Wednesday, June 3, 2009

മാപ്പ് നല്‍കൂ അമ്മേ

പുന്നയൂര്‍ക്കുളത്തെ തറവാട്ടു തൊടിയില്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്‍ നറുമണവും,മലയാള സാഹിത്യലോകത്ത് വാരിവിതറിയ ഒരുപിടി അക്ഷരക്കൂട്ടങ്ങളുടെ വശ്യഗന്ധവും വായനക്കാരന്‍റെ ഹൃത്തടത്തില്‍ ബാക്കിയാക്കി മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരി കമലാസുരയ്യ പാളയം പള്ളിയിലെ മഹാഗണിച്ചുവട്ടിലെ ആറടി മണ്ണിലേക്ക് യാത്രയായിരിക്കുന്നു.

1964-ലെ ഏഷ്യന്‍ പോയട്രി അവാര്‍ഡ്,ഏഷ്യന്‍ വേള്‍ഡ് അവാര്‍ഡ്,1965-ല്‍ ഏഷ്യയിലെ ഇംഗ്ലീഷ് കൃതികള്‍ക്കുള്ള കെന്‍ അവാര്‍ഡ്,ആശാന്‍ വേള്‍ഡ് പ്രൈസ്,അക്കാദമി പുരസ്കാരം,1984-ല്‍ നോബല്‍ സമ്മാനത്തിനു നാമനിര്‍ദ്ധേശം,1969-ല്‍ കേരള അക്കാദമി ചെറുകഥാ അവാര്‍ഡ്,1969-ല്‍ തന്നെ ഒ.എന്‍.വി പുരസ്ക്കാരം,1997-ല്‍ നീര്‍മാതളം പൂത്ത കാലത്തിനു വയലാര്‍ അവാര്‍ഡ്.നേട്ടങ്ങളുടെ പട്ടിക നീളുകയാണു...

ഇന്ത്യക്ക് പുറത്തുള്ള പ്രശസ്തമായ ചില യൂണിവേര്‍സിറ്റികളില്‍ ഈ അനുഗ്രഹീത കവിയിത്രിയുടെ ഇംഗ്ലീഷ് കവിതകള്‍ പഠിപ്പിക്കുന്നു എന്നു പറയുമ്പോള്‍ അത് സുരയ്യയുടെ പ്രാഗത്ഭ്യം വ്യക്തമാക്കുന്നു.ഇംഗ്ലീഷിലുള്ള എഴുത്ത് തുടരുകയായിരുന്നെങ്കില്‍ നോബല്‍ സമ്മാനവും സുരയ്യ ഇന്ത്യയിലേക്ക് കൊണ്ടു വരുമായിരുന്നുവെന്ന് ഡോ:സുകുമാര്‍ അഴീക്കോട് അനുസ്മരിക്കുന്നു.

എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭയായ സാഹിത്യകാരിക്ക്, കൈരളിയെ വിശ്വസാഹിത്യത്തിലേക്ക് കൈ പിടിച്ചു നടത്തിയ സുരയ്യക്ക് താന്‍ ജീവനു തുല്യം സ്നേഹിച്ച മലയാളനാടും,നീര്‍മാതളവും വിട്ട് പൂനെയിലെ ഇടുങ്ങിയ മുറിയിലേക്ക് ജീവിതം പറിച്ചു നടേണ്ടി വന്നു.സുരയ്യയെ ഇതിനു നിര്‍ബന്ധിതയാക്കിയ കാര്യങ്ങളെക്കുറിച്ച് ഇത്തരുണത്തില്‍ രണ്ടു വാക്ക് പറയാതിരിക്കാന്‍ അവരെ സ്നേഹിക്കുന്ന മലയാളിക്ക് കഴിയുമോ ?

എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള കടുത്ത മാനസിക പീഢനം ഇതിനു മുമ്പ് താന്‍ നേരിട്ടിട്ടില്ലെന്ന് സുരയ്യയുടെ വാക്കുകളില്‍ നിന്നു തന്നെ നമുക്ക് വായിക്കാം.ജീവിതത്തിലെ സായംസന്ധ്യയില്‍ കേരളത്തോട് വിടപറയാന്‍ കാരണം കൊച്ചിയിലെ കച്ചറയും,അഴുക്കുചാലുകളില്‍ നിന്നുമുയരുന്ന ദുര്‍ഗന്ധവും മാത്രമാണെന്ന് എഴുതിപ്പിടിപ്പിച്ചവരോട് കമലാസുരയ്യ തന്നെ മറുപടി പറയട്ടെ.

“മലയാളികള്‍ കുറേക്കൂടി മാന്യതപുലര്‍ത്തണം.മനുഷ്യരെ സ്നേഹിക്കാനും പഠിക്കണം.കേരളീയര്‍ എനിക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണു ഉന്നയിച്ചത്.അപമാനിക്കുന്ന പെരുമാറ്റമാണു ഉണ്ടായത്.അസഭ്യം നിറഞ്ഞ കത്തുകള്‍ അയച്ച് ന്നെ അപമാനിക്കുന്നത് ചിലര്‍ പതിവാക്കിയിരിക്കുന്നു.മരുപ്പച്ച തേടി പോവുകയാണു ഞാന്‍.എന്‍റെ ബാലന്‍സ് തെറ്റുന്നുണ്ട്.മരുപ്പച്ച തേടി ഒട്ടകത്തിന്‍റെ മുകളിലിരുന്ന് സഞ്ചരിക്കുന്ന ഒരു യാത്രക്കാരിയാണു ഞാനിപ്പോള്‍.ഒത്തിരി സ്നേഹം ഞാന്‍ നല്‍കി.പക്ഷേ ആരും ആ സ്നേഹം തിരിച്ചു നല്‍കിയില്ല.ഇവിടെ ജീവിക്കണമെന്നായിരുന്നു ആഗ്രഹം.ആ ഭാഗ്യവും ഇല്ലാതായി.വിശുദ്ധ ഖുര്‍ഃആനും ഏതാനും പുസ്തകങ്ങളും മാത്രമാണു കയ്യിലുള്ളത്,ഒപ്പം എന്‍റെ ദൈവവും.ഇനി ഞാന്‍ മലയാളത്തില്‍ എഴുതില്ല.ഇത്രയൊക്കെ എഴുതിയിട്ടും മലയാളികള്‍ക്ക് നന്ദിയില്ല.”

കേരളം വിടുന്നത്തിനു മുമ്പുള്ള കമലാസുരയ്യയുടെ കണ്ണീരില്‍ കുതിര്‍ന്ന ഈ വാക്കുകള്‍ക്കുള്ളിലേക്ക് ഒന്നിറങ്ങിച്ചെല്ലുമ്പോഴാണു സംസ്കാരസമ്പന്നരാണെന്നു ഊറ്റം കൊള്ളുന്ന നാം മലയാളികളില്‍ ചിലരുടെ ഇടുങ്ങിയ മനസ്സിനേയും ചിന്തകളേയും കുറിച്ച് പറയേണ്ടി വരുന്നത്.ഇസ്ലാം ആശ്ലേഷണത്തിനു ശേഷമാണു അവര്‍ക്ക് ഇത്തരത്തിലുള്ള മാനസിക പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് എന്നതാണു വാസ്തവം.അവരെ വിടാതെ പിന്തുടര്‍ന്നു ചില ദുശ്ശഃക്തികള്‍.സുരയ്യ പറയുന്നു,

ന്‍റെ സമുദായത്തെ ഞാന്‍ ചതിക്കില്ല.നിക്ക് മതം മടുത്തൂന്നൊക്കെ ഓരോരുത്തര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു.ഒരുറുമ്പിനെ പോലും നോവിക്കാത്ത ന്നെ എന്തിനാ എല്ലാരുങ്ങനെ ദ്രോഹിക്കണേ...എനിക്കറിയില്ല.ഞാനിനി എത്ര കാലണ്ടാകുംന്ന്.ഒരു നിശ്ചയോല്ല...നിക്കിനി എഴുതാന്‍ കഴ്യോ..?”

കമലാസുരയ്യയെ പോലെ ലോകപ്രശസ്തയായ ഒരു സ്ത്രീക്ക് ഇത്രയൊക്കെ നേരിടേണ്ടി വന്നുവെന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസം.അസഭ്യ വര്‍ഷങ്ങളും,ഭീഷണികളും നിറഞ്ഞ കത്തുകളും ഫോണ്‍ കോളുകളും തനിക്ക് ലഭിക്കാറുണ്ടായിരുന്നുവെന്ന് സുരയ്യ നിറകണ്ണുകളോടെ വെളിപ്പെടുത്തുമ്പോള്‍ നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന സംസ്കാരത്തിന്‍റെ മുഖം മൂടിയാണു അഴിഞ്ഞു വീഴുന്നത്. മരണത്തിനു ശേഷം പോലും അവരെ വിടാതെ പിന്തുടരുന്ന ജീര്‍ണ്ണിച്ച് പുഴുവരിക്കുന്ന നമ്മുടെ ഈ സംസ്കാരത്തെ നോക്കി 'ഹാ കഷ്ടം' എന്നല്ലാതെ മറ്റെന്തു പറയാന്‍.

വര്‍ഗ്ഗീയതയാല്‍ മനസ്സ് വിഷലിപ്തമായ ചില മാനസിക രോഗികളുടെ ചെയ്തികള്‍ക്കു കേരളീയര്‍ മുഴുവനും പിഴയൊടുക്കണോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം.ചില അനോണികളുടെ കാട്ടിക്കൂട്ടലുകള്‍ മാത്രമല്ല സംസ്കാരരഹിതമായ ഇത്തരം ചെയ്തികള്‍ക്കു പിന്നിലുള്ളതെന്നു മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല.സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക് എഴുത്തച്ഛന്‍ പുരസ്കാരം നല്കി കമലാസുരയ്യയെ കൈരളി ആദരിച്ചപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ആക്രോശങ്ങള്‍ നാം കണ്ടതാണു.

ശ്രീരാമ കൃഷ്ണപരമഹംസനേയും,വിവേകാനന്ദനേയും പോലുള്ള ഹൈന്ദവ നവോത്ഥാന നായകനായ എഴുത്തച്ഛന്‍റെ ഓര്‍മ്മക്കായുള്ള പുരസ്കാരം പ്രേമവും,രതിയും പറഞ്ഞ് നടക്കുന്ന ഒരു പെണ്ണിനല്ല നല്‍കേണ്ടത് എന്നായിരുന്നു തപസ്യയെപ്പോലുള്ള സവര്‍ണ്ണ സംഘടനകളും പി.പരമേശ്വരനെപ്പോലുള്ള സവര്‍ണ്ണ ഫാഷിസത്തിന്‍റെ സൈദ്ധാന്തികരും അഭിപ്രായപ്പെട്ടത്.കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള വര്‍ഗ്ഗീയതയുടെ പാടയെ വേര്‍തിരിച്ചു കാണാന്‍ ഈ സംഭവം ഹേതുവായി എന്ന് വേണം കരുതാന്‍.

നെഞ്ചേറ്റിയവരും സ്തുതിപാഠകരും തിരിഞ്ഞു കുത്തിയപ്പോഴും,പര്‍ദ്ധക്കുള്ളില്‍ അഭയം പ്രാപിച്ചു എന്ന ഒറ്റക്കാരണത്താല്‍ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിത്യ സന്ദര്‍ശകരായിരുന്നവര്‍ അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയപ്പോഴും തകര്‍ന്നു പോയിരുന്നു ആ സാധു സ്ത്രീ.ഒറ്റപ്പെടുത്തലിന്‍റെ ഭയാനകമായ ഈയവസ്ഥയില്‍ ഒരു പച്ചത്തുരുത്തായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ളവരെ കാണാന്‍ കഴിഞ്ഞത് മനസ്സില്‍ നന്മയുള്ളവരുടെ കുലം സാഹിത്യലോകത്ത് അറ്റു പോയിട്ടില്ലെന്നതിന്‍റെ തെളിവാണെന്ന് നമുക്ക് ആശ്വസിക്കാം.

“ഈ യാത്ര സഫലമായതില്‍ ദൈവത്തിനു സ്തുതി.ഗുഡ്ബൈ, ഇനി കേരളത്തിലേക്കില്ല...!”

മാമലനാടിനെ സ്നേഹിച്ച, മലയാളിക്ക് സ്നേഹം വാരിക്കോരിത്തന്ന, കലവറയില്ലാതെ താന്‍ കൊടുത്ത സ്നേഹം തിരിച്ച് കിട്ടാനായി ആഗ്രഹിച്ച സ്നേഹത്തിന്‍റെ സ്വന്തം എഴുത്തുകാരി കേരളം വിടുന്നതിനു മുമ്പ് ഗദ്ഗദത്താല്‍ ഇടറുന്ന കണ്ഡത്തോടെ മൊഴിഞ്ഞ ഈ വാക്കുകള്‍ അറം പറ്റിയെന്നു വേണം കരുതാന്‍.പുന്നയൂര്‍ക്കുളത്തെ നീര്‍മാതളം പൂത്തുലഞ്ഞ തൊടിയില്‍ ഇനിയൊരു ബാല്യം കൂടി ആടിത്തിമിര്‍ക്കാമെന്ന മോഹം ബാക്കിയാക്കി നീര്‍മാതളം പൂക്കാത്ത ലോകത്തേക്ക് മലയാളിയുടെ പ്രിയപ്പെട്ട അമ്മ യാത്രയായി.പ്രപഞ്ചനാഥന്‍ അവരുടെ പരലോകം ധന്യമാക്കട്ടെ.അവര്‍ക്ക് അവന്‍ പാപമോചനം നല്‍കട്ടെ.

നീര്‍മാതളം പൂക്കുന്ന തൊടിയിലെ,
നാലപ്പാട്ടെ നീര്‍മാതളച്ചോട്ടില്‍ നിന്നും
നീര്‍മാതളത്തിന്‍ നറുമണത്തില്‍ നിന്നും
നിന്നെയാട്ടിയകറ്റിയവര്‍ ഞങ്ങള്‍.
ആക്ഷേപത്തിന്‍ കൂരമ്പുകള്‍ കൊണ്ട്
നിന്‍ ഹൃത്തിനെ കുത്തി നോവിച്ചവര്‍.

ഉരുണ്ടു വീഴുന്ന അശ്രുകണങ്ങളാലമ്മേ..
നിന്‍പാദം കഴുകട്ടെ ഞങ്ങള്‍.
പൊറുക്കൂ നീ കേരളത്തോട്,
കേരളീന്‍റെ നന്ദിയില്ലായ്മയോട്.

18 comments:

Rejeesh Sanathanan said...

നമ്മുടെ സ്നേഹം തിരിച്ചറിയാഞ്ഞതാണെങ്കിലോ? അങ്ങനെയും കരുതിക്കൂടെ?

ജിപ്പൂസ് said...

താങ്കള്‍ ഉന്നയിച്ച കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നത് കമലാസുരയ്യക്കല്ലേ മലയാളിച്ചേട്ടാ.അവര്‍ തന്നെ പലപ്പോഴും വെളിപ്പെടുത്തിയ സംഗതിയെക്കുറിച്ചാണു ഞാന്‍ എഴുതിയത്.താങ്കള്‍ അഭിപ്രായപ്പെട്ടത് പോലെ സാംസ്കാരിക കേരളം കൊടുത്ത സ്നേഹം തിരിച്ചറിയാതിരിക്കാന്‍ മാത്രം വിഡ്ഢിയായിരുന്നോ അവര്‍.

എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തനിക്ക് പിന്തുണയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും അദ്ധേഹത്തിന്റെ ഭാര്യയേയും പോലുള്ളവര്‍ കൂടെയുണ്ടായിരുന്നു എന്നു കമലാ സുരയ്യ തന്നെ അവരുടെ പേരെടുത്ത് പരാമര്‍ശിച്ചത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണു.സുരയ്യ പ്രതീക്ഷിച്ച പിന്തുണയും സ്നേഹവും നമ്മുടെ(സാംസ്കാരിക നായകന്മാരടക്കമുള്ളവരുടെ) ഭാഗത്ത് നിന്നും കിട്ടിയിരുന്നില്ല എന്നു തന്നെയല്ലേ ഈ പരാമര്‍ശത്തിന്റെ അര്‍ഥം.എന്റെ ഭാവനയെ ഞാന്‍ ബ്ലോഗിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചതല്ലെന്ന് സാരം.

ഇനി സുരയ്യ മരിച്ചു മണ്ണോട് ചേര്‍ന്നപ്പോല്‍ പലര്‍ക്കുമുണ്ടായ സ്നേഹത്തെക്കുറിച്ചാണോ മലയാളിച്ചേട്ടന്‍ പറയുന്നതെങ്കില്‍ അത്തരക്കാരോട് കുറച്ച് കൂടെ കഴിഞ്ഞിട്ട് മതിയായിരുന്നു ഈ 'സ്നേഹപ്രകടനം' എന്നേ എനിക്ക് പറയാനൊള്ളൂ...

Lathika subhash said...

ഈ കുറിപ്പ് ഉചിതമായി.

ജിപ്പൂസ് said...

കമന്റിയതിനു നന്ദി ണ്ട് ട്ടോ സൂം & ലത്യേച്ചീ...

Sabu Kottotty said...

ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കുന്നത് നമ്മുടെ
പതിവല്ലല്ലോ ! മാറുന്ന മലയാളി പറഞ്ഞപോലെ
തിരിച്ചറിയാത്ത പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. അവരെ മനസ്സിലാക്കിയിരുന്ന വളരെക്കുറച്ചുപേര്‍ ഉണ്ടായിരുന്നു, അവരായിരുന്നു ആശ്വാസവും. കമലാസുറയ്യ ഒരു മനുഷ്യ സ്ത്രീയാണെന്ന ചിന്തപോലുമില്ലാതെ ഒരുകൂട്ടം പ്രതികരിച്ചത് നമ്മള്‍ മറന്നുപോകരുത്. ജീവിച്ചിരിക്കുന്നവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും
ആദരിക്കുകയും ചെയ്യാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...

ബഷീർ said...

നന്നായി ഈ കുറിപ്പ്.

സാംസ്കാരിക നായകർ എന്നൊക്കെ പറഞ്ഞ് എഴുന്നെള്ളിച്ച് നടക്കുന്ന ചില കൂലി എഴുത്തുകാരുടെയും കൂലി പ്രസംഗകരുടെയുമൊക്കെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വിഷം വമിക്കുന്നത് കേരള ജനത തിരിച്ചറിയുക തന്നെ ചെയ്തിരിക്കുന്നു. അതിനാൽ തന്നെ അവരുടെ ജല്പനങ്ങൾ അവഗണിക്കപ്പെടുകയും ചെയ്റ്റിരിക്കുന്നു.

ബഷീർ said...
This comment has been removed by the author.
ishquuu said...

മരത്തിലിരിക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഈ നീര്‍മാതളത്തെ......... നന്നയിട്ടുണ്ട്ട്ടൊ ജിപ്പു........

മുജീബ് കെ .പട്ടേൽ said...

എന്റെ നാട്ടുകാരിയെ കുരിച്ച് വളരെ മനോഹരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍...

Rejeesh Sanathanan said...

എന്തിനും ഏതിനും അവിശ്വസനീയമായ കാരണങ്ങള്‍ നിരത്തുമ്പോള്‍ നമ്മള്‍ സംശയിച്ച് പോയെങ്കില്‍ കുറ്റം പറയാന്‍ കഴിയുമോ ജിപ്പൂ?

ഏതായാലും ഈ കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ല എന്ന് തോന്നുന്നു. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

ശ്രീ said...

നന്നായി.

Anonymous said...

കമല സുരയ്യ മരിച്ചപ്പോള്‍ ഒരുപ്പാടു എഴുത്തുകാര്‍ അവരുടെ സൌഹൃദം അവകാശപ്പെട്ടും അവരുടെ അഭിനന്ദനം കിട്ടിയതായി അവകാശപ്പെട്ടും പലതും എഴുതിക്കണ്ടു.എന്നാല്‍ നിങ്ങള്‍ പറയുന്ന ഈ ബാലചന്ദ്രന്‍ ചുള്ളിക്കാടും ഭാര്യ വിജയലക്ഷ്മിയും ഒന്നുമെഴുതിക്കണ്ടില്ലല്ലൊ.

ഫെമിന ഫറൂഖ് said...

മഹാഗണി ചുവട്ടിലാണോ അമ്മ അവസാന നിദ്ര കൊള്ളുന്നത്? പൂവാകയുടെ ചുവട്ടിലല്ലേ?

Akbar said...

ജിപ്പൂസേ
ഈ ലേഖനം കാണാന്‍ ഒരു പാട് വൈകി. എന്നാലും പറയട്ടെ. വളരെ നന്നായി. അനുഗ്രഹീതയയായ സാഹിത്യകാരിയുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി തന്നു ഈ കുറിപ്പ്.

Manaf Haneefa said...

അഭിനന്ദനം അറിയിക്കുന്നു ജിപ്പൂന്..
എന്നിരുന്നാലും എനിക്ക്‌ സന്തോഷമേയൊള്ളോ ജീപ്പൂ.
നൂഹ് നെബിയുടേയും ലൂഥു നെബിയുടേയും ഭാര്യമാര്‍ക്ക് കിട്ടാത്ത,പത്തു വര്‍ഷം
അല്ലാഹുവിന്റെ റസൂല് പിന്നില്‍ നടന്നിട്ടും വളര്‍ത്തുപ്പാക്ക് കിട്ടാതെ പോയ-
ഹിതായത് നേടിയാണ്‌ ആ നീര്‍മതളം ഈ ഭൂമിയില്‍ നിന്നും കൊഴിഞ്ഞത്,
നമുക്ക് പ്രാര്‍ഥിക്കാം ജീപൂ..
മനാഫ്

സുഗുണന്‍ said...

സ്നേഹം അളവുകൊലെടുത്തു തൂകി നല്‍കിയ മലയാളികള്‍ പിന്നെ അതിനു അര്‍ഹാരെയും അനര്‍ഹാരെയും സ്വയം തീരുമാനിക്കുന്നു ....
സ്നേഹവും പ്രണയവും വര്ഘീയ വല്കരിച്ചു കാണാന്‍ ഇഷ്ട്ടപെട്ടവര്‍ ....
മാര്നീതലപ്പോവിണ്ടേ മനോഹരിതവും പരിശുധിയുമുള്ള അവരുടെ സ്നേഹവും കണ്ടില്ല എന്നത് അത്ബുടപ്പെടുതിന്നില്ല....
ഹൃതയമുല്ലവര്ക് മുന്നില്‍ ഒരായിരം ചോദ്യങ്ങലുയര്തുന്നു ജിപ്പൂസിണ്ടേ ലേഖനം ...
അഭിനന്ദനങ്ങള്‍

യമനൊളി said...

നിങ്ങളുടെ ബ്ളോഗില് ഞാന് ചുറ്റിക്കെറങ്ങവേ എത്തിപ്പെട്ടതാണ്. വായിച്ചു തുടങ്ങിയപ്പോള്.....പിന്നെ കണ്ണെടുക്കാനാകുന്നില്ല. ഇടക്കു കരണ്ടു പോയപ്പോള് സങ്കടം തോന്നി... "ഇതൊന്ന് തീര്ക്കാനായെങ്കില്...." വൈകാതെ കരന്റു തിരുകെ വന്നപ്പോളി സന്ദോശവും....ചുരുക്കിപ്പറഞ്ഞാല്..ഇശ്ടമായിട്ടോ... വശ്യമായ ശൈലി..തികഞ്ഞ യാഥാര്ത്യ ബോധവും..
കമലാ സുരയ്യക്ക് നാഥന് സ്വറ്ഗ്ഗം നല്കട്ടെ...

Anonymous said...

മരണത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞും മണ്ണിനടിയില്‍ കഴിയുന്ന ആ വൃദ്ധശരീരത്തോട് പോലും ലൈംഗിക കഥകള്‍ പറഞ്ഞ് രസിക്കുന്ന ലീലാമേനോന്‍മാരുടെ വിദ്വേഷത്തിന്‍റെ അടിസ്ഥാന കാരണം മതം മാറിയതിലുള്ള അസഹിഷ്ണുത മാത്രം ,,,,,,,,,കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇന്നത്തെ സാഹചര്യത്തിലും ശെരിയാണ്.

LinkWithin

Related Posts with Thumbnails