Sunday, February 28, 2010

ഒരു ഫെബ്രുവരിയുടെ ഓര്‍മ്മക്ക്

ജീവനും കയ്യില്‍ പിടി
ച്ചോടുമ്പോള്‍ കണ്ടുഞാനാ കാഴ്ച.
ഇടവഴിയിലുണ്ട് കൗസര്‍.
നൂല്‍ബന്ധമില്ലാതെ മണ്ണിലമര്‍ന്ന്.

മുഴുത്ത മാമ്പഴം കണ്ടാലൊന്ന്
സത്ത് ഊറ്റിയെടുക്കുന്ന തിരക്കിലൊ
രാള്‍ക്കൂട്ടവുമുണ്ടവള്‍ക്ക് ചുറ്റിലും.

എട്ട് മാസമുള്ളില്‍ സ്പന്ദിച്ച ജീവന്‍
പുറത്തെടുക്കുന്നൊരു ഡോക്ടര്‍.
വിട്ട്പിരിയാന്‍ വിസമ്മതിച്ച
പൊക്കിള്‍ കൊടിബന്ധം.
കയ്യില്‍ ചുറ്റി വലിച്ച്
വേര്‍പെടുത്തുന്നു നരാധമനൊരുവന്‍.

തൃശൂലമുനയില്‍ കുരുങ്ങിയ
ചോരപ്പൈതല്‍ കിടന്ന് പിടച്ചൂ
ഒരിറ്റ് കനിവിനായ്.
എന്തിനോ തേടുന്നുണ്ടാ
കുഞ്ഞു വിരലുകളിടക്ക്.

അര്‍ദ്ധബോധാവസ്ഥയിലും
കൗസറിന്‍റെ ഞരക്കം.
പൊന്നോമനേ...
നീയെന്ത് തെറ്റ് ചെയ്തിവരോട്!

നരോദയുടെ തെരുവ്.

വരിയൊപ്പിച്ച് നില്‍ക്കുന്നു
കതിനകള്‍ പോലെ മനുഷ്യ മക്കള്‍.
പാല്‍മണം മാറാത്ത വായില്‍
വെടിമരുന്നിന്‍ ചവര്‍പ്പ്.

അയലത്തെ ഏട്ടന്‍ വായില്‍ തന്നത്
വെല്ലമിഠായിയല്ലെന്നും തോട്ടയാണെന്നും

പൊട്ടിച്ചിതറിയ കുഞ്ഞുശരീരങ്ങള്‍.
ചിതറിത്തെറിച്ച ചോരയില്‍
ചെഞ്ചായമണിഞ്ഞ് നരോദ.
പാതികരിഞ്ഞ് കാലിലെ ചുവപ്പിനിയും
മരക്കൊമ്പില്‍ തൂങ്ങിയാടുന്നു
മിടിപ്പ് നിലക്കാതെ
ഒരു പിഞ്ചു ഹൃദയം.

ഇറുക്കിയടച്ചു ഞാന്‍
കണ്ണുകള്‍.

പശിയടക്കാന്‍ ഭയം
മാത്രമാണടുപ്പത്ത്.
ഇനിയുമെത്രയകലെയാണ് രക്ഷകന്‍ ?


ഇന്നും കേള്‍ക്കാം
നാമഭേദങ്ങളോടെ.
ഭീവണ്ടി ബോംബെ
ഗുജറാത്ത്.

കഴുത്തും നീട്ടി കാത്തിരിക്കുന്നിവര്‍
'മുഖ്യധാരയില്‍' ലയിച്ച്
'സം‌യമനം' പാലിച്ച്.

രക്ഷകന്‍ വന്നണയുമായിരിക്കും.

പിടിക്കാനാവില്ലെനിക്ക്.
മുറിയടച്ചിരുന്നീ ആത്മാക്കള്‍ക്കായി
രണ്ട് വരിയെങ്കിലുമെഴുതട്ടെ.

സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ....

36 comments:

NISHAM ABDULMANAF said...

jifas
nannyittundu....

ഹന്‍ല്ലലത്ത് Hanllalath said...

നീയെന്ത് കൊണ്ട് ഗുജറാത്തിനെ പറ്റി പറയുന്നു എന്ന് ചോദിക്കാനാളുകള്‍ നിര നിരയായി നിന്നെ തേടി വരാതിരിക്കില്ല.

ആസൂത്രിതമായി ഹൈന്ദവ ഫാഷിസം
അതിന്റെ ഭീകരതയുടെ വേരുകള്‍ പതിയെപ്പതിയെ പടര്‍ത്തിക്കൊണ്ടിരിക്കുന്നു.

അവസാനമായി പൂണയിലെ സ്ഫോടനം .
തെളിവ് നശിപ്പിക്കാനായി തന്ത്രപൂര്‍വ്വം കഴുകിയെങ്കില്‍ തന്നെയും
ഏതൊ കടലാസ് ജിഹാദികളുടെ തലയിട്ടില്ല എന്നത് തന്നെ ശുഭസൂചനയാണ്.

raseesahammed said...

സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ....

ജിപ്പൂസ് said...

മറവിയുടെ ഏടുകളിലേക്ക് മറിഞ്ഞ് കൊണ്ടിരിക്കുന്ന ഗുജറാത്ത് വംശഹത്യയെ ഒന്ന് പൊടിതട്ടിയെടുക്കാനുള്ള എളിയ ശ്രമം.'മുഖ്യധാരക്കാരുടെ' ഭാഷയില്‍ തീവ്രവാദമെന്നും പറയാം.എന്തൂട്ടായാലും വേണ്ടില്ല.കൗസര്‍ ബാനു,ഇഹ്സാന്‍ ജഫ്രി,നരോദയിലെ പിഞ്ചുമക്കള്‍.ഓര്‍മ്മകളിങ്ങനെ തികട്ടി വന്നപ്പോ എഴുതിപ്പോയതാ കൂട്ടരേ.

ഈ തീവ്രവാദത്തിന് തല്‍‌ക്കാലം ഷെമി.

ആര്‍ബി said...

കലക്കി ജിപ്പൂസെ,
തീക്ഷണമായ എഴുത്ത്.

സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ....

പലപ്പോഴും മനസ്സില്‍ തോന്നുന്നത് ജിപ്പൂസ് എഴുതിയിരിക്കുന്നു,,,

എങ്കിലും

കഴുത്തും നീട്ടി കാത്തിരിക്കുന്നിവര്‍
വോട്ട് പെട്ടികള്‍.
'മുഖ്യധാരയില്‍' ലയിച്ച്
'സം‌യമനം' പാലിച്ച്.

'രക്ഷകന്‍' വന്നണയുമായിരിക്കും.

ഇതിലെ സംയമനവും മുഖ്യധാരയും, എനിക്ക് മനസ്സിലായതാണെങ്കില്‍ അതില്‍ സംയമനത്തിന്റെ തൊണ്ണൂര്‍ ശതമാനവും ഞാനും നീയുമടങ്ങുന്നവരെ തീവ്രവാദിയാവാതെ സൂക്ഷിക്കുന്നു എന്ന് തിരിച്ചറിയുമ്പോള്‍ മനസ്സില്‍ കുളിര്‌ തരുന്നുണ്ട്...

ജിപ്പൂസിന്റെ ഭാഷയില്‍ അതിലൊരു പുച്ഛം കലര്‍ന്നെങ്കില്‍ അതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട് മാഷെ...

ത്രിശൂലത്തിന്റെ മുള്‍മുന കാട്ടി ചിലര്‍ വിരട്ടുന്നുവെങ്കിലും അതിന്റെ പതിന്മടങ്ങു വരുന്ന - ത്രിശൂലം കയ്യിലേന്തിയവര്‍ തന്നെ - ഒരു സമൂഹം അപ്പുറത്തിരുന്നു ജിപ്പൂസ് പറഞ്ഞ അതേ വാചകങ്ങള്‍ ഉരുവിടുന്നുണ്ട് എന്ന് കാണാതിരിക്കാന്‍ പറ്റുമോ


സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ....

Anonymous said...

aliya kollam...pakshe ivide parajathirikkatte..purthu parayanda neeyum oru beegaravathiyavum ....karanam oru muslim ayi poyille...

Master said...

Ente jiffooo, enthinee neerunna ormakal veendum. Charithram namukku paadamaakattey,

Unknown said...

jifas .........nannayittund

വര്‍ക്കേഴ്സ് ഫോറം said...

ഈ നീറ്റല്‍ സമൂഹ മനസ്സാക്ഷിയിലേക്കും പടര്‍ന്നെങ്കില്‍ !

അഭിവാദ്യങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu....... aashamsakal............

ജിപ്പൂസ് said...

നിശാം,റസീസ്,അനൂപ്,മാസ്റ്റര്‍,നൗഫല്‍ ഷെരീഫ്,വര്‍ക്കേര്‍സ് ഫോറം,ജയന്‍ നന്ദി സന്ദര്‍ശനത്തിനും കമന്‍റിനും.

@ ഹള്ളലത്ത്,
ആരും വരില്ല സുഹൃത്തേ.ചര്‍ച്ചിക്കാന്‍ വേറെ എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു ബൂലോകത്ത്.ആര്‍ക്ക് വേണം ഇതൊക്കെ.

ജിപ്പൂസ് said...

@ആര്‍ബി ,

പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇന്ത്യയിലെ മുസ്ലിം വിരുദ്ധകലാപങ്ങള്‍ക്ക്.രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള കലാപങ്ങള്‍ എന്ന തലത്തില്‍ നിന്നും മാറി ഇന്നതിന് വംശഹത്യയുടെ രൂപം കൈവന്നിരിക്കുന്നു.ഗ്രാഫ് മുകളിലേക്ക് തന്നെയെന്നര്‍ഥം.കൂട്ടക്കൊലകള്‍ക്ക് പിന്നിലെ മുഖ്യസംഘാടകരും ചാലകശക്തിയും സംഘ്പരിവാര്‍ തന്നെയെന്ന് സര്‍ക്കാര്‍/സര്‍ക്കാരിതര അന്വേഷണ ഏജന്‍സികള്‍
വെളിപ്പെടുത്തുന്നു.ഒന്നും ചാത്തനേറുകളല്ലെന്ന് സാരം.എന്നിട്ടും ആരാലും തടയാനില്ലാതെ പൂര്വ്വാധികം ശക്തിയോടെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു ഈ കലാപ പരമ്പരകള്‍.

ഈ ആക്രമണങ്ങളെ കാര്യക്ഷമമായി ചെറുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്ന് ഇന്ത്യയിലെ ഏത് രാഷ്ട്രീയ/സാമുദായിക പാര്‍ട്ടിക്ക് പറയാന്‍ കഴിയും(മനസ്സാക്ഷിക്കുത്തില്ലാതെ) ?

ഇന്ത്യയിലെ രാഷ്ട്രീയ/സാമുദായിക പാര്‍ട്ടികള്‍ക്ക് നാട്ടിലെ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളോളം തന്നെ പഴക്കമുണ്ടല്ലോ.വളര്‍ന്ന് വളര്‍ന്ന് ദാ ഇപ്പോള്‍ കാര്‍ക്കരെയുടെ വെളിപ്പെടുത്തലില്‍ എത്തി നില്‍ക്കുന്ന സംഘ്പരിവാര്‍ എന്ന ഈ വിഷച്ചെടിയുടെ വളര്‍ച്ച തടയാനൊരു മരുന്ന് നിര്‍ദ്ദേശിക്കാനായിട്ടില്ല ആര്‍ക്കുമിത് വരെ(ആത്മാര്‍ഥതയോടെയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങളെ മറക്കുന്നില്ല).പുസ്തകങ്ങള്‍ എഴുതിക്കൂട്ടിയത് കൊണ്ടോ പത്രപ്രസ്താവനകളിറക്കിയത് കൊണ്ടോ സംഘ്പരിവാറിന്‍റെ വളര്‍ച്ച തടയാന്‍ കഴിയില്ലെന്നതിന് ആനുകാലിക സംഭവങ്ങള്‍ തന്നെ സാക്ഷി.

എന്നാല്‍ ഏകപക്ഷീയമായ കൂട്ടക്കൊലകള്‍ക്ക് ശേഷം 'മുഖ്യധാരാ' മാധ്യമ സാമുദായിക രാഷ്ട്രീയത്തമ്പുരാക്കന്മാരുടെ 'മുസ്ലികള്‍ സം‌യമനം കൈവിടരുതെന്നുള്ള' ആഹ്വാനങ്ങളും സമുദായത്തിന്‍റെ സംയമനത്തെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടാതെ ചാനല്‍ സ്റ്റുഡിയോകളിലിരുന്ന് ഇവര്‍ ബേജാറാകുന്നതും നാം കാണാറുണ്ട്.
ചോദിക്കട്ടെ, എന്താ ഇവരൊക്കെ പറയുന്ന ഈ 'സംയമനത്തിന്‍റെ' താത്പര്യം? പണ്ട് താര്‍ത്താരി ആക്രമണകാലത്തെ കഥകളില്‍ കേട്ടപോലെ അക്രമി വാളെടുക്കാന്‍ മറന്നാല്‍ അവന്‍ മടങ്ങിവരുന്നത് വരെ തലയും നീട്ടിപ്പിടിച്ച് കിടന്ന് കൊടുക്കലോ?

അനിയാ ആര്‍ബീ മനം മടുത്താണ് ചോദിക്കുന്നത്.എന്താണിവരൊക്കെ അര്‍ഥമാക്കുന്ന ഈ 'സംയമനം' ?

സുപ്രിയ said...

കഴുത്തും നീട്ടി കാത്തിരിക്കുന്നിവര്‍
വോട്ട് പെട്ടികള്‍.
'മുഖ്യധാരയില്‍' ലയിച്ച്
'സം‌യമനം' പാലിച്ച്.

'രക്ഷകന്‍' വന്നണയുമായിരിക്കും.

തൃശൂലമേന്തിയ കൈകള്‍
പിടിക്കാനാവില്ലെനിക്ക്.
മുറിയടച്ചിരുന്നീ ആത്മാക്കള്‍ക്കായി
രണ്ട് വരിയെങ്കിലുമെഴുതട്ടെ.

സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ....


ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ആശ്രയിക്കാനാവില്ല എന്ന അവസ്തയാണുള്ളത്. പ്രശ്നങ്ങളുടെ മൂലകാരണം കണെത്തി പ്രതിവിധികണ്ടുപിടിക്കാന്‍ മാറിവരുന്ന ഗവണ്‍മെന്റുകള്‍ക്കാവുന്നില്ല. അത്തരം അവസ്ഥയില്‍ പാവം പൌരന്റെ അസ്വസ്ഥതകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ശക്തിയുള്ള ഭാഷ ജിപ്പൂസ്.
ഇനിയും എഴുതൂ.

എന്തിനാ ആ ഹൈപ്പര്‍ ലിങ്കുകള്‍? അല്ലാതെതന്നെ കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടല്ലോ.



എന്റെ ബ്ലോഗിലിട്ട കമന്റ് കണ്ടു. നാടുവിട്ടതൊന്നുമല്ല, ആരും തല്ലിക്കൊന്നും ഇല്ല.

ഞാന്‍ കുറച്ചു നാളായി ബ്ലോഗൌട്ടായിപ്പോയിട്ട് (ആഹ നല്ല വാക്ക് ബ്ലോഗൌട്ട്, എന്തൊരു സന്തോഷം....). ശരീരാസ്വാസ്ഥ്യങ്ങളായിരുന്നു ഇത്തവണത്തെ വില്ലന്‍. ഇപ്പോള്‍ തിരിച്ചുവരവിലാണ്. ഇനി സജീവമാകും.

നിങ്ങളെയൊക്കെ മിസ് ചെയ്യുന്നുണ്ട്.

Akbar said...

തൃശൂലമേന്തിയ കൈകള്‍
പിടിക്കാനാവില്ലെനിക്ക്.
മുറിയടച്ചിരുന്നീ ആത്മാക്കള്‍ക്കായി
രണ്ട് വരിയെങ്കിലുമെഴുതട്ടെ.

വരികള്‍ക്ക് ആയുധത്തെക്കാള്‍ മൂര്‍ച്ചയുണ്ട്‌. ഉണങ്ങാത്ത മുറിവുകള്‍ സൃഷ്‌ടിച്ച എത്ര കലാപങ്ങള്‍. കലാപകാരികള്‍ വാഴ്ത്തപ്പെടുമ്പോള്‍ ഇരകളായി മണ്മറഞ്ഞു പോയ പാവങ്ങളെ ആരും ഓര്‍ക്കാറില്ല. എന്തിനെയും വിലക്ക് വാങ്ങാന്‍ കഴിവുള്ളവര്‍ അവരുടെ ശവപ്പറന്പുകള്‍ക്ക് മീതെ ഭരണ കൂട ഭീകരതയുടെ പുതിയ തേര്‍ തെളിക്കുന്നു. ജിപ്പൂസിന്റെ കവിത നന്നായി. ആശംസകള്‍

ഭായി said...

ആ ഭീകരത വീണ്ടും ഓര്‍മ്മപ്പെടുത്തല്ലേ!!!!

ദൈവം എല്ലാം അറിയുന്നവനാണ്!!!!

പള്ളിക്കുളം.. said...

വളരെ നന്നായിട്ടുണ്ട്. ഇരകൾക്കുവേണ്ടി ശബ്ദിക്കാനാവാത്ത അവസ്ഥയിൽ വാമൂടിക്കെട്ടപ്പെട്ട ഒരു സമൂഹത്തിന്റെ ചെറിയ ഞെരക്കങ്ങൾ ഞെട്ടലുകൾ തീക്ഷ്ണസ്വരങ്ങൾ... ആശംസകൾ നേരുന്നു..

ജിപ്പൂസ് said...

@ സുപ്രിയ

ഒന്നാമത് കവിതയെഴുതി(അങ്ങനെ വിളിക്കാമോ എന്നറിയില്ല) വല്യ പരിചയം പോരാ ചേച്ചീ.കമ്യൂണിക്കേറ്റ് ചെയ്യുമോ എന്ന ആശങ്കയുണ്ടായിരുന്നതിനാലാണ് 'മുഴുത്തമാമ്പഴം' പോലുള്ള വാക്കിന് ഹൈപ്പര്‍ ലിങ്ക് കൊടുത്തത്.മറ്റു ചിലതില്‍ ആധികാരികതക്ക് വേണ്ടിയും.

എന്തായാലും കമന്‍റിനു നന്ദിയുണ്ട് സുപ്രിയേച്ചീ..

ജിപ്പൂസ് said...

അക്ബര്‍ക്ക,ഭായി ഭായ്,പള്ളിക്കുളംക്ക നന്ദി.കമന്‍റിനും സന്ദര്‍ശനത്തിനും.

Junaiths said...

തൃശൂലമേന്തിയ കൈകള്‍
പിടിക്കാനാവില്ലെനിക്ക്.
മുറിയടച്ചിരുന്നീ ആത്മാക്കള്‍ക്കായി
രണ്ട് വരിയെങ്കിലുമെഴുതട്ടെ.

ehthikaf said...

jippus my blog www.ehthikaf-ehthikaf blogspot.com

OAB/ഒഎബി said...

എന്ത് പറഞ്ഞിട്ടും കാര്യമില്ല കുട്ടീ
നിന്നെ ലിസ്റ്റ് ചെയ്യപ്പെട്ടു..

Jishad Cronic said...

ആശംസകള്‍..!

Amith Kumar said...

അസാദ്ധ്യ കവിത. മൂഡ് മാറ്റിക്കളഞ്ഞു.നന്ദി.

ഒഴാക്കന്‍. said...

ഇക്കനക്കിനാനെ ഒരു തീവ്രവാദി ആകുന്ന ലക്ഷണം കാണുന്നുണ്ട്

Anonymous said...

സമൂഹമേ ദയവ് ചെയ്തെന്നെ
ഭീകരവാദിയാക്കരുതേ...പലപ്പോഴും സംഭവിക്കുന്നു.
ആശംസകൾ

അനീസ said...

വളരെ നന്നായിട്ടുണ്ട് കവിത

Unknown said...

കലക്കി ജിപ്പൂസെ,
തീക്ഷണമായ എഴുത്ത്.
വളരെ നന്നായിട്ടുണ്ട്.
വരികള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്‌.
സമൂഹ നന്മക്കു വേണ്ടി എഴുതുക...
അതിനേ സ്വര്‍ഗമുള്ളൂ

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

Basheer Vallikkunnu said...

വാകുകളില്‍ തീയുണ്ട്‌. കാറ്റ് പിടിക്കാതെ സൂക്ഷിക്കണം.

Anil cheleri kumaran said...

വരിയൊപ്പിച്ച് നില്‍ക്കുന്നു
കതിനകള്‍ പോലെ മനുഷ്യ മക്കള്‍.
പാല്‍മണം മാറാത്ത വായില്‍
വെടിമരുന്നിന്‍ ചവര്‍പ്പ്.

കവിത നന്നായിട്ടുണ്ട്.

ജിപ്പൂസ് said...

ജുനൈദ്ക്ക,ഇഹ്ത്തിക്കാഫ്,ജിഷാദ്,അമിത്ത്,
ഒഴാക്കന്‍,പാലക്കുഴി,അനീസ,അമീന്‍,
നിയ ജിഷാദ്,ബഷീര്‍ക്ക,കുമാരന്‍ ഭായ്
നന്ദിയുണ്ട് വായിച്ചതിനും പ്രോത്സാഹനത്തിനും.

ജിപ്പൂസ് said...

ഒഎബിക്കാ ചുമ്മാ ഒന്ന് കരഞ്ഞ് നോക്കട്ടന്നേയ്.അലിവ് തോന്നി ആരേലും ലിസ്റ്റൊന്ന് പുനഃപ്രസിദ്ധീകരിച്ചെങ്കിലോ :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'വാക്കുകള്‍ അഗ്നിയാണ്'
കവിതയായാലും കഥയായാലും ലേഖനമായാലും മറ്റെന്തായാലും....
കൈക്കുന്ന സത്യങ്ങള്‍ നാം തുറന്നു കാണിക്കുമ്പോള്‍ വായനക്കാര്‍ കുറയും കുന്തമുനകള്‍ കൂടും..സാരമാക്കണ്ട.
ഇഷ്ടമായി
ഇഷ്ടമായി
ഒരു പാട് ഇഷ്ടമായി ..
ഇനിയും എഴുതുക .

Anonymous said...

സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന സത്യങ്ങൾ.. വിളിച്ചു പറയാൻ കവിതയിലൂടേയും കഥയിലൂടെ യും സാധിക്കട്ടെ .. എട്ട് മാസമുള്ളില്‍ സ്പന്ദിച്ച ജീവന്‍ പുറത്തെടുക്കുന്നൊരു ഡോക്ടര്‍. വിട്ട്പിരിയാന്‍ വിസമ്മതിച്ച പൊക്കിള്‍ കൊടിബന്ധം. കയ്യില്‍ ചുറ്റി വലിച്ച് വേര്‍പെടുത്തുന്നു നരാധമനൊരുവന്‍.
തൃശൂലമുനയില്‍ കുരുങ്ങിയ ചോരപ്പൈതല്‍ കിടന്ന് പിടച്ചൂ ഒരിറ്റ് കനിവിനായ്. വരികൾ മനസിനെ പിടിച്ചുലക്കുന്നു... ആശംസകൾ വളരെ ഇഷ്ട്ടമാ‍യി...ഭാവുകങ്ങൾ..

Anonymous said...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Anonymous said...

നോവിനോപ്പം ചിന്തകളെ ഉണര്‍ത്തി ചോര തിളപ്പിക്കുന്ന വരികള്‍ ..." സമൂഹമേ ദയവ് ചെയ്തെന്നെ ഭീകരവാദിയാക്കരുതേ..."

LinkWithin

Related Posts with Thumbnails