Saturday, November 10, 2012

ഖല്‍ബിലേക്കുള്ള ഫ്ലിക്ക്

കറുത്ത ഒരു ലെതര്‍ ബാഗ്‌ വെട്ടിയുണ്ടാക്കിയ പോലുള്ള ആ മാല, അതും കഴുത്തില്‍ തൂക്കിയിട്ട്‌ കൊണ്ടുള്ള നുമ്മടെ ബാറ്റിംങ്, ഇന്നും പഴയ സുഹൃത്തുക്കള്‍ തമാശയോടെ സ്മരിക്കാറുണ്ട്‌.റീബോക്കിന്റെ ഷൂസൊരെണ്ണം ബാപ്പാനോട്‌ കരഞ്ഞു വിളിച്ച്‌ വരുത്തിച്ചു.റീബോക്കിന്റെ ബാറ്റ് തെരെഞ്ഞു നടന്ന് കിട്ടാതായപ്പോള്‍ കെ.ജി യുടെ ബാറ്റ്‌ വാങ്ങി സ്റ്റികറൊക്കെ ഉലിച്ച്‌ കളഞ്ഞു പകരം റീബോക്ക്‌ പതിച്ചു.

അജ്ജുവിന്റെ ഫ്ലിക്കിനു പഠിച്ചു പഠിച്ചു ഓഫ്‌ സ്റ്റംബ്‌ നിരന്തരം തെറിക്കുമായിരുന്നു.ഇനിയെങ്ങാനും ടൂര്‍ണ്ണമെന്റുകളില്‍ നീ ഫ്ലിക്കിയാല്‍ 'പിടിച്ചു പുറത്തിരുത്തുമെടാ' എന്ന ടീം ക്ല്യാപ്റ്റന്റെ ഭീഷണിക്ക്‌ വഴങ്ങി മനസ്സില്ലാ മനസ്സോടെ ഫ്ലിക്കിനെ മൊഴി ചൊല്ലിയത്‌ ഓര്‍ക്കുന്നു.തോല്‍വി സമ്മതിക്കാത്ത ഞാന്‍ സോക്സില്‍ ബോള്‍ പൊതിഞ്ഞു മുറ്റത്തെ മാവില്‍ കെട്ടിത്തൂക്കി ഫ്ലിക്ക്‌ പ്രാക്ടീസ്‌ ചെയ്ത്‌ കൈകുഴ പുതിയതൊരെണ്ണത്തിനു ഓര്‍ഡര്‍ കൊടുക്കേണ്ടി വരുമോയെന്ന് സന്ദേഹിച്ചതും മറന്നിട്ടില്ല.നിന്‍റെ ഫ്ലിക്കിനോടുള്ള മൊഹബ്ബത് മൂലം 'തോണ്ടിക്കുറി' എന്നൊരു ഇരട്ടപ്പേരും കുറച്ച് കാലത്തേക്ക് സുഹൃത്തുക്കള്‍ പതിച്ച് തന്നിരുന്നു.ഓടുന്ന ഓട്ടത്തില്‍ അപ്രതീക്ഷിതമായി സ്റ്റംബിനെ ലക്ഷ്യമാക്കി പാഞ്ഞിരുന്ന നിന്‍റേതു മാത്രമായ ആ ത്രോ അനുകരിച്ച് അനുകരിച്ച് 'എത്ര ഓവര്‍ ത്രോ ബൗണ്ടറികള്‍' പിറന്നിരിക്കുന്നുവെന്നറിയുമോ..

ഇടക്കിടെ നാവ് മേല്‍ചുണ്ടില്‍ സ്പര്‍ശിച്ച് കൊണ്ടുള്ള ആ ചിരി വരെ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.മുറിയും മനസും നിറയെ നിന്‍റെ ബഹുവര്‍ണ്ണ ചിത്രങ്ങളായിരുന്നു.കുടുംബ ആല്‍ബത്തില്‍ ബാപ്പാന്റെയും ഉമ്മാന്റെയും പോട്ടത്തേക്കാള്‍ നിന്‍റെ പോട്ടംസ്‌ നിറഞ്ഞിരിക്കുന്നത്‌ കണ്ടു കലിവന്ന ബാപ്പ ആല്‍ബമെടുത്ത്‌ പുറത്തേക്ക്‌ സിക്സറടിച്ചതും, കണ്ണു തുടച്ച്‌ ആല്‍ബമെടുത്ത്‌ വന്നു പൊടി തട്ടി വീണ്ടും പെട്ടിയില്‍ കൊണ്ടു വെച്ചതും, ക്രിക്കറ്റിനെയും നിന്നെയും നാം തമ്മിലുള്ള ഗാഢ ബന്ധത്തേയും അറിയാത്ത ബാപ്പാന്‍റെ 'പോക്രിത്തരത്തിനു' മാപ്പ്‌ കൊടുത്തതും ചരിത്രം.

സംഗീത ബിജ്ലാനി നിന്നെ വളച്ചെന്നും പാവം നൗറിത്താനെ മൊഴി ചൊല്ലി നീയിപ്പൊ അവളുടെ കൂടെ കറങ്ങുവാണെന്നുമൊക്കെ പുള്ളാരു ചൊറിയുമ്പോള്‍ നൂറു മീറ്റര്‍ നാവുള്ള ഞാന്‍ മിണ്ടാട്ടം മുട്ടി നില്‍ക്കാറുള്ളതും 'പടച്ചോനേ യെവളെ വിട്ട്‌ നൗറിത്തയുമായി അജ്ജുബായിയെ വീണ്ടും അടുപ്പിക്കണേയെന്ന്' അത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചതുമൊക്കെ എനിക്ക്‌ മാത്രമറിയാവുന്ന രഹസ്യം.

അവസാനം കോഴയില്‍ കുടുങ്ങി നീ പുറത്ത്‌ പോയതും 'അസ്‌ഹര്‍ നിന്നെയൊക്കെ £&!&£൫%%$# ച്ചില്ലെടായെന്ന' സുഹൃത്തുക്കളുടെ പരിഹാസത്തില്‍ മനം നൊന്ത്‌ രണ്ടു ദിവസം ക്ലാസ്‌ കട്ട്‌ ചെയ്ത്‌ ഗ്രൗണ്ടില്‍ പോയിരുന്നതും, വിഷമം സഹിക്കാനാവാതെ പാന്‍ പരാഗ്‌ അടിച്ചു 'ഫിറ്റായതും' എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

ക്രിക്കറ്റ് ജ്വരം പടിപടിയായി കുറഞ്ഞു.ഇന്ത്യ അവസാനമായി കളിച്ചത് ഏത് ടൂര്‍ണമെന്‍റാണെന്ന് ചോദിച്ചാല്‍ ഇന്ന് അറിയണമെന്നില്ല.എന്നാലും അജ്ജൂ നീ തൊടുത്തു വിട്ടിരുന്ന  ഫ്ലിക്കുകള്‍ സര്‍‌വ്വ ബൗണ്ടറികളും ഭേദിച്ച് പാഞ്ഞ് കയറിയിരുന്നത് ഖല്‍ബുകളിലേക്കായിരുന്നുവെന്നത് ഉറങ്ങി മരിക്കേണ്ടിയിരുന്ന ഈ ഒഴിവുദിവസ പ്രഭാതത്തില്‍ പിറന്ന അക്ഷരങ്ങള്‍ തന്നെ സാക്ഷി.

3 comments:

മുകിൽ said...

ഉറങ്ങി മരിക്കേണ്ടിയിരുന്ന ഈ ഒഴിവുദിവസ പ്രഭാതത്തില്‍ പിറന്ന അക്ഷരങ്ങള്‍ nallathu..

Sreejith Sarangi said...

എങ്ങനെ മറക്കും.. നിരുപദ്രവമെന്ന്‌ ബൗളര്‍ക്കുതോന്നുന്ന ആ സുന്ദരമായ ഫ്‌ളിക്ക്‌ ഷോട്ടുകള്‍ ഫീല്‍ഡറെയും കടന്ന്‌ ബൗണ്ടറിയിലേക്ക്‌ പറക്കുന്നത്‌... .
മോറെയെ കളിയാക്കിയുള്ള തവളച്ചാട്ടങ്ങള്‍ക്ക്‌ ക്രുദ്ധമായ നോട്ടത്തോടെ മിയാന്‍ദാദിനെ എതിരിട്ട അസ്‌ഹര്‍... രാജ്യത്തിനുവേണ്ടി വേവലാതി കൊള്ളുന്ന ആ മനസ്സ്‌ ഞങ്ങള്‍ക്ക്‌ തൊട്ടറിയാമായിരുന്നു..

ajith said...

Justice; atlast

LinkWithin

Related Posts with Thumbnails