Showing posts with label ഫാസ്റ്റ് ട്രാക്ക്. Show all posts
Showing posts with label ഫാസ്റ്റ് ട്രാക്ക്. Show all posts

Thursday, January 14, 2016

ഫാസ്റ്റ് ട്രാക്ക്

ലാൻഡ് ക്രൂയിസറുകൾ, ഹമ്മറുകൾ..
ദുഖാൻ റോട്ടിലൂടെ അവയ്ക്കും മുമ്പേ പായുന്നുണ്ട്
മനുഷ്യർ.. 
പതിയെ ആണെങ്കിലും ട്രക്ക് നിറയെ മോഹങ്ങളും നിറച്ച്
വലതു ഓരം പറ്റി വേറെയും ജീവിതങ്ങൾ..

പാതക്കിരുവശവും
മണ്ണോടൊട്ടി കിടക്കുന്നുണ്ട് ചിലർ.
മണ്ണിൽ നിന്നും വന്നവർ..
രണ്ട് പിക്കപ്പ്‌, ഒരു നിസാൻ പാത്ത് ഫൈൻഡർ 
തിളക്കമിനിയും നഷ്ടപ്പെടാത്തൊരു ക്രൂയിസർ..

എല്ലാം മറന്നുള്ള പാച്ചിലിനിടയിലെപ്പൊഴോ 
കാലിടറിയതാവണം.
കാലമോ കാലനോ സഡൻ ബ്രേക്കിട്ടതാവണം!

വണ്ടിയൊതുക്കി ഞാൻ ഒന്നിനടുത്ത് ചെന്നു
ഉള്ളിലൊരുത്തന്റെ പ്രേതം ചതഞ്ഞിരിക്കുന്നു.
ഭൂമി വിട്ടിനിയും പോവാനാവായിട്ടുണ്ടാവില്ല.
സ്വപ്നങ്ങളും മോഹങ്ങളും കുത്തിനിറച്ച്
ലഗേജിന്റെ വെയ്റ്റ് അനുവദിക്കപ്പെട്ടതിലും കൂടിപ്പോയത്രേ..
അവനവന്റെ കഥ പറയാനുള്ള ശ്രമത്തിലാണ്.

നേരമില്ലസുഹൃത്തേ..
ഞാൻ തിരിഞ്ഞു നടന്നു.

ഖൽബിൽ നിന്നിനിയും പിടി വിടാതെ 
ആബിദ പാടുന്നുണ്ട്.
പാതക്കിരുവശവും മണ്ണൊട്ടിയവരുടെ കണ്ണുനീരാവണം 
മഴയായ് പെയ്യുന്നുണ്ട്.

കാലം സഡൻ ബ്രേക്കിടും വരെ പായട്ടെ..

LinkWithin

Related Posts with Thumbnails