Friday, January 9, 2015

ആനച്ചന്തം

 ചുറ്റിനും ചീവിടിന്‍ മൂളല്‍..മലഞ്ചെരുവില്‍ കാട്ടരുവി ഒഴുകിയിറങ്ങുന്ന മര്‍മ്മരം..ഉള്‍ക്കാടിന്‍റെ ഹരിതാഭ...ഉള്ളിലേക്കരിച്ചിറങ്ങുന്ന തണുപ്പില്‍ സഖിയോടൊട്ടിയുള്ള നില്‍‌പ്പ്...! വമ്പന്‍ തുമ്പിക്കൈ നീട്ടി വൃക്ഷശിഖരങ്ങളില്‍ തൊടണം.മുളങ്കൂമ്പ് നുള്ളണം.ഇളംകാറ്റില്‍ എല്ലാം മറന്നൊന്ന് കണ്ണടക്കണം.കാറ്റേറി വരുന്ന കാടിന്‍‌ മണമാസ്വദിക്കണം.മണ്ണും ചളിയും കുഴച്ച് തേച്ച് സ്വയമ്പനൊരു കുളി പാസാക്കണം.കാട്ടാറിലെ തണുതണുത്ത ജീവജലം ഒരു വട്ടം കൂടിയൊന്ന് തൊടണം.സ്വയമൊരു കാടാവാനും അനുഭൂതിയില്‍ സ്വയം അലിഞ്ഞില്ലാതാവാനും വല്ലാത്ത കൊതിയുണ്ടെടോ..!കാഞ്ചനത്തിന്‍ നെറ്റിപ്പട്ടം ചാര്‍ത്തിയിട്ടുണ്ടത്രെ! ഉത്സവപ്പറമ്പിലും ചന്ദനക്കുടം നേര്‍ച്ചകളിലും പുരുഷാരവമുണ്ടത്രെ! എന്ത് കാണാനാ ഈ മാലോകരിങ്ങനെ ചുറ്റിനും കൂടി നില്‍ക്കുന്നത്! ചങ്ങല വരിഞ്ഞ്പൊട്ടിയ വ്രണം കാണാനോ! ഉറക്കം മറന്ന കണ്ണും കണ്ണിലൂടെ നിറഞ്ഞൊഴുകുന്നൊരു ഹൃദയവും കാണാനോ! സ്വപ്നങ്ങള്‍ ചങ്ങലക്കിട്ടവരേ...ഞാനുമൊരു 'മനുഷ്യനാണെടോ'!

 
ടാറിട്ട റോട്ടില്‍ ഹൃദയമടക്കം ഉരുകിയൊലിക്കുന്നുണ്ട്.കതിനകള്‍ക്കൊപ്പം ചെവിയും സ്വപ്നങ്ങളും ജീവിതം തന്നെയും തകര്‍ന്ന് തെറിക്കുന്നുണ്ട്.ഈ പരുപരുത്ത ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റിലിട്ടുരക്കാന്‍ എന്തിനാണെനിക്ക് ഇത്രേം നീണ്ടൊരു തുമ്പിക്കൈ..!

ചങ്ങലക്കിട്ട സ്വപ്നങ്ങള്‍ കാണാതെ ആ നീണ്ട തുമ്പിക്കൈയ്യിനെ കുറിച്ചും ആനച്ചന്തത്തെ കുറിച്ചും പച്ചനുണ ഉപന്യസിക്കാന്‍ ഞാനൊരു 'ആനപ്രേമി'യേ അല്ല! ക്ഷമിക്കുക!

LinkWithin

Related Posts with Thumbnails