Sunday, January 12, 2014

എന്ന് സഹ്‌ല പി.എ


സേവ് ചെയ്തു വച്ച സഹ്‌ലയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അക്ഷരങ്ങളിലൂടെ ഒരാവര്‍ത്തി കൂടി കണ്ണോടിച്ചു.ടൈപ്പ് ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ എന്‍റെ കാഴ്ച മങ്ങിയിരുന്നു.വിറയാര്‍ന്ന വിരലുകളാല്‍ കത്തുന്ന ഖല്‍ബ് കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ എന്തായിരുന്നിരിക്കാം സഹ്‌ലയുടെ മനസ്സില്‍! 'ഉമ്മ, ബാപ്പ, സഹോദരങ്ങള്‍, ക്രൂരമായി വേട്ടയാടിയവര്‍?'. ഒന്നറിയാം.ജീവിക്കാന്‍ വല്ലാതെ കൊതിച്ചിരുന്നു അവള്‍.

രാത്രിയില്‍, പൊളിത്തീന്‍ ഷീറ്റ് കൊണ്ടു മറച്ച വീടിന്‍റെ തുളവീണ മേല്‍ക്കൂരയ്ക്കിടയിലൂടെ കണ്ടിരുന്ന അമ്പിളി മാമനേക്കാളും ഉയരത്തിലായിരുന്നിരിക്കണം അവളുടെ പ്രതീക്ഷകള്‍.ഒറ്റമുറിക്കൂരയില്‍ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിലിരുന്ന് പഠിച്ചായിരുന്നു സഹ്‌ല എല്ലാ വിഷയങ്ങളിലും എ.പ്ലസ് വാങ്ങിയത്.സ്കൂളില്‍ കലാകായിക രംഗങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു അവള്‍.പഠിച്ച് നല്ലനിലയില്‍ എത്തണമെന്നുണ്ടായിരുന്നു.മാന്‍പേടയെ പോലെ തുള്ളിക്കളിച്ച് നടക്കാന്‍ കൊതിച്ചിരുന്നു.നിറമുള്ള സ്വപ്നങ്ങളുണ്ടായിരുന്നു കൂട്ടിന്!

ജാനകിക്കാടിന്‍റെ നിഗൂഢതയില്‍ ഒരുപറ്റം ചെന്നായ്ക്കള്‍ കടിച്ചുകുടഞ്ഞെറിഞ്ഞത് വിടരാന്‍ വെമ്പി നിന്ന പൂമൊട്ടിനെയായിരുന്നു! തല്ലിക്കെടുത്തിയത് ആ കണ്ണുകളിലെ തിളക്കമായിരുന്നു.ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു! അറിഞ്ഞിരുന്നു, നിന്‍റെ സ്വപ്നങ്ങള്‍ക്കൊരുവന്‍ ലക്ഷം വിലയിട്ടത്.അവര്‍ക്കും പെണ്മക്കളുണ്ടെന്നും കാലത്തിനൊരു കാവ്യനീതിയുണ്ടെന്നതും പണത്തിന്‍റെയും, പ്രതാപത്തിന്‍റെയും, തിണ്ണമിടുക്കിന്‍റെയും ഹുങ്കില്‍ മറന്ന് കളഞ്ഞതായിരിക്കും.അര്‍ഹിക്കുന്നത് കാലം നല്‍കാതിരിക്കില്ല.

അശക്തനാണു, നിനക്കിനിയൊരു ജന്മം നല്‍കാന്‍.അല്ലെങ്കിലും ചോരയിറ്റുന്ന ദംഷ്ട്രകള്‍ നീട്ടിയ ചെന്നായ്ക്കള്‍, അടുത്ത ഇരയേയും തേടിയലയുമ്പോള്‍, തല്ലിക്കൊല്ലേണ്ടവര്‍ വേട്ടനായ്ക്കള്‍ക്കൊപ്പം ഇരയ്ക്ക് പിന്നാലെ പായുമ്പോള്‍ ഈ 'മനോഹരതീരത്ത്' ഇനിയുമൊരു ജന്മത്തിന് കൊതിക്കുന്നുണ്ടാവില്ല നീ..

നാട്ടിലെത്തിയാല്‍ പള്ളിക്കാട്ടില്‍ നീ തനിച്ചിരിക്കുന്നിടമൊന്ന് സന്ദര്‍ശിക്കണം.മണ്‍കൂനക്ക് മുകളില്‍ ബാപ്പ നട്ട മൈലാഞ്ചിച്ചെടി കിളിര്‍ത്തിട്ടുണ്ടാവുമിപ്പോള്‍.കയ്യും കാലുമൊക്കെ വളര്‍ന്നിട്ടുണ്ടാവും.സഹ്‌ല മോളുടെ മൈലാഞ്ചിക്കൈ പിടിച്ചൊന്ന് പൊട്ടിക്കരയണം.ജീവിക്കാന്‍ നല്ല ആഗ്രഹമുണ്ടെന്നെഴുതിയ ആ കൈകള്‍ ഈ നിസ്സഹായന്‍റെ കണ്ണുനീരു കൊണ്ട് നനയ്ക്കണം.

മനുഷ്യര്‍ 'ദൈവത്തിന്‍റെ പ്രതിനിധികളാണെന്നല്ലേ'...മുങ്ങിത്താഴുമ്പോള്‍ കൈപിടിക്കേണ്ട ഈ 'പ്രതിനിധികള്‍' പക്ഷേ ആട്ടിയകറ്റിയത് കൊണ്ടല്ലേ മരണത്തിന്‍റെ നൂലിഴയിലൂടെ ആശ്വാസത്തിന്‍റെ ആറടി മണ്ണിലേക്ക് നീ ഊര്‍ന്നിറങ്ങിയത്.നിന്നെയിനിയും ശിക്ഷിക്കാന്‍ മാത്രം അനീതിമാനാവില്ല ദൈവം.ദുആകളിലുണ്ട് കുഞ്ഞു പെങ്ങള്‍.അള്ളാഹു പൊറുത്ത് തരും.തരട്ടെ.

3 comments:

ajith said...

കാലത്തിന്റെ കാവ്യനീതി പ്രാവര്‍ത്തികമായെങ്കില്‍!

ജിപ്പൂസ് said...

ആവാതിരിക്കില്ല..

Cv Thankappan said...

നൊമ്പരപ്പെടുത്തുന്നു.............

LinkWithin

Related Posts with Thumbnails