Wednesday, December 31, 2008

'ഭോണ്‍സാല' അഥവാ ഹിന്ദുത്വ സര്‍ വ്വകലാശാല.

ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളില്‍ പട്ടാളവും പോലീസും അക്രമികളെ സഹായിക്കുകയായിരുന്നു എന്ന ആരോപണങ്ങള്‍ക്ക് ഇന്ത്യയിലെ കലാപങ്ങളോളം തന്നെ പഴക്കമുണ്ട്. കേട്ടു പഴകിയ ഈ ആരോപണങ്ങള്‍ക്ക് അധികാരികളും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പിണറായി വിജയന്‍റെ വായ്ത്താരികളുടെ പ്രാധാന്യം പോലും കൊടുക്കാറില്ല.

ഗുജറാത്തും,ബോംബെയും,ഒറീസയും അടക്കമുള്ള പല ന്യൂനപക്ഷവിരുദ്ധ കലാപങ്ങളിലും ഇരകളുടെ സാക്ഷ്യപത്രം തന്നെ ഇതിനു കിട്ടിയിട്ടും പാലമല്ല ഇനി ഈ ഭൂലോകം തന്നെ കുലുങ്ങിയാലും അത് തങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമല്ല എന്ന രീതിയിലായിരുന്നു ഉദ്യോഗസ്ഥ മേലാളന്മാര്‍ ഇതിനെ നോക്കിക്കണ്ടത്.അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ അതിനെ തടയാതെ മൗനസമ്മതം കൊടുത്തിരുന്ന അവസ്ഥ മാറി ഗുജറാത്തിലെ പോലെ ഇരകളെ തിരഞ്ഞു പിടിച്ച് നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലുന്ന 'കൃത്യനിര്‍ വ്വഹണത്തിലേക്ക്' നമ്മുടെ പോലീസും പട്ടാളവും മാറിയിട്ടും ഒരു കേളനും കുലുങ്ങിയില്ല.

ഇതെല്ലാം യാദൃഛികമല്ല പട്ടാളത്തിലേയും പോലീസിലേയും കാവി വത്ക്കരണം തന്നെയാണു ഇതിനു കാരണം എന്ന് അന്നേ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും നമുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.വിദൂരവ്യാപക പ്രത്യാഖാതങ്ങളുണ്ടാക്കുന്ന ഇത്തരം അപകടകരമായ പ്രവണതകളെ മുളയിലേ നുള്ളേണ്ടതിന്‍റെ ആവശ്യകതയെ അവര്‍ ഊന്നിപ്പറഞ്ഞിരുന്നു.

ആരു കേള്‍ക്കാന്‍...!ഭരണ വര്‍ഗ്ഗത്തിന്‍റേയും,ഹിന്ദുത്വത്തിന്‍റേയും കുഴലൂത്തുകാരല്ലാത്തവര്‍ എന്നും മുഖ്യധാര എന്ന കുണ്ടാമണ്ടിയില്‍ നിന്നും പുറത്തായിരുന്നല്ലോ...പച്ചനോട്ടുകള്‍ വിരിച്ച്,ഇരുവശവും ഭരണ വര്‍ഗ്ഗ സാമ്രാജ്യത്ത ദല്ലാള്‍മാര്‍ നിരന്ന് നിന്ന് മുഖസ്തുതി പാടുന്ന മുഖ്യധാര എന്ന എക്സ്പ്രസ്സ് ഹൈവേയില്‍ നിന്നും താഴേക്ക് ചാടി കുണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടമായ ഇടവഴിയിലൂടെ സഞ്ചരിക്കുന്ന ഇവരെ ആരു വില വെക്കാന്‍.

എന്നാല്‍ ഇന്നു കാറ്റ് മാറി വീശിത്തുടങ്ങിയിരിക്കുന്നു.ഹേമന്ദ് കാര്‍ക്കരെ എന്ന മഹാനായ പോലീസ് ഉദ്യോഗസ്ഥന്‍റെ രൂപത്തില്‍.നിഷേധിക്കാന്‍ കഴിയാത്ത, തെളിവുകള്‍ നിരത്തിയുള്ള അദ്ധേഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് മുന്‍പില്‍ മുഖ്യധാരക്കാരുടെ ബഡായികള്‍ ഒന്നൊന്നായി പൊട്ടിപ്പൊളിഞ്ഞു.ഹിന്ദുത്വത്തിന്‍റെ കുഴലൂത്തുകാരുടെ ഗീബത്സിയന്‍ 'പരമാര്‍ഥങ്ങളെ' ജനങ്ങള്‍ പുഛിച്ച് തള്ളി.ഐ.എസ്.ഐ എന്ന ദുര്‍ഭൂതത്തെ മുന്നില്‍ നിര്‍ത്തി 'കള്ളന്‍ കള്ളന്‍' എന്നു ഇന്ത്യയിലെ ന്യൂനപക്ഷക്കാരനെ ചൂണ്ടിക്കാട്ടി ആക്രോശിച്ചിരുന്നവര്‍ തന്നെയായിരുന്നു അസ്സല്‍ കള്ളന്മാര്‍.ദേശസ്നേഹത്തിന്‍റെ അപ്പോസ്തലന്മാരുടെ കീശയില്‍ നിന്നും ഐ.എസ്.ഐ ഏജന്‍റിന്‍റെ കയ്യിലെ രക്തക്കറ പുരണ്ട നോട്ട് കെട്ടുകള്‍ കാര്‍ക്കരെ കണ്ടെടുത്തു.

നമുക്ക് ഭോണ്‍സാലയിലേക്ക് തിരികെ പോകാം.ഭോണ്‍സാല സൈനിക സ്കൂള്‍ സംഘ്പരിവാറിന്‍റെ ഭോജനശാല തന്നെയാണെന്നു എ.ടി.എസ് കണ്ടെത്തിയിരിക്കുന്നു.മലേഗാവ് സ്ഫോടനം,സംജോത എക്പ്രസ്സ്,അജ്മീര്‍ സ്ഫോടനങ്ങള്‍ ഇതിലെല്ലാം പങ്കെടുത്തത് ഭോണ്‍സാലയിലെ പരിശീലനവും കഴിഞ്ഞിറങ്ങിയ നമ്മുടെ പട്ടാളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരായിരുന്നു.ഇനിയും തെളിയാന്‍ കിടക്കുന്ന മറ്റനേകം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനു പുറമെയാണു.

1937-ല്‍ സ്ഥാപിച്ചതും 71 വര്‍ഷമായി നടന്നു വരുന്നതുമായ ഇവിടെ നിന്നും 'വിദഗ്ദ്ധ പരിശീലനം' പൂര്‍ത്തിയാക്കി 'ഭാരതാംബയെ സേവിക്കാന്‍' ഇറങ്ങിയവര്‍ എത്ര വരും എന്നുള്ളത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.ഇവര്‍ തന്നെയാണു വംശീയ ഉന്മൂലനത്തിനു ഇരയാകേണ്ടി വരുന്ന ഇന്ത്യയിലെ ന്യൂനപക്ഷക്കാരനു സംരക്ഷണം നല്‍കേണ്ടത്.നമ്മുടെ ഭോണ്‍സാല സ്പോണ്‍സേര്‍ഡ് പട്ടാളക്കാരന്‍റെ ഒരു ദുര്യോഗം നോക്കണേ...ഈ ദുനിയാവില്‍ വേറെ ആര്‍ക്കും ഈ ഗതി വരുത്തല്ലേ പടച്ചോനേ...!

ഹേമന്ദ് കാര്‍ക്കരെ ഉയര്‍ത്തി വിട്ട ഈ കൊടുങ്കാറ്റ് അദ്ധേഹത്തിന്‍റെ ദുരൂഹമായ അന്ത്യത്തോടെ ചിലപ്പോള്‍ കെട്ടടങ്ങിയേക്കാം.മുപ്പതു വെള്ളിക്കാശിനു വേണ്ടി ഇന്ത്യയെ ഒറ്റു കൊടുത്ത സംഘ്പരിവാര്‍ ദേശസ്നേഹികള്‍ ഇനിയും നമ്മെ നോക്കി പല്ലിളിക്കും.അവസരവാദികളും,സ്വാര്‍ഥമതികളും,വോട്ടിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരുമായ രാഷ്ട്രീയക്കാര്‍ നമ്മെ ഭരിക്കുന്നിടത്തോളം കാലം ഭോണ്‍സാല ഇനിയും ശ്രീ കാന്ത് പുരോഹിത് മാര്‍ക്ക് ജന്മം നല്‍കും.

ഇതെല്ലാം കണ്ടും കേട്ടും ഭാരതീയര്‍ നമുക്ക് ഇങ്ങനെ പ്രാര്‍ഥിക്കാം.ഐ.എസ്.ഐ യുടെ രാജ്യദ്രോഹികളില്‍ നിന്നും സംഘ്പരിവാര്‍ ദേശസ്നേഹികളില്‍ നിന്നും ഞങ്ങളെ നീ കാത്തോളണേ ഭഗവാനേ...!

2 comments:

ആചാര്യന്‍... said...

ഹാപ്പി ന്യൂയീയര്‍ 2009... :D

Anonymous said...

Assalamu Alaikum

LinkWithin

Related Posts with Thumbnails