Wednesday, April 25, 2012

'കടല്‍ കൊലക്ക്' അവാര്‍ഡ്


അന്താരാഷ്ട്ര നാടക അക്കാദമിയുടെ 2012 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഇറ്റലി & ഇന്ത്യ ടീമിന്‍റെ സം‌യുക്ത സം‌രംഭമായ 'കടല്‍ കൊല - വിശുദ്ധവെടിയും, വിശുദ്ധപ്രതികളും' ആണ് മികച്ച നാടകം.

അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച നാടകത്തില്‍ ആദ്യവസാനം തകര്‍ത്തഭിനയിച്ച ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.ആദ്യ പകുതിയില്‍ രംഗത്ത് വന്ന് കയ്യടി നേടിയ ആലഞ്ചേരി തമ്പ്രാക്കള്‍ ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡിന് അര്‍ഹനായി.സത്യത്തില്‍ തിരശ്ശീല മുന്നിലുണ്ടെന്ന് കരുതി അഭിനയിക്കുകയായിരുന്ന തമ്പ്രാക്കള്‍ അറിയാതെ ഏതോ എരണം കെട്ടവന്‍  തിരശ്ശീല പൊക്കിയതാണെന്നതാണെന്നും ഒരഭിപ്രായമുണ്ട്.നാടകത്തില്‍ ആലഞ്ചേരി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

'തന്നെ കൂടാതെ തിരശ്ശീലക്ക് പിന്നില്‍ നിന്നും കിടിലന്‍ അഭിനയം കാഴ്ച വെക്കാന്‍ കഴിവുള്ളവരാണ് 11 കെ.വി തോമസച്ചായനും മറ്റു ചില ഇടയന്മാരും.തകര്‍ത്തഭിനയിക്കിന്‍ കുഞ്ഞാടുകളേയെന്ന് നോം അവര്‍ക്ക് നിര്‍ദ്ധേശവും നല്‍കിയിരുന്നു.യവനെങ്കിലും വന്ന് തിരശ്ശീലയൊന്ന് പൊക്കിയിരുന്നെങ്കില്‍ തന്നെപ്പോലെ തന്നെ ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡിന് അവരും അര്‍ഹരായേനെ' എന്നും അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് ശ്രീ: ആലഞ്ചേരി തമ്പ്രാന്‍ അഭിപ്രായപ്പെട്ടു.

ഒറ്റക്കിങ്ങനെ അവാര്‍ഡ് സ്വീകരിക്കേണ്ടി വന്നതില്‍ തനിക്കിച്ചിരി വിഷമമുണ്ടെന്നും വിഷമം തീര്‍ക്കാന്‍ തിരശ്ശീലക്ക് പിന്നില്‍ കിടു അഭിനയം കാഴ്ച വെച്ച മറ്റുള്ളവരെ പ്രമുഖ കഥാപാത്രങ്ങളാക്കി 'ചോറിവിടെ കൂറവിടെ' എന്ന് പേരിട്ട മറ്റൊരു നാടകം ഉടന്‍ തന്‍റെ കാര്‍മികത്വത്തില്‍ നിര്‍മ്മിക്കുമെന്നും ആലഞ്ചേരി തമ്പ്രാക്കള്‍ കൂട്ടിച്ചേര്‍ത്തു. 'വിശുദ്ധ വെടിയും-വിശുദ്ധ പ്രതികളില്‍' നായകവേഷം ചെയ്ത മാസ്സിമിലാനോയെയും സാല്‍വദോര്‍ ഗിരോനെയും 'ചോറിവിടെ കൂറിവിടെ' യിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഇറ്റലിയില്‍ ചില സ്വീകരണങ്ങളുമായി തിരക്കിലായതിനാല്‍  അടുത്ത 'ഇന്ത്യന്‍ പര്യടന' സമയത്ത് ഡേറ്റ് തരാമെന്ന് അവര്‍ ഉറപ്പ് തന്നതായും ആലഞ്ചേരി അറിയിച്ചു.

അഡീഷനല്‍ സോളി ജനറല്‍ ഹരേന്‍ പി.അലവലുവിന് നാടകത്തിലെ 'വിശുദ്ധ രക്തസാക്ഷി' അവാര്‍ഡും കേരളത്തില്‍ നിന്ന് ശ്രീമാന്‍ ചണ്ടിയുള്‍പ്പെടെ സകലഗുലാബി ചണ്ടികളും കേരള പൊല്ലീസ് സേനയും ജൂറിയുടെ പ്രത്യേക  പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി.

തങ്ങളേക്കാള്‍ അതിവേഗം ബഹുദൂരം സഞ്ചരിച്ച ഇന്ത്യന്‍ നടന്മാര്‍ തന്നെയാണ് എന്ത് കൊണ്ടും അര്‍ഹര്‍.അതിനാല്‍ അവാര്‍ഡ് ഇന്ത്യക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഇച്ചിരി കോടികളല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് ഇതില്‍ അവകാശപ്പെടാനില്ലെന്നും ഇറ്റാലിയന്‍ അധികൃതര്‍ വ്യക്തമാക്കി.മികച്ച നാടകത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി ഇന്ത്യന്‍ പ്രതിനിധി മാത്രമാണ് വേദിയിലെത്തിയത്.ഇന്ത്യന്‍ പ്രതിനിധി ശ്രീ: മദനമോഹന്‍ സിങ്കു സാരി ചുറ്റിക്കൊണ്ട്  എത്തിയത് അവാര്‍ഡ് ദാന ചടങ്ങിലെ ഒരു വേറിട്ട കാഴ്ചയായിരുന്നു.തന്നെ ഈ അവാര്‍ഡ് നേട്ടത്തിനു സഹായിച്ച പരാശക്തിയോടുള്ള ആദര സൂചകമായിട്ടാണ് സാരി ചുറ്റി വന്നതെന്ന് ശ്രീ: സിങ്കു പിന്നീട് വെളിപ്പെടുത്തി.

തലപ്പാവ് വെച്ചൊരു കൂറ്റന്‍ ബൊമ്മയെ(പാവക്കുട്ടി) ശ്രീ: സിങ്കുവിന്  സമ്മാനിക്കുന്നത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്.സമ്മാനമായി കിട്ടിയ പാവയേയും ഒക്കത്ത് വെച്ച് മന്ദം മന്ദം ഒരു പാവയെപ്പോലെ അദ്ധേഹം വേദി വിടുന്നത് നയനമനോഹരമായ കാഴ്ചയായി.

അതിനിടയില്‍ 'തള്ളേ ഇതില്‍ ഏതാണ് പാവ?' എന്ന ഒരു വിദ്വാന്‍റെ കമന്‍റ് സദസ്സില്‍ ചിരിയുണര്‍ത്തി.

ഇങ്ങനെയൊക്കെ ആണെങ്കിലും നാടകത്തിലെ മികച്ച നടനെ തെരഞ്ഞെടുക്കാന്‍ ജൂറിക്ക് കഴിഞ്ഞില്ല.'ഒപ്പത്തിനൊപ്പം പൊളപ്പന്‍ പ്രകടനം കാഴ്ച വെച്ചവരാണ് എല്ലാവരും.മികച്ച താരത്തെ തെരെഞ്ഞെടുക്കാന്‍ സാക്ഷാല്‍ ഒടയ തമ്പുരാനു പോലും കഴിയില്ലെന്ന്' പ്രമുഖനായ ഒരു ജൂറി അംഗം അഭിപ്രായപ്പെട്ടതായി ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

' 2012 പൂര്‍ത്തിയാവാന്‍ ഇനിയും എട്ട് മാസം കൂടി ബാക്കി ഉള്ളപ്പോള്‍ ധൃതിയില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് വിവാദമാക്കേണ്ടതില്ല. 'കടല്‍ക്കൊല-വിശുദ്ധവെടിയും, വിശുദ്ധപ്രതികളേ' ക്കാള്‍ മികച്ച നാടകം 2012ല്‍ എന്നല്ല ഈയടുത്ത കാലത്തൊന്നും സംഭവിക്കില്ലെന്നും  ജനവികാരം കൂടി കണക്കിലെടുത്താണ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും അന്താരാഷ്ട്ര നാടക അക്കാദമി തലവന്‍ ശ്രീ: ഗബ്രിയേലോ അല്‍ക്കുല്‍ത്തീറ്‌റ്‌റോ ജിപ്പൂസ് അവാര്‍ഡ് ദാന ചടങ്ങിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാടകാന്ത്യം: പൗരന് പട്ടിയുടെ വില പോലും നല്‍കാത്ത ആണും പെണ്ണും കെട്ട അധികാരി വര്‍ഗ്ഗം സായ്പ്പിന്  മുമ്പില്‍ നട്ടെല്ലും ഒടിച്ചു മടക്കി നില്‍ക്കുമ്പോള്‍ 'ഇപ്പോള്‍ കിട്ടുന്നത് കിട്ടി' എന്ന ബോധ്യത്തില്‍ ഒരു കോടി വാങ്ങി രാജിയായ ആ കുടുംബത്തെ, അവരുടെ നിസ്സഹായതയെ കുറ്റം പറയുന്നത് ക്രൂരതയാണ്.

'കൊല്ലപ്പെട്ടവര്‍ ഇന്ത്യക്കാരനാണെന്നത് കേന്ദ്രം ഓര്‍ക്കണം'

നാടകാന്ത്യം ബാക്കിയാവുന്നത് പൗരന്‍റെ അവസാന അഭയകേന്ദ്രത്തില്‍ നിന്നുള്ള ഇത്തരം ചില  ഇടപെടലുകള്‍ മാത്രമായേക്കാം.സായ്‌പിനു മുമ്പില്‍ കവാത്ത് മറന്ന് കൊണ്ടേയിരിക്കുന്ന ഭരണകൂട ഷണ്ഡന്മാര്‍ക്കെതിരെയുള്ള ശക്തമായ വാക്കുകള്‍.

Sunday, April 15, 2012

വിസ


കൈപ്പറ്റി.
ഖല്‍ബ് കോരിയൊഴിച്ചൊരു
കുറിമാനം.

പരിഭവങ്ങള്‍,
പൊട്ടിത്തെറികള്‍,
അവസാനം
കണ്ണീരില്‍ കുതിര്‍ന്നൊരു
മുത്തവും.

കണ്ഡമിടറിയതു നേര്.
കരളു പിടഞ്ഞൊന്ന് തേങ്ങിയതും നേര്.
കാഴ്ച മറച്ചു-
കാല്‍ക്കീഴില്‍ വീണുടയാന്‍ വെമ്പിയ
കണ്ണീര്‍ കണങ്ങള്‍,
കൈ വിരലാല്‍ കോരിയെടുത്ത്
കുടഞ്ഞെറിയുമ്പോള്‍...

കണ്മണീ.. .
കെറുവ് അന്നു
കടല്‍ കടന്നെത്തിയ
കവറിനോടായിരുന്നു.

LinkWithin

Related Posts with Thumbnails