നൂറു നിലയുള്ള ആ ബുർജ്ജിന്റെ ടെറസിൽ നിന്ന് താഴേക്കൊന്ന് ചാടണം.കണ്ണും അടച്ച് പിടിച്ച് കാറ്റിലലിഞ്ഞിങ്ങനെ പാറി നടക്കണം.നോക്കെത്താ ദൂരത്ത് പഞ്ഞികെട്ടുമായി ഒഴുകിപ്പരന്നിരുന്ന മേഖക്കീറൊന്ന് തൊട്ട് നോക്കണം.ഒക്കത്തിരുത്തി പണ്ടുമ്മ ചൂണ്ടികാണിച്ചു തന്നിരുന്ന അമ്പിളി മാമനോട് 'താമരക്കുമ്പിളിലെന്തുണ്ടെന്ന്' തൊട്ടൊരുമ്മി നിന്നൊന്ന് ചോദിക്കണം.നക്ഷത്രക്കുഞ്ഞുങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്ത് മുത്തം കൊടുക്കണം.
'ദാ വരണ് കുഞ്ഞുമോന്റെ ഉപ്പ' എന്നുമ്മ ദിനം പറഞ്ഞ് പറ്റിച്ചിരുന്ന ആ വീമാനത്തിന്റെ വാതിലൊന്ന് വലിച്ച് തുറക്കണം.ഏടെ ന്റെ കുഞ്ഞുപ്പാന്ന് കണ്ണു തുറുപ്പിച്ച് വീമാനത്തിന്റെ ബാക്കല് നിക്കുന്ന 'കിളി'യോടൊന്ന് ചോയ്ക്കണം.വീടിന്റെ മോളിലെത്തീട്ടും ഓലെറക്കിക്കൊടുക്കാണ്ടാവും ന്റുപ്പാനെ.കൊല്ലം കൊറായേ കുഞ്ഞു മോന് മുട്ടായീം കൊണ്ടുപ്പ വരല് തൊടങ്ങീട്ട്!
പണ്ടിന്റെ പാത്തുക്കോഴീന്റെ സുന്ദരിക്കുട്ടീനേം റാഞ്ചിയെടുത്ത് പറന്നു കളഞ്ഞ ദുഷ്ടന് പരുന്തച്ചന് ആര്‍ത്തിയോടെ താഴേക്കും നോക്കി ഇപ്പൊഴും വട്ടമിടുന്നുണ്ട് ആകാശത്ത്.അന്ന് കരഞ്ഞുകരഞ്ഞിന്റെ കണ്ണീരെല്ലാം വറ്റീട്ട്ണ്ട്.കൊക്കിക്കൊക്കി പാത്തൂന്റെ ഒച്ചയെല്ലാം പോയിട്ടുണ്ട്.കാണട്ടെ കോയിക്കുട്ടീനെ തിരിച്ചു തരാന്‍ പറയണം.അല്ലെങ്കിത്തന്നെ ഓന്ക്ക് ഓന്റെ കുട്ടിണ്ടാവൂലേ!
ഏഴാനാകാശത്ത് പടച്ചോനെ കണ്ടാൽ നീട്ടിയൊരു സലാം പറയണം.വെല്ലിമ്മാനെ, മറ്റമ്മാനെ, ന്റെ കമാല്‍ മാമാനെ എന്തിനാ പടച്ചോനേ ജ്ജ് കൊണ്ടോയേന്ന് ചോയ്ക്കണം.മാമ പോയേപിന്നെ പെരുന്നാളിന് പടക്കം കിട്ടീട്ടില്ല.വായിക്കാന്‍ കുഞ്ഞാപ്പൂന്റെ കഥകള്‍ കിട്ടീട്ടില്ല.അരക്ക് താഴെ തളര്‍ന്ന് കിടപ്പായിരുന്നെങ്കിലും മാമയുടെ പോലെ കഥകളുടെ ലോകത്തേക്ക് കൈപിടിച്ചാരും കൊണ്ടുപോയിട്ടില്ല.വെള്ളത്തുണീം
വെല്ലിമ്മാനെ നിസ്കാരക്കുപ്പായോം ഇടീച്ച് അത്തറും പൂശി തലേക്കെട്ട് കെട്ടിയ ഉസ്ത്താക്കന്മാര് പള്ളിക്കാട്ടിലേക്ക് ദിക്ക്റും ചൊല്ലി കൊണ്ടുപോയതില്‍ പിന്നെ ആട്ടും പാല് ആരും വാങ്ങിത്തന്നിട്ടില്ല.മോനും കുഞ്ഞുമോള്‍ക്കും കഞ്ഞിക്ക് കൂട്ടാന്‍ ചമ്മന്തി പോലും തരാന്‍ പറ്റാണ്ട് ന്റെ ഐഷുമ്മ സാരിത്തലപ്പു കൊണ്ട് മുഖം പൊത്തിയിരുന്ന് കരഞ്ഞത് വെല്ലിമ്മ ഇല്ലാത്തോണ്ടല്ലേ.അംസക്ക വെല്ലിമ്മാക്കേ കടം കൊടുക്കൂന്ന് ങ്ങക്ക് അറിയൂലേ പടച്ചോനേ..മുസ്തഫാന്റെയും ഷിജീബിന്റെയും പോലുള്ള തിളങ്ങുന്ന കുപ്പായത്തിനും ബി.എസ്.എ സൈക്കിളിനും കരയുമ്പോള്‍ 'ന്റെ കുട്ടിക്ക് പടച്ചോന് തരുംട്ടാ'ന്നും പറഞ്ഞ് അണച്ച് പിടിച്ച് നെറുകയില്‍ വെല്ലിമ്മ പോയേ പിന്നെ ആരും മുത്തം തന്നിട്ടില്ല.പരിഭവങ്ങളൊത്തിരിയുണ്ട്ട്ടോ പടച്ചോനേ.ഹും കാണട്ടെ..
ബല്ലാത്ത മോഹം പടപ്പുകളേ...
പക്ഷേങ്കില് പിടിവിട്ടാലോ? ബുര്‍ജിനേക്കാൾ ഉയരത്തിലാണു സ്വപ്നങ്ങൾ..ഒരു ചിറകുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചാശിച്ച് ഇന്ന് വട്ടാവും.ന്റുമ്മാക്കൊരു മുട്ടയിട്ടിട്ട് വിരിയിച്ചാല്‍ പോരായിരുന്നോ എന്നെ.എനിക്കും ചിറക് കിട്യേനായ്ര്ന്ന്..എത്ര കാലം തപസ്സ് ചെയ്താലാണൊരു ചിറക് മുളയ്ക്കുക! സുന്ദരരൂപവും വശ്യമനോഹര ശബ്ദവുമായൊരു ദേവത മുന്നില്‍ പ്രത്യക്ഷപ്പെട്ട്..'കൺകൾ തുറക്കൂ വത്സാ.എന്തു വേണം നിനക്ക്' എന്നൊരു ചോദ്യം.ആഹ്!
ചിറകുമുളച്ചവരേ..ഒന്നു സഹായിക്കുമോ ?
4 comments:
എന്തെന്ത് മോഹങ്ങള്‍!!
Nlla mohagal
ചിറകുമുളച്ച മോഹങ്ങള്‍...
നന്നായിരിക്കുന്നു
ആശംസകള്‍
Nice!
Need free mobile apps? Visit http://www.vrad.in
Post a Comment