
മാറില്‍ പറ്റിച്ചേര്‍ന്നു മയങ്ങിയിരുന്ന
കുഞ്ഞു മകളുടെ
കത്തിക്കരിഞ്ഞ കോലം
ഉറക്കം കളയാതെയല്ല.
പിച്ചിച്ചീന്തിയെറിയുമ്പോള്‍
പ്രിയ മാനസിയുടെ
തൊണ്ടയില്‍ കുരുങ്ങിയ നിലവിളി
കര്‍ണ്ണപുടങ്ങളില്‍ വന്നലക്കാതെയല്ല.
അവളുടെ ജനനേന്ദ്രിയം തുളച്ചിറങ്ങിയ
കത്തിയിലൂടെ ഊര്‍ന്നിറങ്ങിയ
ചോരച്ചാലുകള്‍
ഓര്‍മ്മകളിലൂടെ ഒഴുകുന്നുണ്ടിന്നും.
വിറക്കുന്ന കൈകാലുകള്‍,
കണ്ണുകളിലെ ദയനീയത
ഇന്നും കരളു തകര്‍ക്കുന്നുണ്ട്
നെഞ്ചുരുക്കുന്നുണ്ട്.
പെറ്റുമ്മയുടെ
പിളര്‍ന്ന വയറ്റിലൂടെ
ചാടിയ കുടല്‍മാല,
പിഞ്ചു മകന്റെ
പിടക്കുന്ന ഹൃദയം,
പാതി കരിഞ്ഞ മുഖം..
മരിച്ചാലും മറക്കാത്ത
ഓര്‍മ്മകള്‍!
ഓര്‍മ്മയിലുണ്ട് എല്ലാമെല്ലാം.
എങ്കിലും ശേഷിയില്ലെനിക്ക്
ഉള്ളു തുറന്നൊന്ന് കരയാന്‍ പോലും.
ബാക്കിയായ ശ്വാസമെങ്കിലും
നിലനിര്‍ത്തണം.
വാഴ്ത്തട്ടെ ഞാനും
ഭാവി പ്രധാനമന്ത്രിയെ.
വരവേല്ക്കട്ടെ
ജനനായകനെ.
മോഡീ ജീകീ ജെയ്
മോഡീ ജീകീ ജെയ്..
എന്നിരുന്നാലും പ്രിയ നായകാ
ഒരേയൊരു ചോദ്യം.
ഓര്‍മ്മയുണ്ടോ ആ ദിനം,
കറുത്തിരുണ്ട ഫെബ്രുവരി?
മിയാന്‍ ഖുത്ത്ബുദ്ധീന്‍,
നരോദ, ഗുജറാത്ത്.