
(പോട്ടം ഗൂഗിളമ്മച്ചി തന്നതാണേ..)
ഖത്തറില്‍ കാലു കുത്തീട്ട് കന്നിമഴയാണ്.മാമലനാട്ടിലെ പോലെ തുള്ളിക്കൊരു കുടം എന്നൊന്നും പറയാനാവില്ല.എന്തൂട്ടായാലും ഉള്ളതോണ്ട് ഓണം പോലെ.മഴത്തുള്ളിയൊന്ന് തൊടാനും 'ഹല' കാര്‍ഡിന്റെ ആവശ്യം തത്ക്കാലം ഇല്ലെങ്കിലും ലതൊന്ന് വാങ്ങാനുമായി ഞാന്‍ പയ്യെ ഫ്ലാറ്റിനു താഴെയിറങ്ങി.ടോപ്പ് ഫോമിന്റെ അടുത്തുള്ള ഗ്രോസറിയില്‍ കയറി കാര്‍ഡ് വാങ്ങി.
*127*ഉം പിന്നെ കാര്‍ഡ് നമ്പറും അടിക്കുമ്പോഴും കണ്ണ് റോട്ടിലേക്കായിരുന്നു.മഴപ്പെയ്ത്ത് തുടങ്ങിയിരിക്കുന്നു.കുഞ്ഞു തുള്ളികള്‍ റോട്ടില് വീണ് ചിന്നിച്ചിതറുന്നുണ്ട്.റോടരികില്‍ കുഞ്ഞു തുള്ളികള്‍ തീര്‍ത്ത ജലാശയത്തിനു മുകളിലൂടെ ഒരു പഠാണിയുടെ ക്രസിഡ കാര്‍ പാഞ്ഞു പോയി.ഇതിനിടെ റീച്ചാര്‍ജ് ചെയ്യുന്നത് ഒന്ന് രണ്ട് തവണ തെറ്റി.'താനിത് എവിടെ നോക്കിയാടോ മാഷേ കുത്തുന്നേ.നിന്ന് സ്വപ്പനം കാണാണ്ട് കണ്ണ് തുറന്ന് കുത്തടാ ചെക്കാ' എന്ന് നോക്കിയപ്പെണ്ണിന്റെ മുന്നറിയിപ്പ്.ഇതിന്റെ പേരിലിനി ഓളെ പിണക്കണ്ടാന്ന് കരുതി കണ്ണുതുറന്ന് നമ്പര്‍ കുത്തി.സസ്കസ് സസ്കസ്.10 ഖത്തര്‍ റിയാല്‍ കയറിയിരിക്കുന്നു.
കടയില്‍ നിന്നും ഞാന്‍ വരാന്തയിലേക്കിറങ്ങി.സോഫിറ്റലിന്റെ ഭാഗത്ത് നിന്നും ഒരു കുഞ്ഞിക്കാറ്റ് തുള്ളിക്കളിച്ച് വരുന്നുണ്ട്.കാറ്റിനൊപ്പം ശീതലടിച്ചു രോമകൂപങ്ങളൊക്കെ എഴുന്നേറ്റ് നിന്നു.രോമങ്ങളിലെല്ലാം ചെറു കുമിളകള്‍ .ഹോ!! എന്തൊരു അനുഭൂതിയാണെന്നോ..സ്വയം മറന്ന് ഇച്ചിരി നേരം ഞാനാ നില്‍പ്പ് നിന്നു.കയ്യിലിരുന്ന് നോക്കിയപ്പെണ്ണ് കഭി അല്‍വിദ നാ കെഹ്നാ മൂളിയപ്പോഴാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.കൃഷ്ണ കുമാറാണ് ലൈനില്‍ .കൃഷ്ണന് ദുബായിലെ എന്റെ പ്രിയ സുഹൃത്താണ്.മാന്ദ്യം തലക്കടിച്ച ഇമാറാത്തി അറബി ഗത്യന്തരമില്ലാതെ കുത്തിനു പിടിച്ച് പുറത്താക്കിയതാണ് അങ്ങോരെ.എന്റെ പോലെത്തന്നെ നാട്ടിലൊക്കെ കറങ്ങിപ്പിടിച്ച് അവസാനം മൂപ്പരും ദോഹയില്‍ എത്തിയിരിക്കുന്നു.റിയാല്‍ പൂക്കണ മരമൊന്ന് വാങ്ങിക്കാന്‍ .
*ഡേയ് എവിടെയാഡെയ് ?
ഞാനിവിടെയീ ഖത്തര്‍ മഹാലോകത്ത് തന്നെയുണ്ട് കൃഷ്ണാ..
*ഇവിടെ നല്ല മഴ.മഴ കണ്ടപ്പോള്‍ നിന്നെ ഓര്‍മ്മ വന്നു.അങ്ങനെ വിളിച്ചതാ.
ഞാന്‍ ദാ മഴയത്താണല്ലോ.ഒന്നു കുളിരാനായി റോട്ടിലിറങ്ങി നില്ക്കുന്നു.
*ഹ ഹ.എന്നാ നീ കുളിരൂ മഹനേ.ശല്യപ്പെടുത്തുന്നില്ല. എന്നും പറഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ചു കൃഷ്ണന് ഫോണ്‍ ഡിസ്കണക്റ്റി.
ഞാന്‍ റോട്ടിലേക്കിറങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി പയ്യെ നടന്നു.മഴ നിലച്ചിരിക്കുന്നു.എന്റെ ഫ്ലാറ്റിന്റെ മുമ്പിലെത്തിയിട്ടും ആകെക്കൂടി അഞ്ചോ പത്തോ തുള്ളികളേ നെറുകയില്‍ പതിച്ചിട്ടൊള്ളൂ.ശ്ശെടാ ഇത് കൊലച്ചതിയായിപ്പോയി.ലിവളിത്ര പെട്ടെന്ന് സ്കൂട്ടാവുമെന്ന് കരുതിയില്ല.കുറച്ച് നേരം കൂടി അവിടെ തട്ടിമുട്ടി നിന്നു.നോ രക്ഷ.രണ്ട് മിനിറ്റ് കൂടെ നോക്കാം.പയ്യെ മൊബൈല്‍ കയ്യിലെടുത്തു.ക്രിയേറ്റ് മെസേജ് എടുത്ത് ഗൗരവമായെന്തോ ടൈപ്പാനെന്ന വ്യാജേന 'മകളേ പാതിമലരേ.ബ്ലീസേ കനിയണം കെട്ടാ' എന്ന ദുആയോടെ നില്‍പ്പ് തുടര്‍ന്നു.ടൈപ്പിത്തുടങ്ങുമ്പോള്‍ ഒരു കുഞ്ഞു തുള്ളി ഇറ്റി മൊബൈലിന്റെ ഡിസ്പ്ലേയിലേക്ക്.ഹാഹ്..അവള് വീണ്ടും വരുന്നുണ്ടെന്ന് തോന്നുന്നു.
രണ്ട് വരി എന്തൊക്കെയോ കുത്തിക്കുറിക്കുമ്പോഴേക്കും മഴത്തുള്ളികളാല്‍ മൊബൈലിന്റെ ഡിസ്പ്ലേ നിറഞ്ഞിരുന്നു.കുപ്പായത്തിന്റെ തല കൊണ്ട് ഞാന്‍ തുള്ളികള്‍ തുടച്ചു ടൈപ്പിങ് തുടര്‍ന്നു.മഴ കനക്കുന്നുണ്ട്.നെറുകയിലിറ്റിയ മഴത്തുള്ളികള്‍ കവിളിലൂടെ ചെറു ചാലുകള്‍ തീര്‍ത്ത് താഴേക്ക് പതിച്ച് തുടങ്ങി.ഇനിയും ഇവിടെ നിന്നീ പണി തുടര്‍ന്നാല്‍ നോക്കിയപ്പെണ്ണ് എന്നെന്നേക്കുമായി കണ്ണടക്കും.വേറൊന്ന് ചൂണ്ടാനാണെങ്കില്‍ കയ്യിലിപ്പോള്‍ മാഫി ഫുലൂസ്.അങ്ങനെ മൊബൈല്‍ പോക്കറ്റിലിട്ട് അര്‍ദ്ധമനസ്സോടെ ഫ്ലാറ്റിലേക്ക് കയറാന്‍ നേരമാണ് ശ്രദ്ധിച്ചത്.അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും കറുത്ത വട്ട് തലയില്‍ ധരിച്ച ഒരു വട്ടന്‍ (തലയില്‍ വട്ടുള്ളവന്‍ എന്നേ അര്‍ഥമുള്ളൂ) ഖത്തറിയാകാം കൗതുകത്തോടെ അതോ പുഛത്തോടെയോ എന്നെയും നോക്കി നില്ക്കുന്നു.'ഷൂ ഹാദാ മലബാറി.അനക്കൊന്നും ബേറെ പണീല്ലെടാ നാട്ടില്‍' എന്നവന് ചോദിച്ചോ!!ഹേയ്.തോന്ന്യേതാകും. ചുമ്മാ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായി ഖത്തറിക്കാക്കാന്റെ മാത്രമല്ല അടുത്ത് പുറത്തുള്ള കടകളിലുള്ള മറ്റു ചില ആദ്മികളുടേയും കണ്ണുകള്‍ എന്നിലേക്ക് തന്നെ.ഈ ചെക്കനെന്താ ആദ്യായിട്ടാണോ വെള്ളം കാണുന്നേ എന്ന മട്ടില്‍ .
'ഹ.എന്തൂട്രാ ശവീ ഒരു മാതിരി ഏതാണ്ട് കണ്ട ഏതാണ്ടിനെപ്പോലെ കോപ്പിലെ നോട്ടം നോക്കണേ.എന്റെ തല, പടച്ചോന്റെ മഴ.അനക്കൊക്കെ യെന്ത് ചേദം!' എന്ന് അവന്മാരോടൊക്കെ നല്ല നാടന്‍ ശൈലിയില്‍ ചോദിക്കാന്‍ വന്നതാ ഞാന്‍ .പിന്നെ ഖത്തറികളായ ഖത്തറികളെല്ലാം 2022വേള്‍ഡ് കപ്പ് ഫുട്ട്ബോള്‍ ഖത്തറിനു ദാ ഇപ്പോ കിട്ടുമെന്ന പ്രതീക്ഷയിലായതിനാല്‍ മുന്നില്‍ കാണുന്നതൊക്കെ ലവന്മാര്ക്ക് ഫുട്ബോളായാണത്രെ തോന്നുന്നത്.സോ ഞാനായിട്ടൊരു സീനുണ്ടാക്കണ്ടാന്ന് കരുതി സബൂറായതാ.അല്ലെങ്കി ഇങ്ങളു പറ...ഒരു പ്രവാസിയായെന്ന് കരുതി സ്വസ്ഥമായി ഒരു മഴ നനയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ ഹേ ഈ നാട്ടില്‍ ?
അവശിഷ്ടം(രഹസ്യമാണു കെട്ടാ):-അവന്മാരോടുള്ള ദേഷ്യത്തിന് ഫ്ലാറ്റിന്റെ അപ്പുറത്തെ സൈഡില്‍ പോയി ആരും കാണാതെ നല്ല അന്തസ്സായി മഴയില്‍ കുളിച്ച് കൂത്താടിയിട്ടാ ഞാന്‍ റൂമിലേക്ക് തിരികെ കയറിയത്.ഹല്ല പിന്നെ.മ്മ്ടടുത്താ കളി.