Thursday, March 20, 2014

വസന്തം

മുഖപുസ്തകത്തിലേക്കൂളിയിടാന്‍ ബ്രൗസര്‍ ഓപണ്‍ ചെയ്തപ്പോഴാണു ശ്രദ്ധിച്ചത്.ഇന്ന് 'First day of Spring' ആണെന്ന് ഗൂഗിള്‍ ഡൂഡില്‍.ഒരു സുഹൃത്ത് നിന്ന് മണ്ണ് നനയ്ക്കുന്നതും, ക്ഷണനേരം കൊണ്ട് മണ്ണില്‍ നിന്നും ജീവന്‍ മുളപൊട്ടുന്നതും, പൂവിടുന്നതും ആനന്ദനിര്‍‌വൃതിയാലാവണം മൂപ്പര്‍ തന്നെ ഒരു മരമായ് പൂത്തുലയുന്നതും കണ്ടു.

വസന്തം വന്നണയുന്നത്, പൂവണിയുന്നത്, കുഞ്ഞുകാറ്റിന്‍ തലോടലില്‍ സ്വയം മറന്നുലയുന്നത്, വരവേല്‍ക്കാന്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിറകുകളുമായി പൂമ്പാറ്റകള്‍ വിരുന്നെത്തുന്നത്, പൂക്കളെ മുട്ടിയുരുമ്മി നൃത്തം വയ്ക്കുന്നത്, പൂ'മുഖത്തൊരു' മുത്തം നല്‍കുന്നത്, കരിവണ്ടുകള്‍ സ്വാഗതമോതുന്നത്, അങ്ങനങ്ങനെ...

ഓര്‍മ്മകള്‍ക്ക് വല്ലാത്ത സുഗന്ധം..

'അന്തം' വിട്ട തണുപ്പും 'അന്തം' വിട്ട ചൂടുമല്ലാതെ മറ്റൊന്നും അനുഭവവേദ്യമാവാത്തവര്‍ക്ക് ഗൂഗിള്‍ സൗകര്യമൊരുക്കുന്നുണ്ട്.വസന്തം പൂത്തുലയുന്നത് തത്കാലം ഗൂഗിളില്‍ കണ്ടു നിര്‍‌വൃതിയടയണമെന്ന് അപേക്ഷ. http://goo.gl/H6ASNYപടിഞ്ഞാറെവിടെയോ ആവണം, വസന്തം ഒരു പേരറിയാമരത്തെ പുണര്‍ന്ന മനോഹര കാഴ്ച(അല്പം താഴേക്ക് സ്ക്രോള്‍ ചെയ്താല്‍) കാണാം.അനുഭൂതിയിലവള്‍ ചുവന്നു തുടുത്തതും വികാരത്തള്ളിച്ചയില്‍ പൊഴിച്ച ദളങ്ങളാലൊരു പൂമെത്ത ഒരുക്കിയതും കാണാം.

വസന്തവും ചെറി നിറമുള്ള മരവും നെരൂദയെ ഓര്‍മ്മിപ്പിച്ചു. 

"നിനക്കെത്തിക്കാം ഞാന്‍
മലകളില്‍ നിന്നും ആഹ്ളാദത്തിന്റെ പൂക്കള്‍,
മണിപ്പൂവുകള്‍, ഹെയ്സല്‍ക്കായകള്‍,
ചൂരല്‍ക്കൂട നിറയെ ചുംബനങ്ങള്‍.
വസന്തം ചെറിമരത്തോട് ചെയ്യുന്നത്,
എനിക്ക് നിന്നോടും ചെയ്യണം".

#വയനാട്: ദുരമൂത്ത ഭീകരര്‍ പടര്‍ത്തിയ കാട്ടുതീയില്‍ പൊട്ടിത്തെറിച്ച കിളിമുട്ടകളെ, അതിനുള്ളില്‍ ഒരു വസന്തവും സ്വപ്നം കണ്ടുറങ്ങിയിരുന്ന കുഞ്ഞുമക്കളെ, സ്മരിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല.1500 ഏക്കറില്‍ എത്ര കോടി ജീവനുകളും വസന്തങ്ങളുമാവും എരിഞ്ഞടങ്ങിയത്! പിറക്കാതെ പോയ ആ കുഞ്ഞാറ്റകളുടെ ആത്മാക്കള്‍ക്ക് മുമ്പില്‍ ഒരിറ്റ് കണ്ണുനീര്‍..തീപ്പെട്ടി ഉരച്ചവനും മറഞ്ഞിരുന്ന് ശക്തിപകര്‍ന്നവനും അര്‍ഹിച്ചത് ദൈവം നല്‍കാതിരിക്കില്ല...

Tuesday, March 4, 2014

മാഹീലെ പെമ്പിള്ളാര്‍

ആരോ അമര്‍ത്തി മുറുമുറുക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്തിയപ്പോഴാണ് കലിപ്പോടെ കണ്ണു തുറന്നത്.പാതിരാകഴിഞ്ഞു ഇത്തീരീം കൂടി കഴിഞ്ഞു കാണും.നാട്ടിലായിരുന്നെങ്കില്‍ പുലര്‍കാല വരവറിയിച്ച് കോഴികൂവുന്നത് കേള്‍ക്കാം.ഒപ്പം 'കൗസല്യാ സുപ്രജാരാമ പൂര്‍വാ സന്ധ്യാ പ്രവര്തതേ' പടിഞ്ഞാറുള്ള ദേവീ ക്ഷേത്രത്തില്‍ നിന്നും ഒഴുകിവരുന്നതും ആസ്വദിക്കാം.

ഇല്ല ഒന്നും കേള്‍ക്കുന്നില്ല.ഇനി വല്ല നിശാചരിമാരും! ഏയ് സാധ്യതയില്ല.പാലമരം പോയിട്ട് ഒരു മുല്ലവള്ളി പോലും ഇല്ലാത്ത ഇവിടെ യക്ഷി പോയിട്ട്  ഒരു പക്ഷി പോലും വരികേല.കക്ഷിയിനി പ്ലേനും പിടിച്ച് വന്നാല്‍ തന്നെ ചുറ്റിനും മലയാളി ബാച്ചികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഏരിയയിലേക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ അടുക്കില്ല.

പിന്നെ എന്തായിരുന്നു ആ ഒച്ച! കിഴക്ക് വെള്ള കീറാന്‍(ഇവിടൊക്കെ വെള്ള കീറുന്നത് നാട്ടിലെ പോലെ കിഴക്ക് തന്നെയായിരിക്കുമെന്ന് തോന്നുന്നു) ഇനിയും ഒരു നാഴിക ദൂരം കിടക്കുന്നു.പണ്ടാരം ഉറക്കം എന്തായാലും പോയി.മുറിയില്‍ എ.സി പതിയെ മുരളുന്നുണ്ട്.ഇടക്ക് അദ്ദുക്കാന്‍റെ മൂട്ട ഓട്ടോ ഗിയര്‍ ഡൗണ്‍ ചെയ്ത് കുതിക്കും പോലെ എസിയുടെ മുരളല്‍ ഉച്ചത്തിലാവും.യെന്നാലും റബ്ബേ യെന്തായിരുന്നാ ഒച്ച? എ.സിയുടെ ശബ്ദം കുറഞ്ഞു.അതാ..അതാ ആരോ എന്തോ പിറുപിറുക്കുന്നുണ്ട്.

ശബ്ദമുണ്ടാക്കാതെ ഞാന്‍ പതിയെ എഴുന്നേറ്റു.സ്വപ്നലോകത്തെ ബാലഭാസ്കരന്‍ ജാഫറാണെങ്കില്‍ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് എത്തിയിട്ടില്ല.അലി ഒരു എലിയെ പോലെ ചുരുണ്ട് കിടക്കുന്നുണ്ട്.സാധു അവനല്ല.സാധാരണ വില്ലയിലെ പൂച്ചയെ വരെ ഒരു 'പൂമാനമേ' മൂളാന്‍ വിടാത്ത റൂം ഹെഡ്മാഷ് ഉസ്മാന്‍ തലവഴി പുതപ്പിട്ട് മൂടിയതിനാലാവണം ഒന്നുമറിയാതെ സുഖനിദ്രയിലാണ്.അതെ അതവന്‍ തന്നെ.യെന്താണവന്‍ മുരളുന്നത്? കല്യാണവും കഴിഞ്ഞുള്ള ആദ്യവരവായിരുന്നു.ഓളെ പിരിഞ്ഞിരുക്കുന്ന ദുഃഖമാവണം നാദാപുരത്തുകാരന്‍ മുരണ്ട് തീര്‍ക്കുന്നത്.

അടുത്ത് ചെന്നു കാതോര്‍ത്ത ഞാന്‍ ഞെട്ടിപ്പോയി.സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ഞാന്‍ ഹമുക്കിന്‍റെ തണ്ടെല് നോക്കി ആഞ്ഞൊന്ന് തൊഴിക്കാനായി കാലുയര്‍ത്തിയെങ്കിലും എന്‍റോളേം മോളേം ആലോചിച്ച് വേണ്ടാന്ന് വച്ചു.അവന്‍റെ ഒടുക്കത്തൊരു മൂളല്‍...

'ങ്ങ നാദാപൊര്ത്തെ പെമ്പിള്ളേരെ കണ്ട്ക്കാ..കണ്ടിക്കില്ലേ ബാ ബാ ബാ'

@പെമ്പിള്ളാര്‍:മക്കളേ ഇങ്ങളറിയുന്നുണ്ടാ ഇങ്ങളെ റോക്ക് ഈ പാവം ഞമ്മക്കിട്ട് വീക്കുന്നത്.ഉറക്കം പോലും പോക്കുന്നത്..

LinkWithin

Related Posts with Thumbnails