Friday, May 21, 2010

എവിടെയാണിവര്‍ക്ക് പിഴക്കുന്നത് ?

'കുക്ക് ഇക്ക'

ഞാന്‍ അങ്ങനെയാ മൂപ്പരെ വിളിക്കാറ്.ഫ്ലാറ്റിലെ കുക്ക്.ഒരു കോഴിക്കോട്ടുകാരന്‍ മധ്യവയസ്ക്കന്‍.ഒന്നൊന്നര വയര്‍,കൊഴിഞ്ഞ് തീരാറായ മുടി,പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ സാമാന്യം ഒരു പ്രവാസിക്ക് വേണ്ട ഗുണഗണങ്ങളെല്ലാം തികഞ്ഞ ഒരുത്തന്‍.രണ്ട് മൂന്ന് മാസമായി ഞാന്‍ ഇദ്ധേഹത്തെ കാണുന്നു.പണിയില്ലാതെ ഫ്ലാറ്റില്‍ ഇരിക്കുന്നതിനാല്‍ ഇടക്ക് മൂപ്പരുടെ അടുത്ത് പോയി കോഴിക്കോടന്‍ ബിരിയാണി, മജ്ബൂസ് എന്നിവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയിരിക്കും.അങ്ങനെ പെട്ടെന്ന് തന്നെ അങ്ങോരുമായി പെട്ടെന്ന് സൗഹൃദത്തിലായി.

ഖത്തറിലെ ഫ്ലാറ്റിലെത്തി ആദ്യത്തെ മാസം.ദുഫായി വിട്ട് നാട്ടില്‍ ഒരു വര്‍ഷം വെറുതെ ഇരിക്കേണ്ടി വന്നതിന്‍റെ ക്ഷീണം തീര്‍ക്കണ്ടേ.കുക്ക് ഇക്കാന്‍റെ മജ്ബൂസും നെയ്ച്ചോറും കോളിഫ്ലവര്‍+ചിക്കന്‍ മിക്സ് ചെയ്തുണ്ടാക്കുന്ന കോച്ചിയും(ഞാനിട്ട പേരാണ്) മുന്നിലേക്കെത്തേണ്ട താമസമേ ഉണ്ടായിരുന്നൊള്ളൂ.പ്ലേറ്റ് ഇങ്ങനെ അധികനേരം നിറഞ്ഞിരിക്കുന്നത് എനിക്കിഷ്ടല്ല.അത് ഒജീനത്തെ അപമാനിക്കലാത്രെ.പണ്ട് വല്ലിമ്മാന്‍റെ കയ്യീന്ന് കിട്ടിയ ഉപദേശങ്ങളില്‍ ഏറ്റവും ശുഷ്കാന്തിയോടെ അക്ഷരം പ്രതി ഞാന്‍ പാലിക്കുന്നത് ഇത് മാത്രമാണ്.ആദ്യത്തെ മാസം തന്നെ രണ്ട് കിലോ കൂടിക്കിട്ടി.

ഇത്രയും പറഞ്ഞത് റപ്പായി ജൂനിയര്‍ എന്ന പദവി എനിക്ക് പതിച്ച് കിട്ടാന്‍ വേണ്ടിയല്ലെന്നും ഞാനമ്മാതിരി തീറ്റക്കാരനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കില്ലെന്നും കരുതട്ടെ.കുക്ക് ഇക്കാന്‍റെ കുക്കിങിനെ കുറിച്ചൊരു ധാരണ വേണമല്ലോ...ഒന്നൊന്നര ഫുഡ് തന്നെ.എന്നാല്‍ ഞാന്‍ വന്ന് രണ്ടാമത്തെ മാസം മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍.ചിക്കന്‍ മജ്ബൂസ് ഉള്ള ദിവസം വേറെ എന്ത് പരിപാടിയുണ്ടെങ്കിലും അതും മാറ്റി വെച്ച് ഫുഡ്ഡാന്‍ വന്നിരിക്കുന്ന ഞങ്ങളെ വരവേല്‍ക്കുന്നത് ചകിരി നാര് പോലെ മസാല പിടിക്കാത്ത വേവാത്ത ചിക്കന്‍.കിടക്കുന്ന കിടപ്പ് കണ്ടാല്‍ 'വിത്തൗട്ട് കോയീസ് പെര്‍മിഷന്‍' മൂപ്പരെ എടുത്ത് മജ്ബൂസിലിട്ടതാണെന്ന് തോന്നും.ഖത്തറിലെ ഏതോ ഒരു പിശുക്കന്‍ മനസ്സില്ലാ മനസ്സോടെ ദാനം ചെയ്ത അരി കൊണ്ട് വെച്ച പോലോത്തെ ചോറും.ഒരു മാതിരി കോപ്പിലെ ഫുഡ്.കുക്കിനെ മാറ്റണം.ഇത് ശരിയാവില്ല.പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ എന്താ പറ്റിയതെന്നറിയാന്‍ ഒരു ദിവസം ഞാന്‍ മൂപ്പരെ സമീപിച്ചു.

"കുക്ക്ക്കാ ഇങ്ങക്ക് സുഖം തന്നെ?തടി ഇത്തിരി കൂടീണ്ട്ട്ടോ.പിന്നേയ് ഒരു കാര്യം ചോയ്ക്കാനുണ്ട്.മജ്ബൂസില് ഇടുമ്പോ കോയീന്‍റെ പെര്‍മിഷന്‍ വാങ്ങിച്ചൂടെ കോയാ ഇങ്ങക്ക്.എന്തിനാ ചുമ്മാ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കണേ."

എന്‍റെ 'ചൊറിയല്‍' മൂപ്പര്‍ക്ക് മനസ്സിലായില്ല.ഉള്ളി കട്ട് ചെയ്യുന്നത് നിര്‍ത്തി മുഖമുയര്‍ത്തി ഗൗരവത്തില്‍ എന്നെ നോക്കി.ചോദ്യം ഇഷ്ടപ്പെട്ടില്ല/പറഞ്ഞത് മനസ്സിലായില്ല എന്ന മട്ടില്‍.ഒരിടത്ത് ഒരു പോസ്റ്റിട്ടതിന്‍റെ ക്ഷീണം ഇത് വരെ തീര്‍ന്നിട്ടില്ല അതിന്‍റെ കൂടെ വല്ലാതെ തമാശിച്ച് അയാളുടെ വായിലുള്ളതും കൂടി കേള്‍ക്കാന്‍ തീരെ താത്പര്യമില്ലാത്തോണ്ട് നേരിട്ട് കാര്യം പറഞ്ഞു.

'അല്ലിക്കാ ഇങ്ങടെ ഫുഡിനെച്ചൊല്ലി ഫ്ലാറ്റാളികള്‍ പരാതി പറയുന്നുണ്ട്.എന്താ പറ്റിയതെന്നറിയാന്‍ വേണ്ടി ഞാന്‍ ചുമ്മാ...'

'ഹാ.അങ്ങനെ തെളിച്ച് പറ.ഞാങ്കരുതി ഇയ്യെന്നെ ആസാക്കുന്നതാണെന്ന്.'

കാര്യം പിടി കിട്ടിയ കുക്ക് ഇക്ക ഉള്ളിവെട്ട് തുടരുന്നതിനിടെ പറഞ്ഞു.'മോള് ബി.കോം കഴിഞ്ഞ് വീട്ടിലിരിക്യാ.ഒരു കോഴ്സിന് ചേരണന്ന് കൊറച്ചായി പറയണ്.ഫീസ് അന്വേഷിച്ചിട്ട് വിളിക്കാന്‍ പറഞ്ഞിരുന്നു ഞാന്‍.ഓള് വിളിച്ചിരുന്നു.60000 ഉറുപ്യ വേണംത്രെ.കായി ഒപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാന്‍.ഗ്രാഫിക് ഡിസൈന്‍ ആണ്.ഇത് പഠിച്ചാല് ജോലിക്കൊക്കെ സാധ്യതയുണ്ടോടാ?

***ഇതിന്‍റെ സാധ്യതയെക്കുറിച്ചൊന്നും എനിക്കറിയില്ല ഇക്കാ.വേറെ കോഴ്സ് ഒന്നുമില്ലേ.ബി.എഡിനു വിടുന്നതല്ലേ കുറച്ച് കൂടെ നല്ലത്.അതാകുമ്പോ ജോലി സാധ്യതയുണ്ടെന്നാ എനിക്ക് തോന്നുന്നേ.അല്ലെങ്കിത്തന്നെ ഇത്ര പെട്ടെന്ന് നിങ്ങളെവിടുന്നാ ഇത്രേം കാശുണ്ടാക്കുന്നേ.ബി.കോം+ഗ്രാഫിക് ഡിസൈന്‍.അതും എന്തോ ഒരു മാച്ചില്ലല്ലോ..ആട്ടെ.എന്താ അവള്‍ ഇത് തന്നെ തെരെഞ്ഞെടുത്തത്.ഗ്രാഫിക്ക് ഡിസൈനിങ്ങില്‍ കമ്പമുണ്ടോ?***

അങ്ങനൊന്നും ഇല്ല.ഈ കോഴ്സിന് ചേര്‍ന്നാല് പഠിക്കുന്നിടത്ത്ന്ന് ലാപ്പ്ടോപ്പ് കിട്ടുമത്രെ.അതാ കാരണം.പിന്നെ കെട്ട് പ്രായം കഴിഞ്ഞ് നില്‍ക്കുന്നോണ്ട് അവളെയിങ്ങനെ വീട്ടില് ഇരുത്താനും പറ്റില്ല.അതോണ്ട് ഞാന്‍ സമ്മതം മൂളിയതാ.

***അത് ശരി.അപ്പോ അതാണ് കാര്യം.നിങ്ങള്‍ ഓള്‍ക്ക് വിളിച്ചിട്ട് ഓളോട് ഇതിന് പോകണ്ടാന്ന് പറ.ബി.എഡ് സെന്‍റര്‍ അടുത്തുണ്ടാവും.അത് അന്വേഷിക്കാനും പറ.ചുമ്മാ നിങ്ങള്‍ നിലയറിയാതെ പെരുമാറല്ലേ ചങ്ങാതീ.കുട്ടികള്‍ക്ക് കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പറഞ്ഞ് കൊടുക്കേണ്ട നിങ്ങള്‍ അവരുടെ താളത്തിനൊത്ത് തുള്ളുകയാണോ വേണ്ടത്.എന്നിട്ട് അനാവശ്യ കാര്യങ്ങള്‍ക്കായി കിടന്ന് ടെന്‍ഷനടിക്കുന്നു.ചുമ്മാ...(ഇത്തിരി ചൂടായിത്തന്നെ ഞാന്‍ പറഞ്ഞു)

ആ സാധു ദയനീയമായി എന്നെയൊന്ന് നോക്കി.അങ്ങനെയല്ലെടാ നിനക്കറിയില്ല എന്‍റെ പ്രശ്നങ്ങള്‍.

വളരെ ചുരുക്കിപ്പറയട്ടെ മൂപ്പരുടെ കഥ.മൂന്ന് പെണ്മക്കള്‍.മൂത്തവള്‍ക്ക് മൊഞ്ച് ഇത്തിരി കുറവാണ്.കൂടെ തടിച്ച ശരീരപ്രകൃതിയും.കല്യാണപ്രായം കഴിഞ്ഞിരിക്കുന്നു.വരുന്നവര്‍ താങ്ങാന്‍ കഴിയാത്ത സ്ത്രീധനവുമാണ് ചോദിക്കുന്നത്.ഇക്കാരണങ്ങളെക്കൊണ്ട് തന്നെ നിക്കാഹ് വൈകി.താഴെയുള്ളവര്‍ക്കും കെട്ട് പ്രായം ആയിരിക്കുന്നു.അങ്ങനെ നിവൃത്തിയില്ലാതെ മൂത്തവളെ നിര്‍ത്തി തൊട്ട് താഴെയുള്ള കാണാന്‍ വലിയ കുഴപ്പമില്ലാത്ത കുട്ടിയെ കെട്ടിച്ചയച്ചു.അതും അയാളെക്കൊണ്ട് കഴിയാത്ത സ്ത്രീധനവും കൊടുത്ത്.

ഗതികേട് നോക്കണേ കെട്ടിയവനോ ഒരു മുഴുക്കുടിയനും.കുടിക്കാന്‍ കാശില്ലാതാകുമ്പോള്‍ ആ കുട്ടിയെ അവന്‍ വീട്ടില്‍ കൊണ്ട് വന്നാക്കും.എന്നിട്ട് ബാപ്പാക്ക് വിളിപ്പിക്കും.'ഉപ്പാ കാശ് വേണം.ഇല്ലെങ്കി ഇയാള് ന്നെ മൊഴി ചൊല്ലും ഉപ്പാ'.അമര്‍ത്തിപ്പിടിച്ച വിതുമ്പല്‍ ബാപ്പാടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും കൈവിടും.കുഞ്ഞുമോളുടെ തേങ്ങിക്കരച്ചില്‍ കേട്ട് ചങ്ക് തകര്‍ന്ന് ആ സാധു ഓടി നടന്ന് കാശ് ഒപ്പിച്ചയക്കും.കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തുടങ്ങിയതാണത്രെ മരുമകന്‍റെ ഈ ഗുണ്ടാ പിരിവ്.അതിനിടെ ആഭരണങ്ങള്‍ വാങ്ങിയിടത്ത് പറഞ്ഞ അവധി തീര്‍ന്നു.മോളെ കെട്ടിച്ച് കൊടുത്ത വീട്ടില്‍ പോയി ആഭരണങ്ങള്‍ ഊരിയെടുക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു ജ്വല്ലറിക്കാര്‍.

ഇളയ മോള്‍ നന്നായി പഠിക്കും.അവളെ ബി.ടെക്കിന് വിടണം.മൂത്ത മകളുടെ വലിയ ആഗ്രഹമാണ് ഒരു ലാപ്പ് ടോപ്പ്.കൂടെ ഒരു നെറ്റ് കണക്ഷനും.നാട്ടില്‍ പോകുന്നതിന് മുമ്പ് ലാപ്പ്ടോപ്പ് എങ്ങനെയെങ്കിലും വാങ്ങിക്കണം.അതില്ലാതെ അങ്ങോട്ട് ചെന്നാല്‍ മനസ്സമാധാനം തരില്ല.ഇത് മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമെയുള്ള കുക്ക് ഇക്കാന്‍റെ ആഗ്രഹങ്ങള്‍.

ഇനി മൂപ്പരുടെ വരുമാനം എത്രയാന്ന് അറിയണ്ടേ..1500 റിയാല്‍(19000 RS.)രണ്ട് ഫ്ലാറ്റിലെ കുക്കിങിന് കിട്ടുന്ന ശമ്പളം.റൂമും ചിലവും കഴിഞ്ഞാല്‍ ബാക്കി 12000 ക.അതില്‍ ഒരു ഫ്ലാറ്റുകാര്‍ അദ്ധേഹത്തിന്‍റെ സര്‍‌വ്വീസ് ടെര്‍മിനേറ്റ് ചെയ്തു.ഇപ്പോഴത്തെ ശമ്പളം അങ്ങനെ 750 ഖത്തര്‍ റിയാല്‍ ആയി ചുരുങ്ങി.വിസയില്ല.ഏത് സമയവും പോലീസ് പൊക്കാം.അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം മൂപ്പര്‍ അപ്രത്യക്ഷനായത്.എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.മൊബൈല്‍ സ്വിച്ഡ് ഓഫ്.കഴിഞ്ഞ ആഴ്ച മുതല്‍ ചിലര്‍ തിരഞ്ഞ് വരാനും തുടങ്ങി.വന്‍ സംഖ്യയുടെ സ്വന്തം കടങ്ങള്‍ക്ക് പുറമെ ഫ്ലാറ്റിലെ ചിലര്‍ക്കെന്ന് പറഞ്ഞും പലരില്‍ നിന്നും കാശ് വാങ്ങിയിരിക്കുന്നു.അങ്ങനെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'കുക്ക് ഇക്ക' മുങ്ങി.

*കള്ളന്‍.
*ഇയാള് ഇത്തരക്കാരനെന്ന് കരുതിയില്ല.
*എനിക്ക് പണ്ടേ അറിയാരുന്നു കള്ളനാണെന്ന്.ഞാനിത്തിരി ഡിസ്റ്റന്‍സ് ഇട്ടാണു നിന്നത്.അതിനാല്‍ കാശ് പോയില്ല.
*എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇമ്മാതിരി ചതിക്കാന്‍ പാടുണ്ടോ.
*എന്നാലും പോകുന്നതിന് മുമ്പ് അയാക്കൊന്ന് പറയാരുന്നു.
*ഇയാളിനി ജയിലിലാകാനും സാധ്യതയുണ്ട്.

കുക്ക് ഇക്കാനെ ചുറ്റിപ്പറ്റി ഫ്ലാറ്റിലെ ചര്‍ച്ചകള്‍ ദാ ഇങ്ങനെ പോകുന്നു.

ആരെയാ കുറ്റം പറയേണ്ടത് ?
എവിടെയാ 'കുക്ക് ഇക്കമാര്‍ക്ക്' പിഴക്കുന്നത് ?

30 comments:

Rare Rose said...

പാവം കുക്ക് ഇക്ക..ആ മരുമോനെയൊഴിച്ച് ആരെയും കുറ്റം പറയാനും പറ്റുന്നില്ല.:(

നാസ് said...

ജിപ്പൂസേ, ഇക്കമാര്‍ക്ക് പിഴക്കാന്‍ ഒരു പാട് കാരണങ്ങളുണ്ട്...തന്‍റെ കഷ്ടപ്പാട് അറിയാതെ ആവശ്യങ്ങള്‍ നിരത്തുന്ന ബന്ധു ജനങ്ങള്‍ .. സ്വന്തം കഷ്ടപ്പാട് മറ്റുള്ളവരെ അറിയിക്കാത്ത അഭിമാനം... ഉപ്പ ഗള്‍ഫിലല്ലേ എന്ന് കരുതി മാസാമാസം പണം ആവശ്യപ്പെടുന്ന മരുമക്കള്‍... രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ പലരും പലതും ചെയ്ത് പോകുകയാണ്... പിന്നെ ഈ ലോകത്തെ ഏറ്റവും നാറിയ ആ സമ്പ്രദായവും...സ്ത്രീധനം തന്നെ... ഇനി ജിപ്പൂസിനെ പോലുള്ളവരിലാണ് പ്രതീക്ഷ...സ്ത്രീധനം വാങ്ങിക്കാതെ കല്യാണം കഴിച്ചു മാതൃക കാണിക്കുക... (ജിപ്പൂസിന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ അല്ലെ!!!!!)

അലി said...

എവിടെയാണിവര്‍ക്ക് പിഴക്കുന്നത് ?

വരുമാനത്തിനുള്ളിൽ നിന്ന് ചെലവാക്കാനറിയാത്ത എല്ലാ പ്രവാസികൾക്കും പറ്റുന്ന പിഴവ് തന്നെ. ആവശ്യങ്ങളുടെ പട്ടികയുടെ നീളം എന്നും കൂടിക്കൊണ്ടിരിക്കുന്ന കുടുംബവും തന്റെ വരുമാനം നാട്ടിലറിയിക്കാത്ത സാധാരണ പ്രവാസിയുടെ ദുരഭിമാനവും ഇതിനു വളർച്ച കൂട്ടും.

thahseen said...

നന്നായി ജിപ്പൂസ് ! അവര്‍ പിഴച്ചില്ല , ഈ സമൂഹമാണ് പിഴച്ചത്

ബിജുകുമാര്‍ said...

ജിപ്പൂസെ, പോസ്റ്റ് അസലായിരിയ്ക്കുന്നു. “നാസി’ന്റെ കമന്റ് ഞാനിവിടെ “കോപി/പേസ്റ്റ്“ ചെയ്തിരിയ്ക്കുന്നു. അതു തന്നെ കാരണങ്ങള്‍. എഴുത്ത് നന്നായിരിയ്ക്കുന്നു. എല്ലാ ആശംസകളും.

jayanEvoor said...

എവിടെയാണിവര്‍ക്ക് പിഴക്കുന്നത് ?

nalla post.

Naushu said...

തന്റെ വരുമാനവും കഷ്ട്ടപ്പാടും നാട്ടിലറിയിക്കാത്ത സാധാരണ പ്രവാസിയുടെ ദുരഭിമാനമാണ് ഏറ്റവും വലിയ പിഴവ്...

Anonymous said...

gud jippoos..!!:P

ജിപ്പൂസ് said...

* കമന്‍റിന് നന്ദിയുണ്ട് റോസേ...കുറ്റം പറയേണ്ടത് ദാ ഇവരെയാണ്.നാസിത്താടെ കമന്‍റ് നോക്കുക.

* നാസിത്താ..നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ 100% ശരി വെക്കുന്നു.പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ടെന്ന് കരുതി.കുക്ക് ഇക്കമാര്‍ക്ക് പിഴക്കുന്നത് ഇങ്ങനൊക്കെ തന്നെയാ.പ്രസക്തമായ കമന്‍റിന് പെരുത്ത് നന്ദി.

പിന്നെ എന്‍റെ 'സ്ത്രീധനം'.ബൂജാതനായ സമയത്ത് ദാ ഇങ്ങനൊക്കെ എഴുതിവിട്ട് പോയി.ആ പോസ്റ്റ് വായിച്ചവരെങ്കിലും വീക്ഷിക്കില്ലേ എന്‍റെ നിക്കാഹ് :)
സ്ത്രീധനം വാങ്ങിക്കില്ല എന്നത് പണ്ടേ എടുത്ത ഒരു പ്രതിജ്ഞയാണ്...

* വിലപ്പെട്ട അഭിപ്രായം തന്നെ അലിക്കാ താങ്കളുടേതും.നന്ദി സന്ദര്‍ശനത്തിനും കമന്‍റിനും.

* തഹ്സീന്‍,ബിജുവേട്ടന്‍,ജയന്‍ ഏവൂര്‍,നൗഷു,അനോണി നന്ദി നല്ല വാക്കുകള്‍ക്ക് :)

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

കാരണം
നാസും
അലിയാരും
പറഞ്ഞതു തന്നെ..

നല്ല എഴുത്ത്..
നല്ല എഴുത്ത്..

ഭാവുകങ്ങൾ..

കുരുത്തം കെട്ടവന്‍ said...

ഒരു പ്രവാസി വാര്‍ഷികാവധിക്ക്‌ നാട്ടിലെത്തിയാല്‍ അവനു മുന്‍പില്‍ ബന്ധു ജനങ്ങളുടെ ആവലാതികള്‍ നിരത്തുകയായി. കൂട്ടത്തില്‍ ആരെങ്കിലും ഈ പ്രവാസിയോട്‌ ചോദിക്കുന്നുണ്ടോ, താങ്കള്‍ എങ്ങിനെയാണു അവിടെ ജീവിക്കുന്നത്‌?! താമസ സ്ഥലം എങ്ങിനെ? പ്രാഥമിക കാര്യങ്ങള്‍ക്ക്‌ സൌകര്യമുണ്ടോ?! ..... തുടങ്ങി ഒരു പാട്‌ കാര്യങ്ങള്‍. പ്രവാസിയെക്കാള്‍ നല്ല സൌകര്യത്തിലും മെച്ചപെട്ട കാലാവസ്ഥയിലും ജീവിക്കുന്ന ബന്ധു ജനങ്ങള്‍, എല്ലാ ആഘോഷങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയുന്നവര്‍ എപ്പോഴെങ്കിലും ഇതിനൊന്നും സാധിക്കാതെ, വിദേശ രാജ്യങ്ങളില്‍ എതോ അര്‍ബാബിണ്റ്റെ കീഴില്‍ കഷ്ടപെടുന്നതിനെ പറ്റി ചിന്തിക്കാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരുടെ വിഷമങ്ങള്‍ പോലും അവര്‍ പറയാനു തുനിയുകയില്ല. ഈ രീതിയില്‍ ബന്ധുജനങ്ങളെ മാറ്റിയെടുത്ത 'ചില' പ്രവാസികളും ഉണ്ട്‌ നമ്മുടെ ഇടയില്‍. എന്ത്‌ ചെയ്യാം, എല്ലാം അനുഭവിക്കുക തന്നെ.

തെച്ചിക്കോടന്‍ said...

ദുരഭിമാനവും, പൊങ്ങച്ചവും, സ്വയം തിരിച്ചറിയാനുള്ള കഴിവില്ലായ്മയും, കൂടാതെ ചൂഷകരും. കാരണങ്ങള്‍ നിരവധി!.
നല്ല പോസ്റ്റ്‌.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

എവിടെയാണ് പിഴക്കുന്നത് എന്നല്ലേ ചോദ്യം.
ഇവ്വിഷയകമായി മൂന്നു പഴഞ്ചൊല്ലുകള്‍ എഴുതാം..
- പിഴക്കാന്‍ വേണ്ടി ആരും ആസൂത്രണം ചെയ്യുന്നില്ല,ആസൂത്രണം ചെയ്യുന്നതില്‍ പിഴക്കുകയാണ് ചെയ്യുന്നത്.

- ചിലവഴിക്കേണ്ടിടത്ത് പിശുക്കരുത്, പിശുക്കേണ്ടിടത് ചെലവഴിക്കരുത്.

- ദാഹം തോന്നുന്നതിന് മുന്‍പ്‌ തന്നെ കിണര്‍ കുഴിക്കുക .

ഒഴാക്കന്‍. said...

പാവം കുക്ക് ഇക്ക! :(

എറക്കാടൻ / Erakkadan said...

കുക്കിനെ ഒരിക്കലും കുറ്റം പറയരുത്. ചിലപ്പോള്‍ ഞാനും മുങ്ങും, ഏകദേശം ആ അവസ്ഥയാ ...... കാരണം ഞാന്‍ പറയണ്ടല്ലോ....ഹി..ഹി

ഹംസ said...

കുക്ക് ഇക്ക പാവം കുറ്റം പറയാന്‍ തോനുന്നില്ല .!! മൂപ്പരെ പിന്നെ നിങ്ങള്‍ അന്വേഷിച്ചില്ലെ ? മുങ്ങിയത് തന്നെയാണോ അതൊ……?

സിനു said...

കുക്ക് ഇക്കയുടെ കാര്യം പാവം തന്നെ..
ഇതുപോലെത്തെ ഇക്കമാര്‍ നമുക്കിടയില്‍ ഒത്തിരിയുണ്ട്
ഹംസക്ക പറഞ്ഞ പോലെ അയാളെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല
നല്ല പോസ്റ്റ്ട്ടോ..

സാബിറ സിദീഖ്‌ said...

അതെ ജിപ്പു ഒന്നും വാങ്ങിക്കാതെ കല്യാണം കഴിച്ചു കാണിക്കണം
നല്ല എഴുത്ത്,ഭാവുകങ്ങൾ

ജിപ്പൂസ് said...

@ഹംസക്ക
അന്വേഷിച്ചിരുന്നു.ഒരു വിവരവുമില്ല.

മുഖ്‌താര്‍ക്ക്,കുരുത്തം കെട്ടവന്‍,തെച്ചിക്കോടന്‍,ഇസ്മായില്‍ കുറുമ്പടി,ഒഴാക്കന്‍,എറക്കാടന്‍,സിനു,സാബിറ സിദ്ദീഖ്‌ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി .

കുഞ്ഞാമിന said...

എവിടെയാണ് കുക്ക് ഇക്കമാർക്ക് പിഴക്കുന്നത്? ഇവിടെ പലരും പറഞ്ഞ കാരണങ്ങളോട് യോജിക്കുന്നു. നല്ല പോസ്റ്റ്. ബാക്കി പോസ്റ്റുകൾ വഴിയെ വായിക്കാം.

Muhammad Sathwa said...

jippo puthiya postittal onnariyichu koode Majeedkka(drydocks) paranjanu arinjathu
enthayalum nannayittundu.
novemberil nahan cancelle cheythu naattilekku undu varunno?

jabir said...

kalakki.............

ആര്‍ബി said...

well said jippoose....

5 varshamaayi evideyokkeyo kaanunnanna mughangal ee post vaayikkumbol mumpilethi...

സുല്‍ |Sul said...

നന്നായി എഴുതി ജിപ്പൂസ്.
വരവറിയാതെ ചിലവഴിക്കുന്ന എല്ലാ പ്രവാസിയേയും കാത്തിരിക്കുന്നത് ഇതെല്ലാം തന്നെ.

-സുല്‍

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ജിപ്പുസ് സുല്‍ സുല്ലിട്ടോടത് ഞാന്‍ തുടങ്ങട്ടെ :)...ഈ കുക്കിക്ക ഒരു കുടുംബത്തിലെ കുക്കിം നടകുന്നതിന്റെ അടുപ്പ് പോലെയാണ് ...കുടുംബത്തിനു ഭക്ഷണം നല്‍കാന്‍ സ്വയം എരിഞ്ഞു തീരുന്നവര്‍ ...സ്ത്രീധനം വേണ്ട,കൊടുക്കില്ല എന്നൊക്കെ പറഞ്ഞാലും പിന്നിലുടെ പലതും മാന്തി കൊണ്ടുപോകും പലരും ..എന്റെ വീടിന്റെ അടുത്ത് ഒരു നിക്കാഹഹ നടന്നു ..പത്തു പവന്‍ മാത്രം ...പള്ളിയില്‍ വെച്ച് ചടങ്ങ് ..വീട്ടില്‍ ഒരു ചായയും ബെക്കെറിയും ..മണവാട്ടി ഒരു സാധാ ചുരിദാറിട്ടും ...ഞാന്‍ ആകെ അത്ഭുതപെട്ടു ..ഇങ്ങിനെയും കല്യാണം നടത്താലോ...എനിക്ക് അവരോടു എന്തെന്നില്ലാത്ത ബഹുമാനം ..പിന്നേയാ അറിഞ്ഞേ പിന്നാമ്പുറത്തു കൂടി ഏക്കറുകള്‍ പതിച്ചു കൊടുത്തിട്ടാണ് ഈ ആളുകളുടെ കണ്ണില്‍ പൊടി വാരിയിട്ട ഈ മഹാ കാര്യം ഇവര്‍ ചെയിതത് ...ആ നാട്ടിലെ ഒരു പക്ഷെ ഏറ്റവും കുടുതല്‍ സ്ത്രീധനം കൊടുത്ത വീട് ...
എന്തായാലും ജിപ്പുവിനെ പോലുള്ളവര്‍ തിരുത്തി മാതൃക കാണിച്ചു കൊടുക്കുക ... .

ഫിയൊനിക്സ് said...

സ്ത്രീധനം വാങ്ങിയും വാങ്ങാതെയും കല്യാണം കഴിച്ചിട്ടുണ്ട് ഞാന്‍. പക്ഷെ വാങ്ങാതെ കഴിക്കലാണ്‌ നല്ലത്. സ്വന്തം അനുഭവമാണ്.

ജിപ്പൂസ് said...

കുഞ്ഞാമിന,മുഹമ്മദ്,ജാബിര്‍,ആര്‍ബി,
സുല്ലിക്ക,ആഥിലാത്ത,ഫിയൊനിക്സ് വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.

krishna said...

സ്ത്രീധനം കൊടുത്തിട്ടു കല്ല്യാണം കഴിക്കുന്നില്ലെന്ന് പെണ്‍കുട്ടിയും കഴിപ്പിക്കുന്നില്ലെന്നു വലിയവരും തീരുമാനിക്കുക.സാമ്പത്തിക സുരക്ഷിതത്വത്തിനു പഠിച്ചു ജോലി ചെയ്യുക.

Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടെ ആദ്യമായാണ് വരുന്നത്.എന്റെ പല കൂട്ടുകാരെയും ഇവിടെ കണ്ടപ്പോള്‍ ഇനി ഞാനായിട്ടു വന്നില്ലെങ്കില്‍ മോശമല്ലെ എന്നു തോന്നി. വായിച്ചപ്പോള്‍ വല്ലാതായി. നര്‍മ്മത്തില്‍ തുടങ്ങി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്കാണ് താങ്കള്‍ വായനക്കാരെ കൊണ്ടു പോയത്. വെറുതെ എന്തെങ്കിലും ഒരു പോസ്റ്റിടുന്ന എന്നെപ്പോലുള്ളവര്‍ക്കും ചിന്തിക്കാന്‍ ധാരാളമുണ്ടിതില്‍.ഈ വഴിക്കും വരണേ.

LinkWithin

Related Posts with Thumbnails