Sunday, October 14, 2012

മലാല യൂസഫ്സായ്

'മലാല യൂസഫ്സായ്'. കുഞ്ഞു പെങ്ങളുടെ വേദനയില്‍ പങ്ക് ചേരുന്നു.അവള്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.ചെയ്തവര്‍ ആരായിരുന്നാലും ഒരു നിലക്കും ന്യായീകരണമില്ല.അഫ്ഘാനിലും മറ്റും അധിനിവേശ ശക്തികള്‍ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനും സ്വാതന്ത്ര്യ പോരാളികള്‍ക്ക് പൊതു സമൂഹത്തിലുള്ള പിന്തുണ നഷ്ടപ്പെടുത്താനും മാത്രമേ ഈ കാട്ടാളത്തം ഉപകരിക്കൂ എന്നതില്‍ തര്‍ക്കമില്ല.

വിഷയത്തെ ചൊല്ലി അമേരിക്കന്‍ കുത്തക മാധ്യമങ്ങള്‍ വഴി അനുസ്യൂതം പ്രവഹിച്ച് കൊണ്ടിരിക്കുന്ന 'വിശുദ്ധ വാര്‍ത്തകള്‍' കണ്ണടച്ച് വാരി വിഴുങ്ങാന്‍ മാത്രം നിഷ്കളങ്കമല്ല നമ്മുടെ മനസ്സെന്നതിനാലും ചില 'നിശ്പച്ച' കൊണാപ്പന്മാരുടെ മലാല കണ്ണുനീര്‍ കണ്ട് മനം പിരട്ടുന്നതിനാലും കുറിക്കട്ടെ.

ഓര്‍മ്മ ശരിയാണെങ്കില്‍ ബില്‍ ക്ലിന്‍റണ്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്തെ  സിഖ് കൂട്ടക്കൊലയാണ് പശ്ചാത്തലം.ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഹുറിയത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിക്കുന്ന സമയം.ആ ദിവസങ്ങളില്‍ ഹുറിയത്തിന്‍റെ മുതിര്‍ന്ന നേതാവിന്‍റേതായി, ഗീലാനിയാണെന്ന് തോന്നുന്നു, പത്രങ്ങളില്‍ വന്ന വാക്കുകളുണ്ട്.

'ലോകത്തിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും മനുഷ്യത്വമുള്ളവരുടേയും പിന്തുണയും സഹാനുഭൂതിയും കാംക്ഷിക്കുന്ന ഒരു പോരാട്ടത്തിലാണ് ഞങ്ങള്‍.ജനമനസ്സില്‍ ഞങ്ങളെക്കുറിച്ച് വെറുപ്പ് മാത്രം വളര്‍ത്താനുതകുന്ന, ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവൃത്തിക്ക് ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെടുമോ? ഒരു സംഭവം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആലോചിക്കേണ്ടത് അതിന്‍റെ ഗുണഭോക്താക്കള്‍ ആരാണെന്നാണ്.'

സമാനമായ ഇത്തരം നിഷേധക്കുറിപ്പുകള്‍ പലയിടത്ത് നിന്നും നമുക്ക് കേള്‍ക്കാം.ഉള്‍പ്പേജുകളില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കപ്പെടുന്ന ഇത്തരം കുറിപ്പുകള്‍ നോക്കാന്‍ ആരും മിനക്കെടാറില്ല.ഭീകരവാദ മുദ്ര ചാര്‍ത്തപ്പെടുന്നവര്‍ നമുക്ക് അപ്രിയരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.ആരോപണമുന്നയിക്കുന്നവന്‍ ആരാണെന്നതോ ഉന്നയിക്കുന്നതിലെ ലോജിക്കോ സൗകര്യ പൂര്‍‌വ്വം നാം വിസ്മരിക്കും.

വര്‍ക്കല കൊലപാതകവും തുടര്‍ന്നുള്ള ഡി.എച്ച്.ആര്‍.എം വേട്ടയും ഓര്‍ക്കുക.കാശ്മീര്‍ റിക്രൂട്ടിങും കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ ഇരട്ട സ്ഫോടനവും ഓര്‍ക്കുക(ലിസ്റ്റ് അപൂര്‍ണ്ണം). ഈ കേസുകളിലൊക്കെ പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആഘോഷിച്ചവര്‍ ഇന്നിവിടെ ഉറഞ്ഞു തുള്ളുന്നവരൊക്കെത്തന്നെയായിരുന്നു...ഡിച്ച്.എച്ച്.ആര്‍.എം കേസിലെ പ്രതികള്‍ ആരെന്നത് ഇനിയും തെളിഞ്ഞ്ട്ടില്ല.തടിയന്‍ നസീര്‍ പിടിക്കപ്പെട്ടിതിന് ശേഷവും പലര്‍ക്കും ഇന്നും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് മുകള്‍ പറഞ്ഞ കേസുകളിലെ കുറ്റവാളികള്‍.

അഫ്ഘാനില്‍ അമേരിക്കയും സഖ്യ കക്ഷികളും മുട്ടുമടക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.താലിബാനുമായി ചര്‍ച്ചക്ക് വരെ കര്‍സായിയും അമേരിക്കയും തയ്യാറാവുന്നു.ഈയവസരത്തില്‍ പാക്കിസ്ഥാനില്‍ നിന്നും വരുന്ന ഇത്തരം വാര്‍ത്തകളുടെ ഗുണഭോക്താക്കള്‍ എന്തായാലും താലിബാനല്ല.ഗീലാനിയുടെ വാക്കുകള്‍ ഇവിടെയാണ് പ്രസകതമാകുന്നത്.

'യുദ്ധസമയത്ത് തങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇവോണ്‍ റിഡ്‌ലിയോടുള്ള താലിബാന്‍റെ സമീപനം.' 'പാക്കിസ്ഥാനിലെ എല്ലാ പെണ്‍‌മക്കളേയും പോലെ വിദ്യാഭ്യാസത്തിന് എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞതിന്‍റെ പേരില്‍ പേപ്പട്ടിയെ ആക്രമിക്കുന്ന ലാഘവത്തില്‍ ഒരു കൊച്ചു കുട്ടിയെ തെരുവിലിട്ട് മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ വേട്ടയാടിയ പാക്ക് താലിബാന്‍റെ സമീപനം.' എങ്ങിനെയാണ് ഇവ രണ്ടും തമ്മില്‍ ചേരുക? പാക് താലിബാനും അഫ്ഘാന്‍ താലിബാനും രണ്ടും രണ്ടാണെന്നും, പാക്കിസ്ഥാനിലേത് അമേരിക്കയുടെ  തന്നെ സൃഷ്ടിയാണെന്നും പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ടെന്നത് ഇതോട് ചേര്‍ത്ത് വായിക്കുക.

നീതിക്കും സ്വാതന്ത്ര്യത്തിനുമായി പോരാടുന്നവര്‍ അതിനി എവിടെയായാലും അവരെ പൊതുജനമദ്ധ്യത്തില്‍ താറടിക്കാന്‍ ഭരണകൂടങ്ങളും എതിരാളികളും നടത്തുന്ന വേലകള്‍ക്ക് സമാനസ്വഭാവമാണ്.

പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു രാജ്യത്തെ മുച്ചൂടും നശിപ്പിച്ച് പിഞ്ചു കുട്ടികളടക്കം ലക്ഷക്കണക്കിന് നിരപരാധരെ കൊന്നു തള്ളി അവിടുത്തെ പ്രകൃതി സമ്പത്ത് ഊറ്റിയെടുത്ത് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന്‍റെ മലാല കണ്ണുനീരില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന രാഷ്ട്രീയം കാണാതെ പോകരുത്.മുന്‍‌കാല അനുഭവങ്ങള്‍ വേണ്ടത്ര മുന്‍‌പിലുള്ളപ്പോള്‍ മലാല കേസിലുള്‍പ്പെടെ പാശ്ചാത്യ മാധ്യമ ഭാഷ്യം വിശ്വസിക്കുന്നതിന് മുമ്പ് ഒരാവര്‍ത്തി ആലോചിക്കേണ്ടതുണ്ടെന്ന് പറയുന്നതില്‍ ന്യായമില്ലേ?

ഒപ്പം ഉത്തരേന്ത്യയിലും ദിനം പ്രതിയെന്നോണം ഫലസ്തീനിലും മറ്റും  എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്ന മലാലമാരുടെ കണ്ണുനീരിന് വിലയില്ലാതാവുന്നതിനു പിന്നിലെ രാഷ്ട്രീയവും ഗര്‍ഭസ്ഥ ശിശുവിനെ തൃശൂലത്തില്‍ കുരുത്ത് കത്തിയാളുന്ന തീയിലേക്കെറിഞ്ഞ് ഉന്മാദനൃത്തം ചവിട്ടിയ അക്രമിക്കൂട്ടത്തേയും അവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ഒരു ഭീകരനായ ഭരണാധികാരിയേയും ഒരുളുപ്പുമില്ലാതെ ന്യായീകരിക്കുന്ന നിഷ്കളങ്ക 'നിശ്പച്ചരുടെ' രോദനത്തിന്‍റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

LinkWithin

Related Posts with Thumbnails