Thursday, April 30, 2015

ഞാനൊരു ആനപ്രേമിയല്ലതൃശൂര്‍ പൂരത്തിനു ആനകളെ ഒഴിവാക്കണമെന്നും ബദല്‍ സം‌വിധാനങ്ങള്‍ക്കുള്ള തുക വാഗ്ദാനം ചെയ്തും മുഖ്യമന്ത്രിക്ക് കത്തെഴുതിയ പമേല ആന്‍ഡേര്‍സന്‍റെ വാളിലും ഭരണിപ്പാട്ട് തുടങ്ങിയിട്ടുണ്ട്‌ മലയാളി മനോരോഗികൾ.കഷ്ടം തന്നെ! ഇതിനെതിരെ ഒരു തരത്തിലുള്ള നിയമ നടപടിക്കും വകുപ്പില്ലെന്നത് (?) തന്നെയാണ് ഈ ഓണ്‍ലൈന്‍ ക്രിമിനലുകള്‍ക്ക് വീണ്ടും വീണ്ടും അഴിഞ്ഞാടാനുള്ള പ്രോത്സാഹനം നല്‍കുന്നതും.

ആനപീഢനത്തെ കുറിച്ച് പറയുമ്പോള്‍ സാധാരണ സംഘിക്കുട്ടന്മാരുടെ കുരുക്കള്‍ പൊട്ടിയൊലിക്കുന്നതും കണ്ടു വരാറുണ്ട്.നിങ്ങള് പശൂനെ തിന്നുന്നില്ലേ? കോഴിയെ ചുടുന്നില്ലേ? ഞങ്ങള് ആനയിറച്ചി തിന്നുമ്പോ മാത്രമെന്താ നിങ്ങക്കിത്ര ചൊറിച്ചില്‍ എന്ന ലൈനിലാണു ചോദ്യങ്ങള്‍! ആനപ്രേമത്തിനു പിന്നില്‍ പൂരം തകര്‍ക്കാനുള്ള വമ്പിച്ച രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന് വരെ വിശ്വസിച്ച് വളരെ ആല്‍മാര്‍ത്ഥമായി തന്നെയാണ് ചില നിഷ്കളങ്കരുടെയെങ്കിലും 'പ്രതിരോധം'. ശശികലമാര്‍ വാഴുന്ന കാലമല്ലേ..സഹജീവിയെ വരെ വെറുക്കാന്‍ പഠിപ്പിക്കുന്ന കാലത്ത് ആനക്കും മനുഷ്യനുമിടയില്‍ സ്നേഹത്തിന്‍റെ പാലം പണിയല്‍ അതിമോഹം തന്നെയാവാം.

തൃശൂര്‍ ജില്ലയില്‍ പക്ഷെ ഈ ഇരവാദത്തിനു സ്കോപ്പുണ്ടാവണമെന്നില്ല.ഏതാണ്ട് തൃശൂര്‍ പൂരത്തിനോടടുപ്പിച്ച് തന്നെയാണ് ജില്ലയില്‍ 'ചന്ദനക്കുടം നേര്‍ച്ചകളും' ആഘോഷിക്കുന്നത്.മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ആനപീഢനത്തിന് തൃശൂരില്‍ ഞങ്ങള്‍ കാക്കമാരുടെ വക ഐക്യദാര്‍ഢ്യം! എന്റെ നാട്ടിൽ ചന്ദനക്കുടം ആനപീഢനം ദിവസങ്ങള്‍ക്ക് മുമ്പാണ് കൊടിയിറങ്ങിയത്! മലപ്പുറത്തും പാലക്കാടുമൊക്കെ ചില പ്രദേശങ്ങളില്‍ ഉണ്ടെന്ന് തോന്നുന്നു ഇത്തരത്തിലുള്ള ചന്ദനക്കുടം പീഢനങ്ങള്‍! പത്ത് മിനിറ്റ് നിന്നാല്‍ ഉരുകി ഒലിച്ച് പോവുന്ന ചൂടിലാണ് ഈ പാവം ജീവിയെ ടാറിട്ട റോട്ടിലൂടെ അണിയിച്ചൊരുക്കി മണിക്കൂറുകളോളം നിര്‍ത്തുന്നതും വലിച്ചിഴക്കുന്നതും.ആറും ഏഴും മനുഷ്യര്‍ മുകളിലുമുണ്ടാവും. മിനിമം ഒരു മൂന്നൂറ്റമ്പത് കിലോ!

ചേറ്റുവ ചന്ദനക്കുടത്തിന്‍റെ ഭാഗമായി തലപൊക്കം എന്നൊരു മറ്റേടത്തെ പരിപാടിയുണ്ട്.ഏറ്റവും തലയെടുപ്പുള്ള ആനയ്ക്ക് സമ്മാനം കൊടുക്കുന്ന പരിപാടി.ട്രോഫി വീട്ടീ കൊണ്ടുപോയി പെണ്ണുങ്ങളും മക്കളുമൊത്ത് പുഴുങ്ങിത്തിന്നാലോ..! മത്സരം കഴിയുന്നത് വരെ തലപൊക്കി നില്‍ക്കാനായി പാവത്തിന്‍റെ കഴുത്തിലും കാതിലുമൊക്കെ പാപ്പാന്മാര്‍ തോട്ടിയിട്ട് കുത്തിപ്പൊക്കുന്നതും വിസമ്മതിക്കുമ്പോള്‍ കാലില്‍ ആഞ്ഞടിക്കുന്നതും അടി കൊള്ളുന്ന പാവം നിന്ന് പുളയുന്നതും കണ്ടു നില്‍ക്കാനാവില്ല! സഹികെട്ടാവണം കുറച്ച് മുമ്പ് ഒരുത്തനെ കുത്തി മലര്‍ത്തിയത്.സമ്മാനത്തിനര്‍ഹനായ ആനയെ അവസാനം സ്റ്റേജിലോട്ട് വിളിക്കും.കരഘോഷങ്ങളോടെ അകമ്പടിയോടെ നടന്ന് ചെന്ന് തുമ്പിക്കൈ നീട്ടി മിനുമിനുങ്ങണ ആ ട്രോഫിയങ്ങ് വാങ്ങുമ്പം ആ സാധു ജീവിയുടെ കണ്ണില്‍ നിന്നിങ്ങനെ കണ്ണുനീര് ഒലിക്കുന്നുണ്ടാവും.ആനപ്രേമി പുരുഷാരവമതിനെ ആനന്ദാശ്രുക്കളെന്ന് വ്യാഖ്യാനിക്കും!

ആനക്ക് സമ്മാനം കൊടുക്കുന്നത് പലപ്പോഴും ജില്ലാ പോലീസ് ആപ്പീസര്‍മാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ആവും എന്നതാണ് ഇതിലെ മറ്റൊരു വിരോധാഭാസം.ഒരു വന്യജീവിക്ക് നേരെയുള്ള ക്രൂരപീഢനങ്ങള്‍ സര്‍ക്കാരും നിയമപാലകരും നോക്കി നില്‍ക്കുകയും 'ആസ്വദിക്കുകയും' ഭാഗവാക്കാവുകയും ചെയ്യുന്ന ദയനീയ കാഴ്ച! കോടതിക്കും ഇടപെടാന്‍ വയ്യെന്നാണ്! ചിത്രത്തില്‍ പറഞ്ഞത് പോലെ 'കറുത്ത കോട്ടിട്ട സകല ലവന്മാരേം ഒരു പകല് മുഴുവന്‍ തിടമ്പും തലയില്‍ കേറ്റി നെറ്റിപ്പട്ടവും കെട്ടിച്ച് കൂച്ചു വിലങ്ങിട്ട് നിര്‍ത്തണം അന്നേരം അറിയും ദൈവങ്ങളെ ചുമക്കുന്ന ആനകളുടെ വേദന'.!

1 comment:

ajith said...

വിശുദ്ധപശുക്കളേയും വിശുദ്ധ ആനകളെയും തൊടരുത്

LinkWithin

Related Posts with Thumbnails