്വത്തിന്‍റെ പതിനേഴാം ശ്രാദ്ധദിനം.ഇന്ത്യന്‍ നിയമവ്യവസ്ഥയെ നോക്ക് കുത്തിയാക്കി മഹത്തായ നമ്മുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ജനാധിപത്യ സം‌വിധാനങ്ങള്‍ക്കും കടക്കല്‍ ഹിന്ദുത്വര്‍ കത്തിവെച്ചിട്ട് ഇന്നേക്ക് 17വര്‍ഷം തികയുന്നു.ഈ ദിവസത്തില്‍ ഒരു പ്രതിഷേധക്കുറിപ്പെങ്കിലും ഇറക്കാതിരിക്കാന്‍ മാത്രം ഷണ്ഡനായിപ്പോയോ ഞാന്‍ എന്ന ചിന്ത വല്ലാതെ പിടികൂടിയപ്പോള്‍ ആണ് ഇരുന്ന് കീബോര്‍ഡില്‍ കൈ വെച്ചത്.

നമ്മുടെ ബഹുസ്വരസമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വാരിവിതറി മനുഷ്യര്‍ക്കിടയില്‍ പകയുടേയും വിദ്വേഷത്തിന്‍റേയും വെറുപ്പിന്‍റേയും വന്മതിലുകള്‍ സൃഷ്ടിച്ച് ഭാരതത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉരുണ്ട ഒരു രഥത്തെ നാം ഓര്‍ക്കുന്നില്ലേ.463 വര്‍ഷം 'അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍' എന്ന മഹത്തായ വചനം വിളംബരം ചെയ്ത ബാബരിയുടെ നെഞ്ചിലൂടെ കയറിയിറങ്ങി മസ്ജിദിന്‍റെ തങ്കത്താഴികക്കുടങ്ങള്‍ ഒരു പിടി മണ്‍കൂനയാക്കിയിയതിനു ശേഷം മാത്രം ബ്രേക്കിട്ട ആ രഥത്തെ നാം മറന്നിട്ടുണ്ടാവില്ല.

അനുഗ്രഹാശീര്‍‌വാദങ്ങളോടെ രഥത്തില്‍ കൈകളുയര്‍ത്തിക്കൊണ്ട് നിന്ന ഉരുക്ക് മനുഷ്യന്മാരേയും കര്‍സേവകന്മാരുടെ കയ്യിലെ പിക്കാസിന്‍റെ ശക്തിയാല്‍ മസ്ജിദിന്‍റെ കല്ലുകട്ടകള്‍ പുകള്‍പെറ്റ നമ്മുടെ മതേതര സങ്കല്‍‌പ്പത്തോടൊപ്പം ഇളകിത്തെറിക്കുന്നത് കണ്ട് ആഹ്ലാദനൃത്തം ചവിട്ടിയ ഉരുക്കും ഉരുക്കല്ലാത്തതുമായ മനുഷ്യ/മനുഷ്യത്തിമാരേയും 'തിരിച്ചറിയാന്‍' ജസ്റ്റിസ് ലിബര്‍ഹാന് 17വര്‍ഷം വേണ്ടി വന്നെങ്കിലും പൊതുസമൂഹത്തിന് അതിന്‍റെ ആവശ്യമില്ലായിരുന്നു.

വിശ്വാസവഞ്ചനയുടെ, അവഗണയുടെ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെയാണെന്ന് തോന്നുന്നു 17വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഡിസംബര്‍ 6-ന്‍റെ പ്രത്യേകത.വിഷമത്തോടെ പറയട്ടെ, ഭരണവര്‍ഗ്ഗ പാര്‍ട്ടിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള സമീപനം കണ്ടാല്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ അങ്ങോരുടെ പേനയെടുത്ത് വീട്ടിലേക്ക് ഉപ്പ് പൊതിഞ്ഞ് കൊണ്ട് വന്ന കടലാസിലെന്തോ കുത്തിക്കുറിച്ചതാണെന്ന് തോന്നും.17വര്‍ഷങ്ങള്‍ മുമ്പ് തങ്ങള്‍ തന്നെ നിയോഗിച്ചതാണ് ഈ ലിബര്‍ഹാനെ എന്ന ഒരു ചിന്ത പോലും ഇല്ല ഇവര്‍ക്ക്.വഞ്ചകന്മാര്‍ !!

ഗാന്ധിവധത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 17വര്‍ഷം തികയുന്ന ഈ വേളയില്‍ നാം തിരിച്ചറിയുന്നു ബാബരി വിഷയത്തില്‍ മുഖ്യധാരക്കാരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ടെന്ന ദുഃഖ സത്യം.

"രണ്ട് നിലക്കെട്ടിടം പണിയാം നമുക്ക്.എന്നിട്ട് മുകള്‍ നിലയില്‍ മുസ്ലിംകള്‍ സുജൂദ് ചെയ്യട്ടെ.താഴെ നിലയില്‍ ഹിന്ദുക്കള്‍ മണിയടിക്കട്ടെ" എന്ന ഫോര്‍മുല വെച്ചവര്‍ക്കറിയില്ല മുസ്ലിം മനസ്സില്‍ ബാബരിയുടെ സ്ഥാനം.യു.പി മുഖ്യമന്ത്രിയായത് കൊണ്ട് മാത്രമാണ് കാക്കി നിക്കറുമിട്ട് പിക്കാസ് കയ്യിലേന്തി മിനാരത്തിന്‍റെ മുകളില്‍ കയറാഞ്ഞത് എന്ന് മാലോകര്‍ക്കെല്ലാമറിയുന്ന കല്യാണ്‍ സിങിനെ മതേതരനാക്കി മാമോദീസമുക്കി കൂടെ കൂട്ടിയവര്‍ക്കും അറിഞ്ഞോളണമെന്നില്ല അത്.കേവലം വോട്ട്ബാങ്കിനപ്പുറത്തേക്ക് മുസല്‍മാനെ ആവശ്യമില്ലാത്തവര്‍ 17വര്‍ഷം മുമ്പ് അറിയാതെ തന്ന വാഗ്ദാനം പിന്‍‌വലിക്കാനുള്ള ബദ്ധപ്പാടിലുമാണ്.

എല്ലാ വര്‍ഷവും ഡിസംബര്‍ ആറിന് പാര്‍ലിമന്‍റില്‍ ഉടുതുണി പൊക്കിക്കൊണ്ട് ബഹളം വെച്ച് സഭ സ്തംഭിപ്പിക്കുന്ന കലാപരിപാടിയാണ് ആകെക്കൂടി നടക്കുന്ന 'പ്രതിഷേധം'.ഈ പ്രതിഷേധക്കാരോട് മുസ്ലിം സമുദായത്തിന് ഒരപേക്ഷയുണ്ട്.പ്ലീസ്.....ഈ കലാപരിപാടി നടത്തി നിങ്ങളിനിയും സമുദായത്തിന്‍റെ ക്ഷമ പരീക്ഷിക്കരുത് !

ബാബരി മസ്ജിദ് ഒരു പിടി കല്ലു കട്ടകളാക്കി മാറ്റി എന്നത് കൊണ്ട് മാത്രം ഇല്ലാതാവുന്നില്ല.ഓരോ ഇന്ത്യക്കാരന്‍റേയും ഹൃദയത്തില്‍ ജീവിച്ചിരിക്കുന്ന ഒരു ബാബരി മസ്ജിദ് ഉണ്ട്.ഒരു ഉരുക്കുമനുഷ്യനും ഒരു കാലത്തും തകര്‍ക്കാന്‍ കഴിയാത്ത ബാബരി.മസ്ജിദ് നില നിന്നിരുന്ന സ്ഥാനത്ത് തന്നെ അത് പുനര്‍നിര്‍മ്മിക്കപ്പെടുന്നത് വരെ നാമോരോരുത്തരും നമ്മുടെ മനസ്സിലിട്ട് താലോലിക്കുന്ന ബാബരി മസ്ജിദ്.

ഈ കുറിപ്പ് അപൂര്‍ണ്ണമാണെന്നറിയാം.തത്ക്കാലം ചുരുക്കട്ടെ.മറവിയിലാണ് ഫാഷിസത്തിന്‍റെ വളര്‍ച്ച.ഡിസംബര്‍-6 ബാബരി ദിനം.നമുക്ക് മറക്കാതിരിക്കുക.

LinkWithin

Related Posts with Thumbnails