വഞ്ചനയുടേയും നീതിനിഷേധത്തിന്‍റേയും 22ആം വാര്‍ഷികത്തിനൊപ്പം ഭരണഘടനാ ശില്പി മഹാത്മാ അംബേദ്കറുടെ ചരമദിനം കൂടിയാണിന്ന്.ബാബരി മസ്ജിദ് ധ്വംസനത്തിനു ഹിന്ദുത്വര്‍ ഈ ദിനം തന്നെ തെരെഞ്ഞെടുത്തത് ഒരിക്കലും യാദൃഛികമല്ല.ഇന്ത്യന്‍ മുസ്ലിംകളുടെ അഭിമാനകരമായ ജീവിതത്തിന്‍റേയും അംബേദ്കറുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന, ലോകത്ത് ഇന്ന് നിലവിലുള്ള മഹത്തായ ഒരു ഭരണഘടനയുടേയും ഒരുമിച്ചുള്ള ശവസംസ്കാരമാണവര്‍ 1992 ഡിസംബര്‍ 6നു നടത്തിയത്.രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റി മറിക്കുമായിരുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും 'നിങ്ങള്‍ മണ്ഡലുമായി വരികയാണെങ്കില്‍ ഞങ്ങള്‍ കമണ്ഡലുവുമായി ഇറങ്ങും' എന്ന വായ്പേയിയുടെ ഭീഷണിയും, രാജ്യത്തെ മനുഷ്യരെ ഹിന്ദുവും മുസ്ലിമുമായി വിഭജിച്ച രഥയാത്രയും കലാപകലുഷിത 1980കളും കൂട്ടി വായിക്കുന്നവര്‍ക്ക് തെറ്റാനിടയില്ല.
ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ച് അന്വേഷിച്ച 'ലിബര്‍ഹാന്‍ കമ്മീഷന്‍' എന്നൊരു കമ്മീഷനുണ്ടത്രെ! കോടതിയില്‍ നിന്ന് നാല്‍പ്പത്തെട്ട് തവണ അവധി നീട്ടിവാങ്ങി ഏഴ് കോടി രൂപ ചിലവഴിച്ച് പതിനേഴ് വാള്യങ്ങളില്‍ പതിനേഴ് വര്‍ഷമെടുത്ത് പഠിച്ച് സര്‍ക്കാരിനവര്‍ വിശദമായൊരു റിപ്പോര്‍ട്ട് സമര്‍പിച്ചുവത്രെ! അതില്‍ എല്‍.കെ അദ്വാനിയെന്ന കഥാവശേഷനായ ഉരുക്കുമനുഷ്യന്‍, മുന്‍ കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷി, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി, ഉമാഭാരതി, ബാല്‍ താക്കറെ ഉള്‍പ്പെടെ അറുപത്തെട്ട് പ്രതികളുണ്ടത്രെ! പ്രകോപിതരും ആയുധസജ്ജരുമായ ഒരു ജനക്കൂട്ടത്തെ അയോധ്യയിലെത്തിച്ച് മസ്ജിദ് തകര്‍ന്ന് വീഴുന്ന സമയം അദ്വാനിയും ജോഷിയും 'പിന്മാറണമെന്ന്' ആവശ്യപ്പെട്ടത് പക്ക നാടകമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ കുറ്റപെടുത്തുന്നുണ്ടത്രെ.മുന്‍ പ്രധാനമന്ത്രി വാജ്പേയി മനുഷ്യരുടെ നേര്‍പ്പിച്ച ചോര മാത്രം കുടിക്കുന്ന 'മിതവാദി' ഹിന്ദുത്വനല്ല മറിച്ച് ഒന്നാന്തരമൊരു ഫ്രോഡാണെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ടത്രെ..! etc..
ഇതില്‍ തീപ്പെട്ട രണ്ട് പ്രമുഖരെ മൂവര്‍ണ്ണ പതാക പുതപ്പിച്ച് ആചാരവെടി മുഴക്കി സര്‍വാദരങ്ങളോടെ നാം കുഴിലേക്കെടുത്തു.ലിബര്‍ഹാന്‍ കമ്മീഷനും നമ്മുടെ നീതിനിയമസംവിധാനങ്ങള്‍ക്കും നേരെ ഗോക്രി കാണിച്ച് ചുണ്ടില്‍ വിരിയുന്ന പരിഹാസച്ചിരിയോടെ സ്വഛന്ദമായി വിഹരിക്കുന്നുണ്ട് മറ്റുള്ളവര്‍.ഇപ്പോള്‍ കുങ്കുമരാഷ്ട്രീയാധികാരത്തിന്‍റെ ഹുങ്കില്‍ നമുക്ക് നേരെ നടുവിരല്‍ കൂടി പൊക്കിക്കാണിക്കുന്നുണ്ടവര്‍.തീപ്പെടട്ടെ.കാണിച്ചു കൊടുക്കണം..!
സ്വതന്ത്ര്യ ഇന്ത്യയുടെ ആറരപതിറ്റാണ്ട് എന്നത് അംബേദ്ക്കര്‍ പ്രതിനിധാനം ചെയ്യുന്ന ജനതയുടേയും മുസ്ലിംകളുടേയും പിന്നാക്ക സമുദായങ്ങളുടേയും ആദിമനിവാസികളുടേയും വഞ്ചിക്കപ്പെട്ട ചരിത്രം മാത്രമാണ്.കവര്‍ന്നെടുക്കപ്പെട്ട ഒരു തുണ്ട് ഭൂമിക്കും ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ ഭരണകൂടഭീകരരുടെ കനിവും കാത്ത്, മഞ്ഞും മഴയും വെയിലും കൊണ്ട് നിന്ന് പിഴക്കുന്ന കറുത്ത മുത്തുകളേ... ചതിയും വഞ്ചനയും അവഗണനയും വാഗ്ദത്തലംഘനങ്ങളും എത്രമേല്‍ കൈപ്പേറിയതാണെന്ന് മറ്റാരേക്കാളും മനസ്സിലാവും...
പുതിയൊരു ഇന്ത്യയുടെ സൃഷ്ടിപ്പിനായി, അവകാശങ്ങള്‍ക്കായി, അവഗണനകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഇരകള്‍, സമാനമനസ്കര്‍ ഒരുമിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യം കൂടിയാണ് ഓരോ ഡിസംബര്‍ ആറും ഉയര്‍ത്തുന്നത്...
ഹര്‍ഷ് മന്ദറിന്‍റെ പ്രസക്തമായൊരു നിരീക്ഷണം പങ്ക് വെച്ച് ഈ കുറിപ്പ് ചുരുക്കട്ടെ.'ബാബരി പ്രശ്നം ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള കേവല മത്സരമല്ല.മറിച്ച് സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം എന്തായിരിക്കണം എന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ്.മത ന്യൂനപക്ഷങ്ങള്‍ അഭിമാനത്തോടെ അവരുടെ അവകാശങ്ങള്‍ ലഭിച്ച് കൊണ്ട് രാജ്യത്ത് ജീവിക്കണോ, അതല്ല രണ്ടാംകിട പൗരന്മാരായി എക്കാലവും സാംസ്കാരികവും നിയമപരവുമായ വിധേയത്വത്തോടെ ജീവിക്കണോ എന്നതാണ് ബാബരി കേസ് ഉയര്‍ത്തുന്ന ചോദ്യം.