Thursday, December 6, 2012

നമുക്ക് മറക്കാതിരിക്കുക.

ഇന്ന് 'ഡിസംബര്‍ 6.' ചിതറിത്തെറിച്ച ബാബരി മസ്ജിദിന്‍റെ താഴികക്കുടങ്ങള്‍ക്കൊപ്പം പുകള്‍ പെറ്റ നമ്മുടെ മതേതരസങ്കല്‍‌പം മണ്ണോട് ചേര്‍ന്ന ദിവസം.ഗാന്ധിവധത്തിന് ശേഷം രാജ്യം കണ്ട ഭീകരാക്രമണമെന്ന് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ച കറുത്ത ദിനം.

തെളിവുകള്‍ക്കും ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കും പകരം ഐതിഹ്യങ്ങളെയും കെട്ടു കഥകളേയും കോടതികള്‍ മുഖവിലക്കെടുക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നതിന്‍റെ നടുക്കത്തില്‍ നിന്നും രാജ്യത്തിന്‍റെ മതേതര മനസ്സാക്ഷി ഇന്നും മോചിതമായിട്ടില്ല.നീതിക്കായി കാത്തിരുന്ന ഇന്ത്യയിലെ മുസ്ലിംകളടക്കമുള്ള മതേതരവിശ്വാസികള്‍ക്ക് മസ്ജിദ് ധ്വംസനത്തിന്‍റെ രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള ഈ ഡിസംബറും നിരാശയും വേദനയുമല്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

1992 ഡിസംബര്‍ ആറിനു നരസിംഹറാവുവിന്‍റെ നിഷ് ക്രിയത്വം മുതലെടുത്ത് ഹിന്ദുത്വശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തു.തത്‌സ്ഥിതി നിലനിര്‍ത്തണമെന്ന പരമോന്നത നീതിപീഠത്തിന്‍റെ ഉത്തരവിനെ കാറ്റില്‍ പറത്തി ഇന്ത്യയിലെ മുഴുവന്‍ നിയമസം‌വിധാനങ്ങളേയും വെല്ലുവിളിച്ച്, നാടിനു തീരാകളങ്കം തീര്‍ത്ത് മസ്ജിദ് തകര്‍ത്തെറിഞ്ഞ ഭീകരന്മാര്‍ ഇന്നും നമുക്ക് മുമ്പില്‍ സ്വതന്ത്രരായി വിഹരിക്കുന്നു.മസ്ജിദ് പുനര്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് ലോകത്തിനു വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ്സുകാരന്‍റെ ആത്മാര്‍ഥത മറ്റൊരു വശത്ത്....

മസ്ജിദ് ധ്വംസനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കിയുള്ള 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.മുന്‍ പ്രധാനമന്ത്രി വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെ 68 പേര്‍ക്ക് പ്രഥമദൃഷ്ട്യാ തന്നെ മസ്ജിദ് ധ്വംസനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.മോക്ഷം ലഭിക്കാതെ പാര്‍ലിമെന്‍റിന്‍റെ എതോ ഇരുട്ടറകളില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും പൊടിയും പിടിച്ച് വിശ്രമിക്കുന്നുണ്ട്.ഒന്ന് ചര്‍ച്ചക്കെടുക്കാന്‍ പോലും മനസ്സില്ലാത്ത വഞ്ചകന്മാര്‍.മതേതര ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ ഭീകരാക്രമണത്തിനു ഉത്തരവാദികളായ രാജ്യദ്രോഹികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും കഴിയാത്ത വിധം മരവിച്ചിരിക്കുന്നു നമ്മുടെ നീതിബോധവും നിയമ സം‌വിധാനങ്ങളുമെല്ലാം.വൃണിതമാണ് മുസ്ലിംകള്‍ ഉള്‍പ്പെടെ നീതി പുലരണമെന്നാഗ്രഹിച്ച വലിയൊരു ജനവിഭാഗത്തിന്‍റെ മനസ്സ്.

നീതിയും നിയമവും ഒരു കൂട്ടരെ തൊടാന്‍ മടിക്കുന്നു.കൈ വിലങ്ങുകളും കല്‍‌തുറുങ്കുകളും ഒരു കൂട്ടര്‍ക്ക് വേണ്ടി മാത്രമാകുന്നുവെന്നതിന് നശിച്ചൊടുങ്ങിയ ഒട്ടനവധി ജീവിതങ്ങള്‍ സാക്ഷി.പ്രതീകങ്ങളായി താക്കറേയും മ‌അദനിയും.വര്‍ത്തമാന ഇന്ത്യയുടെ ഭയപ്പെടുത്തുന്ന, വേദനിപ്പിക്കുന്ന പ്രതീകങ്ങള്‍...!

മതേതരെന്ന് നാം വിശ്വസിച്ച മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഉന്നതരുടെ സാന്നിധ്യം കൊണ്ട് (കഴിയാത്തവര്‍ മദ്‌ഹ് പാട്ടുകളിലൂടെ) 'അനുഗ്രഹീതമായിരുന്നു' മനുഷ്യനെ മതില്‍ കെട്ടി വേര്‍തിരിച്ച, ബോംബെ കലാപത്തിന് ഉത്തരവാദിയെന്ന് ശ്രീ കൃഷ്ണ കമ്മീഷന്‍ കുറ്റപ്പെടുത്തിയ  ഒരു ക്രിമിനലിന്‍റെ സംസ്കാര ചടങ്ങുകള്‍.ഒട്ടനവധി മഹാന്മാരുടെ ജീവരക്തം കുതിര്‍ന്ന് പവിത്രമായ മൂവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് സര്‍ക്കാര്‍ ആദരവുകളോടെ ആചാരവെടി മുഴക്കി കുഴിയിലേക്കിറക്കി വെക്കാന്‍ മാത്രം എന്ത് മഹത്കൃത്യമാണ് ഈ 'മഹാന്‍' ചെയ്തതെന്ന് ചോദിച്ചവര്‍ തുലോം കുറവായിരുന്നു.

മറുവശത്ത് തുല്യതയില്ലാത്ത നീതിനിഷേധവുമായി മ‌അദനിയെന്ന ഭാരതീയന്‍റെ പേക്കോലം.ബാബരി പോലെ  മ‌അദനിയും ഒരു പ്രതീകമാണ്.അവഗണയുടെ, നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന പ്രതീകം.

അസ്വാതന്ത്ര്യത്തിന്‍റേയും അപമാനത്തിന്‍റേയും അവഗണനയുടേയും കൈപ്പുനീര്‍ കുടിച്ച് മടുത്തവര്‍ വഴി തെറ്റാന്‍ എളുപ്പമാണ്.അവസാന അഭയകേന്ദ്രത്തില്‍ വരെ പൗരന് വിശ്വാസം നഷ്ടപ്പെട്ടാലുള്ള അവസ്ഥ ഭയാനകമായിരിക്കും.അത് തന്നെയായിരിക്യാം ചിലരുടെ ആഗ്രഹവും.ആരും ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ കൈവെടിയാതിരിക്കട്ടെ.നാട്ടില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന, രാജ്യത്തിന്‍റെ കെട്ടുറപ്പ് തകരരുതെന്നാഗ്രഹിക്കുന്ന ഏതൊരാളെയും പോലെ അത് തന്നെയാണ് എന്‍റെയും പ്രാര്‍ഥന.

നീതിയെന്നൊക്കെ ഉത്ഘോഷിക്കപ്പെടുന്ന അലഹബാദ് ഹൈക്കോടതി ഒത്തു തീര്‍പ്പ് സൂത്രത്തെക്കുറിച്ച് ചിലത് കുറിക്കട്ടെ.മറവി തീണ്ടാതിരിക്കാന്‍.

സംഘ്പരിവാറിനെ മനസ്സിലാക്കാം.എന്നാല്‍ ചില ചാനലുകാരും പത്രങ്ങളും വരെ പവിത്രവും പരിപാവനവുമെന്ന് വിശേഷിപ്പിച്ചു കളഞ്ഞിരുന്നു കോടതിയുടെ ഈ വീതം വെപ്പിനെ.ആര്‍ക്കെന്ത് നഷ്ടപ്പെട്ടിട്ടാണെങ്കിലും പണ്ടാരം ഇതൊന്ന് അവസാനിച്ച് കിട്ടിയിട്ട് വേണം ചായക്കടയിലിരുന്ന് നാല് മതേതര ബഡായി വിടാന്‍ എന്ന് ചിന്തിച്ചവര്‍ക്ക് വീതം വെപ്പ് ആശ്വാസം പകരുന്നുണ്ടാവാം.ബാബരിക്ക് പിറകെ കാശിയിലേയും മധുരയിലേതുമടക്കം നാലായിരത്തോളം 'തര്‍ക്കസ്ഥലങ്ങള്‍ ' കര്‍സേവകരുടെ പിക്കാസ് പതിക്കുന്നതും കാതോര്‍ത്ത് കിടക്കുന്നുണ്ടെന്ന കാര്യമൊക്കെ തത്ക്കാലം വിസ്മരിക്കുക.

ഇത് സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളെ വാനില്‍ പറത്തേണ്ട സമയമാണ്.കാശിയും മധുരയുമൊക്കെ തകരുമ്പോഴല്ലേ.അത് അപ്പോള്‍ ആലോചിക്കാമെന്ന ലൈനിലാണ് ചിലര്‍.വെറ്ററന്‍ താരത്തിന് ഇനിയൊരു രഥം കൂടെ ഉരുട്ടാനുള്ള ബാല്യമില്ല.പുതിയൊരു ഉരുക്കുമനുഷ്യന്‍ ഉദയം കൊള്ളണം.അദ്ധേഹം രഥയാത്ര നടത്തണം.യാത്ര കടന്ന് പോകുന്നിടത്തെല്ലാം കാക്കമാരുടെ കബന്ധങ്ങള്‍ കാക്കകള്‍ കൊത്തി വലിക്കണം.തെരുവുകള്‍ ശ്മശാന ഭൂമിയായി മാറണം.

'ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണ്.വിശ്വാസത്തിന്‍റെ പ്രശ്നത്തില്‍ വിധി പറയാന്‍ കോടതിക്കെന്ത് അധികാരം.കോടതി വിധി എന്തായാലും ഞങ്ങള്‍ക്ക് പുല്ലാണെന്നും ക്ഷേത്രനിര്‍‌മ്മാണം ഞങ്ങള്‍ നടത്തിയിരിക്കുമെന്നും' തൊഗാഡിയമാര്‍ പരസ്യമായി വെല്ലുവിളിക്കണം.പോലീസും പട്ടാളവും പുകള്‍പെറ്റ നമ്മുടെ നിയമ സം‌വിധാനങ്ങളും ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കണം.ഗര്‍ജ്ജനം രാജ്യത്ത് മാറ്റൊലി കൊള്ളുമ്പോള്‍ ഭരണാധികാരികള്‍ മുട്ടിടിച്ച് സൗസറില്‍ മുള്ളണം.

അവസാനമവസാനം പൊളിഞ്ഞ് വീണ കാശി,മധുര (താമസിയാതെ തര്‍ക്കസ്ഥലമെന്ന് പേര് മാറിയേക്കാം) കേസില്‍ വിധി പറയുന്ന ജഡ്ജിയേമാന്മാരുടെ വീടുകളില്‍ കുട്ടിക്കുരങ്ങന്മാര്‍ വിരുന്നിനെത്തണം.വന്നത് വെറും കുരങ്ങന്മാരല്ല.അത് സാക്ഷാല്‍ ഹനുമാന്‍റെ അനന്തിരവാനാണെന്ന് ജഡ്ജിയേമാന്മാര്‍ക്ക് വഹ്‌യ്(ദൈവസന്ദേശം) ഇറങ്ങണം.അങ്ങനെ തെളിവെന്നത് മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ലെങ്കിലും ചില പ്രത്യേക തരം 'അനുമാനങ്ങളില്‍' കോടതികള്‍ വിധി പറയണം.

സമയം ഒരുപാടുണ്ട് ഹേ.ഇനിയവിടേയും കര്‍സേവ നടന്നെന്നിരിക്കട്ടെ.ബാബരി കേസില്‍ ചിലരുടെ സ്വപ്നവും ആഗ്രഹവുമൊക്കെ പോലെ ഒരു സൈഡില്‍ മന്ദിരവും മറ്റേ സൈഡില്‍ മസ്ജിദും തലയുയര്‍ത്തിപ്പിടിച്ച് നിന്ന് ഭാരത്തത്തിന്‍റെ മഹത്തായ മതേതരത്വം ഉല്‍ഘോഷിക്കുന്നത് കണ്ട് നമുക്ക് കോള്‍മയിര്‍ കൊള്ളാം.അന്യന്‍റെ മുതല് കയ്യിട്ട് വാരിയിട്ടാണെങ്കിലും അഴിമതിയിലും അനീതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചാണെങ്കിലും മതേതരത്വം വിജയിക്കട്ടെ.

അതിനാല്‍ ചുമ്മാ കാശി,മധുര,വാരാണസി,മാങ്ങാത്തൊലിയെന്നൊക്കെ പുലമ്പിക്കൊണ്ടിരുന്ന് നാട്ടിലെ സമാധാനം തകര്‍ക്കാതെ അലഹാബാദ് ഹൈക്കോടതിയുടെ പരിപാവനമായ, പവിത്രമായ,അതിമഹത്തായ ഒത്തു തീര്‍പ്പ് സൂത്രത്തിന് നാല് മദ്‌ഹ് പാട്ട് പാടൂ മക്കളേ.ഞാന്‍ തുടങ്ങി വെക്കാം.ഇന്ന ബൈത്തന്‍ അന്‍‌ത.........

ശിഷ്ടം:- ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവെക്കപ്പെട്ട ബാബരിമസ്ജിദ് ഒത്തു തീര്‍പ്പ് സൂത്രത്തെ രണ്ട് കയ്യും നീട്ടി(പടച്ചോന്‍ രണ്ട് കൈ കൂടെ തന്നിരുന്നെങ്കിലെന്ന് ചിന്തിച്ച നിമിഷം) സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ നിര്‍ത്താന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ല.ജഡ്ജിയേമാന്മാരുടെ ഈ വിഭജനം പൂര്‍ണ്ണമായില്ലെന്നാണ് എന്‍റെ പക്ഷം.സ്കേല് വെച്ച് കിറു കൃത്യമായളന്ന് അഞ്ചോ ആറോ ആയി കീറി മുറിച്ച് ഒരു തുണ്ടം ക്രിസ്ത്യാനികള്‍ക്കും ഒരു തുണ്ടം സിഖ്കാര്‍ക്കും ശേഷിക്കുന്നത് മ്മ്ടെ യുക്തിവാദികള്‍ക്കും കൂടി വീതിച്ച് നല്‍കണമായിരുന്നു.എന്നാലേ കോടതി ഉദ്ധേശിച്ച രീതിയില്‍ മതേതരത്വം ശരിയായ രീതിയില്‍ പൊട്ടി വിടര്‍ന്ന് പരിമളം പരത്തുമായിരുന്നൊള്ളൂ.

* പഴയൊരു പോസ്റ്റ് പൊടി തട്ടിയെടുത്തത്.

Saturday, November 10, 2012

ഖല്‍ബിലേക്കുള്ള ഫ്ലിക്ക്

കറുത്ത ഒരു ലെതര്‍ ബാഗ്‌ വെട്ടിയുണ്ടാക്കിയ പോലുള്ള ആ മാല, അതും കഴുത്തില്‍ തൂക്കിയിട്ട്‌ കൊണ്ടുള്ള നുമ്മടെ ബാറ്റിംങ്, ഇന്നും പഴയ സുഹൃത്തുക്കള്‍ തമാശയോടെ സ്മരിക്കാറുണ്ട്‌.റീബോക്കിന്റെ ഷൂസൊരെണ്ണം ബാപ്പാനോട്‌ കരഞ്ഞു വിളിച്ച്‌ വരുത്തിച്ചു.റീബോക്കിന്റെ ബാറ്റ് തെരെഞ്ഞു നടന്ന് കിട്ടാതായപ്പോള്‍ കെ.ജി യുടെ ബാറ്റ്‌ വാങ്ങി സ്റ്റികറൊക്കെ ഉലിച്ച്‌ കളഞ്ഞു പകരം റീബോക്ക്‌ പതിച്ചു.

അജ്ജുവിന്റെ ഫ്ലിക്കിനു പഠിച്ചു പഠിച്ചു ഓഫ്‌ സ്റ്റംബ്‌ നിരന്തരം തെറിക്കുമായിരുന്നു.ഇനിയെങ്ങാനും ടൂര്‍ണ്ണമെന്റുകളില്‍ നീ ഫ്ലിക്കിയാല്‍ 'പിടിച്ചു പുറത്തിരുത്തുമെടാ' എന്ന ടീം ക്ല്യാപ്റ്റന്റെ ഭീഷണിക്ക്‌ വഴങ്ങി മനസ്സില്ലാ മനസ്സോടെ ഫ്ലിക്കിനെ മൊഴി ചൊല്ലിയത്‌ ഓര്‍ക്കുന്നു.തോല്‍വി സമ്മതിക്കാത്ത ഞാന്‍ സോക്സില്‍ ബോള്‍ പൊതിഞ്ഞു മുറ്റത്തെ മാവില്‍ കെട്ടിത്തൂക്കി ഫ്ലിക്ക്‌ പ്രാക്ടീസ്‌ ചെയ്ത്‌ കൈകുഴ പുതിയതൊരെണ്ണത്തിനു ഓര്‍ഡര്‍ കൊടുക്കേണ്ടി വരുമോയെന്ന് സന്ദേഹിച്ചതും മറന്നിട്ടില്ല.നിന്‍റെ ഫ്ലിക്കിനോടുള്ള മൊഹബ്ബത് മൂലം 'തോണ്ടിക്കുറി' എന്നൊരു ഇരട്ടപ്പേരും കുറച്ച് കാലത്തേക്ക് സുഹൃത്തുക്കള്‍ പതിച്ച് തന്നിരുന്നു.ഓടുന്ന ഓട്ടത്തില്‍ അപ്രതീക്ഷിതമായി സ്റ്റംബിനെ ലക്ഷ്യമാക്കി പാഞ്ഞിരുന്ന നിന്‍റേതു മാത്രമായ ആ ത്രോ അനുകരിച്ച് അനുകരിച്ച് 'എത്ര ഓവര്‍ ത്രോ ബൗണ്ടറികള്‍' പിറന്നിരിക്കുന്നുവെന്നറിയുമോ..

ഇടക്കിടെ നാവ് മേല്‍ചുണ്ടില്‍ സ്പര്‍ശിച്ച് കൊണ്ടുള്ള ആ ചിരി വരെ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.മുറിയും മനസും നിറയെ നിന്‍റെ ബഹുവര്‍ണ്ണ ചിത്രങ്ങളായിരുന്നു.കുടുംബ ആല്‍ബത്തില്‍ ബാപ്പാന്റെയും ഉമ്മാന്റെയും പോട്ടത്തേക്കാള്‍ നിന്‍റെ പോട്ടംസ്‌ നിറഞ്ഞിരിക്കുന്നത്‌ കണ്ടു കലിവന്ന ബാപ്പ ആല്‍ബമെടുത്ത്‌ പുറത്തേക്ക്‌ സിക്സറടിച്ചതും, കണ്ണു തുടച്ച്‌ ആല്‍ബമെടുത്ത്‌ വന്നു പൊടി തട്ടി വീണ്ടും പെട്ടിയില്‍ കൊണ്ടു വെച്ചതും, ക്രിക്കറ്റിനെയും നിന്നെയും നാം തമ്മിലുള്ള ഗാഢ ബന്ധത്തേയും അറിയാത്ത ബാപ്പാന്‍റെ 'പോക്രിത്തരത്തിനു' മാപ്പ്‌ കൊടുത്തതും ചരിത്രം.

സംഗീത ബിജ്ലാനി നിന്നെ വളച്ചെന്നും പാവം നൗറിത്താനെ മൊഴി ചൊല്ലി നീയിപ്പൊ അവളുടെ കൂടെ കറങ്ങുവാണെന്നുമൊക്കെ പുള്ളാരു ചൊറിയുമ്പോള്‍ നൂറു മീറ്റര്‍ നാവുള്ള ഞാന്‍ മിണ്ടാട്ടം മുട്ടി നില്‍ക്കാറുള്ളതും 'പടച്ചോനേ യെവളെ വിട്ട്‌ നൗറിത്തയുമായി അജ്ജുബായിയെ വീണ്ടും അടുപ്പിക്കണേയെന്ന്' അത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചതുമൊക്കെ എനിക്ക്‌ മാത്രമറിയാവുന്ന രഹസ്യം.

അവസാനം കോഴയില്‍ കുടുങ്ങി നീ പുറത്ത്‌ പോയതും 'അസ്‌ഹര്‍ നിന്നെയൊക്കെ £&!&£൫%%$# ച്ചില്ലെടായെന്ന' സുഹൃത്തുക്കളുടെ പരിഹാസത്തില്‍ മനം നൊന്ത്‌ രണ്ടു ദിവസം ക്ലാസ്‌ കട്ട്‌ ചെയ്ത്‌ ഗ്രൗണ്ടില്‍ പോയിരുന്നതും, വിഷമം സഹിക്കാനാവാതെ പാന്‍ പരാഗ്‌ അടിച്ചു 'ഫിറ്റായതും' എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

ക്രിക്കറ്റ് ജ്വരം പടിപടിയായി കുറഞ്ഞു.ഇന്ത്യ അവസാനമായി കളിച്ചത് ഏത് ടൂര്‍ണമെന്‍റാണെന്ന് ചോദിച്ചാല്‍ ഇന്ന് അറിയണമെന്നില്ല.എന്നാലും അജ്ജൂ നീ തൊടുത്തു വിട്ടിരുന്ന  ഫ്ലിക്കുകള്‍ സര്‍‌വ്വ ബൗണ്ടറികളും ഭേദിച്ച് പാഞ്ഞ് കയറിയിരുന്നത് ഖല്‍ബുകളിലേക്കായിരുന്നുവെന്നത് ഉറങ്ങി മരിക്കേണ്ടിയിരുന്ന ഈ ഒഴിവുദിവസ പ്രഭാതത്തില്‍ പിറന്ന അക്ഷരങ്ങള്‍ തന്നെ സാക്ഷി.

Sunday, October 14, 2012

മലാല യൂസഫ്സായ്

'മലാല യൂസഫ്സായ്'. കുഞ്ഞു പെങ്ങളുടെ വേദനയില്‍ പങ്ക് ചേരുന്നു.അവള്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.ചെയ്തവര്‍ ആരായിരുന്നാലും ഒരു നിലക്കും ന്യായീകരണമില്ല.അഫ്ഘാനിലും മറ്റും അധിനിവേശ ശക്തികള്‍ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനും സ്വാതന്ത്ര്യ പോരാളികള്‍ക്ക് പൊതു സമൂഹത്തിലുള്ള പിന്തുണ നഷ്ടപ്പെടുത്താനും മാത്രമേ ഈ കാട്ടാളത്തം ഉപകരിക്കൂ എന്നതില്‍ തര്‍ക്കമില്ല.

വിഷയത്തെ ചൊല്ലി അമേരിക്കന്‍ കുത്തക മാധ്യമങ്ങള്‍ വഴി അനുസ്യൂതം പ്രവഹിച്ച് കൊണ്ടിരിക്കുന്ന 'വിശുദ്ധ വാര്‍ത്തകള്‍' കണ്ണടച്ച് വാരി വിഴുങ്ങാന്‍ മാത്രം നിഷ്കളങ്കമല്ല നമ്മുടെ മനസ്സെന്നതിനാലും ചില 'നിശ്പച്ച' കൊണാപ്പന്മാരുടെ മലാല കണ്ണുനീര്‍ കണ്ട് മനം പിരട്ടുന്നതിനാലും കുറിക്കട്ടെ.

ഓര്‍മ്മ ശരിയാണെങ്കില്‍ ബില്‍ ക്ലിന്‍റണ്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്തെ  സിഖ് കൂട്ടക്കൊലയാണ് പശ്ചാത്തലം.ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഹുറിയത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിക്കുന്ന സമയം.ആ ദിവസങ്ങളില്‍ ഹുറിയത്തിന്‍റെ മുതിര്‍ന്ന നേതാവിന്‍റേതായി, ഗീലാനിയാണെന്ന് തോന്നുന്നു, പത്രങ്ങളില്‍ വന്ന വാക്കുകളുണ്ട്.

'ലോകത്തിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും മനുഷ്യത്വമുള്ളവരുടേയും പിന്തുണയും സഹാനുഭൂതിയും കാംക്ഷിക്കുന്ന ഒരു പോരാട്ടത്തിലാണ് ഞങ്ങള്‍.ജനമനസ്സില്‍ ഞങ്ങളെക്കുറിച്ച് വെറുപ്പ് മാത്രം വളര്‍ത്താനുതകുന്ന, ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവൃത്തിക്ക് ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെടുമോ? ഒരു സംഭവം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആലോചിക്കേണ്ടത് അതിന്‍റെ ഗുണഭോക്താക്കള്‍ ആരാണെന്നാണ്.'

സമാനമായ ഇത്തരം നിഷേധക്കുറിപ്പുകള്‍ പലയിടത്ത് നിന്നും നമുക്ക് കേള്‍ക്കാം.ഉള്‍പ്പേജുകളില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കപ്പെടുന്ന ഇത്തരം കുറിപ്പുകള്‍ നോക്കാന്‍ ആരും മിനക്കെടാറില്ല.ഭീകരവാദ മുദ്ര ചാര്‍ത്തപ്പെടുന്നവര്‍ നമുക്ക് അപ്രിയരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.ആരോപണമുന്നയിക്കുന്നവന്‍ ആരാണെന്നതോ ഉന്നയിക്കുന്നതിലെ ലോജിക്കോ സൗകര്യ പൂര്‍‌വ്വം നാം വിസ്മരിക്കും.

വര്‍ക്കല കൊലപാതകവും തുടര്‍ന്നുള്ള ഡി.എച്ച്.ആര്‍.എം വേട്ടയും ഓര്‍ക്കുക.കാശ്മീര്‍ റിക്രൂട്ടിങും കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ ഇരട്ട സ്ഫോടനവും ഓര്‍ക്കുക(ലിസ്റ്റ് അപൂര്‍ണ്ണം). ഈ കേസുകളിലൊക്കെ പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആഘോഷിച്ചവര്‍ ഇന്നിവിടെ ഉറഞ്ഞു തുള്ളുന്നവരൊക്കെത്തന്നെയായിരുന്നു...ഡിച്ച്.എച്ച്.ആര്‍.എം കേസിലെ പ്രതികള്‍ ആരെന്നത് ഇനിയും തെളിഞ്ഞ്ട്ടില്ല.തടിയന്‍ നസീര്‍ പിടിക്കപ്പെട്ടിതിന് ശേഷവും പലര്‍ക്കും ഇന്നും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് മുകള്‍ പറഞ്ഞ കേസുകളിലെ കുറ്റവാളികള്‍.

അഫ്ഘാനില്‍ അമേരിക്കയും സഖ്യ കക്ഷികളും മുട്ടുമടക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.താലിബാനുമായി ചര്‍ച്ചക്ക് വരെ കര്‍സായിയും അമേരിക്കയും തയ്യാറാവുന്നു.ഈയവസരത്തില്‍ പാക്കിസ്ഥാനില്‍ നിന്നും വരുന്ന ഇത്തരം വാര്‍ത്തകളുടെ ഗുണഭോക്താക്കള്‍ എന്തായാലും താലിബാനല്ല.ഗീലാനിയുടെ വാക്കുകള്‍ ഇവിടെയാണ് പ്രസകതമാകുന്നത്.

'യുദ്ധസമയത്ത് തങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇവോണ്‍ റിഡ്‌ലിയോടുള്ള താലിബാന്‍റെ സമീപനം.' 'പാക്കിസ്ഥാനിലെ എല്ലാ പെണ്‍‌മക്കളേയും പോലെ വിദ്യാഭ്യാസത്തിന് എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞതിന്‍റെ പേരില്‍ പേപ്പട്ടിയെ ആക്രമിക്കുന്ന ലാഘവത്തില്‍ ഒരു കൊച്ചു കുട്ടിയെ തെരുവിലിട്ട് മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ വേട്ടയാടിയ പാക്ക് താലിബാന്‍റെ സമീപനം.' എങ്ങിനെയാണ് ഇവ രണ്ടും തമ്മില്‍ ചേരുക? പാക് താലിബാനും അഫ്ഘാന്‍ താലിബാനും രണ്ടും രണ്ടാണെന്നും, പാക്കിസ്ഥാനിലേത് അമേരിക്കയുടെ  തന്നെ സൃഷ്ടിയാണെന്നും പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ടെന്നത് ഇതോട് ചേര്‍ത്ത് വായിക്കുക.

നീതിക്കും സ്വാതന്ത്ര്യത്തിനുമായി പോരാടുന്നവര്‍ അതിനി എവിടെയായാലും അവരെ പൊതുജനമദ്ധ്യത്തില്‍ താറടിക്കാന്‍ ഭരണകൂടങ്ങളും എതിരാളികളും നടത്തുന്ന വേലകള്‍ക്ക് സമാനസ്വഭാവമാണ്.

പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു രാജ്യത്തെ മുച്ചൂടും നശിപ്പിച്ച് പിഞ്ചു കുട്ടികളടക്കം ലക്ഷക്കണക്കിന് നിരപരാധരെ കൊന്നു തള്ളി അവിടുത്തെ പ്രകൃതി സമ്പത്ത് ഊറ്റിയെടുത്ത് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന്‍റെ മലാല കണ്ണുനീരില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന രാഷ്ട്രീയം കാണാതെ പോകരുത്.മുന്‍‌കാല അനുഭവങ്ങള്‍ വേണ്ടത്ര മുന്‍‌പിലുള്ളപ്പോള്‍ മലാല കേസിലുള്‍പ്പെടെ പാശ്ചാത്യ മാധ്യമ ഭാഷ്യം വിശ്വസിക്കുന്നതിന് മുമ്പ് ഒരാവര്‍ത്തി ആലോചിക്കേണ്ടതുണ്ടെന്ന് പറയുന്നതില്‍ ന്യായമില്ലേ?

ഒപ്പം ഉത്തരേന്ത്യയിലും ദിനം പ്രതിയെന്നോണം ഫലസ്തീനിലും മറ്റും  എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്ന മലാലമാരുടെ കണ്ണുനീരിന് വിലയില്ലാതാവുന്നതിനു പിന്നിലെ രാഷ്ട്രീയവും ഗര്‍ഭസ്ഥ ശിശുവിനെ തൃശൂലത്തില്‍ കുരുത്ത് കത്തിയാളുന്ന തീയിലേക്കെറിഞ്ഞ് ഉന്മാദനൃത്തം ചവിട്ടിയ അക്രമിക്കൂട്ടത്തേയും അവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ഒരു ഭീകരനായ ഭരണാധികാരിയേയും ഒരുളുപ്പുമില്ലാതെ ന്യായീകരിക്കുന്ന നിഷ്കളങ്ക 'നിശ്പച്ചരുടെ' രോദനത്തിന്‍റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

Wednesday, April 25, 2012

'കടല്‍ കൊലക്ക്' അവാര്‍ഡ്


അന്താരാഷ്ട്ര നാടക അക്കാദമിയുടെ 2012 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഇറ്റലി & ഇന്ത്യ ടീമിന്‍റെ സം‌യുക്ത സം‌രംഭമായ 'കടല്‍ കൊല - വിശുദ്ധവെടിയും, വിശുദ്ധപ്രതികളും' ആണ് മികച്ച നാടകം.

അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച നാടകത്തില്‍ ആദ്യവസാനം തകര്‍ത്തഭിനയിച്ച ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.ആദ്യ പകുതിയില്‍ രംഗത്ത് വന്ന് കയ്യടി നേടിയ ആലഞ്ചേരി തമ്പ്രാക്കള്‍ ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡിന് അര്‍ഹനായി.സത്യത്തില്‍ തിരശ്ശീല മുന്നിലുണ്ടെന്ന് കരുതി അഭിനയിക്കുകയായിരുന്ന തമ്പ്രാക്കള്‍ അറിയാതെ ഏതോ എരണം കെട്ടവന്‍  തിരശ്ശീല പൊക്കിയതാണെന്നതാണെന്നും ഒരഭിപ്രായമുണ്ട്.നാടകത്തില്‍ ആലഞ്ചേരി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

'തന്നെ കൂടാതെ തിരശ്ശീലക്ക് പിന്നില്‍ നിന്നും കിടിലന്‍ അഭിനയം കാഴ്ച വെക്കാന്‍ കഴിവുള്ളവരാണ് 11 കെ.വി തോമസച്ചായനും മറ്റു ചില ഇടയന്മാരും.തകര്‍ത്തഭിനയിക്കിന്‍ കുഞ്ഞാടുകളേയെന്ന് നോം അവര്‍ക്ക് നിര്‍ദ്ധേശവും നല്‍കിയിരുന്നു.യവനെങ്കിലും വന്ന് തിരശ്ശീലയൊന്ന് പൊക്കിയിരുന്നെങ്കില്‍ തന്നെപ്പോലെ തന്നെ ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡിന് അവരും അര്‍ഹരായേനെ' എന്നും അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് ശ്രീ: ആലഞ്ചേരി തമ്പ്രാന്‍ അഭിപ്രായപ്പെട്ടു.

ഒറ്റക്കിങ്ങനെ അവാര്‍ഡ് സ്വീകരിക്കേണ്ടി വന്നതില്‍ തനിക്കിച്ചിരി വിഷമമുണ്ടെന്നും വിഷമം തീര്‍ക്കാന്‍ തിരശ്ശീലക്ക് പിന്നില്‍ കിടു അഭിനയം കാഴ്ച വെച്ച മറ്റുള്ളവരെ പ്രമുഖ കഥാപാത്രങ്ങളാക്കി 'ചോറിവിടെ കൂറവിടെ' എന്ന് പേരിട്ട മറ്റൊരു നാടകം ഉടന്‍ തന്‍റെ കാര്‍മികത്വത്തില്‍ നിര്‍മ്മിക്കുമെന്നും ആലഞ്ചേരി തമ്പ്രാക്കള്‍ കൂട്ടിച്ചേര്‍ത്തു. 'വിശുദ്ധ വെടിയും-വിശുദ്ധ പ്രതികളില്‍' നായകവേഷം ചെയ്ത മാസ്സിമിലാനോയെയും സാല്‍വദോര്‍ ഗിരോനെയും 'ചോറിവിടെ കൂറിവിടെ' യിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഇറ്റലിയില്‍ ചില സ്വീകരണങ്ങളുമായി തിരക്കിലായതിനാല്‍  അടുത്ത 'ഇന്ത്യന്‍ പര്യടന' സമയത്ത് ഡേറ്റ് തരാമെന്ന് അവര്‍ ഉറപ്പ് തന്നതായും ആലഞ്ചേരി അറിയിച്ചു.

അഡീഷനല്‍ സോളി ജനറല്‍ ഹരേന്‍ പി.അലവലുവിന് നാടകത്തിലെ 'വിശുദ്ധ രക്തസാക്ഷി' അവാര്‍ഡും കേരളത്തില്‍ നിന്ന് ശ്രീമാന്‍ ചണ്ടിയുള്‍പ്പെടെ സകലഗുലാബി ചണ്ടികളും കേരള പൊല്ലീസ് സേനയും ജൂറിയുടെ പ്രത്യേക  പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി.

തങ്ങളേക്കാള്‍ അതിവേഗം ബഹുദൂരം സഞ്ചരിച്ച ഇന്ത്യന്‍ നടന്മാര്‍ തന്നെയാണ് എന്ത് കൊണ്ടും അര്‍ഹര്‍.അതിനാല്‍ അവാര്‍ഡ് ഇന്ത്യക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഇച്ചിരി കോടികളല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് ഇതില്‍ അവകാശപ്പെടാനില്ലെന്നും ഇറ്റാലിയന്‍ അധികൃതര്‍ വ്യക്തമാക്കി.മികച്ച നാടകത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി ഇന്ത്യന്‍ പ്രതിനിധി മാത്രമാണ് വേദിയിലെത്തിയത്.ഇന്ത്യന്‍ പ്രതിനിധി ശ്രീ: മദനമോഹന്‍ സിങ്കു സാരി ചുറ്റിക്കൊണ്ട്  എത്തിയത് അവാര്‍ഡ് ദാന ചടങ്ങിലെ ഒരു വേറിട്ട കാഴ്ചയായിരുന്നു.തന്നെ ഈ അവാര്‍ഡ് നേട്ടത്തിനു സഹായിച്ച പരാശക്തിയോടുള്ള ആദര സൂചകമായിട്ടാണ് സാരി ചുറ്റി വന്നതെന്ന് ശ്രീ: സിങ്കു പിന്നീട് വെളിപ്പെടുത്തി.

തലപ്പാവ് വെച്ചൊരു കൂറ്റന്‍ ബൊമ്മയെ(പാവക്കുട്ടി) ശ്രീ: സിങ്കുവിന്  സമ്മാനിക്കുന്നത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്.സമ്മാനമായി കിട്ടിയ പാവയേയും ഒക്കത്ത് വെച്ച് മന്ദം മന്ദം ഒരു പാവയെപ്പോലെ അദ്ധേഹം വേദി വിടുന്നത് നയനമനോഹരമായ കാഴ്ചയായി.

അതിനിടയില്‍ 'തള്ളേ ഇതില്‍ ഏതാണ് പാവ?' എന്ന ഒരു വിദ്വാന്‍റെ കമന്‍റ് സദസ്സില്‍ ചിരിയുണര്‍ത്തി.

ഇങ്ങനെയൊക്കെ ആണെങ്കിലും നാടകത്തിലെ മികച്ച നടനെ തെരഞ്ഞെടുക്കാന്‍ ജൂറിക്ക് കഴിഞ്ഞില്ല.'ഒപ്പത്തിനൊപ്പം പൊളപ്പന്‍ പ്രകടനം കാഴ്ച വെച്ചവരാണ് എല്ലാവരും.മികച്ച താരത്തെ തെരെഞ്ഞെടുക്കാന്‍ സാക്ഷാല്‍ ഒടയ തമ്പുരാനു പോലും കഴിയില്ലെന്ന്' പ്രമുഖനായ ഒരു ജൂറി അംഗം അഭിപ്രായപ്പെട്ടതായി ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

' 2012 പൂര്‍ത്തിയാവാന്‍ ഇനിയും എട്ട് മാസം കൂടി ബാക്കി ഉള്ളപ്പോള്‍ ധൃതിയില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് വിവാദമാക്കേണ്ടതില്ല. 'കടല്‍ക്കൊല-വിശുദ്ധവെടിയും, വിശുദ്ധപ്രതികളേ' ക്കാള്‍ മികച്ച നാടകം 2012ല്‍ എന്നല്ല ഈയടുത്ത കാലത്തൊന്നും സംഭവിക്കില്ലെന്നും  ജനവികാരം കൂടി കണക്കിലെടുത്താണ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും അന്താരാഷ്ട്ര നാടക അക്കാദമി തലവന്‍ ശ്രീ: ഗബ്രിയേലോ അല്‍ക്കുല്‍ത്തീറ്‌റ്‌റോ ജിപ്പൂസ് അവാര്‍ഡ് ദാന ചടങ്ങിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാടകാന്ത്യം: പൗരന് പട്ടിയുടെ വില പോലും നല്‍കാത്ത ആണും പെണ്ണും കെട്ട അധികാരി വര്‍ഗ്ഗം സായ്പ്പിന്  മുമ്പില്‍ നട്ടെല്ലും ഒടിച്ചു മടക്കി നില്‍ക്കുമ്പോള്‍ 'ഇപ്പോള്‍ കിട്ടുന്നത് കിട്ടി' എന്ന ബോധ്യത്തില്‍ ഒരു കോടി വാങ്ങി രാജിയായ ആ കുടുംബത്തെ, അവരുടെ നിസ്സഹായതയെ കുറ്റം പറയുന്നത് ക്രൂരതയാണ്.

'കൊല്ലപ്പെട്ടവര്‍ ഇന്ത്യക്കാരനാണെന്നത് കേന്ദ്രം ഓര്‍ക്കണം'

നാടകാന്ത്യം ബാക്കിയാവുന്നത് പൗരന്‍റെ അവസാന അഭയകേന്ദ്രത്തില്‍ നിന്നുള്ള ഇത്തരം ചില  ഇടപെടലുകള്‍ മാത്രമായേക്കാം.സായ്‌പിനു മുമ്പില്‍ കവാത്ത് മറന്ന് കൊണ്ടേയിരിക്കുന്ന ഭരണകൂട ഷണ്ഡന്മാര്‍ക്കെതിരെയുള്ള ശക്തമായ വാക്കുകള്‍.

Sunday, April 15, 2012

വിസ


കൈപ്പറ്റി.
ഖല്‍ബ് കോരിയൊഴിച്ചൊരു
കുറിമാനം.

പരിഭവങ്ങള്‍,
പൊട്ടിത്തെറികള്‍,
അവസാനം
കണ്ണീരില്‍ കുതിര്‍ന്നൊരു
മുത്തവും.

കണ്ഡമിടറിയതു നേര്.
കരളു പിടഞ്ഞൊന്ന് തേങ്ങിയതും നേര്.
കാഴ്ച മറച്ചു-
കാല്‍ക്കീഴില്‍ വീണുടയാന്‍ വെമ്പിയ
കണ്ണീര്‍ കണങ്ങള്‍,
കൈ വിരലാല്‍ കോരിയെടുത്ത്
കുടഞ്ഞെറിയുമ്പോള്‍...

കണ്മണീ.. .
കെറുവ് അന്നു
കടല്‍ കടന്നെത്തിയ
കവറിനോടായിരുന്നു.

Sunday, March 25, 2012

പ്രതീക്ഷിച്ചിരുന്നില്ലെടി പെണ്ണേ...ഖുബ്ബൂസ് വലിച്ച് കീറി പീസാക്കി വായില്‍ തിരുകി ഉള്ളിലേക്ക് കുത്തിയിറക്കുന്നതിനിടയിലാണ് ആരവം കേട്ടത്.അകമ്പടിയായി തോഴിമാരുടെ പൊട്ടിച്ചിരിയും കൈവിളക്കിന്‍ വെള്ളിവെളിച്ചവും കൂടിയായപ്പോള്‍ ഉറപ്പിച്ചു.പ്രിയപ്പെട്ടവളുടെ വരവ് തന്നെ.

പിടഞ്ഞെണീറ്റ് കൈ കഴുകി ഓടി വന്ന് ജനല്‍‌പ്പാളി തുറന്ന് നോക്കി.വല്ലാതായിപ്പോയി.ഒരു വാക്ക് മിണ്ടാതെ, ഈയുള്ളവനെ ഒരു നോക്ക് കാണാതെ അവള്‍ പൊയ്പ്പോയിരിക്കുന്നു.മൂന്ന് മാസം മുമ്പ് നാട്ടില്‍ പോയ സമയത്തും പ്രിയപ്പെട്ടവളുടെ സുന്ദരമുഖമൊന്ന് കാണാനോ ആ കൊലുസിന്‍ കിലുക്കമൊന്ന് കേള്‍ക്കാനോ കഴിഞ്ഞിരുന്നില്ല.എന്‍റെ ഹൃദയതാളമായ മഴത്തുള്ളിക്കിലുക്കം.അങ്ങകലെ മാമലനാട്ടില്‍ മഴ പെയ്യുന്നതും പിന്നെ മരം പെയ്യുന്നതും യൂട്യൂബില്‍ കണ്ട് നിര്‍‌വൃതിയടയാറാണ് പതിവ്.

ഒന്ന് വാരിപ്പുണര്‍ന്ന് മരുക്കാട് ചുട്ടുപഴുപ്പിച്ച മനസ്സും ചിന്തകളും തണുപ്പിക്കാനായി ഓടി വന്നതായിരുന്നു.ഒന്ന് തൊട്ടാല്‍, നീ ആര്‍ത്തിരമ്പുന്നതൊന്ന് കണ്ടാല്‍, നിലത്ത് വീണ് നീ പൊട്ടിച്ചിതറുന്നതിനൊപ്പം സര്വ്വം മറന്നിത്തിരി നേരം തുള്ളിച്ചാടിയാല്‍ നീ പെയ്തൊഴിയുന്നതിനൊപ്പം ഉള്ളിലെ കാര്‍മേഖങ്ങളും ഒഴിയുമായിരുന്നു..

അല്ലെങ്കിലും ഈയിടെയായി ഈയുള്ളവനെ ഗൗനിക്കുന്നേ ഇല്ല നീ.നാട്ടില്‍ പോയി കാത്തിരുന്നിട്ടും ഒന്ന് കനിഞ്ഞില്ല.ഇപ്പൊ ഇവിടെയും! നിനച്ചിരുന്നില്ലെടി പെണ്ണേ നിന്‍റെ വരവ്.വരാന്‍ വൈകിയതിലുള്ള പിണക്കമാണോ? ക്ഷമിക്ക് എന്നാല്‍ .എനിക്ക് നീയും നിനക്ക് ഞാനുമല്ലേ ഉള്ളൂ..ഒരു വട്ടം കൂടി വന്നണയൂ കിളിമകളേ...ഒന്നു കണ്ടോട്ടെ ആ പൂമുഖമൊന്ന് !

കാത്തു കാത്തങ്ങിരിക്കട്ടെ ഞാന്.ഇനി വന്നണഞ്ഞില്ലെന്നാലും നിനക്കായുള്ള ഈ കാത്തിരിപ്പിനും ഒരു സുഖമാണ്... :(

Monday, March 12, 2012

വിശുദ്ധ വെടിയും വിശുദ്ധ പ്രതികളുംഇറ്റാലിയന്‍ വിശുദ്ധ പ്രതികള്‍ക്ക് ജയിലിനു പകരം ഊട്ടിയിലോ കൊടൈക്കനാലിലോ ചുരുങ്ങിയത് മൂന്നാറിലെങ്കിലും സുഖവാസത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയുടെ കത്തിനെക്കുറിച്ചുള്ള പത്ര വാര്‍ത്ത സഹനത്തിന്‍റെ നെല്ലിപ്പലക തകര്‍ത്തത് കൊണ്ടും ഇജ്ജ് ആപ്പീസിലിന്ന് കാര്യമായ പണിയൊന്നും എടുക്കണ്ട മോനേന്ന് മൊയ്‌ലാളി മൊഴിഞ്ഞത് കൊണ്ടും ഇരുന്നതാണ്.ഔട്ട് ഓഫ് ഫാഷനായെന്ന് തോന്നുന്നവര്‍ ചുമ്മാ ഒന്ന് കണ്ണടച്ചേക്കുക.

ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി കോടതി വ്യവഹാരങ്ങളുടെ ഭാഗമായി റിമാന്‍ഡിലായാല്‍ ഡോ:മന്മോഹനായാലും ലഫ്റ്റനന്‍റ് കേണല്‍ പത്മശ്രീ മോഹന്‍ ലാലായാലും ദപ്പര്‍ത്തെ മൊമ്മദോ കമ്മദോ ജോസപോ ആയാലും അതിനി നമ്മുടെ രായപ്പന്‍ തന്നെയായാലും ജയിലിലേക്ക് സെന്‍ഡലാണ് നാട്ടുനടപ്പ്.ഭാരതത്തിന്‍റെ ടെലികോം മന്ത്രി പുങ്കവനാണെന്നു വെച്ച് ഘഠാഘഠിയനായ രാജയെ സ്വന്തം കുടുമത്തേക്ക് 'റിമാന്‍ഡ്' ചെയ്ത പതിവും നമുക്കില്ല.

പിന്നെ ഈ ഈ പുന്നാര മക്കള്‍ക്കെന്നതാ ഇത്ര പ്രത്യേകത? ഇവന്മാര്‍ക്കെന്നാ കണ്ണോ മൂക്കോ ചെവിയോ ഇനി സുനയോ നുമ്മ ഭാരതീയരേക്കാളും ഒന്ന് കൂടുതലുണ്ടോ?

നിരായുധരും സാധുക്കളുമായ രണ്ട് പച്ച മനുഷ്യരെ ഒരു പ്രകോപനവും കൂടാതെ കൊന്ന് തള്ളിയ കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ ജയിലിനു പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ! ഈ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള കത്ത് ജയില്‍ ഡി.ജി.പി തീരുമാനമെടുക്കാനായി ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടുണ്ടത്രെ.(ഇന്നത്തെ പത്ര വാര്‍ത്ത)

ഈ വെള്ളരിക്കാ പട്ടണം, വെള്ളരിക്കാ പട്ടണം എന്നൊക്കെ പറയുന്നത് അങ്ങു ഉഗാണ്ടയിലൊന്നുമല്ലെന്ന് അടിവരയിടുന്നു പത്ര വാര്‍ത്തകള്‍... . തൊണ്ടി പിടിച്ചെടുക്കല്‍ ഓപ്പറേഷനും അന്വേഷണ മാമാങ്കവും കണ്ട് 'പുളകിതരാ'യിരിക്കുന്ന ജനങ്ങളെ നോക്കി ഗോക്രി കാണിക്കുന്ന മറ്റൊരേര്‍പ്പാട്.

വെടിവെപ്പ് കേസിലെ തൊണ്ടിയായ തോക്ക് ദോണ്ടെ നമ്മുടെ യീ കൊച്ചി കടാപ്പൊറത്തെ തെങ്ങിന്‍മേല്‍ പിടിച്ച് കെട്ടിയിരിക്കുന്ന ലോ ലാ കപ്പലില്‍ പോയൊന്ന് എടുത്തേച്ചും വരാന്‍ നുമ്മടെ ഏമാന്മാര്‍ എടുത്തത് പത്ത് ദിവസം.വെടി വെച്ച തോക്ക് വെടി മരുന്നുമായി അതേ കോലത്തില്‍ ഏമാന്മാര്‍ വരുന്നത് വരെ പട്ടില്‍ പൊതിഞ്ഞ് കാത്ത് സൂക്ഷിക്കാന്‍ മാത്രം വകുന്തന്മാരാണ് ഇറ്റലിക്കാര്‍ എന്നാണ് പുന്നൂസച്ചായന്‍റെ പൊല്ലീസിന്‍റെ പക്ഷം.ഇരിക്കട്ടെ.ബാക്കി വിധി വരുമ്പോള്‍ പറയാം.

അവസാനം ഇറ്റാലിയന്‍ വിശുദ്ധപ്രതികളെ കസ്റ്റഡിയിലെടുത്ത് സുഖവാസ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത് 'പീഢിപ്പിക്കുന്ന' കോലവും ചാനലുകളില്‍ കണ്ടു നാം കോള്‍മയിര്‍ കൊണ്ടു.പൊതുനിരത്തില്‍ വെച്ച് ആരെങ്കിലുമൊരു ബീഡിക്കുറ്റി പുകച്ചാല്‍ പുകച്ചവന്‍റെ കരണം പുകയ്പ്പിക്കുന്ന നമ്മുടെ പോലീസ്, ഹെല്‍മെറ്റ് ധരിക്കാതെ ടുവീലറില്‍ കറങ്ങുന്ന പൗരന്മാരുടെ ജീവനില്‍ ആശങ്ക പൂണ്ട് വണ്ടിക്ക് പിറകെ പാഞ്ഞ് ലാത്തി കൊണ്ടവരെ അടിച്ച് വീഴ്ത്തി ബോധവത്ക്കരിക്കുന്ന മ്മ്ടെ പോലീസ്.ഇവരില്‍ മൂത്ത ചേട്ടന്മാരുടെ മൂക്കിലേക്കാണ് മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും പുകയൂതി വിട്ടിരുന്നത്.

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന ചൊല്ല് ചുമ്മാ എഴുതാനും പറയാനും മാത്രം ഉണ്ടാക്കിയതല്ലെന്ന് സാരം.തള്ളക്കും തന്തക്കും വിളിച്ചിരുന്നത് പിന്നെ ഇറ്റാലിയന്‍ ഭാഷയിലായിരുന്നതിനാല്‍ ഏമാന്മാര്‍ക്ക് മനസ്സിലായിക്കാണത്തില്ലെന്ന് വെക്കാം.ഇവര്‍ വായ തുറന്ന് നാല് വാക്ക് ഉരിയാടിയാല്‍ അതിലൊന്ന് 'പുത്താന' എന്നായിരിക്കുമെന്നത് കുറഞ്ഞ കാലത്തെ അനുഭവം.motherfucker, son-of-a-bitch എന്നോ മറ്റോ ആണ് ആംഗലേയം :)

നൂറ് കോടി ഭാരതീയന്‍റെ (ആലഞ്ചേരി തമ്പ്രാക്കളെ ഈ കൂട്ടത്തില്‍ എണ്ണിയിട്ടില്ല) ക്ഷമ ഇനിയും പരീക്ഷിക്കല്ലെ സാറന്മാരെ.ശിക്കാരി ശംഭുവിനെ വെച്ച് അന്വേഷിപ്പിച്ച് വിശാരണ ചെയ്ത് ലെവന്മാരുടെ സുനയില്‍ കാന്താരി മൊളക് തേച്ച് കരയിപ്പിക്കുമെന്ന പ്രതീക്ഷയൊന്നും പാവമീ ജനതക്കില്ല.അറ്റ്ലീസ്റ്റ് ആ ഗോതമ്പുണ്ടെയെങ്കിലും അതിനി ഇറ്റാലിയന്‍ വിശുദ്ധ മാവ് കൂട്ടിക്കുഴച്ച് പണ്ടാരടങ്ങിയതാണേലും വേണ്ടില്ല, ഇച്ചിരി ദിവസമെങ്കിലും തീറ്റിക്കടെയ്.

Friday, February 24, 2012

പോയളിയോ..
അങ്ങനെ എന്‍റെ ഊഴമായി.കാറിനടുത്തെത്തി ഡോറ് പയ്യെ തുറന്നു നീട്ടിയൊരു സലാം പറഞ്ഞു.അസ്സലാമു അലൈക്കും സര്‍.'അലൈക്കും' എന്നതിലെ 'ഐന്‍' എന്ന അക്ഷരം പടച്ചോന്‍ തന്ന ഭവ്യത മുഴുവനും ആവാഹിച്ച് കൂട്ടിക്കുഴച്ച് പുറത്തെത്തിച്ചപ്പോള്‍ 'ഐനിനു' പകരം അത് വേറെന്തൊക്കെയോ ആയി പരിണമിച്ചിരുന്നുവെന്നത് വാസ്തവം.

വ‌‌അലൈകുമുസ്സലാം.താഴ്മയോടെ സീറ്റ് പോലും അറിയാതെ ഞാന്‍ കയറിയിരുന്നു.സീറ്റ് ബെല്‍റ്റ് വലിച്ചിട്ടു.സൈഡ് മിറേര്‍സ് രണ്ടും കിറുകൃത്യം.എങ്കിലും പഠിപ്പിച്ച് വിട്ട പോലെ ഇടത് വശത്തെ മിററൊന്ന് മുകളിലേക്കും താഴേക്കും തിരിച്ചു.വലതു വശത്തെ മിററിനായി കൈനീട്ടി.ഒന്ന് രണ്ട്.ആഞ്ഞെത്തിച്ചിട്ടും പണ്ടാരം നടക്കുന്നില്ല.മൂന്നാമതൊരുവട്ടം കൂടി തുനിഞ്ഞപ്പോള്‍ പോലീസുകാരന്‍ ബ്ലോക്കീട്ട് മൊഴിഞ്ഞു.ആ ബെല്‍റ്റഴിച്ചിട്ട് സര്‍ക്കാസിക്കെട ഗഡീ...

ശ്ശൊ...വെപ്രാളത്തിനിടയില്‍ അതങ്ങു മറന്നു ഞാന്‍.ബെല്‍റ്റ് അഴിച്ച് വലത്തെ സൈഡ് മിറര്‍ മുകളിലേക്കും താഴേക്കും നീക്കുന്ന ആ സുനയില്‍ ആഞ്ഞൊന്ന് പിടിച്ചു.ഡിം...ദാ കിടക്കുന്ന് സുന കയ്യില്‍!മിറര്‍ ആണെങ്കിലോ‍ ഭൂമീദേവിക്ക് സമാന്തരമായി ചെരിഞ്ഞു.ബദ്‌രീങ്ങളെ കെണിഞ്ഞല്ല.മലം കാലിലായ കോലത്തിലായി ഞാന്‍.പൊട്ടിപ്പോന്ന സുന കയ്യില്‍ പിടിച്ച് ശുര്‍ത്തയെ ദയനീയമായൊന്ന് നോക്കി.മാലിഷ് മൈ ശുര്‍ത്താജീ..യീ മൈല്‍‌വാഹനം ജാംബവാന്‍റെ കാലത്തുള്ളതാണ് സാആആര്‍...മാപ്പാക്കണേ എന്ന് കണ്ണു കൊണ്ടു മൊഴിഞ്ഞു.നാട്ടിലാണെങ്കില്‍ ചെകിട് മൂളേണ്ട ടൈം കഴിഞ്ഞു.ഫാഗ്യത്തിന് ശുര്‍ത്തേട്ടന്‍ പൊട്ടിച്ചില്ല.തരിച്ചിരിക്കുന്ന എന്നെ നോക്കി അങ്ങോര്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി.ഇറങ്ങിപ്പോയി മിറര്‍ നേരെയാക്കെടാ യെന്ന്.

പയ്യെ ഇറങ്ങി മിറര്‍ പൂര്‍‌വ്വസ്ഥിതിയിലാക്കി തിരിച്ച് വന്നിരുന്നു.സീറ്റ് ബെല്‍റ്റിട്ടു ബിസ്മി ചൊല്ലി ഫസ്റ്റ് ഗിയറിട്ടു.തെല്ലൊരു കുലുക്കത്തോടെയും ഞരക്കത്തോടെയും ശകടം മുന്നോട്ട് നീങ്ങി.സെക്കന്‍റ്, തേര്‍ഡ്, ഫോര്‍ത്ത്.ഹോ..എവിടുന്നൊക്കെയോ കുറച്ച് എയര്‍ വലിച്ചെടുത്ത് ദീര്‍ഘമായിത്തന്നെ പുറത്തേക്ക് വിട്ടു.ഓടിയോടി സാധനം ഒരു റൗണ്ട് എബൗട്ടിലെത്തി.സാമാന്യം സ്പീഡൊക്കെ ഉണ്ടേലും മൂന്ന് പോര രണ്ടാം ഗിയറില്‍ തന്നെ ആക്കിയിട്ടേ വണ്ടി എടുക്കാവൂ എന്നാണു പഠിപ്പിച്ച മാസ്റ്ററുടെ ഓര്‍ഡര്‍.

നാലില്‍ നിന്ന് മൂന്ന് പിന്നെ രണ്ട്.ചില്ലറപ്പണിയാപ്പാ യിത്! ബ്രേക്ക് ചവിട്ടി വണ്ടിയുടെ വേഗത കുറച്ചു.രണ്ടാം ഗിയറാക്കിയെന്ന ധാരണയില്‍ വണ്ടി മുന്നോട്ടെടുത്തു.മൂന്നില്‍ നിന്ന് നേരെ നാലിലേക്ക് തന്നെയായിരുന്നെടെയ് സാധനം വീണിരുന്നത്.കൂതറ ഗിയര്‍! ധനുഷിന്‍റെ ഥപ്പാംകൂത്ത് പോലെ കാറ് നാലു തുള്ള് തുള്ളി.കൂടെ ശുര്‍ത്തേട്ടനും.വണ്ടിയുടെ ചലനം നിലച്ചു.കൂടെ എന്‍റെ ഹൃദയമിടിപ്പും.

വണ്ടി സ്റ്റാര്‍ട്ട് ചെയ്തു റൗണ്ട് എബൗട്ടില്‍ നിന്നും ഒരുവിധം പുറത്തെത്തിച്ചു.റൗണ്ട് എബൗട്ട് കഴിഞ്ഞ പാട് തന്നെ റോഡിന് സൈഡിലേക്ക് കൈചൂണ്ടി വണ്ടി പാര്‍ക്കിക്കോളാന്‍ പറഞ്ഞു ശുര്‍ത്ത.പയ്യെ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുമ്പോള്‍ പറയണമെന്നുണ്ടായിരുന്നു. 'ചേട്ടാ മ്മ്‌ളു നാല് കൊല്ലമായി നാല് ചക്രത്തില്‍ നാട്ടില്‍ വിലസുന്നു.നാട്ടില്‍ നരിയാണു, ശിങ്കമാണു.' പറയാന്‍ ഗഡി ഒന്ന് നോക്കണ്ടേ ഇഞ്ഞാട്ട്.സര്‍‌വ്വം തകര്‍ന്ന് ഞാന്‍ ഇറങ്ങിപ്പോന്നു.

അങ്ങനെ തിരികെ ഡ്രൈവിങ് സ്കൂളിലെത്തി.ഏറെ കാത്തിരിക്കേണ്ടി വന്നില്ല.ഞങ്ങള്‍ പത്ത് പതിനെട്ട് പേരെ വിളിച്ച് നിരത്തി നിര്‍ത്തി സുഡാനിയൊരുത്തന്‍.ഉടന്‍ പ്രഖ്യാപനം വന്നു. 'യു ഫെയില്‍ദ്.ഗോ ഹോം.' ഓന്‍റെ ഓഞ്ഞ ഇംഗ്ലീഷിലെ ഡയലോഗ് കേട്ടപ്പോ എന്തോ ചൊറിഞ്ഞു വന്നു.തോറ്റത് തോറ്റ്.വീട്ടീ പോവാന്‍ പറയാന്‍ നീയാരാടാ തെണ്ടീ..

അങ്ങനെ കന്നി ടെസ്റ്റ് പോയളിയന്മാരേ..ആ 'ഐന്‍' എന്നക്ഷരം പുറത്തെത്തിക്കാന്‍ ഞാന്‍ പെട്ട പാടെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ :(

LinkWithin

Related Posts with Thumbnails