Friday, December 11, 2009

ഗീബത്സിയോ മീറ്റര്‍

പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ എഴുതിവിട്ടവിട്ടവനാരെടാ..ആ ചെങ്ങായി ഇന്നുണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങളും സംഘികളും ചില ജഡ്ജിയേമാന്മാരും ചേര്‍ന്ന് എടുത്തിട്ടടിച്ചേനെ.പ്രണയത്തിനു കണ്ണും മൂക്കും പല്ലും നഖവും മതവും എല്ലാമുണ്ട് കൂട്ടരേ.ചുമ്മാ പറഞ്ഞതല്ല കേട്ടാ.ദാണ്ടെ ഇത് കണ്ടോ.കണക്കുകള്‍ സംസാരിക്കുന്നു...


'ഇരുന്നൂറ്റിപയ്നാറ്,എയ്പത്തെട്ട്,നൂറ്റിപ്പൈനൊന്ന്'.ഹൊ എത്ര കണിശം എത്ര വ്യക്തം.ഇത്ര കൃത്യവും വ്യക്തവുമായി സംഗതി കാണിച്ചിട്ടും പിന്നെയും കണക്കിന്‍റെ ആധികാരികത മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ് ചിലര്‍ അലറിവിളിക്കുന്നത് കാണുമ്പോള്‍ സത്യായിട്ടും സങ്കടം തോന്നുന്നു.നോ ഡൗട്ട്, ഇവര്‍ മൊഞ്ചന്‍ ജിഹാദീ ഫീകരന്മാര്‍ക്ക് കഞ്ഞി വെക്കുന്നവര്‍ തന്നെ.ഈ കശ്മല്‍സിനറിയുമോ കാര്യങ്ങളുടെ കിടപ്പ്.സംഗതികള്‍ ഇത്രത്തോളമെത്തിയ നിലക്ക് കഷ്ടപ്പെട്ട് നുമ്മടെ പുള്ളാര്‍ 'കണ്ടെത്തിയ' ഈ കണക്കുകളെ പൊതുജനം അവിശ്വസിക്കുന്ന അവസ്ഥ സംജാതമായതിനാല്‍ ഞങ്ങള്‍ രഹസ്യം പുറത്ത് വിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

തുടര്‍ന്ന് വായിക്കുക...

കേരളമാകെ വേരു പടര്‍ത്തിയ ലൗ ജിഹാദികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി കേരളത്തില്‍ എല്ലാ ജില്ലകളിലേയും ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒരു അത്യാധുനിക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.മ്മ്ടെ നേതാക്കള്‍ പണ്ട് ജര്‍മ്മനിയില്‍ ഹിറ്റ്ലറെ സന്ദര്‍ശിക്കാന്‍ പോയ സമയത്ത് 'ഹ ഇന്ത്യയിലും നമ്മന്‍റെ ആശയങ്ങളോ' എന്നും പറഞ്ഞ് സന്തോഷത്താല്‍ പുള്ളി സമ്മാനമായി കൊടുത്തതാണത്രെ ഇതിന്‍റെ സാങ്കേതിക വിദ്യ.ഇത് വെച്ച് നാളുകളായുള്ള പരീക്ഷണങ്ങള്‍ക്കൊടുവില്‍ സംഘീ ചുണക്കുട്ടികള്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് 'ഗീബത്സിയോ മീറ്റര്‍' എന്ന് പേരിട്ടിട്ടുള്ള ഈ പൊളപ്പന്‍ സാധനം.ഈ ജിഹാദിപ്പരിഷകള്‍ക്കും റോമിയോമാര്‍ക്ക് കഞ്ഞിവെക്കുന്നവര്‍ക്കും അറിയില്ല ഈ കുന്ത്രാണ്ടം വികസിപ്പിച്ചെടുക്കാനും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനും നുമ്മ പെട്ട പാട്.

ഗീബത്സിയോ മീറ്ററിന്‍റെ പ്രവര്‍ത്തന രീതി...
ജില്ലയില്‍ എവിടെയെങ്കിലും പ്രണയം മൊട്ടിട്ട് അവസാനം ടീംസ് വേലി ചാടുന്ന സമയത്ത് കാമുകന്‍റെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണിന്‍റെ പ്രവര്‍ത്തനഫലമായി ഒരു പ്രത്യേക തരത്തിലുള്ള ഗന്ധം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും.ചെക്കന്‍ ഇനി മേത്തനാണെങ്കില്‍ അതിന് ഏതാണ്ട് അത്തറിന്‍റെ ഗന്ധമായിരിക്കും.ഇനി മേത്തനല്ലെങ്കില്‍ വല്ല ഭസ്മത്തിന്‍റേയോ മറ്റോ ഗന്ധമായിരിക്കും.

ഇനീപ്പോ ഗീബത്സിയോ മീറ്റര്‍ കൂടുതലായി ഡിറ്റക്ടുന്നത് ഭസ്മത്തിന്‍റെ ഗന്ധമാണെന്ന് ആരേലും പറഞ്ഞാലും സംഗതി ശരിയാണെങ്കിത്തന്നെയും ഇങ്ങളു കാര്യമാക്കേണ്ട.കാരണം അത് സനാതനമൂല്യത്തിലേക്കുള്ള തിരിച്ച് വരവാണ്.അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.നമുക്ക് ഇല്ലാതാക്കേണ്ടത് ലോകം മുഴുവനും ആഞ്ഞടിച്ച് കൊണ്ടിരിക്കുന്ന ഇങ്ങ് നമ്മുടെ നാലപ്പാട്ടെ തറവാട്ടില്‍ വരെ അതിക്രമിച്ച് കയറിയ ഈ അത്തറിന്‍റെ രൂക്ഷഗന്ധം തന്നെയാണ്.

ഉപകരണം അങ്ങനെ അന്തരീക്ഷത്തിലെ മേല്‍‌പ്പറഞ്ഞ രീതിയിലുള്ള ഗന്ധംസ് ഡിറ്റക്ട് ചെയ്ത് തിരോന്തോരത്തെ നമ്മുടെ മെയിന്‍ ഓഫീസിലേക്ക് അയക്കുന്നു.ഇങ്ങനെ അയക്കുന്ന ഗന്ധത്തിനനുസരിച്ചുള്ള വ്യക്തമായ കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തി കാണിക്കാന്‍ അത്തര്‍,ഭസ്മം എന്നീ പേരുകളില്‍ രണ്ട് തരത്തിലുള്ള ഡിസ്പ്ലെ ബോര്‍ഡുകള്‍ അവിടുത്തെ ഗീബത്സിയോ മീറ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്..കണക്കുകളുടെ ആധികാരികതക്ക് ഇതില്‍‌പ്പരം മറ്റെന്ത് വേണം..!

ഇനിയും സംശയമുള്ളവര്‍ക്ക് കുമ്മനം രാജശേഖരന്‍റെ സ്പെഷ്യല്‍ പെര്‍മിഷനുണ്ടെങ്കില്‍ സാധനം പോയി തൊട്ട് നോക്കാവുന്നതാണ്.കേരളാ കൗമുദി,കലാകൗമുദി,മലയാള മനോരമ എന്നിവയുടെ ലേഖകന്‍മാര്‍ കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാ:ജോണി കൊച്ചുപറമ്പിലിനെ പോലുള്ള ചില കുഞ്ഞാടുകള്‍ കേരളത്തിലെ തലമുതിര്‍ന്ന ഒരു ജഡ്ജിയേമാന്‍(ന്നെ കൊന്നാലും മൂപ്പര്‍ടെ പേരു ഞാന്‍ പറയൂല്ല.ഉപകാരസ്മരണ,ഉപകാരസ്മരണ) എന്നിങ്ങനെ തിരഞ്ഞെടുത്ത വളരെക്കുറച്ച് മഹാന്മാര്‍ക്ക് മാത്രമേ ഇത് വരെ 'ഗീബത്സിയോ മീറ്റര്‍' വീക്ഷിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടൊള്ളൂ.ശൂദ്ര ജന്മമായതിനാല്‍ മ്മ്ടെ വെള്ളാപ്പള്ളി ചേട്ടനെ സുനാപ്പി യന്ത്രമിരിക്കുന്ന മുറിയില്‍ കയറ്റാനോ തൊട്ട് നോക്കാനോ അനുവദിച്ചില്ല.ആ ദേഷ്യം കാരണാ ഗഡി ആദ്യം കൂടെ നിന്നിട്ടും പിന്നീട് വാക്ക് മാറ്റിക്കളഞ്ഞത്.

ഇപ്പറഞ്ഞ സംഗതികള്‍ ഇനീം മനസ്സിലാവാത്ത ഏതെങ്കിലും മതേതര ഏഭ്യന്മാരോ കണക്കിന്‍റെ ആധികാരികതയില്‍ പിടിച്ച് തൂങ്ങുന്ന മേത്തന്മാരോ ഉണ്ടെങ്കില്‍ ലവന്മാരെയെല്ലാം പിടിച്ച് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുമെന്നും അല്ലെങ്കില്‍ ആര്യസമാജം,ഹിന്ദു മിഷന്‍,അയ്യപ്പ സേവാസംഘം,(ഹി ഹീ കണ്ടില്ലേ.മ്മ്‌ളോട് കളി വേണ്ട മക്കളേ) ഇതിലേതിലെങ്കിലും കൊണ്ട് പോയി കുറി തൊടീപ്പിക്കുമെന്നും ഏറ്റവും ചുരുങ്ങിയത് ഒരു കഷണം റൊട്ടിയും തന്ന് മാമോദീസ വെള്ളത്തില്‍ മുക്കിത്താഴ്ത്തി കുഞ്ഞാടായി പരിവര്‍ത്തിപ്പിക്കുമെന്നും ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Sunday, December 6, 2009

'ബാബരി മസ്ജിദ്' ! നാം മറക്കാതിരിക്കുക.

ഇന്ന് ബാബരി ദിനം.ഇന്ത്യന്‍ മതേതരത്വത്തിന്‍റെ പതിനേഴാം ശ്രാദ്ധദിനം.ഇന്ത്യന്‍ നിയമവ്യവസ്ഥയെ നോക്ക് കുത്തിയാക്കി മഹത്തായ നമ്മുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ജനാധിപത്യ സം‌വിധാനങ്ങള്‍ക്കും കടക്കല്‍ ഹിന്ദുത്വര്‍ കത്തിവെച്ചിട്ട് ഇന്നേക്ക് 17വര്‍ഷം തികയുന്നു.ഈ ദിവസത്തില്‍ ഒരു പ്രതിഷേധക്കുറിപ്പെങ്കിലും ഇറക്കാതിരിക്കാന്‍ മാത്രം ഷണ്ഡനായിപ്പോയോ ഞാന്‍ എന്ന ചിന്ത വല്ലാതെ പിടികൂടിയപ്പോള്‍ ആണ് ഇരുന്ന് കീബോര്‍ഡില്‍ കൈ വെച്ചത്.

നമ്മുടെ ബഹുസ്വരസമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വാരിവിതറി മനുഷ്യര്‍ക്കിടയില്‍ പകയുടേയും വിദ്വേഷത്തിന്‍റേയും വെറുപ്പിന്‍റേയും വന്മതിലുകള്‍ സൃഷ്ടിച്ച് ഭാരതത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉരുണ്ട ഒരു രഥത്തെ നാം ഓര്‍ക്കുന്നില്ലേ.463 വര്‍ഷം 'അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍' എന്ന മഹത്തായ വചനം വിളംബരം ചെയ്ത ബാബരിയുടെ നെഞ്ചിലൂടെ കയറിയിറങ്ങി മസ്ജിദിന്‍റെ തങ്കത്താഴികക്കുടങ്ങള്‍ ഒരു പിടി മണ്‍കൂനയാക്കിയിയതിനു ശേഷം മാത്രം ബ്രേക്കിട്ട ആ രഥത്തെ നാം മറന്നിട്ടുണ്ടാവില്ല.

അനുഗ്രഹാശീര്‍‌വാദങ്ങളോടെ രഥത്തില്‍ കൈകളുയര്‍ത്തിക്കൊണ്ട് നിന്ന ഉരുക്ക് മനുഷ്യന്മാരേയും കര്‍സേവകന്മാരുടെ കയ്യിലെ പിക്കാസിന്‍റെ ശക്തിയാല്‍ മസ്ജിദിന്‍റെ കല്ലുകട്ടകള്‍ പുകള്‍പെറ്റ നമ്മുടെ മതേതര സങ്കല്‍‌പ്പത്തോടൊപ്പം ഇളകിത്തെറിക്കുന്നത് കണ്ട് ആഹ്ലാദനൃത്തം ചവിട്ടിയ ഉരുക്കും ഉരുക്കല്ലാത്തതുമായ മനുഷ്യ/മനുഷ്യത്തിമാരേയും 'തിരിച്ചറിയാന്‍' ജസ്റ്റിസ് ലിബര്‍ഹാന് 17വര്‍ഷം വേണ്ടി വന്നെങ്കിലും പൊതുസമൂഹത്തിന് അതിന്‍റെ ആവശ്യമില്ലായിരുന്നു.

വിശ്വാസവഞ്ചനയുടെ, അവഗണയുടെ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെയാണെന്ന് തോന്നുന്നു 17വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഡിസംബര്‍ 6-ന്‍റെ പ്രത്യേകത.വിഷമത്തോടെ പറയട്ടെ, ഭരണവര്‍ഗ്ഗ പാര്‍ട്ടിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള സമീപനം കണ്ടാല്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ അങ്ങോരുടെ പേനയെടുത്ത് വീട്ടിലേക്ക് ഉപ്പ് പൊതിഞ്ഞ് കൊണ്ട് വന്ന കടലാസിലെന്തോ കുത്തിക്കുറിച്ചതാണെന്ന് തോന്നും.17വര്‍ഷങ്ങള്‍ മുമ്പ് തങ്ങള്‍ തന്നെ നിയോഗിച്ചതാണ് ഈ ലിബര്‍ഹാനെ എന്ന ഒരു ചിന്ത പോലും ഇല്ല ഇവര്‍ക്ക്.വഞ്ചകന്മാര്‍ !!

ഗാന്ധിവധത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 17വര്‍ഷം തികയുന്ന ഈ വേളയില്‍ നാം തിരിച്ചറിയുന്നു ബാബരി വിഷയത്തില്‍ മുഖ്യധാരക്കാരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ടെന്ന ദുഃഖ സത്യം.

"രണ്ട് നിലക്കെട്ടിടം പണിയാം നമുക്ക്.എന്നിട്ട് മുകള്‍ നിലയില്‍ മുസ്ലിംകള്‍ സുജൂദ് ചെയ്യട്ടെ.താഴെ നിലയില്‍ ഹിന്ദുക്കള്‍ മണിയടിക്കട്ടെ" എന്ന ഫോര്‍മുല വെച്ചവര്‍ക്കറിയില്ല മുസ്ലിം മനസ്സില്‍ ബാബരിയുടെ സ്ഥാനം.യു.പി മുഖ്യമന്ത്രിയായത് കൊണ്ട് മാത്രമാണ് കാക്കി നിക്കറുമിട്ട് പിക്കാസ് കയ്യിലേന്തി മിനാരത്തിന്‍റെ മുകളില്‍ കയറാഞ്ഞത് എന്ന് മാലോകര്‍ക്കെല്ലാമറിയുന്ന കല്യാണ്‍ സിങിനെ മതേതരനാക്കി മാമോദീസമുക്കി കൂടെ കൂട്ടിയവര്‍ക്കും അറിഞ്ഞോളണമെന്നില്ല അത്.കേവലം വോട്ട്ബാങ്കിനപ്പുറത്തേക്ക് മുസല്‍മാനെ ആവശ്യമില്ലാത്തവര്‍ 17വര്‍ഷം മുമ്പ് അറിയാതെ തന്ന വാഗ്ദാനം പിന്‍‌വലിക്കാനുള്ള ബദ്ധപ്പാടിലുമാണ്.

എല്ലാ വര്‍ഷവും ഡിസംബര്‍ ആറിന് പാര്‍ലിമന്‍റില്‍ ഉടുതുണി പൊക്കിക്കൊണ്ട് ബഹളം വെച്ച് സഭ സ്തംഭിപ്പിക്കുന്ന കലാപരിപാടിയാണ് ആകെക്കൂടി നടക്കുന്ന 'പ്രതിഷേധം'.ഈ പ്രതിഷേധക്കാരോട് മുസ്ലിം സമുദായത്തിന് ഒരപേക്ഷയുണ്ട്.പ്ലീസ്.....ഈ കലാപരിപാടി നടത്തി നിങ്ങളിനിയും സമുദായത്തിന്‍റെ ക്ഷമ പരീക്ഷിക്കരുത് !

ബാബരി മസ്ജിദ് ഒരു പിടി കല്ലു കട്ടകളാക്കി മാറ്റി എന്നത് കൊണ്ട് മാത്രം ഇല്ലാതാവുന്നില്ല.ഓരോ ഇന്ത്യക്കാരന്‍റേയും ഹൃദയത്തില്‍ ജീവിച്ചിരിക്കുന്ന ഒരു ബാബരി മസ്ജിദ് ഉണ്ട്.ഒരു ഉരുക്കുമനുഷ്യനും ഒരു കാലത്തും തകര്‍ക്കാന്‍ കഴിയാത്ത ബാബരി.മസ്ജിദ് നില നിന്നിരുന്ന സ്ഥാനത്ത് തന്നെ അത് പുനര്‍നിര്‍മ്മിക്കപ്പെടുന്നത് വരെ നാമോരോരുത്തരും നമ്മുടെ മനസ്സിലിട്ട് താലോലിക്കുന്ന ബാബരി മസ്ജിദ്.

ഈ കുറിപ്പ് അപൂര്‍ണ്ണമാണെന്നറിയാം.തത്ക്കാലം ചുരുക്കട്ടെ.മറവിയിലാണ് ഫാഷിസത്തിന്‍റെ വളര്‍ച്ച.ഡിസംബര്‍-6 ബാബരി ദിനം.നമുക്ക് മറക്കാതിരിക്കുക.

Wednesday, September 9, 2009

അവരുടെ മനോവീര്യം തകര്‍ക്കരുത്"ശ്ശ്....മിണ്ടരുത്.ശബ്ദിക്കരുത്.
അന്വേഷണമോ...എന്തന്ന്വേഷണം ?
നിങ്ങള്‍ പോലീസുകാരുടെ മനോവീര്യം തകര്‍ക്കരുത്."

അവര്‍ ആര്‍മാദിക്കട്ടെ.ഇശ്റത്ത്മാരുടേയും സൊഹ്റാബുദ്ധീന്മാരുടേയും ജീവിതം തകര്‍ന്നടിയട്ടെ.തെളിവ് നശിപ്പിക്കാന്‍ സൊഹ്റാബുദ്ധീന്‍റെ കെട്ട്യോളെ ഒരു പിടി ചാരമാക്കിയും,പ്രാണേഷ് കുമാറിന്‍റെ തലയോട്ടി പിളര്‍ത്തുന്ന വെടിയുണ്ടകള്‍ പായിച്ചും പോലീസിന്‍റെ മനോവീര്യം അങ്ങു കുത്തനെ ഉയരട്ടെ.

ഇശ്റത്ത് ജഹാന്‍ മുംബൈയിലെ ഖല്‍സാ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണെന്നും നാലു പേരടങ്ങുന്ന കുടുംബത്തിന്‍റെ പശിയടക്കാന്‍, സഹോദരങ്ങളുടെ പഠന ചെലവ് വഹിക്കാന്‍ കോളേജ് സമയം കഴിഞ്ഞ് ട്യൂഷനെടുത്തിരുന്ന അല്ലറ ചില്ലറ ജോലികളിലൊക്കെ ഏര്‍പ്പെട്ടിരുന്ന ഒരു സാധു പെണ്‍കുട്ടിയാണെന്നും മറ്റും അഹമ്മദാബാദ് മെട്രൊ പോളിറ്റന്‍ ജഡ്ജ് എസ്.പി തമാങ്ങിനെപ്പോലുള്ള ആരോ അടക്കം പറയുന്നുണ്ട്.ചുരുക്കത്തില്‍ ലവള്‍ നിരപരാധിയാണത്രെ...

ഇനീപ്പോ നിരപരാധിയാണെങ്കില്‍ കൂടി നമുക്ക് നമ്മുടെ പോലീസിന്‍റെ മനോവീര്യമല്ലേ വലുത്.പ്ലീസ് ദയവ് ചെയ്ത് ശല്യപ്പെടുത്തരുത്.അവര്‍ വെടി വെച്ച്പഠിക്കട്ടെ.

ഇനിയുമെത്ര സമീര്‍മാര്‍ പിടഞ്ഞ് മരിക്കണം നമ്മുടെ കണ്ണൊന്ന് തുറക്കാന്‍ ?

ഇനിയുമെത്ര കൗസര്‍ബിമാരുടെ മാനം ചവിട്ടിയരക്കപ്പെടണം ??

Monday, August 17, 2009

അമേരിക്കന്‍ അഹങ്കാരംമുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം,നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് പിന്നാലെ അമേരിക്ക അടിവസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ പ്രമുഖരുടെ ലിസ്റ്റിലേക്ക് ഇപ്പോഴിതാ ഷാറൂഖും.മുമ്പേ തന്നെ ഈ ലിസ്റ്റിലിടം പിടിച്ച പതിനായിരക്കണക്കിനു വരുന്ന മുഹമ്മദ് കുട്ടിമാരും,ഖാന്‍‌മാരും,താടിക്കാരും,തലേക്കെട്ടുകാരും ഈ ഭൂമുഖത്തുണ്ടെങ്കിലും അവരാരും 'വി.വി.ഐ.പി' കളല്ല എന്നതിനാല്‍ തന്നെ നിങ്ങളുടെ കഥന കഥകളും പറഞ്ഞ് ബൂലോകരുടെ സമയം മിനക്കെടുത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൊള്ളട്ടെ.തത്ക്കാലം ക്ഷമിക്കുക സഹിക്കുക.

സത്യത്തില്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ പൊതുജനമധ്യത്തില്‍ സൗസറഴിച്ച് അപമാനിച്ചപ്പോള്‍ കൈത്തരിപ്പ് തീര്‍ക്കണമെന്ന് കരുതിയതാണു.തിരക്ക് മൂലം കഴിഞ്ഞില്ല.അമേരിക്ക അടുത്ത വി.വി.ഐ പിയുടെ തുണിയുരിയുമ്പോള്‍ വെച്ച് കാച്ചാം എന്ന് കരുതി അന്നെഴുതിയ വരികള്‍ ഗൂഗിള്‍ അമ്മച്ചിയുടെ പക്കല്‍ സൂക്ഷിക്കാനായി ഏല്‍‌പ്പിച്ചു.(ശ്ശൊ ന്നെക്കൊണ്ട് ഞാന്‍ തോറ്റു.എന്തൊരു ദീര്‍ഘബീക്ഷണം ല്ലേ..!)

കലാം കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സ് കേസിലുള്ള ഇന്ത്യന്‍ പ്രതികരണം ദാ ഇങ്ങനെ വായിക്കാം.

"അമേരിക്കന്‍ സുരക്ഷാ മാദണ്ഡങ്ങള്‍ അനുസരിച്ചുളള നടപടികള്‍ കൈക്കൊള്ളുകയല്ലാതെ ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല."
കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍സ്.

"സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ ഉത്തരവാദികളായവരെകൊണ്ട് മാപ്പ് പറയിപ്പിക്കുമെന്നും"
വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.

എന്നാ പറയിപ്പിക്കുമെന്നാ..കോപ്പോ ?
ഹ.കോപ്പല്ല മാഷേ..മാപ്പെന്നേയ്...!

ആണും പെണ്ണും കെട്ടവന്മാരേ ഇങ്ങളു ആര്‍മാദിച്ചോളീന്‍ എന്നുള്ള ഡല്‍ഹി ഹൈക്കോടതി വിധി വെറുതെയല്ല എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിക്കാണും.ഡല്‍ഹിയിലൂടെ ഇങ്ങനെ കുണുങ്ങി നടക്കുന്ന ഈ ടൈപ്പ് സാധനങ്ങളെ കണ്ടിട്ട് തന്നെയാവണം ഹൈക്കോടതി വിധിവന്നത്.കുണ്ടന്മാര്‍ക്ക് അനുകൂലമായി വിധിച്ച ആ ജഡ്ജിമാരേം തെറി വിളിച്ച് ഒരു പോസ്റ്റിടാന്‍ കഴിയാത്തത് ഒരു കണക്കിനു അനുഗ്രഹമായി.

അല്ലെങ്കി ഇങ്ങളു പറ.മ്മ്ടെ സൈന്യത്തിന്‍റെ പരമാധികാരിയും ലോകം കണ്ട എക്കാലത്തേയും മികച്ച ഒരു ശാസ്ത്രജ്ഞനുമായിരുന്ന ഈ വന്ദ്യവയോധികനെ ഇത്തരത്തില്‍ അപമാനിച്ചും വിട്ടിട്ട് ദാ കണ്ടില്ലേ ഈ കൊജ്ഞാണന്മാരുടെ പ്രതികരണം.

(ഇത് വായിക്കുമ്പോള്‍ ചാന്ത് പൊട്ടിലെ ദിലീപിനെ ഒന്നോര്‍ക്കണേ) "ഈശ്വരന്മാരേ എന്തായീ കേക്കണേ.കലാംക്കാന്‍റെ സുനേമെ കോണ്ടിനെന്‍റല്‍ തോണ്ടീന്നാ...!ദുഷ്ടന്മാര്‍, നിന്നെയൊക്കെ മൂര്‍ഖന്‍ പാമ്പ് കടിക്കും..ഹാ"

അമേരിക്കന്‍ നിയമം നടപ്പിലാക്കാന്‍ ഇതെന്താ നിന്‍റെയൊക്കെ അച്ചിവീടോ എന്നെങ്കിലും ചോദിക്കാന്‍ ആണോ പെണ്ണോ ആയിപ്പിറന്ന ഒറ്റ ഒരുത്തനും ഇല്ലാതെ പോയല്ലോ ഇവിടെ.രാജ്യത്ത് സുരക്ഷാപരിശോധനയില്‍ നിന്നും ഒഴിവാക്കപ്പെട്ട വി.വി.ഐ പികളില്‍ പെട്ട ഒരാളാണു മുന്‍ രാഷ്ട്രപതി കൂടിയായ കലാം.ഇന്ത്യയില്‍ സര്‍‌വ്വീസ് നടത്തുന്ന വിദേശവിമാനക്കമ്പനികള്‍ക്കും ഇന്ത്യയിലെ ഈ നിയമം ബാധകമാണെന്നിരിക്കെ കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സ് നടത്തിയ ഈ ധിക്കാരം ഇന്ത്യന്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമല്ലേ..അഹങ്കാരികള്‍...!

നമ്മുടെ പൂര്‍‌വ്വികന്മാര്‍ ജീവനും ജീവിതവും കൊടുത്ത് പൊരുതി നേടിയ സ്വാതന്ത്ര്യം ഇങ്ങനെ മറ്റൊരുത്തന്‍റെ കാല്‍ക്കീഴിലേക്കിട്ട് കൊടുക്കണോ? (സോറ്യേ..കാലു പൊക്കി താഴേക്ക് വെച്ച് കൊടുക്കണോ എന്ന് തിരുത്തി വായിക്കാനപേക്ഷ)

മണ്മറഞ്ഞു പോയ ധീരദേശാഭിമാനികള്‍ പൊറുക്കട്ടെ ഈ കശ്മലന്മാരോട്.

ഇന്ത്യന്‍ മണ്ണില്‍ നടന്ന ഈ ധിക്കാരത്തോടുള്ള നമ്മുടെ സമീപനം ഇങ്ങനെയായിരുന്നെങ്കില്‍ അമേരിക്കയില്‍ നടന്ന ഷാറൂഖ് സംഭവത്തില്‍ ഇടപെടും എന്നുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല.ഇതിനെല്ലാം 'ഇടയില്‍ പെടാതെ' അബ്ട്ന്ന് ഇജ്ജന്‍റെ തടി കൈച്ചലാക്കിക്കോ മോനേ ഷാറൂഖേ എന്നേ ഇത്തരുണത്തില്‍ പറയാനൊള്ളൂ..

ഇസ്ലാമോഫോബിയ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഇന്ത്യന്‍ സാഹചര്യത്തില്‍.

ബിരിയാണി തിന്നലും കയ്യില്‍ മൈലാഞ്ചിയിടലും മാത്രമാണു താനും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്ന് ശബാന ആസ്മി.പ്രശസ്ത ബോളിവുഡ് നടിയും,സാമൂഹിക പ്രവര്‍ത്തകയും,മുന്‍ എം.പി യുമായ ഈ നാരിയുടെ ഒരനുഭവം നോക്കൂ.ഈ തിക്താനുഭവം സൈഫ് അലി ഖാനും നേരിട്ടിട്ടുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബോളിവുഡിലെ ചുംബനവിദഗ്ധനായ ഇമ്രാന്‍ ഹാഷ്മിക്കും പറയാനുണ്ട് സമാനമായൊരു അനുഭവം.

മേല്‍‌പ്പറഞ്ഞ സുഹൃത്തുക്കളും ഇസ്ലാമും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമല്ലാതെ മറ്റെന്തു കുന്തമാണുള്ളത്?തങ്ങളുടെ മതേതരത്വം(മതമില്ലായ്മ) സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ചിട്ടും പേരിലൊരു മുസ്ലിം സാമ്യം ഉണ്ടായിപ്പോയത് കൊണ്ട് പ്രമുഖര്‍ക്ക് പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥയെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.

ഇസ്രായേലും അമേരിക്കയുമായുമായുള്ള നമ്മുടെ മൊഹബ്ബത്ത് കത്ത് കൈമാറ്റത്തില്‍ നിന്നും മാറി മതിലു ചാട്ടത്തിലും ഇപ്പോള്‍ കിടപ്പറ പങ്കിടുന്നതില്‍ വരെ എത്തിയിരിക്കുന്നു.താടി തലപ്പാവുകാരേയും ഖാന്‍‌മാരേയും സംശയിക്കണമെന്ന അവരുടെ ഉപദേശം ഇന്ത്യയിലെ ഹിന്ദുത്വരും ശിരസ്സാവഹിച്ചിരിക്കുന്നു.പരമോന്നത നീതിപീഠം പോലും നമ്മുടെ ബഹുസ്വര സമൂഹത്തില്‍ സംശയത്തിന്‍റെ വിഷവിത്തുകള്‍ വിതക്കുന്നു.

അതെ, അമേരിക്കയിലും ഇസ്രായേലിലും ആസ്ത്രേലിയയിലും മാത്രമല്ല നമ്മുടെ ഭാരതത്തിലും ഇത്തരം ആശയങ്ങള്‍ ആസൂത്രിതമായി പ്രായോഗികവത്ക്കരിച്ച് കൊണ്ടിരിക്കുന്നു എന്ന് തന്നെയാണു ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.

അമേരിക്കയിലേക്ക് ഇടക്കിടെ പറന്ന് കളിക്കുന്ന ഞങ്ങടെ മന്മോഹന്‍‌ജിക്ക്(സംഗതി ഒബാമ വല്ല്യേട്ടനു പ്രിയങ്കരന്‍ തന്നേയാണേലും) തുണിപൊക്കി പരിശോധനക്ക് നിന്ന് കൊടുക്കേണ്ട ഗതികേട് വരുത്തല്ലെ ദൈവമേ എന്ന് പ്രാര്‍ഥിക്കേണ്ട ഗതികേടിലാണിപ്പോള്‍ ഇന്ത്യന്‍ ജനത.

Friday, July 10, 2009

ബൂലോകത്തെ ആദ്യ ചാവേറിനു

10/07/2009,
തൃശൂര്‍.

പ്രിയ വാഴക്കോടന്‍ ചേട്ടന്‍ വായിച്ചറിയുന്നതിനു ജിപ്പൂസ്,

കുറച്ച് വൈകിയാണു തീരുമാനം അറിഞ്ഞത്.I REALLY PROUD OF U വാഴക്കോടന്‍ ഇക്കാ.ബൂലോക ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തും വാഴക്കോടന്‍ എന്ന ഈ നാമം.സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തീരുമാനമെടുത്ത (അതും നമ്മുടെ ബെര്‍ളിച്ചേട്ടനെപ്പോലുള്ള ഒരു ഫുലിക്കുട്ടിക്ക് വേണ്ടി) ആ വലിയ മനസ്സിനെ നമിക്കുന്നു.വാഴക്കോടനു ജന്മം നല്‍കിയ ആ അമ്മയുടെ വയറ്റില്‍ പിറന്നിരുന്നെങ്കില്‍ എന്ന് ഏത് ബൂലോകനും ആശിച്ച് പോകുന്ന നിമിഷങ്ങള്‍...!

തനിക്കേറ്റവും പ്രിയപ്പെട്ട പുന്നയൂര്‍ക്കുളത്തെ നീര്‍മാതളഭൂമി സാഹിത്യ അക്കാദമിക്ക് സംഭാവന ചെയ്ത കമലാസുരയ്യയെ ഞാനിത്തരുണത്തില്‍ ഓര്‍ത്ത് പോകുന്നു.താങ്കളും ആ വഴി തന്നെ പിന്തുടരുമെന്നാണു പ്രതീക്ഷ.ഒന്നോര്‍ത്ത് നോക്കിക്കേ.ഞങ്ങള്‍ ഫാന്‍സെല്ലാവരും നമ്മുടെ അച്ചായന്‍ ഞങ്ങളുടെ മദ്ധ്യത്തില്‍ വാഴക്കോടന്‍റെ നീര്‍മാതളഭൂമിയില്‍ ഇങ്ങനെ വട്ടമിട്ടിരുന്ന് (ദേഹത്ത് ചേറായ ഒരൊറ്റ എണ്ണത്തേയും കൂടെ കൂട്ടില്ല) മീറ്റേം ഈറ്റേം ചെയ്യുന്ന ആ രംഗം...!

ഹോ... ഓര്‍ക്കുമ്പോള്‍ രോമമില്ലാത്ത എനിക്ക് പോലും രോമാഞ്ചം.മുറ്റത്ത് ചേട്ടന്‍റെ ഒരു മെഴുക് പ്രതിമ നമ്മുടെ മായാവതി വല്യമ്മയെ കൊണ്ട് വന്ന് ഉത്ഘാടിക്കാനും,ബൂലോകത്ത് മഹാതോന്ന്യാസിക്കുള്ള ഒരു വാഴക്കോടന്‍ അവാര്‍ഡ്(പുറത്ത് പോകില്ല.നമുക്ക് തന്നെയാ.ഹി ഹീ) ഏര്‍പ്പെടുത്താനും തീരുമാനിച്ച വിവരം താങ്കളെ സന്തോഷപൂര്‍‌വ്വം അറിയിച്ച് കൊള്ളട്ടെ.

പിന്നേയ് അച്ചായനിപ്പോള്‍ ധാന്യം പെറുക്കിക്കൂട്ടുന്ന തിരക്കിലാണു.പുഴുങ്ങിത്തിന്നുന്നതു കഴിഞ്ഞ് ധാന്യം ഇപ്പോള്‍ ധാരാളമായി മിച്ചം വെക്കാന്‍ കഴിയുന്നുണ്ട്.മാന്ദ്യക്കാലമൊക്കെ അല്ലേ.ചുളുവിലക്ക് കൊടുക്കാമെന്നേറ്റതിനാല്‍ അങ്ങു അമേരിക്കയില്‍ നിന്നും ഒബാമ അളിയന്‍റെ നേരിട്ടുള്ള ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.ഒരു പത്ത് പോത്ത്‌ വണ്ടിക്കുള്ള ഓര്‍ഡര്‍ ആണു ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.അച്ചായന്‍റെ ആ ഒടുക്കത്തെ തൂലിക ഉള്ളിടത്തോളം കാലം ധാന്യത്തിനു മുട്ടൊന്നും വരത്തില്ല.ഒടേ തമ്പുരാന്‍ നേരിട്ടിറക്കിക്കൊടുത്ത അക്ഷയപാത്രമാണതെന്ന് നാട്ടില്‍ സംസാരമുള്ള വിവരം ചേട്ടനറിയാമല്ലോ.

സത്യത്തില്‍ ധാന്യമണികള്‍ ഇങ്ങനെ ചറപറേന്ന് ചാടിക്കൊണ്ടിരിക്കുന്നതിനാല്‍ ഒരാളെ പണിക്ക് നിര്‍ത്തേണ്ട അവസ്ഥയിലാണിപ്പോള്‍ ഇച്ചായന്‍.തല്‍ക്കാലത്തിനു അയലോത്തെ ട്രീസയാണു കൂട്ടിനു.മീനച്ചിലാറ്റില്‍ തുണിപറിച്ചുള്ള കുളിയൊക്കെ അവള്‍ നിര്‍ത്തി.അച്ചായന്‍ നമ്മുടെ ലീഡറുടെ വീട്ടിലുള്ള പോലോത്തെ ചൂടു വെള്ളോം തണുപ്പ് വെള്ളോം ഉള്ള നല്ലൊരു സ്വിമ്മിംഗ് പൂള്‍ ഒണ്ടാക്കിക്കൊടുക്കാമെന്ന് ട്രീസയോട് പറേണത് ഞാന്‍ ഒളിച്ച് നിന്ന് കേട്ടു.എന്തെങ്കിലാവട്ടെ അച്ചായനിനി പബ്ലിക്കായി അവളു കുളിക്കുന്നതും നോക്കി നില്‍ക്കേണ്ടല്ലോ.വഷളനെന്ന പേരു പോയിക്കിട്ടും.ഇച്ചായനെ തോന്ന്യാസീന്നും,വഷളന്‍‌ന്നൊക്കെ വിവരമില്ലാത്തവന്മാര്‍ വിളിക്കുന്നത് എത്രയാന്നു വെച്ചാ ചേട്ടാ നമ്മള്‍ ഫാന്‍സ് സഹിക്കുന്നേ.ഇനീം ഇത് കേട്ടോണ്ട് നിന്നാ ഞാനും ചേട്ടനെപ്പോലെ ചാവേറാവും.

പിന്നെ ഇച്ചായനെ ഒന്നു ഞോണ്ടാന്‍ മാത്രമുള്ള ധാന്യം മാര്‍ക്കറ്റില്‍ ഇപ്പോള്‍ ആരുടെ കയ്യിലും സ്റ്റോക്ക് ഇല്ല.ആ തൊടുപുഴക്കാരന്‍ ഹരീഷാണു പിന്നേം ഇത്തിരി തലവേദന.അവന്‍ ഒരു ബ്ലോഗ് മീറ്റും കൂടി നടത്താണേല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍,ഒബാമ അങ്ങോട്ടെങ്ങാനും ചാഞ്ഞാല്‍ പിന്നെ ഞാന്‍ പറയണ്ടാലോ.ആദ്യത്തെ സ്യൂയിസൈഡ് അറ്റം‌പ്റ്റില്‍ നിന്നും രക്ഷപ്പെട്ടത് മലയാറ്റൂരമ്മേടെ അനുഗ്രഹം കൊണ്ടാന്നാ ഡോക്ടര്‍ പറഞ്ഞേ.ബ്ലോഗും പൂട്ടി കഴുക്കോലും,മരങ്ങളും പറിച്ച് വിറ്റ് ധാന്യം വാങ്ങേണ്ട ഗതികേട് ഒന്നാലോചിച്ച് നോക്കിക്കേ.ഹോ..കര്‍ത്താവേ ഞങ്ങടെ ഇച്ചായനു ആ ഗതികേട് വരുത്തല്ലേ.

പിന്നെ അവനെ ഒന്നൊതുക്കാനുള്ള ചെപ്പടിവിദ്യകള്‍ ഇച്ചായന്‍ പയറ്റിയിരുന്നു.എന്നാല്‍ ചില ബൂലോക സിന്‍ഡിക്കേറ്റുകള്‍ മൂലം അത് ചീറ്റിപ്പോയീന്നു മാത്രല്ല അവന്‍റെ മുറീലുള്ള കമന്‍റു പെട്ടിയില്‍ നിന്നും ധാന്യം വാശിയോടെ ചാടിക്കൊണ്ടിരിക്ക്യാന്നാ കേള്‍ക്കുന്നേ.ഇനീപ്പോ അറ്റ കൈ പ്രയോഗമേ നടക്കൂ.പൂഴിക്കടകന്‍ തന്നെ വാഴക്കോടന്‍ ചേട്ടാ.ചേട്ടന്‍ മാക്സിമം അവന്‍റെ അടുത്ത് നിന്നേ സാധനത്തിന്‍റെ ബട്ടന്‍ അമര്‍ത്താവൂ.അരച്ചരച്ചരച്ചരച്ചരച്ചരച്ച് കൊല്ലേണ്ട.ഒറ്റയടിക്ക് തന്നെ തീരണം.സയനൈഡ് എടുക്കാന്‍ മറക്കരുത് ട്ടോ.ഇനിപ്പോ ഓപ്പറേഷന്‍ പരാജയമായാല്‍ ലവന്മാരെല്ലാം കൂടി അച്ചായനെ തേടി വരരുത്.രണ്ടെണ്ണമെടുത്തങ്ങു വീശണം.അപ്പോ എല്ലാം പറഞ്ഞ പോലെ...

ബാഹ്യസമ്മര്‍‌ദ്ധങ്ങള്‍ക്കു വഴങ്ങി തീരുമാനം മാറ്റില്ലെന്ന വിശ്വാസത്തോടെ സ്വന്തം ജിപ്പൂസ്.

ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുയരുന്നു.
ഓരോ തുള്ളി..

ഡേയ് കോറസ് പാടാന്‍ ആരൂല്ലേ ഇവ്ടെ ? ?

Wednesday, June 3, 2009

മാപ്പ് നല്‍കൂ അമ്മേ

പുന്നയൂര്‍ക്കുളത്തെ തറവാട്ടു തൊടിയില്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്‍ നറുമണവും,മലയാള സാഹിത്യലോകത്ത് വാരിവിതറിയ ഒരുപിടി അക്ഷരക്കൂട്ടങ്ങളുടെ വശ്യഗന്ധവും വായനക്കാരന്‍റെ ഹൃത്തടത്തില്‍ ബാക്കിയാക്കി മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരി കമലാസുരയ്യ പാളയം പള്ളിയിലെ മഹാഗണിച്ചുവട്ടിലെ ആറടി മണ്ണിലേക്ക് യാത്രയായിരിക്കുന്നു.

1964-ലെ ഏഷ്യന്‍ പോയട്രി അവാര്‍ഡ്,ഏഷ്യന്‍ വേള്‍ഡ് അവാര്‍ഡ്,1965-ല്‍ ഏഷ്യയിലെ ഇംഗ്ലീഷ് കൃതികള്‍ക്കുള്ള കെന്‍ അവാര്‍ഡ്,ആശാന്‍ വേള്‍ഡ് പ്രൈസ്,അക്കാദമി പുരസ്കാരം,1984-ല്‍ നോബല്‍ സമ്മാനത്തിനു നാമനിര്‍ദ്ധേശം,1969-ല്‍ കേരള അക്കാദമി ചെറുകഥാ അവാര്‍ഡ്,1969-ല്‍ തന്നെ ഒ.എന്‍.വി പുരസ്ക്കാരം,1997-ല്‍ നീര്‍മാതളം പൂത്ത കാലത്തിനു വയലാര്‍ അവാര്‍ഡ്.നേട്ടങ്ങളുടെ പട്ടിക നീളുകയാണു...

ഇന്ത്യക്ക് പുറത്തുള്ള പ്രശസ്തമായ ചില യൂണിവേര്‍സിറ്റികളില്‍ ഈ അനുഗ്രഹീത കവിയിത്രിയുടെ ഇംഗ്ലീഷ് കവിതകള്‍ പഠിപ്പിക്കുന്നു എന്നു പറയുമ്പോള്‍ അത് സുരയ്യയുടെ പ്രാഗത്ഭ്യം വ്യക്തമാക്കുന്നു.ഇംഗ്ലീഷിലുള്ള എഴുത്ത് തുടരുകയായിരുന്നെങ്കില്‍ നോബല്‍ സമ്മാനവും സുരയ്യ ഇന്ത്യയിലേക്ക് കൊണ്ടു വരുമായിരുന്നുവെന്ന് ഡോ:സുകുമാര്‍ അഴീക്കോട് അനുസ്മരിക്കുന്നു.

എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭയായ സാഹിത്യകാരിക്ക്, കൈരളിയെ വിശ്വസാഹിത്യത്തിലേക്ക് കൈ പിടിച്ചു നടത്തിയ സുരയ്യക്ക് താന്‍ ജീവനു തുല്യം സ്നേഹിച്ച മലയാളനാടും,നീര്‍മാതളവും വിട്ട് പൂനെയിലെ ഇടുങ്ങിയ മുറിയിലേക്ക് ജീവിതം പറിച്ചു നടേണ്ടി വന്നു.സുരയ്യയെ ഇതിനു നിര്‍ബന്ധിതയാക്കിയ കാര്യങ്ങളെക്കുറിച്ച് ഇത്തരുണത്തില്‍ രണ്ടു വാക്ക് പറയാതിരിക്കാന്‍ അവരെ സ്നേഹിക്കുന്ന മലയാളിക്ക് കഴിയുമോ ?

എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള കടുത്ത മാനസിക പീഢനം ഇതിനു മുമ്പ് താന്‍ നേരിട്ടിട്ടില്ലെന്ന് സുരയ്യയുടെ വാക്കുകളില്‍ നിന്നു തന്നെ നമുക്ക് വായിക്കാം.ജീവിതത്തിലെ സായംസന്ധ്യയില്‍ കേരളത്തോട് വിടപറയാന്‍ കാരണം കൊച്ചിയിലെ കച്ചറയും,അഴുക്കുചാലുകളില്‍ നിന്നുമുയരുന്ന ദുര്‍ഗന്ധവും മാത്രമാണെന്ന് എഴുതിപ്പിടിപ്പിച്ചവരോട് കമലാസുരയ്യ തന്നെ മറുപടി പറയട്ടെ.

“മലയാളികള്‍ കുറേക്കൂടി മാന്യതപുലര്‍ത്തണം.മനുഷ്യരെ സ്നേഹിക്കാനും പഠിക്കണം.കേരളീയര്‍ എനിക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണു ഉന്നയിച്ചത്.അപമാനിക്കുന്ന പെരുമാറ്റമാണു ഉണ്ടായത്.അസഭ്യം നിറഞ്ഞ കത്തുകള്‍ അയച്ച് ന്നെ അപമാനിക്കുന്നത് ചിലര്‍ പതിവാക്കിയിരിക്കുന്നു.മരുപ്പച്ച തേടി പോവുകയാണു ഞാന്‍.എന്‍റെ ബാലന്‍സ് തെറ്റുന്നുണ്ട്.മരുപ്പച്ച തേടി ഒട്ടകത്തിന്‍റെ മുകളിലിരുന്ന് സഞ്ചരിക്കുന്ന ഒരു യാത്രക്കാരിയാണു ഞാനിപ്പോള്‍.ഒത്തിരി സ്നേഹം ഞാന്‍ നല്‍കി.പക്ഷേ ആരും ആ സ്നേഹം തിരിച്ചു നല്‍കിയില്ല.ഇവിടെ ജീവിക്കണമെന്നായിരുന്നു ആഗ്രഹം.ആ ഭാഗ്യവും ഇല്ലാതായി.വിശുദ്ധ ഖുര്‍ഃആനും ഏതാനും പുസ്തകങ്ങളും മാത്രമാണു കയ്യിലുള്ളത്,ഒപ്പം എന്‍റെ ദൈവവും.ഇനി ഞാന്‍ മലയാളത്തില്‍ എഴുതില്ല.ഇത്രയൊക്കെ എഴുതിയിട്ടും മലയാളികള്‍ക്ക് നന്ദിയില്ല.”

കേരളം വിടുന്നത്തിനു മുമ്പുള്ള കമലാസുരയ്യയുടെ കണ്ണീരില്‍ കുതിര്‍ന്ന ഈ വാക്കുകള്‍ക്കുള്ളിലേക്ക് ഒന്നിറങ്ങിച്ചെല്ലുമ്പോഴാണു സംസ്കാരസമ്പന്നരാണെന്നു ഊറ്റം കൊള്ളുന്ന നാം മലയാളികളില്‍ ചിലരുടെ ഇടുങ്ങിയ മനസ്സിനേയും ചിന്തകളേയും കുറിച്ച് പറയേണ്ടി വരുന്നത്.ഇസ്ലാം ആശ്ലേഷണത്തിനു ശേഷമാണു അവര്‍ക്ക് ഇത്തരത്തിലുള്ള മാനസിക പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് എന്നതാണു വാസ്തവം.അവരെ വിടാതെ പിന്തുടര്‍ന്നു ചില ദുശ്ശഃക്തികള്‍.സുരയ്യ പറയുന്നു,

ന്‍റെ സമുദായത്തെ ഞാന്‍ ചതിക്കില്ല.നിക്ക് മതം മടുത്തൂന്നൊക്കെ ഓരോരുത്തര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു.ഒരുറുമ്പിനെ പോലും നോവിക്കാത്ത ന്നെ എന്തിനാ എല്ലാരുങ്ങനെ ദ്രോഹിക്കണേ...എനിക്കറിയില്ല.ഞാനിനി എത്ര കാലണ്ടാകുംന്ന്.ഒരു നിശ്ചയോല്ല...നിക്കിനി എഴുതാന്‍ കഴ്യോ..?”

കമലാസുരയ്യയെ പോലെ ലോകപ്രശസ്തയായ ഒരു സ്ത്രീക്ക് ഇത്രയൊക്കെ നേരിടേണ്ടി വന്നുവെന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസം.അസഭ്യ വര്‍ഷങ്ങളും,ഭീഷണികളും നിറഞ്ഞ കത്തുകളും ഫോണ്‍ കോളുകളും തനിക്ക് ലഭിക്കാറുണ്ടായിരുന്നുവെന്ന് സുരയ്യ നിറകണ്ണുകളോടെ വെളിപ്പെടുത്തുമ്പോള്‍ നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന സംസ്കാരത്തിന്‍റെ മുഖം മൂടിയാണു അഴിഞ്ഞു വീഴുന്നത്. മരണത്തിനു ശേഷം പോലും അവരെ വിടാതെ പിന്തുടരുന്ന ജീര്‍ണ്ണിച്ച് പുഴുവരിക്കുന്ന നമ്മുടെ ഈ സംസ്കാരത്തെ നോക്കി 'ഹാ കഷ്ടം' എന്നല്ലാതെ മറ്റെന്തു പറയാന്‍.

വര്‍ഗ്ഗീയതയാല്‍ മനസ്സ് വിഷലിപ്തമായ ചില മാനസിക രോഗികളുടെ ചെയ്തികള്‍ക്കു കേരളീയര്‍ മുഴുവനും പിഴയൊടുക്കണോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം.ചില അനോണികളുടെ കാട്ടിക്കൂട്ടലുകള്‍ മാത്രമല്ല സംസ്കാരരഹിതമായ ഇത്തരം ചെയ്തികള്‍ക്കു പിന്നിലുള്ളതെന്നു മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല.സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക് എഴുത്തച്ഛന്‍ പുരസ്കാരം നല്കി കമലാസുരയ്യയെ കൈരളി ആദരിച്ചപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ആക്രോശങ്ങള്‍ നാം കണ്ടതാണു.

ശ്രീരാമ കൃഷ്ണപരമഹംസനേയും,വിവേകാനന്ദനേയും പോലുള്ള ഹൈന്ദവ നവോത്ഥാന നായകനായ എഴുത്തച്ഛന്‍റെ ഓര്‍മ്മക്കായുള്ള പുരസ്കാരം പ്രേമവും,രതിയും പറഞ്ഞ് നടക്കുന്ന ഒരു പെണ്ണിനല്ല നല്‍കേണ്ടത് എന്നായിരുന്നു തപസ്യയെപ്പോലുള്ള സവര്‍ണ്ണ സംഘടനകളും പി.പരമേശ്വരനെപ്പോലുള്ള സവര്‍ണ്ണ ഫാഷിസത്തിന്‍റെ സൈദ്ധാന്തികരും അഭിപ്രായപ്പെട്ടത്.കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള വര്‍ഗ്ഗീയതയുടെ പാടയെ വേര്‍തിരിച്ചു കാണാന്‍ ഈ സംഭവം ഹേതുവായി എന്ന് വേണം കരുതാന്‍.

നെഞ്ചേറ്റിയവരും സ്തുതിപാഠകരും തിരിഞ്ഞു കുത്തിയപ്പോഴും,പര്‍ദ്ധക്കുള്ളില്‍ അഭയം പ്രാപിച്ചു എന്ന ഒറ്റക്കാരണത്താല്‍ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിത്യ സന്ദര്‍ശകരായിരുന്നവര്‍ അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയപ്പോഴും തകര്‍ന്നു പോയിരുന്നു ആ സാധു സ്ത്രീ.ഒറ്റപ്പെടുത്തലിന്‍റെ ഭയാനകമായ ഈയവസ്ഥയില്‍ ഒരു പച്ചത്തുരുത്തായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ളവരെ കാണാന്‍ കഴിഞ്ഞത് മനസ്സില്‍ നന്മയുള്ളവരുടെ കുലം സാഹിത്യലോകത്ത് അറ്റു പോയിട്ടില്ലെന്നതിന്‍റെ തെളിവാണെന്ന് നമുക്ക് ആശ്വസിക്കാം.

“ഈ യാത്ര സഫലമായതില്‍ ദൈവത്തിനു സ്തുതി.ഗുഡ്ബൈ, ഇനി കേരളത്തിലേക്കില്ല...!”

മാമലനാടിനെ സ്നേഹിച്ച, മലയാളിക്ക് സ്നേഹം വാരിക്കോരിത്തന്ന, കലവറയില്ലാതെ താന്‍ കൊടുത്ത സ്നേഹം തിരിച്ച് കിട്ടാനായി ആഗ്രഹിച്ച സ്നേഹത്തിന്‍റെ സ്വന്തം എഴുത്തുകാരി കേരളം വിടുന്നതിനു മുമ്പ് ഗദ്ഗദത്താല്‍ ഇടറുന്ന കണ്ഡത്തോടെ മൊഴിഞ്ഞ ഈ വാക്കുകള്‍ അറം പറ്റിയെന്നു വേണം കരുതാന്‍.പുന്നയൂര്‍ക്കുളത്തെ നീര്‍മാതളം പൂത്തുലഞ്ഞ തൊടിയില്‍ ഇനിയൊരു ബാല്യം കൂടി ആടിത്തിമിര്‍ക്കാമെന്ന മോഹം ബാക്കിയാക്കി നീര്‍മാതളം പൂക്കാത്ത ലോകത്തേക്ക് മലയാളിയുടെ പ്രിയപ്പെട്ട അമ്മ യാത്രയായി.പ്രപഞ്ചനാഥന്‍ അവരുടെ പരലോകം ധന്യമാക്കട്ടെ.അവര്‍ക്ക് അവന്‍ പാപമോചനം നല്‍കട്ടെ.

നീര്‍മാതളം പൂക്കുന്ന തൊടിയിലെ,
നാലപ്പാട്ടെ നീര്‍മാതളച്ചോട്ടില്‍ നിന്നും
നീര്‍മാതളത്തിന്‍ നറുമണത്തില്‍ നിന്നും
നിന്നെയാട്ടിയകറ്റിയവര്‍ ഞങ്ങള്‍.
ആക്ഷേപത്തിന്‍ കൂരമ്പുകള്‍ കൊണ്ട്
നിന്‍ ഹൃത്തിനെ കുത്തി നോവിച്ചവര്‍.

ഉരുണ്ടു വീഴുന്ന അശ്രുകണങ്ങളാലമ്മേ..
നിന്‍പാദം കഴുകട്ടെ ഞങ്ങള്‍.
പൊറുക്കൂ നീ കേരളത്തോട്,
കേരളീന്‍റെ നന്ദിയില്ലായ്മയോട്.

Friday, May 8, 2009

ജനപ്രതിനിധികളേ ഇതിലേ ഇതിലേ...


"പതിനഞ്ചാം ലോക്സഭയിലേക്ക് ജനവിധി തേടുന്ന 6735 സ്ഥാനാര്‍ഥികളില്‍ 1042 സ്ഥാനാര്‍ഥികളും കുറ്റവാളികള്‍.ഇതില്‍ 463 സ്ഥാനാര്‍ഥികളാവട്ടെ ബലാല്‍സംഗമുള്‍പ്പെടെയുള്ള ഹീനമായ കുറ്റങ്ങളുടെ പട്ടികയില്‍ പെടുന്നവര്‍."

വല്യ മോശല്ലാത്ത കണക്ക് ല്ലേ...!ഒരു പത്രത്തീന്ന് അടിച്ചു മാറ്റിയതാണു ട്ടോ.

ഇടതന്മാരേ,വലതന്മാരേ ഇതും രണ്ടും അല്ലാത്തവന്മാരേ അഭിമാനിച്ചോളീന്‍.എല്ലാവരും ആത്മാര്‍ഥമായിത്തന്നെ തങ്ങളുടേതായ സംഭാവന ഈ വകുപ്പിലേക്ക് നല്‍കിയിരിക്കുന്നു.ഇക്കണക്കിനു പോയാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അധികം താമസിയാതെ തന്നെ ക്രിമിനലുകളുടെ ശ്രീകോവിലായി മാറും.ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചതിനാല്‍ കിട്ടിയതാണു ക്രിമിനല്‍ എന്ന ചെല്ലപ്പേര് എന്നാരും സംശയിക്കേണ്ട കേട്ടോ.പലരും ബലാല്‍സംഗമുള്‍പ്പെടെയുള്ള സാഹസിക,മഹനീയക്രിത്യങ്ങളില്‍ കഴിവുതെളിയിച്ചവരത്രെ.

മുസ്ലിംകള്‍ക്കും,ദളിതര്‍ക്കും,പട്ടികജാതിക്കാരനും സീറ്റ് നല്‍കിയില്ലെങ്കിലെന്ത് ക്രിമിനലുകള്‍ക്കുള്ള സീറ്റ് കിറുകൃത്യമായി വീതം വെച്ചിരിക്കുന്നു എന്ന് രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാദിച്ചാല്‍ അത് അംഗീകരിച്ച് കൊടുക്കാതെ തരമില്ല.എന്നാല്‍ നാഴികക്കു നാല്‍പ്പതു വട്ടം നിയമം ലംഘിക്കുന്ന,ഹീകൃത്യങ്ങളില്‍ പങ്കാളികളായ ഈ മഹാന്മാരുള്‍പ്പെടുന്ന ഒരു കൂട്ടമാണു ഭാരതത്തെ നന്നാക്കാനുള്ള,രാജ്യത്തെ ക്രിമിനലുകളെ നിലക്കു നിര്‍ത്താനുള്ള നിയമങ്ങള്‍ പാസാക്കിയെടുക്കേണ്ടത് എന്നതാണു ഇതിലെ ഏറ്റവും ക്രൂരമായ തമാശ.നമ്മള്‍ വോട്ടര്‍മാര്‍ നട്ടപ്പിരാന്തന്മാര്‍.ഹല്ല പിന്നെ...!

കൊലപാതകികള്‍ക്കും,ബലാല്‍സംഗവീരന്മാര്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ട്.സമൂഹത്തില്‍ നിന്നും 'ആട്ടിയകറ്റപ്പെടുന്ന' അല്ലെങ്കില്‍ 'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്' കൊണ്ടിരിക്കുന്ന ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുള്ള എന്തെങ്കിലും പാക്കേജ് സര്‍ക്കാര്‍ തലത്തില്‍ നിന്നും ന്യായമായും പ്രതീക്ഷിക്കാം.കളവും ബലാല്‍സംഗവുമെല്ലാം കയ്യോടെ പിടിക്കപ്പെട്ട് നാട്ടുകാര്‍ പൊതിരെ തല്ലുമ്പോള്‍ every dog has a day എന്നു ചുമ്മാതെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ടാകില്ലേ.ആരും നിരാശരാവേണ്ടതില്ല കേട്ടോ...

നിയമസഭാസാമാജികരില്‍ ചിലര്‍ക്ക് മെംബര്‍ ഓഫ് പാര്‍ലിമെന്‍റ്(MP) എന്നതിനു പകരം കുറച്ചു കൂടെ യോജിക്കുന്നത് മെംബര്‍ ഓഫ് പ്രിസണ്‍(MP) എന്നല്ലേ ? ന്‍റെ ഒരു സംശ്യം ആണൂ ട്ടോ ബൂലോകരേ.കഴമ്പുണ്ടോന്ന് ഇങ്ങളു തീരുമാനിച്ചോളീന്‍...

Wednesday, April 22, 2009

ഞങ്ങളും മനുഷ്യരാണുഅത്ര സുഖകരമല്ല ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകള്‍.പുറം ലോകമറിഞ്ഞതു വെച്ച് നോക്കുമ്പോള്‍ എല്‍.ടി.ടി.ഇ ക്കെതിരായുള്ള ശ്രീലങ്കന്‍ ആക്രമണം അവിടുത്തെ സാധാരണക്കാരായ തമിഴ് വംശജരുടെ ജീവിതം നരക തുല്യമാക്കിയിരിക്കുന്നു.മൂടിവെക്കപ്പെട്ട വാര്‍ത്തകള്‍ അവക്കു പുറമെയാണു.
നിരപരാധികളായ സ്ത്രീകളും കുട്ടികളും ക്രൂരമായി വേട്ടയാടപ്പെടുന്നു.അഭയാര്‍ഥി ക്യാമ്പുകളില്‍ ശ്രീലങ്കന്‍ പട്ടാളക്കാരാല്‍ തമിഴ് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായിക്കൊണ്ടിരിക്കുന്നു എന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

തികച്ചും വംശീയമായി സിംഹള വംശജരാല്‍ കുത്തിനിറക്കപ്പെട്ട ശ്രീലങ്കന്‍ സൈന്യത്തില്‍ നിന്നും ഇതു നമുക്ക് പ്രതീക്ഷിക്കാം.തമിഴ് വംശജര്‍,തമിഴ് ഭാഷ സംസാരിക്കുന്നവര്‍ അവര്‍ക്ക് എല്‍.ടി.ടി.ഇ പ്രവര്‍ത്തകരോ അനുകൂലികളോ ആയിരിക്കാം.അവര്‍ ലങ്കന്‍ മണ്ണില്‍ നിന്നും തുടച്ചു മാറ്റപ്പെടേണ്ടവര്‍ തന്നെ.

മാധ്യമശ്രദ്ധയെ വഴിതിരിച്ചു വിട്ട്(അതോ അവര്‍ സ്വയം തിരിഞ്ഞു പോയതോ) ഏതാനും മാസങ്ങളായി നിര്‍ദ്ദാക്ഷിണ്യം തുടരുന്ന ഈ കൂട്ടക്കശാപ്പിനെതിരെ ലോകമനസ്സാക്ഷി ഇനിയും ഉണര്‍ന്നിട്ടില്ല എന്നുള്ളത് ദുഖകരമായ ഒരു വസ്തുതയാണു.ബൂലോകത്തെ കാര്യവും തഥൈവ.

ഏതെങ്കിലും മതത്തിന്‍റെ മേമ്പൊടി ഇല്ലാത്തതായിരിക്കാം മാധ്യമങ്ങള്‍ക്കു ഇതൊരു
വാര്‍ത്തയല്ലാതാകുന്നു.കേവലം പത്രപ്രസ്താവനയിലൊതുങ്ങാത്ത ക്രിയാത്മകമായ ഒരു നടപടി ഇന്ത്യാ ഭരണത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സ് ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്നും കാണുന്നില്ല.തമിഴനായ കരുണാനിധിയുടേയോ,വൈക്കോയുടേയോ മാത്രം പ്രശ്നമായി ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളും,കൂട്ടക്കൊലകളും മാറുന്നത് വളരെ വേദനയോടെ നാം കാണുന്നു.

സൈന്യത്തിനെതിരെ എല്‍.ടി.ടി.ഇ സാധാരണക്കാരെ മറയാക്കുന്നു എന്നുള്ള വാര്‍ത്തയും(സത്യമാണോ എന്നറിയില്ല)വളരെ ആശങ്കാജനകമാണു. എന്നാല്‍ ഇതെഴുതുമ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന സിവിലിയന്‍ ആക്രമണങ്ങളെ ഇപ്പേരില്‍ ന്യായീകരിക്കുന്നതെങ്ങനെ ?ശ്രീലങ്കയിലെ തമിഴ് വംശജരുടെ ജീവനും മാനത്തിനും സംരക്ഷണം ലഭിക്കേണ്ടതുണ്ട്.

പതിറ്റാണ്ടുകളായി തുടരുന്ന ശ്രീലങ്കയിലെ വംശീയപ്രശ്നത്തിനു പരിഹാരം തമിഴര്‍ക്കു വേണ്ടി ശബ്ദിച്ചു കൊണ്ടു രംഗത്തു വന്ന എല്‍.ടി.ടി.ഇ യെ(ഇന്നവര്‍ ദിശാബോധം നഷ്ടപ്പെട്ട ഒരക്രമിക്കൂട്ടമായി അധ:പതിച്ചു എന്നുള്ളത് വാസ്തവം) അടിച്ചമര്‍ത്തുന്നതിലൂടെ മാത്രം ഉണ്ടാവുമെന്നു കരുതുക വയ്യ.

തമിഴ് വംശജരുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചു കൊടുത്തു കൊണ്ടുള്ള ഒരു ഉടമ്പടിക്കേ ലങ്കയില്‍ സമാധാനം പുന:സ്ഥാപിക്കാനാവൂ.

Saturday, April 11, 2009

താടിയും തൊപ്പിയും പിന്നെ താലിബാനും

ഇവന്‍മാരൊക്കെ കുടുങ്ങ്യേതന്നെ...!

"താടിയും തൊപ്പിയും താലിബാനിസത്തിന്‍റെ ലക്ഷണങ്ങള്‍.നാളെ ഒരു പെണ്‍കുട്ടി ബുര്‍ഖ ധരിക്കണമെന്നു പറഞ്ഞു വന്നാല്‍ അതും അനുവദിക്കണോ ?"
സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

ന്‍റെ കണ്ണിന്‍റെ തകരാറായിരിക്കുമോ അതോ ഇനി വല്ല അച്ചടിപ്പിശകോ...!
ഒരു വേള സംശയിച്ചു.സാധാരണ കേ
ള്‍ക്കാറുള്ള വാചകക്കസര്‍ത്തുകള്‍ തന്നെയെങ്കിലും വല്ല പ്രവീണ്‍ തൊഗാഡിയയോ നരേന്ദ്ര മോഡിയോ അല്ലെങ്കില്‍ ഇച്ചിരി കൂടി വീര്യം കൂടിയ,പത്തരമാറ്റ് ദേശാഭിമാനികളായ പ്രജ്ഞാസിങ്,ശ്രീ കാന്ത് പുരോഹിത് മാരോ ആണെന്നു കരുതിയവര്‍ക്കു തെറ്റി.ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ജാതി,മത വര്‍ഗ്ഗ വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിന്യായ പീ്ഠത്തിന്‍റെ തിട്ടൂരം.

സ്ക്കൂള്‍ അധി
കൃതര്‍ ഓടിച്ചു വിട്ടപ്പോള്‍ താടി വെക്കാനുള്ള അനുമതിയും തേടി ചെന്നതാണു പാവം ഒരു ചെറുക്കന്‍.എന്തായാലും കണക്കിനു കിട്ടി.ഇനി ഏതേലും പെണ്‍കൊച്ചുങ്ങള്‍ ബുര്‍ഖ മോഹം തലക്കു പിടിച്ചു കോടതി കയറി കഷ്ടപ്പെടേണ്ടെന്നു കരുതിയാവണം ജഡ്ജിയദ്ധേഹം ബുര്‍ഖയും കൂടെ ചുരുട്ടിക്കൂട്ടി തോറബോറയില്‍ കൊണ്ടുപോയിട്ടത്.

ബഹുമാന്യ സുപ്രീം കോടതി ജഡ്ജിയുടെ അറിവിനെ എത്ര അഭിനന്ദിച്ചാലാണു മതിയാവുക...!താടിയും തലപ്പാവും ഇന്നോ ഇന്നലെയോ അഫ്ഘാനിസ്ഥാനില്‍ പൊട്ടിമുളച്ച താലിബാന്‍ എന്ന വിദ്യാര്‍ഥി സംഘടനയുടെ യൂനിഫോമാണത്രെ.
രാജ്യത്തെ ഒരു പ്രബല മതവിഭാഗത്തി
ന്‍റെ സാംസ്കാരിക ചിഹ്നങ്ങളെ ഇത്തരത്തില്‍ നിരീക്ഷിച്ചത് കടന്ന കയ്യായിപ്പോയെന്ന് പറയാതെ വയ്യ.

ഇന്ത്യയിലെ ഒരു പ്രത്യേക ജനവിഭാഗത്തെ പല കോണുകളില്‍ നിന്നും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു,സംരക്ഷകരാവേണ്ടവര്‍ അക്രമികള്‍ക്കു ചൂട്ടിപിടിക്കുന്നതിനാല്‍ അവരുടെ ആത്മ വിശ്വാസം തകര്‍ന്നു കൊണ്ടിരിക്കുന്നു എന്നു സര്‍ക്കാര്‍ നിയമിച്ച കമ്മീഷനുകള്‍(സച്ചാര്‍ കമ്മീഷന്‍ ഒരുദാഹരണം)തന്നെ വെളിപ്പെടുത്തിയ ഈ സാഹചര്യത്തില്‍ വിദൂര പ്രത്യാഘാധങ്ങളുണ്ടാക്കുന്ന ഇത്തരമൊരു വിധി അതും ഇന്ത്യയിലെ പരമോന്നത നീതിന്യായ പീഠത്തില്‍ നിന്നും ഉണ്ടായത്
ജുഗുപ്സാവഹമാണു.

മറ്റൊന്ന് മുസ്ലിംകള്‍ക്കു മാത്രമാണോ നടേ പറഞ്ഞ സംഗതിയുള്ളത്.നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ജിയുടെ തലപ്പാവും,ഷിബു സോറ
ന്‍റേയും ടാഗോറിന്‍റേയും നീണ്ട താടിയും,കന്യാസ്ത്രീകളുടെ വസ്ത്രവും താലിബാന്‍ വത്ക്കരണത്തിന്‍റെ ഭാഗമാണെന്നു കോടതിക്കഭിപ്രായമുണ്ടോ ?
അതല്ല ഈ താടിയും തൊപ്പിയും
ഇനി വല്ല അബോക്കറിനും,അന്ത്രൂനും ആയാലേ പ്രശ്നം ഉള്ളൂ എന്നാണോ ബഹുമാന്യ കോടതി ഉദ്ധേശിച്ചിരിക്കുക.
അല്ല ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പാടുണ്ടോ.ഇനി ഇതിന്മേല്‍ വല്ല കോടതിയലക്ഷ്യമോ കുണ്ടാമണ്ടിയോ..! ഈശ്വരാ ഞാനോടി.

Monday, February 23, 2009

ഓസ്ക്കാര്‍ ഇങ്ങു പോരട്ടേ

അങ്ങനെ ലോകത്തിന്‍റെ നെറുകയിലേക്ക്...!


മറ്റു പണിയൊന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ കിടന്നു മയങ്ങുകയായിരുന്നു ഞാന്‍.പെട്ടെന്നാണു അനിയന്‍റെ ആര്‍പ്പുവിളി കേട്ടത്.അവന്‍ വാതിലില്‍ അടിച്ചു വിളിക്കുന്നുണ്ട്.ഞാന്‍ എഴുന്നേറ്റ് വാതില്‍ തുറന്നു.'വേം വാ ... വേം വാ... റസൂല്‍നു കിട്ടി'. എന്താണിവന്‍ പറയുന്നത്.റസൂലിനു കിട്ടീന്നോ...!എനിക്ക് ഒന്നും മനസ്സിലായില്ല.അവന്‍റെ കൂടെ പോയി ടി.വിയില്‍ നോക്കിയപ്പോഴാണു സംഗതി പിടി കിട്ടിയത്.

ഉറക്കം എങ്ങോട്ടോ പോയി.സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ.കടവത്ത് നിന്നും എ.ആര്‍ റഹ് മാന്‍ ഫാന്‍സിന്റെ ആഹ്ലാദപ്രകടനം ചിലപ്പോള്‍ ഉണ്ടാകും.കൊഴുപ്പേകാന്‍ ശിങ്കാരിമേളമോ,നാദസ്വരമോ കണ്ടേക്കാം.ഇനി ഒന്നുമില്ലെങ്കിലും രണ്ടു തകരപ്പാട്ടയെങ്കിലും കാണും.ഉള്ളിലുള്ള ആഹ്ലാദം ബൂലോകത്തെത്തി നിങ്ങളുമായി ഒന്നു പങ്കുവെച്ചാലോ എന്ന ചിന്ത അപ്പോഴാണു വന്നത്.

സ്ലം ഡോഗ് മില്ല്യനയറിനെ ചൊല്ലിയുള്ള വിവാദങ്ങളൊന്നും കാര്യമായി അറിയില്ല.സിനിമ കാണല്‍ കുറവായതിനാല്‍ ഇതു കണ്ടിട്ടുമില്ല.പിന്നെ ഓസ്ക്കാര്‍ കിട്ടിയാലേ ഒരുത്തന്‍ നല്ല കലാകാരനാകൂ,ഇതു കിട്ടാത്തവരൊന്നും നല്ല കലാകാരന്മാരല്ല അല്ലെങ്കില്‍ ഓസ്ക്കാറാണു സിനിമാലോകത്തെ അവസാന വാക്ക് എന്ന അഭിപ്രായമൊന്നും ഏതായാലും എനിക്കില്ല.എന്നാല്‍ ബഹുമതി നമുക്കൊന്നും പറഞ്ഞിട്ടുള്ളതല്ലെന്നാണല്ലോ വെപ്പ്.ഓസ്ക്കാറിനു വേണ്ടി റഹ് മാനും,റസൂലിനും സായിപ്പിന്റെ ആംഗലേയത്തിലേക്ക് തന്നെ പോകേണ്ടി വന്നു എന്നുള്ള സത്യം തല്‍ക്കാലം നമുക്ക് മറക്കാം.എന്തായാലും സാധനം ഇപ്പോള്‍ നമ്മുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു.എല്ലാരും കണ്‍കുളിര്‍ക്കെ കണ്ടാട്ടെ.

എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനങ്ങള്‍.

Tuesday, February 17, 2009

ഞാനും സാമ്പത്തിക മാന്ദ്യവും

സോപ്പ് കുമിള പൊട്ടിക്കൊണ്ടിരിക്കുന്ന പോലെയാ ദുബായീല്‍ കമ്പനികള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത്.പൊട്ടാതെ അവശേഷിക്കുന്ന ഏതേലും കുമിളയില്‍ തൂങ്ങി മറുകര പറ്റാനുള്ള എന്‍റെ ശ്രമത്തിനു ചുവപ്പ് കൊടി കാണിച്ച് കൊണ്ട് ന്‍റെ കമ്പനീം ദാ കിടക്കണു നിലത്ത്.കുമിളക്കൊപ്പം നിലം പറ്റിയ കനവുകളെല്ലാം വാരിക്കൂട്ടി 'LULU ' വിന്‍റെ പ്ലാസ്റ്റിക് കവറില്‍ പൊതിയാണു ഞാന്‍.തീരെ ചെറിയ എന്‍റെ കനവുകള്‍ ഇവിടെ പ്രിയപ്പെട്ട ബൂലോകര്‍ക്കായി തുറന്നു വെക്കട്ടെ.

മഴ നനയാതെ കയറിക്കിടക്കാന്‍ ഒരു 'ചെറിയ കൂര'.അതും രണ്ടു നില തന്നെ.വീട്ടില്‍ ഞാനും ഉമ്മയും മാത്രേ ഉള്ളൂവെങ്കിലും ഒരു പത്ത് പതിനഞ്ച് മുറിയെങ്കിലും വേണം.ചുമ്മാ കിടക്കട്ടന്നേയ്.ബാല്‍ക്കണിയില്‍ കയറി നിന്നാല്‍ തൊട്ടടുത്തുള്ള അബ്ദുക്കാന്‍റെ വീടിന്‍റെ മോന്തായം കാണണം.പിന്നെ മുഴുത്ത ലഗേജിലേക്കുള്ള ആര്‍ത്തി പൂണ്ട നോട്ടത്തിനു പകരം (ന്‍റുമ്മ കേള്‍ക്കണ്ട) ഖല്‍ബിലേക്ക് കുളിരിന്‍റെ നോട്ടമെറിഞ്ഞ് ഗള്‍ഫീന്നു വരുന്ന എന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്‍റെ Arrival-ല്‍ കാത്തു നിന്നു സ്വീകരിക്കാന്‍ പെണ്ണൊരുത്തി.

നമ്മള്‍ ഡിപ്ലോമയും ഗുസ്തിയും ആണേലും ബി.ടെക്ക് അല്ലെങ്കിലൊരു എം.ബി.എക്കാരത്തിയെങ്കിലും വേണം.വാവല്‍ ചപ്പിയ മാങ്ങയണ്ടി പൊലോത്തെ ഒരു ഷേപ്പാണ് ന്‍റെ തലക്കെന്ന് അസൂയക്കാര്‍ പറയുന്നുണ്ടെങ്കിലും ഐശ്വര്യാറായീന്‍റെ മൊഞ്ച് തന്നെ വേണം പെണ്ണിന്.ഇനീപ്പോ തമിഴത്തി ജ്യോതികയുടെ അത്രേങ്കിലും ഉണ്ടെങ്കില്‍ അഡ്ജസ്റ്റബ്‌ള്‍ ആണ്.എന്താ ചെയ്യാ എന്‍റെ കോലം കൂടി പരിഗണിക്കണമല്ലോ....

പിന്നെ ചുരുങ്ങിയത് രണ്ട് വണ്ടി.രണ്ട് ചക്രമുള്ള ഒന്ന്.ബുള്ളറ്റിലായിരുന്നു നോട്ടം.സംഗതി ഞാനും ബുള്ളറ്റും തമ്മില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള ചേര്‍ച്ചയാണെങ്കിലും നാലാളു കേള്‍ക്കണ്ടേ ആ 'ഡും...ഡും...ഡും' മുഴക്കം.മറ്റൊന്ന് ലോങ് ട്രിപ്പിനാണു.ഇന്നോവ അല്ലേല്‍ സ്കോര്‍പിയൊ,പജീറോ ഇനി ഓഡിയായാലും ഞാനിരുന്നാല്‍ ഓടും..ലിസ്റ്റ് അപൂര്‍ണ്ണമാണു കേട്ടോ.സമയപരിമിതി മൂലം നിര്‍ത്തട്ടെ.

വിസക്കു വേണ്ടി ഇരിക്കുന്ന ഇടത്തിന്‍റെ ആധാരം പണയം വെച്ച വകയില്‍ കുറച്ച് കൂടെ കൊടുത്ത് തീര്‍ക്കാന്‍ ബാക്കിയുണ്ടെങ്കിലും ഒരു മലയാളിയായ ഗള്‍ഫ്കാരന്‍റെ തികച്ചും 'ന്യായമായ' അവകാശങ്ങളും മോഹങ്ങളും തന്നെ.എല്ലാം സ്വാഹ.കുമിളക്കുള്ളിലെ കാറ്റിനൊപ്പം അങ്ങനെ എന്‍റെ 'കൊച്ചു കൊച്ചു' കനവുകളും മരുഭൂമിയിലെ പൊടിക്കാറ്റില്‍ ലയിച്ചു ചേര്‍ന്നു.

സാമാന്യം തരക്കേടില്ലാതിരുന്ന വീട് 'പുതുക്കിപ്പണിയാനായി' അടിച്ചു പൊളിച്ചു.വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റിന്‍റേയും,മണലിന്‍റേയും കൂമ്പാരം.വീടുപണിക്കായി എമിറേറ്റ്സ് ബാങ്കില്‍ നിന്നെടുത്ത ലോണ്‍...!ദൈവമേ എങ്ങിനെ ഞാന്‍ തിരിച്ചടക്കും?
നാട്ടിലെ ഗോതമ്പുണ്ടക്കു പകരം ദുബായ് ജയിലില്‍ ബിരിയാണിയാണെന്നു കേട്ടിട്ടുണ്ട്.പട്ടിണിയാവില്ലെന്നു തല്‍‌ക്കാലം സമാധാനിക്കാം.ഈയിടെ ഒരു മെയിലില്‍ കിട്ടിയ വിവരം തമാശയാണോ അതോ...?ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാറിയ സാഹചര്യത്തില്‍ പെണ്ണു കൊടുക്കുന്നില്ലത്രെ.ബുള്ളറ്റിന്‍റെ ഡും..ഡും മുഴക്കത്തിന് പകരം ഇപ്പോള്‍ ന്‍റെ ഖല്‍ബിലാണു ഡും..ഡും.ചിന്തകള്‍ക്കു തീ പിടിക്കുന്നു.ടെര്‍മിനേഷന്‍ ലെറ്റര്‍ കയ്യിലിരുന്നു വിറച്ചു.

ഇനിയെന്ത് ?

കമ്പനിയിലെ ഓഫീസ് ബോയിയായ പയ്യന്‍ പറഞ്ഞത് മനസ്സില്‍ തത്തിക്കളിക്കുന്നു."ഈ പണീല്ലെങ്കിലും ഞാന്‍ ജീവിക്കും.നാട്ടീ പോയി മണ്ണു വാരിയാല്‍ 500 ഉറുപ്യ കിട്ടും ലോഡൊന്നിനു".സത്യത്തില്‍ അവനോട് അസൂയ തോന്നിയ നിമിഷം.മൗസ് പിടിക്കാനല്ലാതെ വേറെ ഒന്നും ശീലിച്ചിട്ടില്ലാത്ത ഈ കൈ കൊണ്ട് മണ്ണു വാരാനോ...!പണ്ട് ക്രികറ്റ് കളിക്കാന്‍ പിച്ച് ഒരുക്കുന്നതിനായി മണ്‍വെട്ടി പിടിച്ചതൊഴിച്ചാല്‍ ഈ സാധനവുമായി നമുക്ക് കാര്യമായ ബന്ധമൊന്നുമില്ല.ഇനി ശീലണ്ടങ്കിത്തന്നെ മേലനങ്ങി പണിയെടുക്കാന്‍ ന്നെക്കൊണ്ടാവൂല്ല.ഒന്നുല്ലേലും ഞാനും ഒരു മലയാളിയല്ലേ :)

ജോലി നഷ്ടപെട്ട് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നെന്തെങ്കിലും...!ഹും..പുനരധിവാസം മണ്ണാങ്കട്ട.ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല ഈ ഗള്‍ഫുകാരെ.എന്നിട്ടല്ലേ ഇനി ഈ ചത്ത കോലത്തില്‍.ടോയ്‌ലറ്റില്‍ പോയി സാമ്പത്തിക മാന്ദ്യം എന്ന പഹയനെ നാലു തെറി വിളിച്ചാലോ...!

ചിന്തകളിങ്ങനെ കാടു കയറുമ്പോഴാണു എന്‍റെ മൊബൈല്‍ ഫോണ്‍ 'കബി അല്‍വിദ നാ കെഹ്നാ' മൂളിയത്.ഇക്കാന്‍റെ വിവരം അറിഞ്ഞുള്ള വിളിയാണു.അവിടുന്ന് തുടങ്ങിയ അനുശോചന സന്ദേശപ്രവാഹമായിരുന്നു.ചെവി കൊടുത്ത് മടുത്തു ഞാന്‍.

ദിവസം രണ്ടു മൂന്ന് കഴിഞ്ഞു.പ്രവാസത്തിന്‍റെ ആദ്യ പകുതിക്ക് വിരാമം കുറിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു.9.20 pm നാണു വിമാനം.ഷെയ്ഖ് മമ്മദ്ക്കാന്‍റെ ദുഫായിലോട്ട് ഒരു തിരിച്ചു വരവ് ഇനിയുണ്ടോ എന്നറിയില്ല.എല്ലാ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി എടുക്കണമെന്നു അഭ്യര്‍ഥിക്കുന്നു.പോയി വരട്ടെ.മഅസ്സലാം.

LinkWithin

Related Posts with Thumbnails