
അത്ര സുഖകരമല്ല ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകള്‍.പുറം ലോകമറിഞ്ഞതു വെച്ച് നോക്കുമ്പോള്‍ എല്‍.ടി.ടി.ഇ ക്കെതിരായുള്ള ശ്രീലങ്കന്‍ ആക്രമണം അവിടുത്തെ സാധാരണക്കാരായ തമിഴ് വംശജരുടെ ജീവിതം നരക തുല്യമാക്കിയിരിക്കുന്നു.മൂടിവെക്കപ്പെട്ട വാര്‍ത്തകള്‍ അവക്കു പുറമെയാണു.
നിരപരാധികളായ സ്ത്രീകളും കുട്ടികളും ക്രൂരമായി വേട്ടയാടപ്പെടുന്നു.അഭയാര്‍ഥി ക്യാമ്പുകളില്‍ ശ്രീലങ്കന്‍ പട്ടാളക്കാരാല്‍ തമിഴ് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായിക്കൊണ്ടിരിക്കുന്നു എന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
തികച്ചും വംശീയമായി സിംഹള വംശജരാല്‍ കുത്തിനിറക്കപ്പെട്ട ശ്രീലങ്കന്‍ സൈന്യത്തില്‍ നിന്നും ഇതു നമുക്ക് പ്രതീക്ഷിക്കാം.തമിഴ് വംശജര്‍,തമിഴ് ഭാഷ സംസാരിക്കുന്നവര്‍ അവര്‍ക്ക് എല്‍.ടി.ടി.ഇ പ്രവര്‍ത്തകരോ അനുകൂലികളോ ആയിരിക്കാം.അവര്‍ ലങ്കന്‍ മണ്ണില്‍ നിന്നും തുടച്ചു മാറ്റപ്പെടേണ്ടവര്‍ തന്നെ.
മാധ്യമശ്രദ്ധയെ വഴിതിരിച്ചു വിട്ട്(അതോ അവര്‍ സ്വയം തിരിഞ്ഞു പോയതോ) ഏതാനും മാസങ്ങളായി നിര്‍ദ്ദാക്ഷിണ്യം തുടരുന്ന ഈ കൂട്ടക്കശാപ്പിനെതിരെ ലോകമനസ്സാക്ഷി ഇനിയും ഉണര്‍ന്നിട്ടില്ല എന്നുള്ളത് ദുഖകരമായ ഒരു വസ്തുതയാണു.ബൂലോകത്തെ കാര്യവും തഥൈവ.
ഏതെങ്കിലും മതത്തിന്റെ മേമ്പൊടി ഇല്ലാത്തതായിരിക്കാം മാധ്യമങ്ങള്‍ക്കു ഇതൊരു
വാര്‍ത്തയല്ലാതാകുന്നു.കേവലം പത്രപ്രസ്താവനയിലൊതുങ്ങാത്ത ക്രിയാത്മകമായ ഒരു നടപടി ഇന്ത്യാ ഭരണത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും കാണുന്നില്ല.തമിഴനായ കരുണാനിധിയുടേയോ,വൈക്കോയുടേയോ മാത്രം പ്രശ്നമായി ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളും,കൂട്ടക്കൊലകളും മാറുന്നത് വളരെ വേദനയോടെ നാം കാണുന്നു.
സൈന്യത്തിനെതിരെ എല്‍.ടി.ടി.ഇ സാധാരണക്കാരെ മറയാക്കുന്നു എന്നുള്ള വാര്‍ത്തയും(സത്യമാണോ എന്നറിയില്ല)വളരെ ആശങ്കാജനകമാണു. എന്നാല്‍ ഇതെഴുതുമ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന സിവിലിയന്‍ ആക്രമണങ്ങളെ ഇപ്പേരില്‍ ന്യായീകരിക്കുന്നതെങ്ങനെ ?ശ്രീലങ്കയിലെ തമിഴ് വംശജരുടെ ജീവനും മാനത്തിനും സംരക്ഷണം ലഭിക്കേണ്ടതുണ്ട്.
പതിറ്റാണ്ടുകളായി തുടരുന്ന ശ്രീലങ്കയിലെ വംശീയപ്രശ്നത്തിനു പരിഹാരം തമിഴര്‍ക്കു വേണ്ടി ശബ്ദിച്ചു കൊണ്ടു രംഗത്തു വന്ന എല്‍.ടി.ടി.ഇ യെ(ഇന്നവര്‍ ദിശാബോധം നഷ്ടപ്പെട്ട ഒരക്രമിക്കൂട്ടമായി അധ:പതിച്ചു എന്നുള്ളത് വാസ്തവം) അടിച്ചമര്‍ത്തുന്നതിലൂടെ മാത്രം ഉണ്ടാവുമെന്നു കരുതുക വയ്യ.
തമിഴ് വംശജരുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചു കൊടുത്തു കൊണ്ടുള്ള ഒരു ഉടമ്പടിക്കേ ലങ്കയില്‍ സമാധാനം പുന:സ്ഥാപിക്കാനാവൂ.