Monday, December 6, 2010

വിശ്വാസം അതല്ലേ എല്ലാം.

ഇന്ന് ഡിസംബര്‍ 6.പുകള്‍ പെറ്റ നമ്മുടെ മതേതരസങ്കല്‍‌പത്തിന്‍റെ കടക്കല്‍ ഒരു കൂട്ടം അക്രമികള്‍ കത്തി വെച്ച ദിനം.ഗാന്ധിവധത്തിന് ശേഷം രാജ്യം കണ്ട ഭീകരാക്രമണമെന്ന് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ച ദിനം.ആറു പതിറ്റാണ്ടിന്‍റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കത്തിന്‍‌മേലുള്ള അലഹബാദ് ഹൈക്കോടതി 'വിധി' പുറത്ത് വന്നതിന് ശേഷമുള്ള ഡിസംബര്‍.

തെളിവുകള്‍ക്കും ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കും പകരം ഐതിഹ്യങ്ങളെയും കെട്ടു കഥകളേയും കോടതികള്‍ മുഖവിലക്കെടുക്കുന്നത് നമുക്ക് വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്നു.നീതിക്കായി കാത്തിരുന്ന ഇന്ത്യയിലെ മുസ്ലിംകളടക്കമുള്ള മതേതരവിശ്വാസികള്‍ക്ക് മസ്ജിദ് ധ്വംസനത്തിനു 18 ആണ്ടിനു ശേഷമുള്ള ഈ ഡിസംബറും നിരാശയും വേദനയുമല്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

1992 ഡിസംബര്‍ ആറിനു നരസിംഹറാവുവിന്‍റെ നിഷ് ക്രിയത്വം മുതലെടുത്താണ് ഹിന്ദുത്വശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്.തത്‌സ്ഥിതി നിലനിര്‍ത്തണമെന്ന പരമോന്നത നീതിപീഠത്തിന്‍റെ ഉത്തരവിനെ കാറ്റില്‍ പറത്തി ഇന്ത്യയിലെ മുഴുവന്‍ നിയമസം‌വിധാനങ്ങളേയും വെല്ലുവിളിച്ച് നാടിനു തീരാകളങ്കം തീര്‍ത്ത് മസ്ജിദ് തകര്‍ത്തെറിഞ്ഞ ഭീകരന്മാര്‍ ഇന്നും നമുക്ക് മുമ്പില്‍ സ്വതന്ത്രരായി വിഹരിക്കുന്നു.മസ്ജിദ് പുനര്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് മുസ്ലിം സമുദായത്തിനു വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ്സുകാരന്‍റെ ആത്മാര്‍ഥതക്ക് പട്ടിയെ കെട്ടിയ തുടലിന്‍റെ വില പോലുമില്ലെന്ന് നാമിന്നു തിരിച്ചറിയുന്നു.നീരാറാഡിയമാരുടെ കിളിമൊഴിയില്‍ അഭിരമിച്ച് കോര്‍‌പ്പറേറ്റ് മാഫിയകള്‍ എറിഞ്ഞ് കൊടുക്കുന്ന എല്ലിന്‍ കഷണങ്ങള്‍ നിലത്ത് കിടന്ന് നക്കിയെടുത്ത് പകരം നാടിനെത്തന്നെ തൂക്കി വില്‍ക്കുന്ന തിരക്കില്‍ ഇവര്‍ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാനും ഓര്‍ക്കാനും എവിടുന്ന് നേരം!

മസ്ജിദ് ധ്വംസനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കിയുള്ള 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.ലിബര്‍ഹാന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്‍റെ അവസ്ഥ ഇന്നെന്താണ്?മുന്‍ പ്രധാനമന്ത്രി വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെ 68 പേര്‍ക്ക് പ്രഥമദൃഷ്ട്യാ തന്നെ മസ്ജിദ് ധ്വംസനത്തില്‍ പങ്കുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തുന്നു.എന്നിട്ടും എന്നിട്ടും!!

എവിടെപ്പോയി നമ്മുടെ നിയമ സം‌വിധാനങ്ങള്‍ ?കുറ്റവാളികള്‍ക്കെതിരെ എന്തേ നടപടികളുണ്ടാവുന്നില്ല?മുസ്ലിംകള്‍ ഉള്‍പ്പെടെ നീതി പുലരണമെന്നാഗ്രഹിച്ച വലിയൊരു ജനവിഭാഗത്തിന്‍റെ മനസ്സിന്ന് വൃണിതമാണ്.നീതിയും നിയമവും ഒരു കൂട്ടരെ തൊടാന്‍ മടിക്കുമ്പോള്‍ അതെല്ലാം ഒരു കൂട്ടര്‍ക്ക് വേണ്ടി മാത്രമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്‍റേയും അപമാനത്തിന്‍റേയും അവഗണനയുടേയും കൈപ്പുനീര്‍ കുടിച്ച് മടുത്തവര്‍ ആയുധമെടുത്താല്‍ അതിനാരെയാണ് കുറ്റം പറയാനൊക്കുക? ആരും ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ കൈവെടിഞ്ഞ് അക്രമത്തിലേക്ക് തിരിയാതിരിക്കട്ടെ.നാട്ടില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന, രാജ്യത്തിന്‍റെ കെട്ടുറപ്പ് തകരരുതെന്നാഗ്രഹിക്കുന്ന ഏതൊരാളെയും പോലെ അത് തന്നെയാണ് എന്‍റെയും പ്രാര്‍ഥന.

അലഹബാദ് ഹൈക്കോടതി ഒത്തു തീര്‍പ്പ് സൂത്രത്തെക്കുറിച്ച് ചിലത്.

ചില ചാനലുകാരും പത്രങ്ങളും പവിത്രവും പരിപാവനവുമെന്ന് വരെ വിശേഷിപ്പിച്ചു കളഞ്ഞു കോടതിയുടെ ഈ വീതം വെപ്പിനെ.ബാബരിക്ക് ഒരു ചരമഗീതം രചിക്കണമെന്ന് കരുതിയിരുന്നെങ്കിലും തിരക്കിലായിരുന്നതിനാല്‍ അന്നതിനു കഴിഞ്ഞില്ല.ഉള്ളിലെ വിങ്ങല്‍ അന്ന് ബ്ലോഗര്‍ ഡ്രാഫ്റ്റില്‍ കുറിച്ചിട്ടു.ആ വിഷമം ഒന്നു തീര്‍ക്കട്ടെ :)

ആര്‍ക്കെന്ത് നഷ്ടപ്പെട്ടിട്ടാണെങ്കിലും പണ്ടാരം ഇതൊന്ന് അവസാനിച്ച് കിട്ടിയിട്ട് വേണം ചായക്കടയിലിരുന്ന് നാല് ബഡായി വിടാന്‍ എന്ന് ചിന്തിച്ചവര്‍ക്ക് വീതം വെപ്പ് ആശ്വാസം പകരുന്നുണ്ട്.ബാബരിക്ക് പിറകെ കാശിയിലേയും മധുരയിലേതുമടക്കം നാലായിരത്തോളം 'തര്‍ക്കസ്ഥലങ്ങള്‍ ' കര്‍സേവകരുടെ പിക്കാസ് പതിക്കുന്നതും കാതോര്‍ത്ത് കിടക്കുന്നുണ്ടെന്ന കാര്യമൊക്കെ തത്ക്കാലം നമുക്ക് വിസ്മരിക്കാം.ഇത് സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളെ വാനില്‍ പറത്തേണ്ട സമയമാണ്.കാശിയും മധുരയുമൊക്കെ തകരുമ്പോഴല്ലേ.അതിനിനിയും സമയമുണ്ട്.ഉരുക്കു മനുഷ്യന് ഇനിയൊരു രഥം കൂടെ ഉരുട്ടാനുള്ള ബാല്യമുണ്ടെന്ന് തോന്നുന്നില്ല.അതിനാല്‍ പുതിയൊരു ഉരുക്കുമനുഷ്യന്‍ ഉദയം കൊള്ളണം.അദ്ധേഹം രഥയാത്ര നടത്തണം.യാത്ര കടന്ന് പോകുന്നിടത്തെല്ലാം കാക്കമാരുടെ കബന്ധങ്ങള്‍ കാക്കകള്‍ കൊത്തി വലിക്കണം.തെരുവുകള്‍ ശ്മശാന ഭൂമിയായി മാറണം.സര്‍‌വ്വം നഷ്ടപ്പെട്ട പാവങ്ങളുടെ തേങ്ങലുകള്‍ അവിടങ്ങളില്‍ അലയടിക്കണം.

'ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണ്.വിശ്വാസത്തിന്‍റെ പ്രശ്നത്തില്‍ വിധി പറയാന്‍ കോടതിക്കെന്ത് അധികാരം.കോടതി വിധി എന്തായാലും ഞങ്ങള്‍ക്ക് പുല്ലാണെന്നും ക്ഷേത്രനിര്‍‌മ്മാണം ഞങ്ങള്‍ നടത്തിയിരിക്കുമെന്നും' തൊഗാഡിയമാര്‍ പരസ്യമായി വെല്ലുവിളിക്കണം.പോലീസും പട്ടാളവും പുകള്‍പെറ്റ നമ്മുടെ നിയമ സം‌വിധാനങ്ങളും ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കണം.ഗര്‍ജ്ജനം രാജ്യത്ത് മാറ്റൊലി കൊള്ളുമ്പോള്‍ ഭരണാധികാരികള്‍ മുട്ടിടിച്ച് സൗസറില്‍ മുള്ളണം.ഭാരതത്തിലെ മൊത്തം സമാധാനത്തിന്‍റെയും സൗഹാര്‍ദ്ധത്തിന്‍റെയും ഖജനാവിന്‍റെ താക്കോല്‍ കയ്യിലിരിക്കുന്ന മുസ്ലിം സമുദായ മുതലാളിമാരുടെ 'സം‌യമനാഹ്വാനങ്ങള്‍ ' ഉടനെത്തന്നെ പത്രത്താളുകളില്‍ നിറയണം.അവസാനമവസാനം പൊളിഞ്ഞ് വീണ കാശി,മധുര സോറി 'തര്‍ക്കസ്ഥലം ' കേസില്‍ വിധി പറയുന്ന ജഡ്ജിയേമാന്മാരുടെ വീടുകളില്‍ കുട്ടിക്കുരങ്ങന്മാര്‍ വിരുന്നിനെത്തണം.വന്നത് വെറും കുരങ്ങന്മാരല്ല.അത് സാക്ഷാല്‍ ഹനുമാന്‍റെ അനന്തിരവാനാണെന്ന് ജഡ്ജിയേമാന്മാര്‍ക്ക് വഹ്‌യ്(ദൈവസന്ദേശം) ഇറങ്ങണം.അങ്ങനെ തെളിവെന്നത് മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ലെങ്കിലും ചില പ്രത്യേക തരം 'അനുമാനങ്ങളില്‍ ' കോടതികള്‍ വിധി പറയണം.

സമയം ഒരുപാടുണ്ട് ഹേ.അതിനിടയിലെങ്ങാനും ഖിയാമത്ത് നാള് സംഭവിക്കില്ലെന്നാര് കണ്ടു.ഇനിയവിടേയും കര്‍സേവ നടന്നെന്നിരിക്കട്ടെ.ബാബരി കേസില്‍ ചില ബ്ലോഗര്‍മാരുടെ സ്വപ്നവും ആഗ്രഹവുമൊക്കെ പോലെ ഒരു സൈഡില്‍ മന്ദിരവും മറ്റേ സൈഡില്‍ മസ്ജിദും തലയുയര്‍ത്തിപ്പിടിച്ച് നിന്ന് ഭാരത്തത്തിന്‍റെ മഹത്തായ മതേതരത്വം ഉല്‍ഘോഷിക്കുന്നത് കണ്ട് നമുക്ക് കോള്‍മയിര്‍ കൊള്ളാം.അന്യന്‍റെ മുതല് കയ്യിട്ട് വാരിയിട്ടാണെങ്കിലും അഴിമതിയിലും അനീതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചാണെങ്കിലും ആരുടെയൊക്കെ വികാരം വൃണപ്പെട്ടിട്ടാണെങ്കിലും മതേതരത്വം വിജയിക്കട്ടെ.

അതിനാല്‍ ചുമ്മാതിരുന്ന് കാശി,മധുര,വാരാണസി,മാങ്ങാത്തൊലിയെന്നൊക്കെ പുലമ്പി നാട്ടിലെ സമാധാനം തകര്‍ക്കാതെ അലഹാബാദ് ഹൈക്കോടതിയുടെ പരിപാവനമായ, പവിത്രമായ,അതിമഹത്തായ ഒത്തു തീര്‍പ്പ് സൂത്രത്തിന് നാല് മദ്‌ഹ് പാട്ട് പാടൂ മക്കളേ.ഞാന്‍ തുടങ്ങി വെക്കാം.ഇന്ന ബൈത്തന്‍ .........

ശിഷ്ടം:- ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവെക്കപ്പെട്ട ബാബരിമസ്ജിദ് ഒത്തു തീര്‍പ്പ് സൂത്രത്തെ രണ്ട് കയ്യും നീട്ടി(പടച്ചോന്‍ രണ്ട് കൈ കൂടെ തന്നിരുന്നെങ്കിലെന്ന് ചിന്തിച്ച നിമിഷം) സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ നിര്‍ത്താന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ല.ജഡ്ജിയേമാന്മാരുടെ ഈ വിഭജനം പൂര്‍ണ്ണമായില്ലെന്നാണ് എന്‍റെ പക്ഷം.സ്കേല് വെച്ച് കിറു കൃത്യമായളന്ന് അഞ്ചോ ആറോ ആയി കീറി മുറിച്ച് ഒരു തുണ്ടം ക്രിസ്ത്യാനികള്‍ക്കും ഒരു തുണ്ടം സിഖ്കാര്‍ക്കും ശേഷിക്കുന്നത് മ്മ്ടെ യുക്തിവാദികള്‍ക്കും കൂടി വീതിച്ച് നല്‍കണമായിരുന്നു.എന്നാലേ കോടതി ഉദ്ധേശിച്ച രീതിയില്‍ മതേതരത്വം ശരിയായ രീതിയില്‍ പൊട്ടി വിടര്‍ന്ന് പരിമളം പരത്തുമായിരുന്നൊള്ളൂ.

7 comments:

mannunnu said...

എന്തും
ചെയ്യാം.

ലക്ഷ്‌യം
മാര്‍ഗ്ഗത്തിന്റെ
കണ്ണുകള്‍ പിഴുതെടുക്കുന്നതുകൊണ്ട്.

രഥയാത്രകള്‍ക്കടിപ്പെട്ട്
നീതിത്തള്ള
ചതഞ്ഞു ചത്തതുകൊണ്ട്.

ആത്മഹത്യ ചെയ്ത
ദൈവങ്ങളെല്ലാം
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുകൊണ്ട്...

ഹംസ said...

ലേഖനം നന്നായി.
വിശ്വാസം അതു തന്നെ എല്ലാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അവസാനത്തെ ഖന്ധിക രണ്ടു പ്രാവശ്യം വായിച്ചു.
എന്റെ മനസ്സിലുള്ളത് താന്കള്‍ എഴുതി.
വളരെ വളരെ നന്നായി എഴുതി
ഭാവുകങ്ങള്‍

faisu madeena said...

ലേഖനം കൊള്ളാം

Pranavam Ravikumar said...

നല്ലൊരു ലേഖനം!

ഇ.എ.സജിം തട്ടത്തുമല said...

എന്റെ പിടസ്വാതന്ത്ര്യത്തിൽ വന്ന് കമന്റിട്ടതുകൊണ്ട് ബ്ലോഗിലെ നല്ലൊരു എഴുത്തുകാരനെ കൂടി കണ്ടെത്താനായി.സന്തോഷം! ഇനിയും നമുക്കു കാണണം; ആശംസകൾ!

hafeez said...

ഇവിടെയെത്താന്‍ വൈകിപ്പോയി. നല്ല ലേഖനം. നന്നായി അവതരിപ്പിച്ചു. നേരത്തെതന്നെ വരേണ്ടതായിരുന്നു. ഇനി എപ്പോഴും വരാം. ആശംസകള്‍

LinkWithin

Related Posts with Thumbnails