Friday, April 3, 2015

പൊടിക്കാറ്റ്‬


പൊടി! അമറന്‍ പൊടി! ഇന്നലെ രാത്രി തുടങ്ങിയതാണു! ഏതാണ്ട് ഖത്തര്‍ മുഴുവന്‍ പൊടിയണിഞ്ഞിരിക്കുന്നു. എ.സിയുടെ വിടവിലൂടെയും ജനാലയുടെ ഓരം ചേര്‍ന്നും വീടിന്‍റെ അകത്തളങ്ങളിലും മുക്കിലും മൂലയിലും മൂക്കിലും വായിലും ഇന്നലെ കഴുകി കട്ടപ്പെട്ടിസ്തിരിയിട്ടു വെച്ച പാന്‍റ്സിലും സര്‍ട്ടിലും എന്തിനേറെ മമ അണ്ടര്‍ വെയറില്‍ വരെ പൊടിയഭിഷേകം.

കാലെയില്‍ കണ്ണും തിരുമ്മി എഴുന്നേറ്റ മലപ്പുറത്തുകാരന്‍ ഉസാമ മുറിയേതാ മുറ്റമേതാ എന്നറിയാതെ നിന്ന് കറങ്ങുന്നുണ്ട്.സുബ്‌ഹിക്ക് പള്ളിയില്‍ പോയി തിരികെ പാഞ്ഞെത്തിയ പാലക്കാട്ടുകാരന്‍ സുബൈറിന്‍റെ കോലം വാടാനപ്പള്ളിയിലെ ഫ്ലോര്‍ മില്ലിലെ കൂട്ടുകാരന്‍ നൗഷാദിനെ ഓര്‍മ്മിപ്പിച്ചു.മുടിയിഴകളും പുരികങ്ങള്‍ വരെ വെളുത്ത് ഒരു യൂറോപ്യന്‍ വെളുമ്പനായി ഖത്തര്‍ തേജസ് അമരക്കാരന്‍ എം.ടി.പി റഫീഖുണ്ട് Mtp Rafeek പുറകില്‍.എന്‍റെ മഴമോള്‍ മാമലനാടണഞ്ഞ ദെണ്ണത്തിലിരുന്ന ഞാന്‍ സര്‍‌വ്വം മറന്ന് ആര്‍ത്തു ചിരിച്ചത് ഓനത്ര ദഹിച്ചില്ലെന്ന് തോന്നുന്നു :)
ആസ്തമക്കാരെ പോലെ ഒരു വലി കേള്‍ക്കുന്നുണ്ടല്ല റബ്ബേ പുറത്ത്ന്ന്! നാസാരന്ദ്രങ്ങളില്‍ പൊടിയടിച്ച്കേറി കുരച്ച് ഏന്തി വലിച്ച് വരുന്നത് കോഴിക്കോട്ടുകാരന്‍ പാവം ഇസ്മായില്‍ക്കയാണു.

കോട കണക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച പൊടിയെ അതിജീവിച്ച് ഒരു വിധത്തിന് അപ്പീസിലെത്തി. 'സ്വതവേ വ്യാഴാഴ്ച, അയ്നൊപ്പം പൊടിയപ്പാ..' എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങള്‍.ജനങ്ങളൊക്കെ കമ്പൂട്ടറ് തുറക്കാതെ വന്നപടി പൊടിയും പിടിച്ച് വെടിയും പറഞ്ഞിരിപ്പാണ്.ഞാളെ ഗള്‍ഫ് ലൈഫില്‍ ഇത് ആദ്യമെന്ന് കണ്ണു മിഴിച്ച് അത്ഭുതം കൂറി വടേരക്കാരന്‍ ബഷീര്‍ക്ക! മുപ്പത് കൊല്ലത്തിനിടക്ക് ഇങ്ങനൊരു കാഴ്ച കണ്ടിട്ടില്ലെന്ന് തലശ്ശേരിക്കാരന്‍ സലീമിക്ക! പൊടി പ്രമാണിച്ച് അപ്പീസുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കാതിരുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രോഷപ്പെടുന്നുണ്ട് സഖാവ് ഹംസാക്ക.ശക്തമായി പിന്താങ്ങി സഖാവ് ഷാജിയേട്ടനും.ഇടക്കദ്ധേഹം ഉമ്മഞ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുവോ ;) കണ്ണു കാണാതെ റോട്ടിലിറങ്ങി വണ്ടിയെങ്ങാനും മുട്ടി നമ്മള് വടിയാല്‍ ആര്‍ക്ക് എന്തര്! ആശങ്കയോടെ തിരോന്തോരത്തുകാരന്‍ വിജയേട്ടന്‍.

കന്നടക്കാരന്‍ അസീസ് ഭായിയുടെ കഥയും പറഞ്ഞ് ചിരിക്ക് തിരി കൊളുത്തുന്നുണ്ട് ചിലര്‍.ഇന്ന് ആപ്പീസില്ലെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്നും പറഞ്ഞ് സ്വതവേ മടിയനായ മൂപ്പര്‍ അവ്വല് സുബ്‌ഹിക്ക് തന്നെ പലരെയും വിളിച്ചിരുന്നത്രെ.അനുകൂല പ്രതികരണം ആരില്‍ നിന്നും ലഭിക്കാത്തതിനാല്‍ ആവാം ദാണ്ടെ രണ്ടു മിനിറ്റ് മുമ്പ് കയറി വന്നിട്ടുണ്ട്.മുഖത്ത് പത്ത് കടന്നല് ഒരുമിച്ച് കുത്തിയ ഭാവം.ഹൂഹൂഹൂ.. :)

പൊടിയടങ്ങുമാരിക്കും..എനിക്ക് പൈയ്ക്കുന്നുണ്ട്.ഏവര്‍ക്കും പൊടിയുമ്മകള്‍...സുപ്രഭാതങ്ങള്‍... :)

1 comment:

ajith said...

പൊടിയുമ്മ

LinkWithin

Related Posts with Thumbnails