ഖുബ്ബൂസ് വലിച്ച് കീറി പീസാക്കി വായില്‍ തിരുകി ഉള്ളിലേക്ക് കുത്തിയിറക്കുന്നതിനിടയിലാണ് ആരവം കേട്ടത്.അകമ്പടിയായി തോഴിമാരുടെ പൊട്ടിച്ചിരിയും കൈവിളക്കിന് വെള്ളിവെളിച്ചവും കൂടിയായപ്പോള്‍ ഉറപ്പിച്ചു.പ്രിയപ്പെട്ടവളുടെ വരവ് തന്നെ.
പിടഞ്ഞെണീറ്റ് കൈ കഴുകി ഓടി വന്ന് ജനല്‍പ്പാളി തുറന്ന് നോക്കി.വല്ലാതായിപ്പോയി.ഒരു വാക്ക് മിണ്ടാതെ, ഈയുള്ളവനെ ഒരു നോക്ക് കാണാതെ അവള് പൊയ്പ്പോയിരിക്കുന്നു.മൂന്ന് മാസം മുമ്പ് നാട്ടില്‍ പോയ സമയത്തും പ്രിയപ്പെട്ടവളുടെ സുന്ദരമുഖമൊന്ന് കാണാനോ ആ കൊലുസിന് കിലുക്കമൊന്ന് കേള്‍ക്കാനോ കഴിഞ്ഞിരുന്നില്ല.എന്റെ ഹൃദയതാളമായ മഴത്തുള്ളിക്കിലുക്കം.അങ്ങകലെ മാമലനാട്ടില്‍ മഴ പെയ്യുന്നതും പിന്നെ മരം പെയ്യുന്നതും യൂട്യൂബില്‍ കണ്ട് നിര്‍വൃതിയടയാറാണ് പതിവ്.
ഒന്ന് വാരിപ്പുണര്‍ന്ന് മരുക്കാട് ചുട്ടുപഴുപ്പിച്ച മനസ്സും ചിന്തകളും തണുപ്പിക്കാനായി ഓടി വന്നതായിരുന്നു.ഒന്ന് തൊട്ടാല്‍, നീ ആര്‍ത്തിരമ്പുന്നതൊന്ന് കണ്ടാല്‍, നിലത്ത് വീണ് നീ പൊട്ടിച്ചിതറുന്നതിനൊപ്പം സര്‍വ്വം മറന്നിത്തിരി നേരം തുള്ളിച്ചാടിയാല്‍ നീ പെയ്തൊഴിയുന്നതിനൊപ്പം ഉള്ളിലെ കാര്‍മേഖങ്ങളും ഒഴിയുമായിരുന്നു..
അല്ലെങ്കിലും ഈയിടെയായി ഈയുള്ളവനെ ഗൗനിക്കുന്നേ ഇല്ല നീ.നാട്ടില്‍ പോയി കാത്തിരുന്നിട്ടും ഒന്ന് കനിഞ്ഞില്ല.ഇപ്പൊ ഇവിടെയും! നിനച്ചിരുന്നില്ലെടി പെണ്ണേ നിന്റെ വരവ്.വരാന്‍ വൈകിയതിലുള്ള പിണക്കമാണോ? ക്ഷമിക്ക് എന്നാല്‍ .എനിക്ക് നീയും നിനക്ക് ഞാനുമല്ലേ ഉള്ളൂ..ഒരു വട്ടം കൂടി വന്നണയൂ കിളിമകളേ...ഒന്നു കണ്ടോട്ടെ ആ പൂമുഖമൊന്ന് !
കാത്തു കാത്തങ്ങിരിക്കട്ടെ ഞാന്‍.ഇനി വന്നണഞ്ഞില്ലെന്നാലും നിനക്കായുള്ള ഈ കാത്തിരിപ്പിനും ഒരു സുഖമാണ്... :(
4 comments:
കാത്തിരിക്കൂ....വരും.
വരും വരാതിരിക്കില്ല.
ആരവത്തോടെ വരും.
വന്നു കഴിഞ്ഞ് "നാശം! ഒന്നൊഴിഞ്ഞു
കിട്ട്യാല് മതീന്ന്"പറേല്ലേ.
ആശംസകള്‍
thakarthu varum!
വരും, പെരുമഴയായി വരും ജിപ്പൂസ്.
Post a Comment