Saturday, September 11, 2010

ഈ മഴയൊന്ന് നനഞ്ഞിരുന്നെങ്കില്‍ !

നല്ല ഇടിയും മഴയുമാണത്രെ.
ഉമ്മാന്‍റെ ഒച്ചക്കൊപ്പം
ഫോണിലൂടെ കേട്ടു ചന്നം പിന്നം
അവള്‍ ഇരമ്പിയാര്‍ക്കുന്നത്.


മഴയൊന്ന് നനയണം
ഇടിമുഴക്കം കേള്‍ക്കണം.
മഴപ്പെയ്ത്തിനൊടുവില്‍
അരിച്ചെത്തുന്ന ഈറന്‍ തണുപ്പ്.
മഴത്തുള്ളിക്കിലുക്കം.
ചീവിടിന്‍ മൂളല്‍.
കുഞ്ഞു കാറ്റിന്‍റെ ഇരമ്പവും
മുല്ല പൂത്ത മണവും.


കണ്ണും ഖല്‍ബും തൊടിയിലാ
ശരീരം പുല്‍‌പ്പായിലും.
ഉറങ്ങാതെ കാത് കൂര്‍പ്പിച്ചെന്നും
പ്രകൃതിയുടെ ചിരിയും
കേട്ടുമ്മാന്‍റെ ചൂടില്‍
ചുരുണ്ട് കൂടും.


രംഗം-2 പ്രവാസം


മുറിയിലെ കുന്ത്രാണ്ടം
കാര്‍ക്കിച്ച് തുപ്പുന്നുണ്ടിന്ന്
തണുപ്പ്.
യാന്ത്രികത്തണുപ്പ്.
മനസ്സും മോഹങ്ങളും വരെ
മരവിക്കുന്നു.


ഓര്‍മകളിലാണിന്ന് മഴത്തുള്ളിക്കിലുക്കം.
പാണ്ടിപ്പാടവും താണ്ടിയെത്തുന്ന
കള്ളിക്കാറ്റിന്‍ ഇരമ്പം.
കണ്ണിലുരുണ്ട നീര്‍മുത്തുകളേ
തികട്ടി വന്ന തേങ്ങലേ
നിന്‍റെ പേരോ പ്രവാസം !

(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)

LinkWithin

Related Posts with Thumbnails