Showing posts with label ഗുജറാത്ത്. Show all posts
Showing posts with label ഗുജറാത്ത്. Show all posts

Sunday, September 18, 2011

മോഡീജി കീ ജയ്



മാറില്‍ പറ്റിച്ചേര്‍ന്നു മയങ്ങിയിരുന്ന
കുഞ്ഞു മകളുടെ
കത്തിക്കരിഞ്ഞ കോലം
ഉറക്കം കളയാതെയല്ല.

പിച്ചിച്ചീന്തിയെറിയുമ്പോള്‍
പ്രിയ മാനസിയുടെ
തൊണ്ടയില്‍ കുരുങ്ങിയ നിലവിളി
കര്‍ണ്ണപുടങ്ങളില്‍ വന്നലക്കാതെയല്ല.

അവളുടെ ജനനേന്ദ്രിയം തുളച്ചിറങ്ങിയ
കത്തിയിലൂടെ ഊര്‍ന്നിറങ്ങിയ
ചോരച്ചാലുകള്‍
ഓര്‍മ്മകളിലൂടെ ഒഴുകുന്നുണ്ടിന്നും.

വിറക്കുന്ന കൈകാലുകള്‍,
കണ്ണുകളിലെ ദയനീയത
ഇന്നും കരളു തകര്‍ക്കുന്നുണ്ട്
നെഞ്ചുരുക്കുന്നുണ്ട്.

പെറ്റുമ്മയുടെ
പിളര്‍ന്ന വയറ്റിലൂടെ
ചാടിയ കുടല്‍മാല,
പിഞ്ചു മകന്‍റെ
പിടക്കുന്ന ഹൃദയം,
പാതി കരിഞ്ഞ മുഖം..


മരിച്ചാലും മറക്കാത്ത
ഓര്‍മ്മകള്‍!
ഓര്‍മ്മയിലുണ്ട് എല്ലാമെല്ലാം.

എങ്കിലും ശേഷിയില്ലെനിക്ക്
ഉള്ളു തുറന്നൊന്ന് കരയാന്‍ പോലും.
ബാക്കിയായ ശ്വാസമെങ്കിലും
നിലനിര്‍ത്തണം.

വാഴ്ത്തട്ടെ ഞാനും
ഭാവി പ്രധാനമന്ത്രിയെ.
വരവേല്‍ക്കട്ടെ
ജനനായകനെ.
മോഡീ ജീകീ ജെയ്
മോഡീ ജീകീ ജെയ്..

എന്നിരുന്നാലും പ്രിയ നായകാ
ഒരേയൊരു ചോദ്യം.
ഓര്‍മ്മയുണ്ടോ ആ ദിനം,
കറുത്തിരുണ്ട ഫെബ്രുവരി?

മിയാന്‍ ഖുത്ത്ബുദ്ധീന്‍,
നരോദ, ഗുജറാത്ത്.

Sunday, February 28, 2010

ഒരു ഫെബ്രുവരിയുടെ ഓര്‍മ്മക്ക്

ജീവനും കയ്യില്‍ പിടി
ച്ചോടുമ്പോള്‍ കണ്ടുഞാനാ കാഴ്ച.
ഇടവഴിയിലുണ്ട് കൗസര്‍.
നൂല്‍ബന്ധമില്ലാതെ മണ്ണിലമര്‍ന്ന്.

മുഴുത്ത മാമ്പഴം കണ്ടാലൊന്ന്
സത്ത് ഊറ്റിയെടുക്കുന്ന തിരക്കിലൊ
രാള്‍ക്കൂട്ടവുമുണ്ടവള്‍ക്ക് ചുറ്റിലും.

എട്ട് മാസമുള്ളില്‍ സ്പന്ദിച്ച ജീവന്‍
പുറത്തെടുക്കുന്നൊരു ഡോക്ടര്‍.
വിട്ട്പിരിയാന്‍ വിസമ്മതിച്ച
പൊക്കിള്‍ കൊടിബന്ധം.
കയ്യില്‍ ചുറ്റി വലിച്ച്
വേര്‍പെടുത്തുന്നു നരാധമനൊരുവന്‍.

തൃശൂലമുനയില്‍ കുരുങ്ങിയ
ചോരപ്പൈതല്‍ കിടന്ന് പിടച്ചൂ
ഒരിറ്റ് കനിവിനായ്.
എന്തിനോ തേടുന്നുണ്ടാ
കുഞ്ഞു വിരലുകളിടക്ക്.

അര്‍ദ്ധബോധാവസ്ഥയിലും
കൗസറിന്‍റെ ഞരക്കം.
പൊന്നോമനേ...
നീയെന്ത് തെറ്റ് ചെയ്തിവരോട്!

നരോദയുടെ തെരുവ്.

വരിയൊപ്പിച്ച് നില്‍ക്കുന്നു
കതിനകള്‍ പോലെ മനുഷ്യ മക്കള്‍.
പാല്‍മണം മാറാത്ത വായില്‍
വെടിമരുന്നിന്‍ ചവര്‍പ്പ്.

അയലത്തെ ഏട്ടന്‍ വായില്‍ തന്നത്
വെല്ലമിഠായിയല്ലെന്നും തോട്ടയാണെന്നും

പൊട്ടിച്ചിതറിയ കുഞ്ഞുശരീരങ്ങള്‍.
ചിതറിത്തെറിച്ച ചോരയില്‍
ചെഞ്ചായമണിഞ്ഞ് നരോദ.
പാതികരിഞ്ഞ് കാലിലെ ചുവപ്പിനിയും
മരക്കൊമ്പില്‍ തൂങ്ങിയാടുന്നു
മിടിപ്പ് നിലക്കാതെ
ഒരു പിഞ്ചു ഹൃദയം.

ഇറുക്കിയടച്ചു ഞാന്‍
കണ്ണുകള്‍.

പശിയടക്കാന്‍ ഭയം
മാത്രമാണടുപ്പത്ത്.
ഇനിയുമെത്രയകലെയാണ് രക്ഷകന്‍ ?


ഇന്നും കേള്‍ക്കാം
നാമഭേദങ്ങളോടെ.
ഭീവണ്ടി ബോംബെ
ഗുജറാത്ത്.

കഴുത്തും നീട്ടി കാത്തിരിക്കുന്നിവര്‍
'മുഖ്യധാരയില്‍' ലയിച്ച്
'സം‌യമനം' പാലിച്ച്.

രക്ഷകന്‍ വന്നണയുമായിരിക്കും.

പിടിക്കാനാവില്ലെനിക്ക്.
മുറിയടച്ചിരുന്നീ ആത്മാക്കള്‍ക്കായി
രണ്ട് വരിയെങ്കിലുമെഴുതട്ടെ.

സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ....

LinkWithin

Related Posts with Thumbnails