Thursday, April 30, 2015

8 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കുറ്റവിമുക്തരാണത്രെ..!


നേരിട്ടറിയില്ലെങ്കിലും യഹിയയെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞറിവുണ്ട്.ഏറെ കഴിവുകളുള്ള സോഫ്റ്റ്വെയര്‍ എഞ്ജിനീയര്‍.ഒരു ഉറുമ്പിനെ പോലും നോവിക്കാനറിയാത്ത സാത്വികന്‍! ജീവിതത്തിലെ വിലപ്പെട്ട 8 വര്‍ഷമാണ് അവനും കൂടെയുള്ള 18 പേര്‍ക്കും നഷ്ടമായത്.രാജ്യത്തിന് മുതല്‍ക്കൂട്ടാവുമായിരുന്ന അഭ്യസ്ഥവിദ്യരായ ഏതാനും ചെറുപ്പക്കാര്‍! മുസ്ലിം ആയിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് അവര്‍ വേട്ടയാടപ്പെട്ടത്.ലേബലുകല്‍ പതിച്ചു നല്‍കപ്പെട്ടത്!

'ഫരീദ'. തിരുവനന്തപുരത്ത് ഒരു സെമിനാറിനിടെയാണ് അവരെ കണ്ടത്.യഹിയയുടെ ഭാര്യ.ധീരയായ സഹോദരി! ചാരത്ത് നിന്നും ഒരു പാതിരാത്രിയില്‍ കര്‍ണാടക പോലീസ് വിളിച്ചിറക്കിക്കൊണ്ട് പോയതായിരുന്നു യഹിയയെ.നിനച്ചിരിക്കാതെ തേടിയെത്തിയ ഭീകരന്‍റെ ഭാര്യയെന്ന 'പട്ടം', ചുറ്റിലും സംശയത്തിന്‍റെ നോട്ടങ്ങള്‍, മുള്ളില്‍ പൊതിഞ്ഞ കുത്തുവാക്കുകള്‍, സമൂഹത്തിന്‍റെ ഒറ്റപ്പെടുത്തലുകള്‍, ഭരണകൂട-പോലീസ് ഭീഷണികള്‍...

പ്രതിസന്ധിയുടെ മലവെള്ളപ്പാച്ചിലിലും പകച്ചു നില്‍ക്കാതെ പറക്കമുറ്റാത്ത 3 കുഞ്ഞുമക്കളേയും ചേര്‍ത്ത് പിടിച്ച് നീതിക്ക് വേണ്ടി അവള്‍ പോരാടി.

യഹിയയുടേത് ഒരിക്കലും ഒറ്റപ്പെട്ട സംഭവമല്ല.ഭരണകൂടങ്ങള്‍ തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി യു.എ.പി.എ പോലുള്ള മനുഷ്വത്വ വിരുദ്ധ ഭീകരനിയമങ്ങള്‍ ചാര്‍ത്തി തുറുങ്കിലടക്കപ്പെട്ടവര്‍ ഏറെയാണ്.ഏറെയും മുസ്ലിംകളും ദളിതുകളുമായത് യാദൃഛികവുമല്ല.മിടുക്കന്മാരും ഭാവിയുടെ വാഗ്ദാനങ്ങളുമായവര്‍, കുടുംബത്തിന്‍റെ താങ്ങും തണലും പ്രതീക്ഷകളുമായവര്‍.പത്തും പന്ത്രണ്ടും വര്‍ഷങ്ങള്‍ നീളുന്ന നരകയാതനകള്‍ക്കും പീഢനങ്ങള്‍ക്കും ശേഷം അവരില്‍ പലരും 'കുറ്റവിമുക്തരായി' മോചിപ്പിക്കപ്പെടുന്നുണ്ടെന്നത് നാം അറിയാറില്ല.ഇനിയൊരു സാധാരണജീവിതം സാധ്യമാവാതെ അരികുകളിലേക്ക് തള്ളിമാറ്റപ്പെടുന്നുണ്ടെന്നത് കേള്‍ക്കാറില്ല.നമ്മുടെ നാലാം തൂണുകാര്‍ നമ്മെ അറിയിക്കാറില്ല.കിടക്കപ്പായില്‍ നിന്നും വിളിച്ചിറക്കി, ചങ്ങലകളാല്‍ ബന്ധിതരാക്കി, കറുത്ത മുഖം മൂടിയോ കുഫിയയോ കെട്ടി, ഭീകരനെന്ന ലേബലൊട്ടിച്ച്, പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് ഒപ്പിയെടുത്ത് പ്രക്ഷേപണം ചെയ്യുമ്പോഴുള്ള ആ ശുഷ്കാന്തി മോചിപ്പിക്കപ്പെടുമ്പോള്‍ വേണ്ടതില്ലെന്നത് നമ്മുടെ മാധ്യമങ്ങള്‍ യോജിച്ചെടുത്ത തീരുമാനമാണ്.

നീതിനിയമ സം‌വിധാനങ്ങള്‍ മുഴുവനും തുരുമ്പെടുത്തിട്ടില്ലെന്നും നേരിന്‍റെ നീരുറവകള്‍ വറ്റിയിട്ടില്ലെന്നും തന്നെയാണ് കോടതി വിധി നല്‍കുന്ന സന്ദേശം.പോരായ്മകള്‍ ഉണ്ടെങ്കിലും നമ്മുടെ ജനാധിപത്യത്തിലും നിയമ‌സം‌വിധാനങ്ങളിലും പ്രതീക്ഷയര്‍പ്പിക്കാം.ജാഗ്രതയും ക്ഷമയും പോരാടാനുള്ള മനസ്സും കാത്തുസൂക്ഷിക്കാം.യഹ്‌യ കമ്മുക്കുട്ടിയുടെ ഭാര്യ ഫരീദ നീതിക്ക് വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള ഒരു വഴികാട്ടിയാണ്.പ്രതീക്ഷയും പ്രചോദനവുമാണ്.

2 comments:

ajith said...

നഷ്ടങ്ങള്‍ ആര്‍ നികത്തും? നികത്താ‍ാനാവാത്ത നഷ്ടങ്ങള്‍ക്ക് ആര്‍ പരിഹാരം ചെയ്യും? ദുഃഖകരം

aboothi:അബൂതി said...

dont stop your writtings. continue. it is really good

LinkWithin

Related Posts with Thumbnails