Thursday, January 7, 2016

വൃശ്ചികക്കാറ്റ്

വൃശ്ചികക്കാറ്റടിക്കുന്നുണ്ടത്രെ.


ഉണങ്ങിയ മട്ടലുകള്‍
തെങ്ങിനോട് വിട പറയുന്ന തിരക്കിലാവണം.
ആലിലകള്‍ കോമരങ്ങളാവും.
മുളങ്കാട്ടിൽ  കാറ്റ് താളമിടുമ്പോള്‍
കരിയിലകൾ സൂഫീ നൃത്തച്ചുവടുകളിലാവും.

പള്ളിക്കാട്ടിലെ പുൽപ്പടർപ്പുകളിൽ
കുഞ്ഞോളങ്ങൾ പിറക്കുന്നതും
ആരും കാണാതെ പരേതരെല്ലാം എഴുന്നേറ്റ് വന്ന്
ഓളങ്ങളിൽ മുങ്ങി നിവരുന്നതും 
ഞാനെന്‍റെ കണ്ണോണ്ട് കണ്ടിട്ടുണ്ട്.

മുലകുടിക്കിടെ തെങ്ങിൻ മാറിൽ നിന്നടർന്ന് വീണൊരു 
മച്ചിങ്ങക്കുട്ടി..
തങ്കക്കുടത്തിനെ വാരിയെടുത്ത് മുത്താനാവാതെ
മാതൃ ഹൃദയം തേങ്ങുന്നുണ്ടാവും.
വൃശ്ചികക്കാറ്റടിക്കുമ്പോഴുള്ള ആ മൂളല്‍
ചങ്ക് പൊട്ടിയുള്ള തെങ്ങുകളുടെ തേങ്ങലാണത്രെ.

കവുങ്ങുകൾ കാവടിയെടുക്കും.
ആടിയാടി പരസ്പരം പുണരും.
ഒരു വര്ഷത്തെ കാത്തിരിപ്പ്, ഒരു 'കിസ്സ്‌ ഓഫ് ലൗ',
അതെ അതൊരു ചുംബന സമരമാണ്.
തങ്ങളെ അകറ്റി നിര്ത്തിയവരോടുള്ള
മധുരപ്രതിഷേധം.

ഇക്കരെയാണെങ്കിലും 
ചിറിയും തൊലിയുമൊക്കെ പൊട്ടുന്നുണ്ട്.
വാസലിൻ  തേച്ചു നോക്കട്ടെ..

LinkWithin

Related Posts with Thumbnails