Showing posts with label മാഹീലെ പെമ്പിള്ളാര്‍. Show all posts
Showing posts with label മാഹീലെ പെമ്പിള്ളാര്‍. Show all posts

Tuesday, March 4, 2014

മാഹീലെ പെമ്പിള്ളാര്‍

ആരോ അമര്‍ത്തി മുറുമുറുക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്തിയപ്പോഴാണ് കലിപ്പോടെ കണ്ണു തുറന്നത്.പാതിരാകഴിഞ്ഞു ഇത്തീരീം കൂടി കഴിഞ്ഞു കാണും.നാട്ടിലായിരുന്നെങ്കില്‍ പുലര്‍കാല വരവറിയിച്ച് കോഴികൂവുന്നത് കേള്‍ക്കാം.ഒപ്പം 'കൗസല്യാ സുപ്രജാരാമ പൂര്‍വാ സന്ധ്യാ പ്രവര്തതേ' പടിഞ്ഞാറുള്ള ദേവീ ക്ഷേത്രത്തില്‍ നിന്നും ഒഴുകിവരുന്നതും ആസ്വദിക്കാം.

ഇല്ല ഒന്നും കേള്‍ക്കുന്നില്ല.ഇനി വല്ല നിശാചരിമാരും! ഏയ് സാധ്യതയില്ല.പാലമരം പോയിട്ട് ഒരു മുല്ലവള്ളി പോലും ഇല്ലാത്ത ഇവിടെ യക്ഷി പോയിട്ട്  ഒരു പക്ഷി പോലും വരികേല.കക്ഷിയിനി പ്ലേനും പിടിച്ച് വന്നാല്‍ തന്നെ ചുറ്റിനും മലയാളി ബാച്ചികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഏരിയയിലേക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ അടുക്കില്ല.

പിന്നെ എന്തായിരുന്നു ആ ഒച്ച! കിഴക്ക് വെള്ള കീറാന്‍(ഇവിടൊക്കെ വെള്ള കീറുന്നത് നാട്ടിലെ പോലെ കിഴക്ക് തന്നെയായിരിക്കുമെന്ന് തോന്നുന്നു) ഇനിയും ഒരു നാഴിക ദൂരം കിടക്കുന്നു.പണ്ടാരം ഉറക്കം എന്തായാലും പോയി.മുറിയില്‍ എ.സി പതിയെ മുരളുന്നുണ്ട്.ഇടക്ക് അദ്ദുക്കാന്‍റെ മൂട്ട ഓട്ടോ ഗിയര്‍ ഡൗണ്‍ ചെയ്ത് കുതിക്കും പോലെ എസിയുടെ മുരളല്‍ ഉച്ചത്തിലാവും.യെന്നാലും റബ്ബേ യെന്തായിരുന്നാ ഒച്ച? എ.സിയുടെ ശബ്ദം കുറഞ്ഞു.അതാ..അതാ ആരോ എന്തോ പിറുപിറുക്കുന്നുണ്ട്.

ശബ്ദമുണ്ടാക്കാതെ ഞാന്‍ പതിയെ എഴുന്നേറ്റു.സ്വപ്നലോകത്തെ ബാലഭാസ്കരന്‍ ജാഫറാണെങ്കില്‍ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് എത്തിയിട്ടില്ല.അലി ഒരു എലിയെ പോലെ ചുരുണ്ട് കിടക്കുന്നുണ്ട്.സാധു അവനല്ല.സാധാരണ വില്ലയിലെ പൂച്ചയെ വരെ ഒരു 'പൂമാനമേ' മൂളാന്‍ വിടാത്ത റൂം ഹെഡ്മാഷ് ഉസ്മാന്‍ തലവഴി പുതപ്പിട്ട് മൂടിയതിനാലാവണം ഒന്നുമറിയാതെ സുഖനിദ്രയിലാണ്.അതെ അതവന്‍ തന്നെ.യെന്താണവന്‍ മുരളുന്നത്? കല്യാണവും കഴിഞ്ഞുള്ള ആദ്യവരവായിരുന്നു.ഓളെ പിരിഞ്ഞിരുക്കുന്ന ദുഃഖമാവണം നാദാപുരത്തുകാരന്‍ മുരണ്ട് തീര്‍ക്കുന്നത്.

അടുത്ത് ചെന്നു കാതോര്‍ത്ത ഞാന്‍ ഞെട്ടിപ്പോയി.സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ഞാന്‍ ഹമുക്കിന്‍റെ തണ്ടെല് നോക്കി ആഞ്ഞൊന്ന് തൊഴിക്കാനായി കാലുയര്‍ത്തിയെങ്കിലും എന്‍റോളേം മോളേം ആലോചിച്ച് വേണ്ടാന്ന് വച്ചു.അവന്‍റെ ഒടുക്കത്തൊരു മൂളല്‍...

'ങ്ങ നാദാപൊര്ത്തെ പെമ്പിള്ളേരെ കണ്ട്ക്കാ..കണ്ടിക്കില്ലേ ബാ ബാ ബാ'

@പെമ്പിള്ളാര്‍:മക്കളേ ഇങ്ങളറിയുന്നുണ്ടാ ഇങ്ങളെ റോക്ക് ഈ പാവം ഞമ്മക്കിട്ട് വീക്കുന്നത്.ഉറക്കം പോലും പോക്കുന്നത്..

LinkWithin

Related Posts with Thumbnails